ഗ്രേസി തോമസ്: സ്ത്രീ സംരംഭകർക്ക് ആത്മവിശ്വാസത്തിന്റെ പാഠപുസ്തകം
Friday, January 21, 2022 11:57 AM IST
കയ്പും മധുരവും നിറഞ്ഞ ജീവിതാനുഭവങ്ങളിൽ നിന്നു സംസ്ഥാനത്തെ മുൻനിര ഗാർമെന്റ് ക്ലസ്റ്റർ യൂണിറ്റിന്റെ സാരഥ്യത്തിലേക്കുള്ള കുതിപ്പാണ് മഹിളാ അപ്പാരൽസ് പ്രൈവറ്റ് ലിമിറ്റഡ് എംഡി ഗ്രേസി തോമസിന്റെ ജീവിതം. ആത്മവിശ്വാസവും ലക്ഷ്യബോധവും നേതൃപാടവവും സമന്വയിപ്പിച്ചു വിജയവഴികൾ വെട്ടിപ്പിടിച്ച ഇവർ സംരംഭക രംഗത്തേക്കു ചുവടുവയ്ക്കുന്ന വനിതകൾക്കു പാഠപുസ്തകമാണ്.
ചെറിയ തയ്യൽക്കടയിൽ നിന്ന് നൂറുകണക്കിനു സ്ത്രീകൾക്കു തൊഴിൽ നൽകുന്ന വ്യത്യസ്ത സംരംഭങ്ങളുടെ സാരഥ്യത്തിലേക്കുള്ള കുതിപ്പ് ശ്രദ്ധേയമാണ്. എഴുപതിലധികം ഗാർമെന്റ് യൂണിറ്റുകളെ ഏകോപിപ്പിച്ചു 2006ൽ മഹിളാ അപ്പാരൽസ് എന്ന സംവിധാനം രൂപീകരിച്ചു. ബ്രാൻഡഡ് തുണിത്തരങ്ങൾക്കു പുറമേ സർജിക്കൽ ഗൗണുകൾ, ഗ്ലൗസുകൾ എന്നിവ മഹിളാ അപ്പാരൽസിൽ നിന്നു വിപണിയിലെത്തുന്നുണ്ട്.
മൂക്കന്നൂർ ബേസിൽ ഭവനിലെ പരിശീലന കേന്ദ്രത്തിലാണ് ഗ്രേസി തോമസ് തയ്യൽ പഠനം നടത്തിയത്. ശേഷം സ്ഥാപനത്തിന്റെ നടത്തിപ്പു ചുമതല ഗ്രേസിയെ ഏൽപിച്ചു. സ്വന്തമായി സംരംഭം തുടങ്ങണമെന്ന ആഗ്രഹത്തിൽ 1997ൽ അങ്കമാലി തുറവൂരിൽ ചെറിയ തയ്യൽകട തുടങ്ങി. കുടുംബത്തിന് ഒരു വരുമാന മാർഗം കണ്ടെത്തുകയായിരുന്നു സംരംഭക രംഗത്തെ ആദ്യചുവടുവയ്പിനു പിന്നിലുണ്ടായിരുന്ന ലക്ഷ്യം.
പിഎംആർവൈ വായ്പയായി കിട്ടിയ ഒരു ലക്ഷംരൂപ മാത്രമായിരുന്നു മൂലധനം. ഏഴുപേർക്കു ജോലി നൽകി. വൈകാതെ വലിയ സ്ഥാപനങ്ങളിൽ നിന്നു ജോബ് ഓർഡർ എടുത്തു. നൈറ്റി, ചുരിദാർ എന്നിവയായിരുന്നു അന്നത്തെ ഉത്പന്നങ്ങൾ. മികച്ച പ്രതികരണം ലഭിച്ചു. 2006 വരെ അതു തുടർന്നു. തുറവൂരിനു പിന്നാലെ അങ്കമാലിയിലും സ്ഥാപനം തുടങ്ങി.
തയ്യൽകടയുടെ നടത്തിപ്പിൽ ശോഭിച്ചു നിൽക്കുമ്പോഴാണ് ഗാർമെന്റ് മാനുഫാക്ചേഴ്സ് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറി എന്ന ചുമതല തേടിയെത്തിയത്. സമാന തൊ ഴിൽ സ്വഭാവമുള്ളവരെ സംഘടിപ്പിച്ച് സംസ്ഥാന സർക്കാർ ക്ലസ്റ്റർ സംവിധാനം ഒരുക്കുന്നതിനെക്കുറിച്ച് ആലോചനകൾ നടക്കുന്ന സമയത്താണ് ഗ്രേസി അസോസിയേഷന്റെ ചുമതലയിലെത്തിയത്.
ക്ലസ്റ്ററിലേക്കു ഗാർമെന്റ് മേഖലയിൽ നിന്നും അസോസിയേഷനും ക്ഷണമുണ്ടായി. അങ്ങനെ 2006ൽ മഹിളാ അപ്പാരൽസ് എന്ന സംവിധാനം നിലവിൽ വന്നു. ഏഴു പേരായിരുന്നു തുടക്കത്തിൽ മഹിളാ അപ്പാരൽസിലെ അംഗങ്ങൾ. കാലക്രമത്തിൽ പലരും വിട്ടുപോയി. പുതിയ പലരും എത്തിച്ചേർന്നു.
പ്രതിസന്ധികൾ അതിജീവിച്ച് ഇപ്പോൾ വിവിധ മേഖലകളിലായി 73 സാറ്റലൈറ്റ് ഗാർമെൻറ് യൂണിറ്റുകൾ മഹിളാ അപ്പാരൽസിനു കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മഹിളാ അപ്പാരൽസിലെത്തുന്ന കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ജോബ് ഓർഡറുകൾ യൂണിറ്റുകളിലേക്കുനൽകുന്നു. ഏതാണ്ട് ആയിരത്തോളം പേർ മഹിളാ അപ്പാരൽസിന്റെ ഭാഗമായി കമ്പനിയിലും യൂണിറ്റുകളിലും ജോലി ചെയ്യുന്നു.
അങ്കമാലി ഇൻകെൽ പാർക്കിൽ ടവർ 2 ഒന്നാം നിലയിൽ പതിനായിരും ചതുരശ്ര അടി വിസ്തീർണത്തിലാണ് മഹിളാ അപ്പാരൽസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആസ്ഥാനവുംനിർമാണ യൂണിറ്റും. സർജിക്കൽ ഗൗണുകൾ, പേഷ്യന്റ് ഗൗണുകൾ, മാസ്കുകൾ, ഗ്ലൗസുകൾ ഉൾപ്പെടെ ആശുപത്രികളിലേക്കുള്ള സാധനങ്ങളാണ് ഇവിടെ നിർമിക്കുന്നത്. ആശുപത്രികളിൽ ഉപയോഗിക്കാനുള്ളത് എന്ന നിലയിൽ അതീവ ശ്രദ്ധയോടെയാണ് യൂണിറ്റുകളുടെ പ്രവർത്തനം. കേരളത്തിലും പുറത്തും സർജിക്കൽ സാമഗ്രികൾക്കു വിപണി കണ്ടെത്തിയിട്ടുണ്ട്.
നോൺവീവൺ തുണി ഉപയോഗിച്ച് മഹിളാ അപ്പാരൽസിൽ നിർമിക്കുന്ന സർജിക്കൽ ഗൗണും ഗ്ലൗസും മാസ് ഒമാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റിഅയയ്ക്കുന്നു. അങ്കമാലിയിലെ സിഡ് ഇൻഡസ്ട്രിയൽ ഏരിയയിലാണ് ബ്രാൻഡഡ് വസ്ത്രങ്ങൾ ഉൾപ്പെടെ ഗാർമെന്റ് യൂണിറ്റ് പ്രവർത്തിക്കുന്നത്.
ഷർട്ടുകൾ, ലേഡീസ് കുർത്തകൾ, യൂണിഫോമുകൾ തുടങ്ങിയവ വലിയ തോതിൽ ഇവിടെ നിർമിക്കുന്നു. റിച്ച് ഇന്ത്യൻസ്, വിംഗ് എന്നീ ബ്രാൻഡുകളിൽ ഷർട്ടും മഹിളാ അപ്പാരൽസ് പുറത്തിറക്കുന്നുണ്ട്. കഴിഞ്ഞവർഷം ഒമ്പതു സ്കൂളുകളുടെ യൂണിഫോമുകൾക്ക് ഓർഡർ കിട്ടി.
ഗാർമെന്റ് മേഖലയിൽ മഹിളാ അപ്പാരൽസിനോടു ചേർന്നു പ്രവർത്തിക്കാൻ താത്പര്യമുള്ളവർക്കു വിദഗ്ധമായ പരിശീലനം നൽകും. 2500ൽ അധികം കുടുംബശ്രീ പ്രവർത്തകർക്ക് ഇവിടെപരിശീലനം നൽകിക്കഴിഞ്ഞു. ഗാർമെന്റ് മേക്കിംഗ്, എംബ്രോയിഡറി, ഫാബ്രിക് പെയിന്റിംഗ്, കട്ടിംഗ് ആൻഡ് സ്റ്റിച്ചിംഗ് എന്നിവങ്ങനെ പല മേഖലയിലാണ് പരിശീലനം നൽകുന്നത്.
ചെറിയ ഗ്രൂപ്പുകൾക്കും കുടുംബശ്രീ പ്രവർത്തകർക്കും ഇവിടെ പരിശീലനം നൽകും. പരിശീലനം പൂർത്തിയാക്കി മടങ്ങുന്നവരെ ഗ്രേഡ് അനുസരിച്ച് വിവിധ ചുമതലകൾ ഏൽപിക്കും. മഹിളാ അപ്പാരൽസിലെത്തുന്ന ജോബ് ഓർഡറുകൾ യൂണിറ്റുകൾക്കു വീതിച്ചു നൽകും.
സംഘാടന മികവ് ഗ്രേസി തോമസിലെ ബിസിനസ് പ്രതിഭയെ വളർത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. എല്ലാതരക്കാരെയുംഏകോപിപ്പിച്ചു കൊണ്ടുപോകാനും തൊഴിലാളികളുമായി ഊഷ്മളമായ ബന്ധം നിലനിർത്താനും ഗ്രേസി പ്രത്യേകം ശ്രദ്ധിക്കുന്നു.
വിവിധ ട്രേഡ് ഫെയറുകളിലും ബിടുബി മീറ്റുകളിലും സ്ഥിരമായി പങ്കെടുക്കുന്നത് മഹിളാ അപ്പാരൽസിന്റെ വളർച്ചയ്ക്കു സഹായിക്കുന്ന രീതിയിൽ വിശാലമായ സൗഹൃദങ്ങളാകും. സർജിക്കൽ ഗൗൺ എന്ന ആശയം രൂപപ്പെടുന്നതും അത്തരത്തിലാണ്.
ആയിരത്തോളം പേർ ഗ്രേസി തോമസിന്റെ സാരഥ്യത്തിലുള്ള മഹിളാ അപ്പാരൽസിലൂടെ വരുമാനമാർഗം കണ്ടെത്തുന്നുണ്ട്. കൂടുതലും സ്ത്രീകൾ തന്നെ. ഇവരോടെല്ലാം സ് ഹപൂർണമായ ഇടപെടലുകളും അവരുടെ ആത്മാർത്ഥതയും മഹിളാ അപ്പാരൽസിന്റെ കരുത്താണ്. ജീവനക്കാരുടെ ആവശ്യങ്ങളറിഞ്ഞു സഹായമാകാനും ഗ്രേസി മറക്കാറില്ല. ഇപ്പോൾ ഗാർമെന്റ് മാനുഫാക്ചറേഴ്സ് അസോസിയേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ് ഗ്രേസി.
ബിസിനസ് പശ്ചാത്തലമുള്ള കുടുംബത്തിൽ ജനിച്ച ഗ്രേസിക്കു വളർച്ചയുടെ വഴികൾ സംരംഭക മേഖലയിലും ഗുണകരമായിട്ടുണ്ട്. തുറവൂർ തളിയൻ തോമസാണ് ഭർത്താവ്. ആന്റണി തോമസ് (അപ്പോളോ ടയേഴ്സ്), സിറിൾ പോൾ (സിഎംഐ വൈദിക വിദ്യാർഥി) എന്നിവരാണ് മക്കൾ.
എംബിഎ ബിരുദധാരിയായ മരുമകൾ സ്വപ്ന ഗ്രേസിക്കൊപ്പം ബിസിനസിലുണ്ട്. കുടുംബത്തിന്റെ വലിയ പിന്തുണയും പ്രോത്സാഹനവുമാണ് സ്ത്രീസംരംഭക എന്ന നിലയിൽ തന്നെ തളരാതെ മുന്നോട്ടു നയിക്കുന്നതെന്നു ഗ്രേസി തോമസ് പറയുന്നു.
അങ്കമാലിയിൽ രണ്ടായിരം പേർക്ക് തൊഴിൽ നൽകുന്ന വലിയ ഒരു അപ്പാരൽ പാർക്കാണ് സ്വപ്നം. കോമൺ ഫെസിലിറ്റി സെന്ററും സാറ്റലൈറ്റ് യൂണിറ്റുകളും അനുബന്ധസേവനങ്ങൾ ഒരു കുടക്കീഴിൽ സമന്വയിക്കുന്നതാണ് പദ്ധതി. ഇതിനായി സർക്കാർ തലത്തിൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. സംരംഭക മേഖലയിൽ ആത്മവിശ്വാസത്തിന്റെ അധ്യായങ്ങളെഴുതി ഗ്രേസി തോമസ് വിജയവഴികളിൽ യാത്ര തുടരുകയാണ്.