ശബരിമലയില്‍ ഭക്ഷ്യസുരക്ഷാ പരിശോധന കര്‍ശനമാക്കി
Monday, January 10, 2022 12:29 PM IST
സന്നിധാനത്തും പരിസരത്തും പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളിലും ജ്യൂസ് കടകളിലും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.
നിര്‍ദേശങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സന്നിധാനത്തെ പരിശോധനകള്‍ക്ക് ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ ജോസ് ലോറന്‍സ്, സക്കീര്‍ ഹുസൈന് എന്നിവര്‍ നേതൃത്വം നല്കി.
സംവിധാനത്തെ ഹോട്ടലുകള്‍, അന്നദാന മണ്ഡപങ്ങള്‍, മെസുകള്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ച് ഗുണനിലവാരം ഉറപ്പാക്കിവരുന്നുണ്ട്.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സഞ്ചരിക്കുന്ന ലാബ് നിലയ്ക്കലില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.സഞ്ചരിക്കുന്ന ലാബിന്റെയും പത്തനംതിട്ട ജില്ലാ ലാബിന്റെയും സഹായത്താലാണ് ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കി വരുന്നത്.
സന്നിധാനത്തും പമ്പയിലും നിലയ്ക്കലും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ സ്പെഷല്‍ സ്ക്വാഡുകളും സജീവമായി. പരിശോധനകള്‍ ശബരിമല മകരവിളക്ക് ഉത്സവം തീരുന്നതുവരെ തുടരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.