സൂപ്പർഹിറ്റുകളുടെ സ്വർഗചിത്ര അപ്പച്ചൻ
Wednesday, December 29, 2021 3:35 PM IST
മലയോരത്തെ കർഷക കുടുംബത്തിൽ നിന്നെത്തി മലയാള സിനിമയിൽ സൂപ്പർ ഹിറ്റുകളുടെ മണിച്ചിത്രത്താഴ് തുറന്ന നിർമാതാവാണ് സ്വർഗചിത്ര അപ്പച്ചൻ . സിനിമാ പോസ്റ്ററിൽ സ്വർഗചിത്ര എന്ന പേര് കണ്ടാൽ പടം സൂപ്പർ ഹിറ്റാകുമെന്ന പ്രേക്ഷക വിധിയെഴുത്തിന് അപ്പച്ചൻ അന്നും ഇന്നും മങ്ങലേൽപ്പിച്ചിട്ടില്ല.
മണിച്ചിത്രത്താഴിലൂടെ രാഷ്ട്രപതിയിൽ നിന്ന് ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയതും 405 ദിവസം തുടർച്ചയായി പ്രദർശിപ്പിച്ച ’ഗോഡ്ഫാദർ ’ രചിച്ച റിക്കാർഡുമെല്ലാം മലയാള സിനിമാ ചരിത്രത്തിൽ സുവർണ ലിപികളിൽ ഇപ്പോഴും തിളങ്ങുന്നുണ്ട്. മൂന്നരപതിറ്റാണ്ട് മുമ്പ് വെള്ളിവെളിച്ചത്തിൽ തെളിഞ്ഞു വന്ന അപ്പച്ചന്റെ പേര് ഒരിടവേളയ്ക്ക് ശേഷം വീണ്ടും സ്ക്രീനിലെത്തുകയാണ്. മറ്റൊരു ചരിത്രം രചിക്കാൻ ...
കേരളം കണ്ട ഏറ്റവും വലിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ സിബിഐ ഡയറിറിപ്പിലെ സേതുരാമയ്യരുടെ കൈപിടിച്ചാണ് സിനിമയിലേക്കുള്ള അപ്പച്ചന്റെ രണ്ടാംവരവ്. സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗവുമായി... സ്വർഗചിത്രയിലൂടെ മറ്റൊരു സൂപ്പർഹിറ്റിനായി മലയാളി കാത്തിരിക്കുമ്പോൾ ലോക്ക്ഡൗൺ വിരസതകളൊന്നുമില്ലാതെ കോഴിക്കോട്ടെ സ്വന്തം വീട്ടിലിരുന്നു അപ്പച്ചൻ മനസ് തുറക്കുന്നു...

തിരക്കഥയിലില്ലാത്ത ഫ്ളാഷ്ബാക്ക്
കോഴിക്കോട്ടെ മലയോരഗ്രാമമായ പുതുപ്പാടിയിലെ ജയ തിയറ്ററിൽ നിന്നാണ് പിണക്കാട് പി.ഡി. ഏബ്രഹാമെന്ന ഇന്നത്തെ സ്വർഗചിത്ര അപ്പച്ചന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. അഞ്ചാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ പതിവായി സിനിമകൾ കാണാറുണ്ടായിരുന്നു. കാർഷിക മേഖലയിലെ ജോലിയെല്ലാം കഴിഞ്ഞാണ് സിനിമ കാണാൻ പോവാറുള്ളത്. അതിനാൽ വീട്ടുകാർക്കും എതിർപ്പുണ്ടായിരുന്നില്ല.
സിനിമയോടുള്ള പ്രണയം ഓരോ വർഷം കഴിയും തോറും കൂടി വന്നു. 22 വയസായപ്പോഴേക്കും സിനിമ ജീവിതത്തിന്റെ ഭാഗമായി മാറിയിരുന്നു. വിവാഹിതനായതിന് ശേഷം പുതുപ്പാടിയിൽ നിന്ന് ഞായറാഴ്ചകളിൽ പതിവായി കോഴിക്കോടെത്തിയായിരുന്നു പുതിയ സിനിമകൾ കണ്ടിരുന്നത്. ഒരു ദിവസം മൂന്ന് സിനിമകൾ വരെ കണ്ടശേഷമായിരുന്നു തിരിച്ചുപോക്ക്.
അക്കാലത്താണ് ഒരു സിനിമ നിർമിക്കണമെന്ന മോഹമുണ്ടായത്. നിർമാതാവാകാൻ വേണ്ടി മാത്രം അക്കാലത്ത് പണം സമ്പാദിച്ചു തുടങ്ങി. പണമുണ്ടാക്കുമ്പോഴും മനസിൽ നിറഞ്ഞു നിന്നത് ഫാസിൽ എന്ന സംവിധായകന്റെ മുഖം മാത്രമായിരുന്നു. കർഷക കുടുംബമായതിനാൽ മകൻ സിനിമാക്കാരനാവുന്നതിൽ വീട്ടുകാർക്കും ബന്ധുക്കൾക്കുമെല്ലാം ഉത്കണ്ഠയും എതിർപ്പുമുണ്ടായിരുന്നു. ഒടുവിൽ നിർമാതാവാകാനുള്ള ആദ്യ യാത്ര ആരംഭിച്ചു. കോഴിക്കോട് നിന്നും ആലപ്പുഴയിലേക്ക് ...

ഫാസിൽ എന്ന "സ്കൂൾ’
നിർമാതാവാകൻ പണം സമ്പാദിച്ചെങ്കിലും എങ്ങനെ സിനിമ നിർമിക്കാമെന്നത് പോലും അക്കാലത്ത് അറിയില്ലായിരുന്നു. അന്ന് മനസിലുണ്ടായിരുന്നത് ഫാസിലെന്ന സംവിധായകൻ മാത്രമായിരുന്നു. വായിച്ച ചില ഫിലിം മാഗസിനിൽ നിന്ന് ഫാസിലിന്റെ വീട് ആലപ്പുഴയിലാണെന്ന് മനസിലാക്കി. ഒടുവിൽ കോഴിക്കോട് നിന്ന് ആലപ്പുഴയിലേക്കുള്ള കെഎസ്ആർടിസി ബസ് കയറി.
ആദ്യമായാണ് സിനിമാലോകത്തെ ഒരാളെ നേരിൽ കാണാൻ പോവുന്നത്. ആശങ്കയില്ലാതെ ആത്മവിശ്വാസത്തിന്റെ പുറത്ത് ഫാസിലിന്റെ വീട്ടിൽ എത്തി. നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന സിനിമ കഴിഞ്ഞിരിക്കുകയായിരുന്നു ഫാസിൽ. ആവശ്യം അറിഞ്ഞയുടൻ അദ്ദേഹം നടക്കില്ലെന്നും രണ്ടുവർഷം കഴിഞ്ഞ് നോക്കാമെന്നും പറഞ്ഞു.
ആഴ്ചകൾ കഴിഞ്ഞ് വീണ്ടും കാണാൻ പോയി. ആദ്യകൂടിക്കാഴ്ചയുടെ പരിചയമുള്ളതിനാൽ അപരിചിതത്വം മാറി. അന്ന് ഒരു ചായയെല്ലാം കിട്ടി. രണ്ട് മൂന്ന് സിനിമകൾ കൂടി കഴിഞ്ഞ് നമുക്ക് നോക്കാമെന്നായി ഫാസിൽ. മാസങ്ങൾക്ക് ശേഷം വീണ്ടും ഫാസിലിനെ സമീപിച്ചു. എന്നാൽ ഫലമുണ്ടായില്ല. ആ സന്ദർശനത്തിൽ ഫാസിലിനോട് കാര്യങ്ങൾ വിശദമായി പറഞ്ഞു.
സിനിമയോടുള്ള പ്രിയം നേരിട്ട് മനസിലാക്കിയ ഫാസിൽ കഥയെ കുറിച്ചും നായകനെ കുറിച്ചുമെല്ലാം ചോദിച്ചു. കഥയൊന്നും തന്റെ കൈവശമില്ലെന്നും അതെല്ലാം സാർ തീരുമാനിച്ചാൽ മതിയെന്നും പറഞ്ഞു. നായകനെക്കുറിച്ച് അന്ന് മനസിലൊരു സങ്കൽപ്പമുണ്ടായിരുന്നു. അതിനാൽ മമ്മൂട്ടി മതിയെന്ന് പറഞ്ഞു.
ഇതെല്ലാം കേട്ടെങ്കിലും ഫാസിൽ ഉറപ്പു പറഞ്ഞിരുന്നില്ല. ഓരോ സന്ദർശനവും ഫാസിലിന്റെ പിതാവ് കാണുന്നുണ്ടായിരുന്നു. "മലബാറിൽ നിന്ന് എത്ര തവണയായി അപ്പച്ചൻ വരുന്നു... നിനക്ക് ഒരു സിനിമ ചെയ്ത് കൊടുത്തൂടേ’ എന്ന ഫാസിലിന്റെ പിതാവിന്റെ ചോദ്യത്തിന് മുന്നിൽ മലയാളത്തിന് പുതിയൊരു നിർമാതാവിനെയാണ് ലഭിച്ചത്.
സ്വർഗചിത്രയുടെ ഉദയം
ഫാസിൽ സിനിമ സംവിധാനം ചെയ്തു തരാമെന്ന് പറഞ്ഞതോടെ ഒരു ബാനറിനെ കുറിച്ചായി ചിന്ത. ഞാനൊരു അടിയുറച്ച ഈശ്വരവിശ്വാസിയാണ്. അതിനാൽ മറ്റൊന്നും ചിന്തിക്കേണ്ടി വന്നില്ല. ദിനവും ഞാൻ ചൊല്ലുന്ന ’സ്വർഗസ്ഥനായ പിതാവെന്ന’ പ്രാർഥനയുടെ ആദ്യത്തെ അക്ഷരൾ "സ്വർഗ’യും ചലച്ചിത്രമെന്നതിന്റെ അവസാന അക്ഷരങ്ങൾ "ചിത്ര’യും ചേർത്ത് സ്വർഗചിത്ര എന്ന ബാനർ പേര് നൽകുകയായിരുന്നു. പൂവിന് പുതിയ പൂന്തെന്നലായിരുന്നു ആദ്യ സിനിമ.
1986 ൽ സിനിമ പുറത്തിറങ്ങിയെങ്കിലും പടം സാമ്പത്തികമായി പരാജയമായിരുന്നു. ഓണത്തിനായിരുന്നു റിലീസ്. 16 ലക്ഷം രൂപയായിരുന്നു ചെലവ്. അന്ന് മമ്മൂട്ടിയുടെ അഞ്ച് സിനികളായിരുന്നു ഇതിനൊപ്പം റിലീസ് ചെയ്തത്. ആവനാഴി മാത്രം സൂപ്പർഹിറ്റായി. ആദ്യ സിനിമ തന്നെ നഷ്ടം സംഭവിച്ചതിനാൽ അടുത്ത സിനിമ അപ്പച്ചൻ തന്നെ നിർമിക്കട്ടെയെന്ന് മമ്മൂട്ടി, ഫാസിലിനോട് പറഞ്ഞു.
1987 ൽ മണിവത്തൂരിലെ ആയിരം ശിവരാത്രികൾ എന്ന സിനിമ കൂടി അപ്പച്ചന്റെ നിർമാണത്തിൽ പിറന്നു. പടം ഹിറ്റായി മാറുകയും ചെയ്തു. ആദ്യ സിനിമയുണ്ടാക്കിയ നഷ്ടം രണ്ടാമത്തെ സിനിമയിലൂടെ അപ്പച്ചന് നികത്താനായി. ഫാസിലിനൊപ്പം സിനിമ ചെയ്തതോടെ വലിയൊരനുഭവമാണ് നേടാനായത്.
സിദ്ദീഖും ലാലുമെല്ലാം അക്കാലത്ത് ഫാസിലിന്റെ അസിസ്റ്റന്റുകളായിരുന്നു. ഞങ്ങളെല്ലാവരും ഒരുമിച്ചാണ് ഫാസിലെന്ന സ്കൂളിൽ നിന്ന് സിനിമയെ കുറിച്ച് പഠിച്ചു തുടങ്ങിയത്. രണ്ട് സിനിമകൾ കഴിഞ്ഞതോടെ മൂന്നാമത്തെ സിനിമ തന്റെ ശിഷ്യരായ സിദ്ദീഖിനും ലാലിനുമൊപ്പം ചെയ്യാൻ ഫാസിൽ ആവശ്യപ്പെട്ടു. അപ്രകാരമായിരുന്നു റാംജിറാവു സ്പീക്കിംഗ് എന്ന സിനിമ ചെയ്തത്.
സിനിമ ഹിറ്റാണെങ്കിലും വിതരണ കമ്പനി സ്വന്തമായി ഇല്ലാത്തതിനാൽ കൂടുതൽ ലാഭം ലഭിച്ചില്ല. അങ്ങനെയാണ് പുതിയ വിതരണ കമ്പനി കൂടി ആരംഭിക്കാൻ തീരുമാനിച്ചത്. കഥ കേട്ടും വേണ്ട മാറ്റങ്ങൾ നിർദേശിച്ചും കഥാപാത്രങ്ങളെ കണ്ടെത്തിയുമെല്ലാം അപ്പച്ചൻ ഒടുവിൽ മലയാളത്തിലെ ഹിറ്റ്മേക്കർ പദവിയിലെത്തി.
പിന്നീട് എന്റെ സൂര്യപുത്രിക്ക് (1991), ഗോഡ്ഫാദർ (1991), വിയറ്റ്നാം കോളനി(1992), മണിച്ചിത്രത്താഴ് (1993), അനിയത്തിപ്രാവ്(1997), ഫ്രണ്ട്സ് (തമിഴ്2001), മാ ബാപ്പു ബൊമ്മാക്കു പെല്ലിന്റെ (തെലുങ്ക് 2003), വേഷം(2004), അഴകിയ തമിഴ്മകൻ (തമിഴ്2007) എന്നീ ചിത്രങ്ങൾ നിർമിച്ചു. ഇതിനു പുറമേ 26 ചിത്രങ്ങൾ സ്വർഗചിത്ര വിതരണം ചെയ്യുകയും ചെയ്തു.
വർഷം പതിനാറ്, ഇൻ ഹരിഹർ നഗർ, പപ്പയുടെ സ്വന്തം അപ്പൂസ്, കാബൂളിവാല, മാനത്തെ വെള്ളിത്തേര്, നമ്പർ 1 സ്നേഹതീരം ബാംഗ്ലൂർ നോർത്ത്, ആറാം തമ്പുരാൻ , ചന്ദ്രലേഖ, ഉസ്താദ്, രാവണ പ്രഭു, സേതുരാമയ്യർ സിബിഐ, വെട്ടം, രാപ്പകൽ, നേരറിയാൻ സിബിഐ എന്നീ ചിത്രങ്ങൾ സ്വർഗചിത്രയിലൂടെയാണ് വിതരണം ചെയ്തത്.
തമിഴകത്തിന്റെ പ്രിയ നിർമാതാവ്
1997ലാണ് അനിയത്തിപ്രാവ് റിലീസ് ചെയ്യുന്നത്. സിനിമ വൻ വിജയമായതോടെ തമിഴിലേക്ക് റീമേക്ക് ചെയ്യാൻ തീരുമാനമായി. മലയാളത്തിൽ നിർമിച്ചത് താനാണെങ്കിലും തമിഴിൽ സംഗിലി മുരുകനായിരുന്നു നിർമാതാവ്. സംവിധാനം ഫാസിൽ തന്നെ. കാതലുക്ക് മര്യാദയെന്നായിരുന്നു ചിത്രത്തിന്റെ പേര്.
എറണാകുളത്ത് ഷൂട്ട് നടക്കുന്ന സമയത്ത് ഞാൻ ലൊക്കേഷനിലെ സ്ഥിരം സന്ദർശകനായി. ഇളയദളപതി വിജയ്യുമായി അവിടെ വച്ചാണ് പരിചയപ്പെടുന്നത്. ഞാൻ എന്റെ തമിഴ്സിനിമാ സ്വപ്നം വിജയ്യോട് പറഞ്ഞു. നമുക്കൊരു സിനിമ ചെയ്യാമെന്നും മലയാളത്തിൽ ഹിറ്റായ ഒരു സിനിമ കൊണ്ടുവന്നാൽ അത് നമുക്ക് തമിഴിൽ റീമേക്ക് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
വർഷങ്ങൾക്ക് ശേഷം ഫ്രണ്ട്സിന്റെ കഥയുമായാണ് ഞാൻ വിജയ്യുടെ അടുത്തെത്തുന്നത്. ചെന്നുകണ്ട് കഥപറഞ്ഞതും വിജയ്ക്ക് ഇഷ്ടമായി. സിദ്ധിഖ് തന്നെയായിരുന്നു സംവിധാനം. ജയറാമിന്റെ വേഷത്തിൽ വിജയ്യെ കാസ്റ്റ് ചെയ്തു. അന്ന് വിജയ് ഒരു സിനിമയ്ക്ക് വാങ്ങുന്നത് മൂന്നു കോടിയാണ്. എന്നാൽ എന്നോടുള്ള ബഹുമാനവും അനിയത്തിപ്രാവിന്റെ തമിഴ്നാട്ടിലെ വൻവിജയവും തുടർന്ന് താരമൂല്യം നേടാനായതുമെല്ലാം പരിഗണിച്ച് പ്രതിഫലം രണ്ടുകോടി മതിയെന്നും വിജയ് പറഞ്ഞു.
ശ്രീനിവാസൻ ചെയ്ത റോളിലേയ്ക്ക് രമേശ് ഖന്നയുമെത്തി. എന്നാൽ മുകേഷ് ചെയ്ത ചന്തുവിന്റെ വേഷം ചെയ്യാൻ ആളായില്ല. അപ്പോഴാണ് സീനിയർ എഡിറ്ററായ ശേഖർ, സൂര്യയെ കുറിച്ച് പറയുന്നത്. തമിഴിലെ പ്രശസ്ത അഭിനേതാവായ ശിവകുമാറിന്റെ മകനായ സൂര്യ അന്ന് ഒരു സിനിമയിൽ അഭിനയിച്ചിരുന്നു. അത് വൻ പരാജയമായിരുന്നു. അതിനാൽ ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് തീരുമാനിച്ചിരിക്കുമ്പോഴാണ് സൂര്യയെ കാണാനായി പോകുന്നത്.
ഞങ്ങൾ ആവശ്യം പറഞ്ഞപ്പോൾ സൂര്യയുടെ പിതാവ് നിരസിക്കുകയായിരുന്നു. എന്നാൽ പിറ്റേന്ന് വൈകുന്നേരം നാലുമണിയായപ്പോൾ എന്റെ ഫ്ളാറ്റിലേക്ക് അഭിനയമോഹവുമായി സൂര്യ കയറിവന്നു. അപ്പോഴവിടെ ഞാനും ശേഖറും സിദ്ദിഖുമുണ്ടായിരുന്നു. താൻ സിനിമയിൽ അഭിനയിക്കാൻ തയാറാണെന്നായിരുന്നു സൂര്യയുടെ മറുപടി.
അന്ന് സൂര്യയ്ക്ക് ആ സിനിമയിൽ അഭിനയിക്കാൻ കൊടുത്ത പ്രതിഫലം വെറും അഞ്ചുലക്ഷം രൂപയാണ്. ഇന്ന് തമിഴ് സിനിമ നിയന്ത്രിക്കുന്ന രണ്ട് സൂപ്പർതാരങ്ങളാണ് വിജയും സൂര്യയും. തമിഴ്നാട്ടിലെ വമ്പൻ നിർമാതാക്കൾ എത്ര ശ്രമിച്ചിട്ടും അതിന് ശേഷം വിജയ്യേയും സൂര്യയേയും ഒരുമിച്ച് വെള്ളിത്തിരയിലെത്തിക്കാൻ സാധിച്ചിട്ടില്ല.
പിന്നീട് എ.ആർ. റഹ്മാന്റെ സംഗീത സംവിധാനത്തിലുള്ള ഒരു സിനിമ ചെയ്യാമെന്ന് വിജയ് എന്നോട് ആഗ്രഹം പ്രകടിപ്പിച്ചു. അതനുസരിച്ച് നിർമിച്ച സിനിമയാണ് അഴകിയ തമിഴ് മകൻ. അതിലെ എല്ലാ പാട്ടുകളും സൂപ്പർ ഹിറ്റാണ്. ഓസ്കാർ വേദിയിൽ വരെ എ.ആർ. റഹ്മാൻ പാടിയ പാട്ട് എന്റെ സിനിമയിലെ "എല്ലാ പുകഴും ഒരുവൻ ഒരുവന്ക്ക്’ ആണ്. നാളിതുവരെയും വിജയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടും ഇതുതന്നെയാണ്.
റിക്കാർഡുകളുടെ വിജയ ശിൽപി
405 ദിവസം ഒരേ തിയറ്ററിൽ തുടർച്ചയായി പ്രദർശനം നടത്തിയെന്ന ചരിത്രമാണ് അപ്പച്ചന്റെ "ഗോഡ്ഫാദർ’നുള്ളത്. അതിന് കേരള സർക്കാറിന്റെ ജനപ്രീതിക്കും കലാമേന്മയ്ക്കുമുള്ള അവാർഡ് ലഭിച്ചു. 366 ദിവസം ഒരേ തിയറ്ററിൽ തുടർച്ചയായ പ്രദർശനങ്ങളുമായി മണിച്ചിത്രത്താഴും ചരിത്രത്തിന്റെ ഭാഗമായി.
ആ സിനിമയ്ക്ക് ജനപ്രീതിക്കും കലാമേന്മയ്ക്കുമുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. അതേ ഇനത്തിൽ ദേശീയ പുരസ്കാരവും നേടാനായി. ശോഭനയ്ക്ക് ഉർവശി അവാർഡും ഫാസിലിനും എനിക്കും ദേശീയ പുരസ്കാരവും ഈ സിനിമയിലൂടെ ലഭിച്ചു.
സിബിഐയിലൂടെയുള്ള രണ്ടാംവരവ്
മമ്മൂട്ടി നായകനായി ടി.എ. റസാഖിന്റെ രചനയിൽ വി.എം. വിനു സംവിധാനം ചെയ്ത വേഷം എന്ന സിനിമയായിരുന്നു മലയാളത്തിൽ അവസാനമായി നിർമിച്ചത്. ചിത്രീകരണം കഴിഞ്ഞ് മമ്മൂട്ടി പോകുമ്പോൾ അടുത്ത സിനിമയ്ക്കുള്ള അഡ്വാൻസ് നൽകിയിരുന്നു. രണ്ടു വർഷത്തിന് ശേഷം റസാഖും വിനുവും ബസ് കണ്ടക്ടർ സിനിമയുടെ കഥയുമായെത്തിയെങ്കിലും തിരക്കുകൾ കാരണം സിനിമ ചെയ്യാൻ സാധിച്ചില്ല. ഈ സിനിമ വൈശാഖ് രാജൻ നിർമിക്കട്ടെയെന്നും അപ്പച്ചന് പിന്നീട് ഞാൻ ഡേറ്റ് തരാമെന്നും മമ്മൂട്ടി പറഞ്ഞു.
വർഷങ്ങൾക്ക് ശേഷം ഭാസ്കർ ദി റാസ്കൽ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് വീണ്ടും മമ്മൂട്ടി വിളിക്കുന്നത്. എസ്.എൻ. സ്വാമിയും കെ.മധുവും ഒപ്പമുണ്ടെന്നും സിബിഐയുടെ അഞ്ചാംഭാഗം ചെയ്യാൻ താത്പര്യമുണ്ടെന്നും അത് അപ്പച്ചൻ നിർമിക്കണമെന്നും മമ്മൂട്ടി പറഞ്ഞു. അത് വഴി പഴയ അഡ്വാൻസിന്റെ കടം തീർക്കാമെന്നും മമ്മൂട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു. പറഞ്ഞത് മമ്മൂട്ടിയായതിനാൽ നിരസിക്കാനായില്ല. സിനിമ സന്തോഷത്തോടെ ഏറ്റെടുക്കുകയായിരുന്നു.
സിബിഐ എത്തും; ഞെട്ടിക്കുന്ന കഥയുമായി
സിബിഐ ഉദ്യോഗസ്ഥനായ സേതുരാമയ്യർ ഇത്തവണ എത്തുന്നത് ഇതുവരെ കണ്ടിട്ടില്ലാത്ത വേറിട്ട കുറ്റാന്വേഷണവുമായാണ്. തിയറ്റർ വിട്ടിറങ്ങിയാലും സിനിമ ഉപേക്ഷിച്ചു പോരാൻ പ്രേക്ഷകർക്കാവില്ല. ദിവസങ്ങൾ ... ആഴ്ചകൾ ... മാസങ്ങൾ വരെ ഈ കഥയും കഥാപാത്രങ്ങളും മനസിൽ നിറഞ്ഞു നിൽക്കുന്നതായിരിക്കും.
ലോക്ക്ഡൗൺ പ്രതിസന്ധികൾക്കിടയിലും കഥയിലെ വ്യത്യസ്തതകൾ തന്നെയാണ് അപ്പച്ചനെ നിർമാതാവിന്റെ വേഷമിടാൻ പ്രേരിപ്പിച്ചത്. എസ്.എൻ. സ്വാമി തന്നെയാണ് കഥ എഴുതിയത്. കെ.മധുവാണ് സംവിധാനം. സിബിഐ അഞ്ചാംഭാഗം ഒരിക്കലും ഒടിടിയായി റിലീസ് ചെയ്യില്ല. അത് തിയറ്ററിലൂടെ മാത്രമേ പ്രേക്ഷകർക്ക് മുന്നിലെത്തുകയുള്ളൂ. ഫഹദ് ഫാസിലിനെ നായകനാക്കിയുള്ള മറ്റൊരു ചിത്രവും ചെയ്യാനുദ്ദേശിക്കുന്നുണ്ട്.