31 മുതല്‍ കാനന പാതകളിലൂടെ തീര്‍ഥാടനം അനുവദിക്കും: ദേവസ്വം മന്ത്രി
Monday, December 27, 2021 10:32 AM IST
മകരവിളക്ക് മഹോത്സവ തീര്‍ഥാടന കാലത്ത് കാനന പാതകളിലൂടെ അയ്യപ്പഭക്തരെ കയറ്റിവിടുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്. മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. എരുമേലി, മുക്കുഴി, അഴുതക്കടവ് വഴി പമ്പയിലെത്തുന്ന പാതകയിലൂടെ 31 മുതല്‍ തീര്‍ഥാടനം അനുവദിക്കും.
സത്രം വഴി ശബരിമല സന്നിധാനത്തേക്കുള്ള തീര്‍ഥാടനത്തിന് സര്‍ക്കാരില്‍നിന്നും ഇനിയും അനുമതി ലഭിക്കേണ്ടതുണ്ട്. ഈ പാതയും 30ന് മുമ്പ് സഞ്ചാരയോഗ്യമാക്കും.
കാനനപാതകളിലെല്ലാം കുടിവെള്ളം, വെളിച്ചം, ചികിത്സാസഹായം എന്നിവ ഉറപ്പാക്കും. തീര്‍ഥാടകര്‍ക്ക് ആവശ്യമായ സംരക്ഷണം ഉറപ്പാക്കാന്‍ പോലീസും ശ്രദ്ധിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. നിയന്ത്രണങ്ങളില്‍ ഇളവ് വന്ന സാഹചര്യത്തില്‍ മകരവിളക്ക് കാലത്ത് കൂടുതല്‍ തീര്‍ഥാടകര്‍ സന്നിധാനത്തേക്കെത്തും. അതനുസരിച്ചുള്ള മുന്‍കരുതലുകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിക്കണമെന്നും മന്ത്രി ഓര്‍മപ്പെടുത്തി.
എരുമേലി, അഴുത വഴിയുള്ള കാനനപാതയിലുടെ തീര്‍ഥാടകരെ രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് 12 വരെമാത്രമേ കടത്തിവിടുകയുള്ളൂ. എരുമേലിയില്‍നിന്നും പുലര്‍ച്ചെ 5.30 നും 10.30 നും ഇടയില്‍ യാത്ര ആരംഭിക്കുന്നവരെയാണ് അഴുതക്കടവിലൂടെ യാത്രചെയ്യാന്‍ അനുവദിക്കുന്നത്. വെര്‍ചല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്ത 10,000 പേര്‍ക്കാണ് പ്രതിദിനം ഈ പാതവഴി യാത്ര ചെയ്യാനാകുക.
തീര്‍ഥാടകരെ കൂട്ടം കൂട്ടമായേ യാത്രചെയ്യാന്‍ അനുവദിക്കാവൂവെന്നും യാത്രവേളയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉണ്ടാകണമെന്നും യോഗത്തില്‍ തീരുമാനമായി. പുല്ലുമേടില്‍നിന്നും ശബരിമല വരെയുള്ള റോഡ് നന്നാക്കി ക്കഴിഞ്ഞു.
സത്രം - പുല്ലുമേട് വീഥിയാണ് ഇനി സഞ്ചാരയോഗ്യമാക്കേണ്ടത്. ആ പ്രവൃത്തിയും 30നകം പൂര്‍ത്തിയാക്കാന്‍ യോഗം നിര്‍ദേശം നല്കി.ഈ പ്രദേശത്ത് ആവശ്യമായ വൈദ്യസഹായം ഏര്‍പ്പെടുത്തുന്നതിനും കൂടുതല്‍ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളും പോലീസ് എയ്ഡ് പോസ്റ്റുകളും സ്ഥാപിക്കുന്നതിനും യോഗം നിര്‍ദേശിച്ചു.
കോവിഡ് പശ്ചാത്തലത്തില്‍ തീര്‍ഥാടകര്‍ക്ക് ശ്വാസതടസവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായാല്‍ ടിഎംടി പരിശോധന അടക്കമുള്ള അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിനും നടപടിയെടുക്കും. കൂടുതല്‍ സ്പെഷലിസ്റ്റ് ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ ഉദ്യോഗസ്ഥരെയും മകരവിളക്ക് കാലത്ത് ഡ്യൂട്ടിക്ക് നിയോഗിക്കുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൂടുതല്‍ ആംബുലന്‍സുകളുടെ സേവനവം ഉറപ്പാക്കും.
കരിമലയില്‍ ജനുവരി ഒന്നു മുതല്‍ കൂടുതല്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയോഗിക്കും. നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം എന്നിവിടങ്ങളിലെ ഇഎംസികള്‍ കൂടുതല്‍ ശക്തിപ്പെടുത്തും.
കാനനപാതയില്‍ കെഎസ്ഇബി 70 വൈദ്യുതപോസ്റ്റുകളാണ് സ്ഥാപിച്ചിരുന്നത്. അതില്‍ 50ഉം കാട്ടാനകള്‍ മറിച്ചിട്ടിട്ടുണ്ട്. ഇവ പുനഃസ്ഥാപിക്കുന്ന പ്രവൃത്തി കള്‍ ആരംഭിച്ചതായും രണ്ടുദിവസത്തിനകം ഇത് പൂര്‍ത്തിയാക്കുമെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി.
ന്നിധാനത്ത അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഉന്നതതല യോഗത്തില്‍ സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍, തിരുവിതാംകൂര്‍ ദേവസ്വം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍, മെംബര്‍മാരായ മനോജ് ചരളേല്‍, പി.എം. തങ്കപ്പന്, ശബരിമല സ്പെഷല്‍ കമ്മീഷണര്‍ മനോജ്, കോട്ടയം ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ, എഡിജിപി എസ്. ശ്രീജിത്ത് എന്നിവരും സന്നിഹിതരായിരുന്നു.