കളിക്കളത്തിലെ ത്രില്ലുമായി പുളിമൂട്ടിൽ സിൽക്ക്സ് സാരഥി ഔസേപ്പ് ജോൺ
Monday, December 27, 2021 2:42 PM IST
നിറപുഞ്ചിരിയുമായി ആരെയും സമീപിക്കുന്ന പ്രകൃതം. മധുരഭാഷണവും ഹൃദ്യമായ പെരുമാറ്റവും. കസ്റ്റമേഴ്സിന്റെ അരികിലേക്ക് ഓടിയെത്തി അവരുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ് ഷോറൂമിലേക്ക് കൊണ്ടുപോകുകയും തിരികെ വരുമ്പോൾ അവരെ സന്തോഷപൂർവം യാത്രയാക്കുകയും ചെയ്യുന്ന ആതിഥ്യമര്യാദയുടെ ആൾരൂപം. കേരളത്തിലെ വസ്ത്രവ്യാപാര രംഗത്തെ അതികായൻ ഔസേപ്പ് ജോൺ പുളിമൂട്ടിൽ.
എളിയ തുടക്കം
പുളിമൂട്ടിൽ കുടുംബം വ്യാപാരരംഗത്തേക്ക് കടന്നുവരുന്നത് ഒരു നൂറ്റാണ്ട് മുമ്പാണ്. ആദ്യകാലത്ത് പലചരക്ക് കട, തുണിക്കട, ഓയിൽമിൽ എന്നിവയാണ് തൊടുപുഴയിൽ ഉണ്ടായിരുന്നത്. 1924ലാണ് വസ്ത്രവ്യാപാര സ്ഥാപനം തുടങ്ങുന്നത്. ഔസേപ്പ് ജോണിന്റെ പിതാവ് ചാക്കോ ഔസേപ്പ് ചെറിയ മുറിയിലാണ് തുണിക്കട ആരംഭിച്ചത്. പിന്നീട് പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം 15,000 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടത്തിൽ വിപുലമായ വസ്ത്രവ്യാപാര സ്ഥാപനം ആരംഭിക്കുകയായിരുന്നു.
പിന്നീട് 2008ൽ തൊടുപുഴയിൽ 75,000 ചതുരശ്രയടി സൗകര്യമുള്ള അതിവിശാലമായ പുതിയ ഷോറൂം ആരംഭിച്ചു. കോട്ടയം, തൃശൂർ, കൊല്ലം, തിരുവല്ല എന്നിവിടങ്ങളിലായി പുളിമൂട്ടിൽ സിൽക്സ് ഗ്രൂപ്പിന് അഞ്ച് ഷോറൂമുകളാണുള്ളത്. പുളിമൂട്ടിൽ സിൽക്സിന്റെ സ്ഥാപകനും മാർഗദർശിയുമായ ഔസേപ്പ് ജോണിന്റെ അസാധാരണമായ നേതൃപാടവവും കർമകുശലതയും ദീർഘവീക്ഷണവുമാണ് വസ്ത്രവ്യാപാര രംഗത്ത് വിസ്മയം ജനിപ്പിക്കുന്ന മുന്നേറ്റമുണ്ടാക്കാൻ വഴി തുറന്നത്.
നിലവിൽ തൊടുപുഴയിലെ ഷോറൂമിന്റെ ഡയറക്ടറായി റോയി ജോണും തിരുവല്ലയിലെ ഡയറക്ടറായി റോജർ ജോണും പ്രവർത്തിക്കുന്നു. റോയി ജോണിന് സഹായ ഹസ്തവുമായി മക്കളായ ജോബിൻ റോയിയും ഷോൺ റോയിയും റോജറിന് കൈത്താങ്ങായി മകൻ യോഹൻ റോജറുമുണ്ട്. 1,500ഓളം തൊഴിലാളികൾ വിവിധ ഷോറൂമുകളിലായി ജോലി ചെയ്തുവരുന്നു.
വിപുലമായ വസ്ത്രശേഖരം
അതിവിപുലവും വൈവിധ്യ പൂർണവും പുത്തൻ ഫാഷൻ സങ്കൽപ്പങ്ങൾക്ക് നിറംപകരുന്നതുമായ വസ്ത്രശേഖരമാണ് പുളിമൂട്ടിൽ സിൽക്ക്സിന്റെ പ്രത്യേകത. കാഞ്ചീപുരം, ബനാറസ്, ടസർ, ജൂട്ട്, ഫ്യൂഷൻ, കോട്ടൺ, കാശ്മീരി സാരികളും ലാച്ച, ലെഹംഗ, ഗൗൺ എന്നിവയും ഷോറൂമിന്റെ മുതൽക്കൂട്ടാണ്.
രണ്ടായിരം രൂപ മുതൽ 50,000 രൂപവരെയുള്ള ഗൗണുകൾ ഇവിടെ ലഭ്യമാണ്. ഇതിനു പുറമെ സിൽവർ, കോപ്പർ, പേസ്റ്റൽ ഷേഡ്, സൗഗന്ധിക,ആന്റിവർക്ക് തുടങ്ങിയ സാരികളുടെ മികവുറ്റ ശേഖരവുമുണ്ട്.
ജെന്റ്സിനുള്ള ബ്രാൻഡഡ് സ്യൂട്ടുകൾ, ബ്ലാക്ക് ബെറി, ലൂയിഫിലിപ്പ്, അലൻസോളി, റെയ്മണ്ട്, പാർക്ക് അവന്യൂ, വാൻഹ്യുസൻ, ജോധ്പുരി ഡിസൈനിലുള്ള തലപ്പാവും ഷെർവാണിയും ഇൻഡോവെസ്റ്റേൺ ഫാഷനുകൾ, പൈജാമ, ജുബ, സിൽക്ക് ഷർട്ട് എന്നിവയെല്ലാം യഥേഷ്ടം തെരഞ്ഞെടുക്കാനുള്ള അവസരമാണ് പുളിമൂട്ടിൽ സിൽക്ക്സിൽ ഒരുക്കിയിരിക്കുന്നത്.
പുളിമൂട്ടിൽ സിൽക്ക്സ് ഫാമിലി ഷോപ്പാണ്.അതിനാൽ ഒരു കുടുംബത്തിനു വേണ്ട മുഴുവൻ വസ്ത്രങ്ങളുടെ ശേഖരവും ഇവിടെയുണ്ട്.ഹോംലിനൻ, ഫ്ളോർമാറ്റ്, പെർഫ്യൂം, ഇമിറ്റേഷൻ ഗോൾഡ് എന്നിവയ്ക്കെല്ലാം പ്രത്യേക സെക്ഷനുകൾ തന്നെയുണ്ട്.
വിജയരഹസ്യം
ഗുണനിലവാരവും വിലനിലവാരവും സമന്വയിപ്പിച്ചുള്ള വിപണനതന്ത്രമാണ് പുളിമൂട്ടിൽ സിൽക്ക്സിന്റെ പ്രധാന വിജയരഹസ്യം. ഉപഭോക്താക്കളുമായുള്ള ഹൃദ്യമായ ബന്ധമാണ് മറ്റൊരു പ്രത്യേകത.കാലത്തിനും പുതിയ ട്രെൻഡുകൾക്കും അനുസരിച്ചുള്ള വസ്ത്രശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. മാനേജ്മെന്റ് തലത്തിൽ കൊണ്ടുവന്ന തലമുറമാറ്റം സ്ഥാപനത്തിന് പുതിയ ശക്തിയും ഊർജവും പ്രദാനം ചെയ്യുന്നു.
കസ്റ്റമർ ഈസ് ഔർ ഗോഡ്
ഹൃദ്യമായ പെരുമാറ്റം ഒരുകലയാണെന്നു മനസിലാക്കി പ്രവർത്തിച്ചതും വിജയത്തിലേക്കുള്ള രാജപാത വെട്ടിത്തുറന്നു. കൃത്യനിഷ്ഠയും പ്രായോഗികബുദ്ധിയും നയചാതുരിയും വിപരീത സാഹചര്യങ്ങളെ തരണം ചെയ്യാനുള്ള മനക്കരുത്തും സ്ഥാപനത്തിൽ നടപ്പാക്കിയ പ്രഫഷണിലിസവുമെല്ലാം വളർച്ചയുടെ ഗതിവേഗം കൂട്ടി.
വിശ്വാസ്യത പരമപ്രധാനമാണ്. നല്ല ഗുണനിലവാരമുള്ള ഉത്പ്പന്നങ്ങൾ നൽകണം. ഇക്കാര്യത്തിൽ പുളിമൂട്ടിൽ സിൽക്സ് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നത്. അതാണ് പുളിമൂട്ടിൽ സ്ഥാപനങ്ങളുടെ കരുത്ത്.
ഇനി മറ്റൊരുകാര്യം കൂടിയുണ്ട്. എത്ര പ്രഫഷണലിസം ഉണ്ടെങ്കിലും മാനുഷികതയുടെ സ്നേഹത്തിന്റെ ഒരു ടച്ച് കൂടി ഉണ്ടെങ്കിലെ ബിസിനസ് വിജയത്തിലെത്തൂ. ഉടമയും തൊഴിലാളികളും പരസ്പരം വിശ്വസിക്കുകയും ഒരു മനസോടെ ജോലി ചെയ്യുകയും വേണം. പുളിമൂട്ടിൽ സിൽക്ക്സിനെ ചൂഴ്ന്നു നിൽക്കുന്ന ഈ ടച്ച് എടുത്തുപറയേണ്ട കാര്യമാണ്.
അവാർഡുകളുടെ പെരുമഴ
അവാർഡുകളുടെ പെരുമഴയാണ് ഔസേപ്പ് ജോണിന്റെ ജീവിതകാലത്തിലുള്ളതെന്നു പറയാം.ഇന്ത്യൻ ദന്തൽ അസോസിയേഷന്റെ അവാർഡ് ഓഫ് അപ്രീസിയേഷൻ, ഡിഎഫ്സിയുടെ മികച്ച വ്യാപാരി അവാർഡ്, മർച്ചന്റ്സ് അസോസിയേഷന്റെ സംഘാടക ശ്രീ അവാർഡ്, ദീപിക എക്സലൻസ് അവാർഡ്, ഗാർമെന്റ് കൗണ്ടി അവാർഡ്, ദേശാഭിമാനി അവാർഡ്, വാഴക്കുളം ജ്വാലയുടെ കസ്റ്റമർ ഫ്രണ്ട്ലി അവാർഡ്, തൊടുപുഴ മർച്ചന്റ്സ് അസോസിയേഷന്റെ ബെസ്റ്റ് ബിസിനസ് അച്ചീവർ അവാർഡ്, ക്നാനായ കത്തോലിക്ക കോൺഗ്രസ് ബെസ്റ്റ് ബിസിനസ്മെൻ അവാർഡ്, വൈഎംസിഎ, വൈസ്മെൻ ക്ലബ് അവാർഡുകൾ എന്നിങ്ങനെ നിരവധി അംഗീകാരങ്ങൾ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
തൊടുപുഴ വൈഎംസിഎ, വൈസ്മെൻ എന്നിവയുടെ മുൻ പ്രസിഡന്റ്, തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ രക്ഷാധികാരികൂടിയാണ്.
കളിക്കളത്തിലെ ത്രിൽ ഇപ്പോഴും
കളിക്കളത്തിലെ ത്രിൽ ഇപ്പോഴും ഔസേപ്പ് ജോണിനെ വിട്ടുപിരിഞ്ഞിട്ടില്ല. അതാണ് അദ്ദേഹത്തിന്റെ ശക്തി സ്രോതസ്. ഫുട്ബോൾ, വോളിബോൾ, ഷോട്ട്പുട്ട്, അത്ലറ്റിക്സ്, വടംവലി എന്നിവയിൽ ചാമ്പ്യനായിട്ടുള്ള ഇദ്ദേഹം ബിസിനസ് രംഗത്തും സ്പോർട്സ് മാൻ സ്പിരിറ്റോടെയാണ് മുന്നോട്ടുപോകുന്നത്.
ബിസിനസിനു പുറമെ മികച്ച കർഷകൻ കൂടിയാണ്. ഇതിനോടകം 40ൽ പരം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ജീവകാരുണ്യത്തിന്റെ തൂവൽ സ്പർശമായി മാറാനും ഔസേപ്പ് ജോണിന് കഴിഞ്ഞിട്ടുണ്ട്.
കുടുംബ വിശേഷം

ഉദയംപേരൂർ പരേതരായ ചാക്കോ ഔസേപ്പ്- അന്നമ്മ ദമ്പതികളുടെ അഞ്ചാമത്തെ മകനായി 1937 നവംബർ 15നാണ് ഔസേപ്പ് ജോണിന്റെ ജനനം. ഭാര്യ പെണ്ണമ്മ തൊടുപുഴ കളരിക്കൽ കുടുംബാംഗമാണ്.
1. മകൾ: റീന, ഭർത്താവ് രജീവ് താമരപ്പിള്ളിൽ റാന്നി. മക്കൾ : തോമസ്, ജോൺസ്, ആഷ്മ.
2. മകൾ: റെജി, ഭർത്താവ് ഷാജി കുന്നേൽ എറണാകുളം. മക്കൾ : പ്രിയ, സച്ചിൻ.
3. മകൻ: റോയി ജോൺ, ഭാര്യ റെനി കടുതോടിൽ കിടങ്ങൂർ. മക്കൾ : റീമ, ജോബിൻ, ഷോൺ.
4. മകൻ: റോജർ ജോൺ, ഭാര്യ രഞ്ജിത മേലേത്ത് കോട്ടയം. മക്കൾ : യോഹൻ, ആഷിക, മറിയ, ഹന്ന.