മലയാളിയുടെ അരിവിചാരങ്ങളിലുണ്ട് മദേഴ്സ് റൈസും വർക്കി പീറ്ററും
Thursday, January 27, 2022 10:18 AM IST
അന്നവിചാരം മലയാളിക്കു മുന്നവിചാരം തന്നെയാണ്. ഭക്ഷണക്രമത്തിൽ അരിയും അരിയുത്പന്നങ്ങളും ശീലമായ മലയാളി, അരിയുടെ പരിശുദ്ധിക്കും വലിയ പ്രാധാന്യം നൽകുന്നു. ശുദ്ധവും ഗുണമേന്മയുള്ളതുമായ അരിയുടെ ഉത്പാദനത്തിലും വിപണനത്തിലും അരനൂറ്റാണ്ടടുക്കുന്ന പൈതൃകപുണ്യമാണ് അങ്കമാലിയിലെ മദേഴ്സ് റൈസിനെ മലയാളിക്കു പ്രിയപ്പെട്ടതാക്കുന്നത്. ഒപ്പം, അതിന്റെ സാരഥി വർക്കി പീറ്ററിനെയും.
നെല്ല് പുഴുങ്ങിയുണക്കി അരിയാക്കി ആവശ്യക്കാർക്ക് എത്തിച്ചു നൽകിയ എഴുപതുകളിൽ നിന്ന്, അതിനൂതന മെഷീനറികളുടെ സഹായത്തോടെ കേരളത്തിലെ ബൃഹത്തായ മോഡേൺ റൈസ് മില്ലുകളിലൊന്നായി മദേഴ്സ് റൈസ് മാറിക്കഴിഞ്ഞു. അരിക്കൊപ്പം മദേഴ്സ് ബ്രാൻഡിലുള്ള റവ, ആട്ട, മൈദ തുടങ്ങിയ അനുബന്ധ ഉല്പന്നങ്ങളും മലയാളിയുടെ അടുക്കളയിൽ ഇന്നു പ്രിയവിഭവങ്ങളാണ്.
പിതാവിനൊപ്പം
അങ്കമാലി അങ്ങാടിക്കടവിൽ കർഷക കുടുംബത്തിലാണു മദേഴ്സ് റൈസിന്റെ മാനേജിംഗ് ഡയറക്ടർ വർക്കി പീറ്ററിന്റെ ജനനം. കർഷകനായ ടി.വി. പത്രോസും മേരിയും മാതാപിതാക്കൾ. നെൽകൃഷി സമൃദ്ധമായിരുന്ന കുടുംബത്തിൽ അധികം വരുന്ന നെല്ല് പുഴുങ്ങിയുണക്കി ശേഖരിക്കുകയും ആവശ്യക്കാർക്ക് അരിയാക്കി കൊടുക്കുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു.
1974ൽ പിതാവ് പത്രോസിന്റെ നേതൃത്വത്തിൽ ആരംഭിച്ച അരിമില്ലിനു നാട്ടിലും മറുനാട്ടിലും വേഗത്തിൽ സ്വീകാര്യത ലഭിച്ചു. നല്ല അരിതേടി അങ്കമാലിയിലേക്കു വരുന്നവർ നിരവധിയുണ്ടായി. പരമ്പരാഗത ശൈലിയിലുള്ള അരിമില്ല് 1984ൽ മോഡേൺ റൈസ് മില്ല് എന്ന നിലയിലേക്കു വളർന്നു. രണ്ടു വർഷത്തിനുശേഷം പിതാവിനൊപ്പം വർക്കി പീറ്ററും മില്ലിന്റെ പ്രവർത്തനങ്ങളിൽ സജീവമായി.
കാലത്തിനൊപ്പം
മോഡേൺ റൈസ് മില്ലുകളുടെ രംഗത്തെ നൂതന സാങ്കേതിക സംവിധാനങ്ങളും മെഷീനറികളും പുറത്തിറങ്ങുമ്പോൾതന്നെ മദേഴ്സ് റൈസ് അതിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്താൻ ശ്രദ്ധിക്കുന്നു. അരിയിലെ കല്ല് നീക്കംചെയ്യുന്നതിനുള്ള ഡീസ്റ്റോണിംഗ് മെഷീൻ, നെല്ല് പുഴുങ്ങിയുണക്കുന്നതിനുള്ള ഡ്രയറുകൾ ഉൾപ്പെടെ ആധുനിക പ്ലാന്റുകൾ സജ്ജീകരിച്ച മധ്യകേരളത്തിലെ ആദ്യമില്ലുകളിൽ മദേഴ്സ് മുന്നിലാണ്.
1990ലാണു കേരളത്തിൽ ബ്രാൻഡഡ് അരികൾ ആരംഭിക്കുന്നത്. 1995ൽ മദേഴ്സ് റൈസ് എന്ന ബ്രാൻഡ് കേരളമെങ്ങുമെത്തി. 2011ൽ പുതിയ സാങ്കേതിക സൗകര്യങ്ങളുള്ള പ്ലാന്റിൽ നിന്നു മദേഴ്സിന്റെ റവ, ആട്ട, മൈദ എന്നിവ വിപണിയിലെത്തിച്ചു.
കൊട്ടിഘോഷിച്ച പരസ്യങ്ങളോ അകമ്പടികളോ ഇല്ലാതെ, ലക്ഷക്കണക്കിനാളുകൾ ഉപയോഗിച്ചറിഞ്ഞ ഗുണമേന്മയുടെ പെരുമയിൽ മലയാളിക്കു പ്രിയങ്കരമായിത്തീർന്ന ബ്രാൻഡാണ് മദേഴ്സ് റൈസിന്റെ അരിയും മറ്റ് ഉത്പന്നങ്ങളും.
കേരളത്തിനകത്തും പുറത്തും
കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്നു മദേഴ്സ് റൈസിന്റെ അരിയും ഉല്പന്നങ്ങളും ലഭിക്കും. സൂപ്പർമാർക്കറ്റുകളിലെല്ലാം ബെസ്റ്റ്സെല്ലിംഗ് ബ്രാൻഡുകളിലാണു മദേഴ്സ് ഉത്പന്നങ്ങളുടെ സ്ഥാനം. യുകെ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലും ഗൾഫ് രാജ്യങ്ങളിലെല്ലാം ഇന്നു മദേഴ്സ് ഉത്പന്നങ്ങൾ എത്തുന്നുണ്ട്. ലോകത്തെവിടെയുമുള്ള മലയാളിക്കു മലയാളത്തനിമയുടെ അരിരുചി സമ്മാനിക്കുകയാണു മദേഴ്സ് ലക്ഷ്യമാക്കുന്നത്.
പ്രഭാതഭക്ഷണത്തിനാവശ്യമായ ഉത്പന്നങ്ങളുമായി മദേഴ്സിന്റെ ബ്രേക്ക്ഫാസ്റ്റ് സെക്ടർ ശ്രദ്ധേയമാണ്. കെമിക്കലുകൾ അല്പംപോലും ഉപയോഗിക്കാതെ സ്വാഭാവികമായ രീതിയിൽ തയാറാക്കുന്ന അരിയുത്പന്നങ്ങളെന്ന സവിശേഷത മദേഴ്സിനെ വ്യത്യസ്തമാക്കുന്നതാണ്. അങ്കമാലി ചമ്പന്നൂരിലാണു മദേഴ്സ് റൈസിന്റെ ആസ്ഥാനവും പ്ലാന്റുകളും പ്രവർത്തിക്കുന്നത്.
കുടുംബം
ദീർഘവീക്ഷണവും കാലത്തിനൊത്തെ മികവും കൈമുതലാക്കി കേരളത്തിലെ അരിവ്യവസായികളുടെ നിരയിൽ തിളക്കമാർന്ന ഇടം സ്വന്തമാക്കിയ വർക്കി പീറ്റർ, മില്ലുടമകളുടെ അസോസിയേഷന്റെ അമരക്കാരൻ കൂടിയാണ്.
അരിവ്യവസായികളുടെ ആവശ്യങ്ങൾ സർക്കാരിലും അധികാരികളിലും എത്തിക്കുന്നതിനും ക്രിയാത്മകമായ ഇടപെടലുകൾ ഇദ്ദേഹം നടത്തിയിട്ടുണ്ട്. വിശാലമായ സൗഹൃദങ്ങളും സംഘാടനമികവും ആകർഷക വ്യക്തിത്വവുമാണു വ്യവസായികൾക്കിടയിൽ വർക്കി പീറ്ററിന്റെ പൊതുസ്വീകാര്യതയ്ക്കു പിന്നിലുള്ളത്.
കമ്പനിയുടെ ഡയറക്ടറായ ഭാര്യ ധന്യ വർക്കി മദേഴ്സിന്റെ റൈസ് പൗഡർ യൂണിറ്റിന്റെ ചുമതല കൂടി നിർവഹിക്കുന്നു. വിദ്യാർഥികളായ മറിയ, അന്ന, സാറ എന്നിവർ മക്കളാണ്.