ടഫി: ഇന്റർലോക്കിട്ടു നേടിയ വിജയം
Saturday, January 22, 2022 11:04 AM IST
ബിസിനസിൽ നൂതന ആശയങ്ങൾക്കും അതിന്റെ വിജയകരമായ സാക്ഷാത്കാരത്തിനും മൂല്യമേറെയാണ്. വിജയിച്ചവരേറെയും പുതിയ വഴികൾ വെട്ടിയൊരുക്കി മുന്നേറിയവരാകും. അത്തരത്തിൽ വിജയവഴി കുറിച്ച ഒരു യൗവനത്തെ അടുത്തറിയാം. പേര് ജോബിൻ പി. ജെയിംസ്. ടഫി എൻജിനിയറിംഗ് ആൻഡ് കൺസ്ട്രക്ഷന്റെ മാനേജിംഗ് ഡയറക്ടർ.
കേരളത്തിന്റെ നിർമാണ മേഖലയ്ക്കു സുപരിചിതമല്ലാതിരുന്ന ഇന്റർലോക്കിംഗ് കോൺക്രീറ്റ് ബ്ലോക്കുകൾ രൂപപ്പെടുത്തി വിപണിയിലെത്തിച്ചു വിജയത്തിലേക്കെത്തിച്ചതാണു ജോബിൻ പി. ജെയിംസിനെ സംരംഭകരിൽ ശ്രദ്ധേയനാക്കുന്നത്. തുടർന്ന് ബട്ടൺലോക്ക് ബ്രിക്കുകളും അവതരിപ്പിച്ചു പുതിയ കുതിപ്പിനു നാന്ദികുറിച്ചുകഴിഞ്ഞു ജോബിനും ടഫിയും.
അതിനൂതനമായ ഇന്റർലോക്കിംഗ് കോൺക്രീറ്റ്ബ്ലോക്കുകൾ നിർമാണ, വിപണനത്തിലൂടെ കേരളത്തിലെ നിർമാണ രംഗത്തു ശ്രദ്ധേയമായ സ്ഥാനം സ്വന്തമാക്കിയ സ്ഥാപനമാണു ടഫി എൻജിനിയറിംഗ്. യൗവനത്തിലേ സംരംഭകരംഗത്തു മികവിന്റെ മുന്നേറ്റമാണു ടഫി എൻജിനിയറിംഗ് ആൻഡ് കൺസ്ട്രക്ഷൻ മാനേജിംഗ് ഡയറക്ടർ ജോബിൻ ജെയിംസിന്റെ ജീവിതം പങ്കുവയ്ക്കുന്നത്. ബ്രിക്സ് നിർമാണ രംഗത്തു രണ്ടു പതിറ്റാണ്ടോളമായി ടഫിയുണ്ട്. പെരുമ്പാവൂർ ചേലാമറ്റത്താണു ടഫി എൻജിനിയറിംഗ് ആൻഡ് കൺസ്ട്രക്ഷന്റെ ആസ്ഥാനവും നിർമാണ യൂണിറ്റുകളും പ്രവർത്തിക്കുന്നത്.
ദക്ഷിണേന്ത്യയിൽ ആദ്യം
ടഫി 1997ൽ മണ്ണുപയോഗിച്ചുള്ള ഇന്റർലോക്കിംഗ് ബ്രിക്കുകൾ അവതരിപ്പിക്കുമ്പോൾ ദക്ഷിണേന്ത്യയിൽ അത്തരമൊന്ന് ആദ്യമായിരുന്നു. 2010ൽ കേരളത്തിൽ ആദ്യമായി കോൺക്രീറ്റ് ഇന്റർലോക്ക്ബ്രിക്കുകൾ അവതരിപ്പിച്ചതിന്റെ ഖ്യാതിയും ടഫിക്കു സ്വന്തം.
പെരുമ്പാവൂർ കാരിക്കോട് പടിഞ്ഞാറേക്കര പരേതനായ പി.ജെ. ജെയിംസിന്റെയും അധ്യാപികയായ റോസമ്മയുടെയും മകനാണു ജോബിൻ പി.ജെയിംസ്. 1987ൽ ജോബിന്റെ പിതാവ് പരേതനായ പി.ജെ. ജെയിംസ് തുടക്കമിട്ട ഹോളോബ്രിക്സ് യൂണിറ്റിലൂടെയാണു ടഫിയുടെ തുടക്കം. പിതാവിന്റെ മരണശേഷം ബിസിനസിന്റെ പൂർണ ചുമതല ജോബിൻ ഏറ്റെടുത്തു. കോൺക്രീറ്റ് ഇന്റർലോക്ക് ബ്രിക്കുകളിലേക്കു ചുവടുറപ്പിച്ചതോടെ ടഫിക്കു ജനപ്രീതി ഉയർന്നതു വേഗത്തിലായി.
പ്രതിദിനം 2000 ബ്ലോക്കുകൾ
ഡ്യുവൽ ലോക്കിംഗ് സംവിധാനത്തോടെയുള്ള ബട്ടൺലോക്ക്ബ്രിക്കുകൾക്കു ടഫി പേറ്റന്റ് എടുത്തിട്ടുണ്ട്. ഇന്റർലോക്ക്ബ്ലോക്കുകളുടെ സവിശേഷതയ്ക്കൊപ്പം മറ്റു വശങ്ങളിൽ നിന്നും ലോക്കിംഗ് ഉള്ളതിനാൽ നിർമിതിക്കു കൂടുതൽ ബലം കിട്ടുന്നുവെന്നതാണു ബട്ടൺലോക്ക്ബ്രിക്കുകളുടെ സവശേഷത. പ്രതിദിനം 2000 ബട്ടൺലോക്ക്ബ്രിക്കുകൾ നിർമിക്കാനുള്ള സജ്ജീകരണം പെരുമ്പാവൂരിലെ യൂണിറ്റിലുണ്ട്.
വിപണിയിലേക്കു പൂർണതോതിൽ എത്തുംമുമ്പേ ബട്ടൺലോക്ക്ബ്രിക്കുകൾക്കു നിർമാണ മേഖലയിൽ നിന്ന് ആവശ്യക്കാരേറെയാണ്. ഡ്യൂവൽ കംപ്രസിംഗ് സാങ്കേതികവിദ്യ സിമന്റും ബേബി മെറ്റലും എം-സാൻഡും നിശ്ചിത അനുപാതത്തിൽ ചേർത്തുള്ള ഡ്യൂവൽ കംപ്രസിംഗ് ടെക്നോളജിയാണു ഇന്റർലോക്ക് കോൺക്രീറ്റ്ബ്ലോക്കുകളുടെ നിർമാണത്തിനു ടഫി വികസിപ്പിച്ചെടുത്തത്. ഹൈഡെൻസിറ്റി കോൺക്രീറ്റ്ബ്ലോക്കുകളായതിനാൽ കരുത്തു കൂടുതലുള്ളതും രണ്ടു നില വരെ പില്ലറുകൾ ഇല്ലാതെ നിർമിക്കാൻ ശേഷി ഉള്ളതുമാണ്. സാധാരണ രീതിയിലുള്ള കെട്ടിട നിർമാണത്തേക്കാൾ, അറുപതു ശതമാനം സമയലാഭവും നാൽപതു ശതമാനം സാമ്പത്തിക ലാഭവുമാണു ടഫി ഉറപ്പുനൽകുന്നത്.
സിമന്റ്, 6 എംഎം ബേബി മെറ്റൽ, എം-സാൻഡ് എന്നിവ ഏറ്റവും നല്ല അനുപാതത്തിൽ ടഫീ വികസിപ്പിച്ചെടുത്ത ഡ്യൂവൽകോംപ്രസിംഗ് ടെക്ളജി ഉപയോഗിച്ച് 15 ടൺ പ്രഷറിൽ കംപ്രസ് ചെയ്തെടുക്കുന്നതാണു ഹൈഡെൻസിറ്റി കോൺക്രീറ്റ്ബ്ലോക്കുകൾ. മറ്റേതു ബ്ലോക്കിനെക്കാളും കംപ്രസീവ് സ്ട്രെംഗ്ത് കൂടുതലുണ്ട്.
രണ്ടുനിലവരെപില്ലറുകൾ ഇല്ലാതെനിർമിക്കാം
ഒരു ബ്ലോക്ക് മറ്റൊന്നിനോട് ലോക്ക് ആകുന്നതിനാൽ നിർമാണവേളയിൽ മണലും സിമന്റും ചേർന്ന മിശ്രിതം ആവശ്യമായി വരുന്നില്ല. സവിശേഷമായ വൈബ്രേറ്റഡ് ആൻഡ് ഹൈഡ്രോളിക് കംപ്രസ്ഡ് ലോക്കിംഗ് സംവിധാനം ഉപയോഗിച്ചുള്ള കോൺക്രീറ്റ്, ഇന്റർലോക്കിംഗ് ഭിത്തികൾക്ക് ശക്തിയും ഉറപ്പുംനൽകുന്നു.
കോൺക്രീറ്റ് മെയിൻ സ്ലാബ് ഒഴിവാക്കി ഷീറ്റിന്റെ മേൽക്കൂര ഉപയോഗിക്കുന്നിടത്തു ഭിത്തിയുടെ മുകളിൽ കോൺക്രീറ്റ് ബെൽറ്റ് കൊടുത്തു കൂടുതൽ ഉറപ്പുവരുത്താനാകും. ചുവരുകളുടെ മുകളിൽ ലിന്റിൽ വാർക്കയും മെയിൻവാർക്കയും വന്നുകഴിയുമ്പോൾ മറ്റു ഏതു ചുമരുംപോലെതന്നെ ഉറപ്പുള്ളതായി മാറുന്നു. ഈ ചുമരുകളിൽ കൺസീൽഡ് വയറിംഗും പ്ലംബിംഗും ചെയ്യാനാകും.
നിർമാണച്ചെലവു കുറയ്ക്കാം
വെള്ളപ്പൊക്കം, ഭൂമികുലുക്കം തുടങ്ങിയ അപകടങ്ങളെ അതിജീവിക്കാൻ കഴിയുന്ന ഉറപ്പുള്ള ടഫി ബ്ലോക്കുകളുടെ ഉപയോഗത്തിലൂടെ 90 ശതമാനം ജല ഉപയോഗത്തിലും, 60 ശതമാനം സമയത്തിലും 20-40 ശതമാനം സാമ്പത്തിക ചെലവിലും ഉപയോക്താവിനു ലാഭം ലഭിക്കുന്നു.
നിരപ്പായ കോൺക്രീറ്റു ചുവരുകൾ ആയതിനാൽ, പ്ലാസ്റ്ററിംഗ് ഒഴിവാക്കി നേരിട്ടു വാൾപുട്ടി ചെയ്തു മനോഹരമായ ചുവരുകൾ ആക്കിമാറ്റാൻ എളുപ്പവുമാണ്. നിർമാണവേളകളിൽ സിമന്റ് ഉപയോഗം കുറവായതിനാൽ ചുവരുകൾക്കു വാട്ടർക്യൂറിംഗ് ആവശ്യം വരുന്നില്ല. കേരളത്തിൽ എവിടെയും പുട്ടിവർക്ക് ഉൾപ്പടെ ടഫിബ്ലോക്സ് നിർമിച്ചു നൽകുന്നതിനുള്ള എല്ലാ സംവിധാനവും കമ്പനി തന്നെ ഒരുക്കുന്നു.
മണലിന്റെയും സിമന്റിന്റെയും ആവശ്യമില്ലാത്തതിനാൽ ചെലവ് വലിയ തോതിൽ കുറയ്ക്കാം. പണിക്കൂലിയിലും കുറവുണ്ടാകും. ഭിത്തി നനയ്ക്കാൻ വെള്ളം ആവശ്യമില്ലാത്തതിനാൽ ജല ഉപയോഗവും ലാഭിക്കാം.
സാധാരണ കെട്ടിടനിർമാണത്തിനെടുക്കുന്ന സമയവും ഇതിന് ആവശ്യമില്ല. ഉയരുന്ന പണിക്കൂലിയും സിമന്റ് വിലയും മണൽക്ഷാമവും കെട്ടിടനിർമാണ മേഖലയിലുണ്ടാക്കിയിട്ടുള്ള മാന്ദ്യത്തെ മറികടക്കാൻ കൂടി ലക്ഷ്യമിട്ടാണു ടഫി അതിന്റെ മികവാർന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇന്റർലോക്ക്കോൺക്രീറ്റ്ബ്ലോക്കുകൾ നിർമിച്ചെടുക്കുന്നത്.
അംഗീകാരം
ബിസിനസ് മികവിനു ദീപികയുടെ എക്സലൻസ് ഇൻ ഇന്നൊവേറ്റീവ് കൺസ്ട്രക്ഷൻ പുരസ്കാരം, ഗാന്ധി പീസ് ഫൗണ്ടേഷൻ, എ ടു ഇസഡ് എന്നിവയുടെ പുരസ് കാരങ്ങൾ എന്നിവ ജോബിൻ പി. ജെയിംസ് എന്ന യുവസംരംഭകനെ തേടിയെത്തിയിട്ടുണ്ട്.
നഴ്സായിരുന്ന ഭാര്യപ്രീനയും മക്കളായ ജാക്വസും ജെസ്റ്ററും ജീവിതത്തിലും ബിസിനസിലും ജോബിനു വലിയ പ്രചോദനമാണ്. സഹോദരൻ ജിബിൻ പി. ജെയിംസും ജോബിനൊപ്പം ബിസിനസ് രംഗത്തുണ്ട്. ഉല്പാദനവും വിപണനവും കൂടുതൽ വ്യാപിപ്പിക്കാനുള്ള പരിശ്രമങ്ങളിലാണു കമ്പനി.
ചേലാമറ്റത്തെ ആസ്ഥാനകേന്ദ്രത്തിനുപുറമേ ഇടുക്കി, ഐരാപുരം, മൂവാറ്റുപുഴ എന്നിവിടങ്ങളിലും ടഫിയ്ക്കു യൂണിറ്റുകളുണ്ട്. കൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്തു ഫ്രാഞ്ചൈസി യൂണിറ്റുകളും പ്രവർത്തിക്കുന്നു. ഇന്റർലോക്ക്, ബട്ടൺലോക്ക്കോൺക്രീറ്റ്ബ്ലോക്കുകളുടെ നിർമാണത്തിനു പേറ്റന്റെടുത്തിട്ടുള്ള മെഷീനറികൾ കേരളത്തിനകത്തും പുറത്തും ടഫി വിതരണം ചെയ്യുന്നുണ്ട്.