ശബരിമലയിൽ 20,000 നെയ്ത്തേങ്ങയുടെ അഭിഷേകം
Wednesday, January 5, 2022 11:31 AM IST
ചരിത്രത്തിലാദ്യമായി ഇരുപതിനായിരത്തോളം നാളീകേരത്തിന്റെ നെയ്യഭിഷേകത്തിനൊരുങ്ങി ശബരിമല. ഇന്നു പുലർച്ചെയാണ് നെയ്യഭിഷേകം നടക്കുന്നത്.
ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി വ്യവസായി വിഷ്ണു ശരണ്‍ ഭട്ടാണ് നെയ്യഭിഷേകം വഴിപാടായി നേർന്നത്. 18001 നെയ്ത്തേങ്ങയുടെ അഭിഷേകമാണ് അദ്ദേഹം വഴിപാടായി നേർന്നത്. എന്നാൽ ഇരുപതിനായിരത്തോളം നാളീകേരം അഭിഷേകത്തിനായി തയാറാക്കിയിട്ടുണ്ട്.
നെയ്യഭിഷേകത്തിനായി 18 ലക്ഷം രൂപയും ദേവസ്വത്തിലേക്ക് മുതൽക്കൂട്ടായി അടച്ചു. 2280 കിലോ നെയ്യും 7.5 ടണ്‍ നാളീകരവുമാണ് അഭിഷേകത്തിനായി ഉപയോഗിക്കുന്നത്. പത്ത് ശാന്തിക്കാർ രാപകൽ ഇരുന്ന് നിറച്ച നെയ്ത്തേങ്ങകൾ ഇന്നലെ നടയിൽ എത്തിച്ചു.
സുഹൃത്തും കിളിമാനൂർ സ്വദേശിയുമായ ഉണ്ണികൃഷ്ണൻ പോറ്റി ആദ്യ നെയ്ത്തേങ്ങ ഉടച്ചു നെയ്യഭിഷേകത്തിനുളള ഒരുക്കത്തിന് തുടക്കമിട്ടു.