ശബരിമലയിലേക്ക് കൂടുതൽ തീർഥാടകർ
Friday, January 7, 2022 12:01 PM IST
ശബരിമല ദർശനത്തിനു സ്പോട്ട് ബുക്കിംഗ് സൗകര്യം വർധിപ്പിച്ചതോടെ ഇതുപയോഗപ്പെടുത്തുന്ന അയ്യപ്പഭക്തരുടെ എണ്ണം കൂടി. തുടക്കത്തിൽ ഒരു ദിവസം സ്പോട്ട് ബുക്കിംഗിന് 5000 പേരെന്നു നിശ്ചയിച്ചിരുന്നത് പിന്നീട് ഏഴായിരമാക്കി വർധിപ്പിച്ചിരുന്നു.
കൂടാതെ വെർച്വൽ ക്യൂ ബുക്കിംഗ് വരും ദിവസത്തെക്ക് നേരത്തെ തന്നെ പൂർണമാകുന്ന സ്ഥിതിയുണ്ട്. ഇതോടെയാണ് ദേവസ്വം ബോർഡും പോലീസും സ്പോട്ട് ബുക്കിംഗ് സൗകര്യം ഒരുക്കിയത്. നേരിട്ട് ശബരിമല ദർശനത്തിന് എത്തുന്ന എല്ലാ ഭക്തർക്കും ദർശനത്തിന് സൗകര്യം ലഭിക്കുന്നുമുണ്ട്.
എരുമേലിയിലും നിലയ്ക്കലും ഉള്ള സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വൻ തിരക്ക് അനുഭവപ്പെട്ടു. ദേവസ്വം ബോർഡ് പ്രധാന ക്ഷേത്രങ്ങളിലടക്കം മറ്റു പത്തിടങ്ങളിൽ സ്പോട്ട് ബുക്കിംഗ് സൗകര്യമൊരുക്കിയിട്ടുണ്ട്.
ബേസ് സ്റ്റേഷനായ നിലയ്ക്കലിൽ നാല് കൗണ്ടറുകളാണ് സ്പോട്ട് ബുക്കിംഗിനായി ഒരുക്കിയത്. തീർഥാടന വഴിയിലെ ഇടത്താവളങ്ങളായ എരുമേലി ശ്രീധർമശാസ്താ ക്ഷേത്രം, കുമളി ചെക്ക് പോസ്റ്റ്, തിരുവനന്തപുരം ശ്രീകണ്ഠേശ്വരം മഹാദേവ ക്ഷേത്രം, ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം, പന്തളം വലിയകോയിക്കൽ ക്ഷേത്രം, പെരുന്പാവൂർ ധർമശാസ്താ ക്ഷേത്രം, കീഴില്ലം മഹാദേവക്ഷേത്രം എന്നിവിടങ്ങളിലും സ്പോട്ട് ബുക്കിംഗ് നടത്താം.
വെർച്വൽ ക്യൂ ബുക്ക് ചെയ്തിട്ട് തീർഥാടകർ എത്താതിരുന്നാൽ തുടർന്നുള്ള ഒഴിവുകൾ സ്പോട്ട് ബുക്കിംഗിലേക്ക് മാറ്റുന്നതിനാൽ കൂടുതൽ പേർക്ക് അവസരം ലഭിക്കുന്നുണ്ട്. രണ്ട് വാക്സിനേഷൻ എടുത്തതിന്റെ സർട്ടിഫിക്കറ്റ്, അതല്ലെങ്കിൽ 72 മണിക്കൂർ മുന്പെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയാണ് ഭക്തർ കരുതേണ്ടത്. പത്ത് വയസിന് താഴെയുള്ള കുട്ടികൾക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല.