മകരജ്യോതി ദർശിച്ച് പതിനായിരങ്ങൾ
Saturday, January 15, 2022 2:47 PM IST
ശരണംവിളിയുടെ ഭക്തിപ്രഹർഷത്തിൽ പതിനായിരങ്ങൾക്ക് ദർശന സായൂജ്യമേകി പൊന്നന്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു.
ശബരിമല ശ്രീധർമശാസ്താ ക്ഷേത്രത്തിലെ അയ്യപ്പവിഗ്രഹത്തിൽ തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയുടെ പുണ്യവും പൊന്നന്പലമേട്ടിൽ തെളിഞ്ഞ ജ്യോതിയുടെ ദർശനവും കാത്ത് ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് ശബരിമലയിലെെത്തിയത്.
സന്നിധാനവും പരിസരങ്ങളും കൂടാതെ മകരജ്യോതി ദർശനം സാധ്യമായ ഇടങ്ങളിലെല്ലാം ഭക്തരുടെ വൻതിരക്കാണ് അനുഭവപ്പെട്ടത്.ദീപാരാധനയേ തുടർന്ന് വൈകുന്നേരം 6.51നു തെളിഞ്ഞ മകരജ്യോതി മൂന്നുതവണ മിന്നിമറയുന്പോൾ ശരണംവിളികൾ ഉച്ചത്തിലായി.
ആത്മനിർവൃതിയുടെ ജ്യോതിദർശനത്തിനു ശേഷം അയ്യപ്പഭക്തരും മാളികപ്പുറങ്ങളും കൂട്ടത്തോടെ മലയിറങ്ങിത്തുടങ്ങി.20നു രാവിലെയാണ് നട അടയ്ക്കുന്നത്. 19 വരെ ഭക്തർക്ക് ദർശനമുണ്ടാകും.