മകരവിളക്ക്: ശബരിമലയിലേക്ക് 500 ബസുകൾകൂടി അയയ്ക്കുന്നു
Wednesday, January 12, 2022 2:23 PM IST
മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ശബരിമലയിലെ തിരക്ക് കുറയ്ക്കാൻ കെഎസ്ആർടിസി 500 ബസുകൾ കൂടി സ്പെഷൽ സർവീസിന് തയാറാക്കുന്നു. വിവിധ ജില്ലാ പൂളുകളിൽ സൂക്ഷിച്ചിട്ടുള്ള ബസുകൾ ശബരിമല സ്പെഷ്യൽ സെന്ററുകളിലും പമ്പയിലും എത്തിക്കാനാണ് നിർദ്ദേശം.
ജില്ലാ പൂളുകളിൽ നിന്നുള്ള ബസുകൾ എല്ലാ വിധ അറ്റകുറ്റ പണികളും പൂർത്തിയാക്കി വേണം സർവീസിന് അയക്കേണ്ടത്. ജില്ലാ പൂളുകളിൽ നിന്നുള്ള ബസുകൾ പത്തനംതിട്ടയിലേയ്ക്കുള്ള സർവീസുകളായി വേണം എത്തിക്കാൻ. പത്തനംതിട്ട ഡിപ്പോയിൽ നിന്നും സർവീസുകൾ നിശ്ചയിക്കും.
സ്വഭാവദൂഷ്യമില്ലാത്ത ജീവനക്കാരെ മാത്രം പമ്പയിലേയയ്ക്കാൻ യൂണിറ്റ് ഓഫീസർമാർ ശ്രദ്ധിക്കണെമെന്ന് പ്രത്യേക നിർദേശമുണ്ട്. പമ്പ - പത്തനംതിട്ട റൂട്ടിൽ ആഹാരം കഴിക്കാൻ പോലും ബസ് നിർത്തരുത്. അയ്യപ്പൻമാരോട് മാന്യമായും സൗമ്യമായും ഇടപെടണം. എല്ലാ ബസുകളിലും വീൽ ചോക്ക് കരുതണമെന്നും പ്രത്യേകം ഓർമ്മിപ്പിക്കുന്നു.
വിവിധ ഡിപ്പോകളിൽ നിന്നായി 23 അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർമാരെയും ശബരിമല സ്പെഷൽ ഡ്യൂട്ടിയ്ക്കായി നിയോഗിച്ചിട്ടുണ്ട്. നിലവിൽ ശബരിമല സ്പെഷൽ സർവീസ് നടത്തി കൊണ്ടിരിക്കുന്ന ബസുകൾക്ക് പുറമേയാണ് 500 ബസുകൾ കൂടി പമ്പയിലേക്ക് അയയ്ക്കുന്നത്.
ഓരോ ജില്ലാ പുളുകളിൽ നിന്നുംഅയയ്ക്കേണ്ട ബസുകൾ, തിരുവനന്തപുരം -80 , കൊല്ലം - 63, പത്തനംതിട്ട - 40, ഇടുക്കി- 40, ആലപ്പുഴ - 40, കോട്ടയം - 75, എറണാകുളം - 57, തൃശൂർ - 40, പാലക്കാട് -മലപ്പുറം - 25, കോഴിക്കോട് -15, വയനാട് -10 , കാസർഗോഡ് - 15.