തങ്ക അങ്കി സന്നിധാനത്ത്, മണ്ഡലപൂജ ഞായറാഴ്ച
Sunday, December 26, 2021 9:09 AM IST
മണ്ഡലപൂജയ്ക്ക് ശബരിമല അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കി വഹിച്ച് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നു പുറപ്പെട്ട രഥഘോഷയാത്ര ശബരിമല സന്നിധാനത്ത് എത്തി. മണ്ഡലപൂജ ഞായറാഴ്ചയാണ്.
തങ്ക അങ്കി സന്നിധാനത്തെത്തുന്ന സാഹചര്യത്തിൽ ഇന്നലെ വൈകുന്നേരം അയ്യപ്പ ഭക്തരെ കയറ്റിവിടുന്നതിന് നിയന്ത്രണമുണ്ടായിരുന്നു. ഉച്ചയ്ക്ക് 1.30 നാണ് തങ്ക അങ്കി പന്പയിലെത്തിയത്. മൂന്നിന് പന്പയിൽ നിന്ന് തിരിച്ച ഘോഷയാത്ര വൈകുന്നേരം അഞ്ചിന് ശരംകുത്തിയിലെത്തി.
ഇന്ന് ഉച്ചയ്ക്ക് 11.50നും 1.15 നും മധ്യേയുള്ള മുഹൂർത്തത്തിലാണ് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ. രാത്രി 10 ന് ക്ഷേത്രനട അടയ്ക്കും. ഇതോടെ 41 ദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാല ഉത്സവ തീർഥാടനത്തിനും സമാപനമാകും. മകരവിളക്ക് ഉത്സവത്തിനായി 30 ന് വൈകുന്നേരം അഞ്ചിനു ക്ഷേത്രനട തുറക്കും.