പാരമ്പര്യമൂല്യങ്ങളും സത്യസന്ധതയും: കൊശമറ്റം ഫിനാൻസിന്റെ വിജയ സൂത്രവാക്യം
Friday, January 28, 2022 12:18 PM IST
ജനങ്ങളിൽ ആഴത്തിൽ പതിഞ്ഞ വിശ്വാസം കൈമുതലും മൂലധനവുമാക്കി 171 വർഷത്തെ പാരമ്പര്യവുമായി കൊശമറ്റം ഇന്ന് ഇന്ത്യയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായി മാറിയിരിക്കുന്നു. പാരമ്പര്യമൂല്യങ്ങളോടൊപ്പം കൊശമറ്റം കരുത്തായി ഇന്നും സൂക്ഷിക്കുന്നതു സത്യസന്ധതയാണ്, ഇതുതന്നെയാണു കൊശമറ്റം ഫിനാൻസിന്റെ വിജയ സൂത്രവാക്യം.
ചിട്ടിയിൽ തുടങ്ങി ടൂറിസം, ഗോൾഡ് ലോൺ, കാർഷികം, ആരോഗ്യം, നിർമാണ സമുച്ചയങ്ങൾ, പെട്രോളിയം തുടങ്ങിയ മേഖലകളിൽ വരെ തങ്ങളുടെ മുഖമുദ്ര പതിപ്പിക്കാൻ കൊശമറ്റത്തിനായി. ആ വളർച്ച സേവനപാതയിലൂടെയുള്ള സഞ്ചാരമായിരുന്നു.
കേരളത്തിലെ ബിസിനസ് ഗ്രൂപ്പായ കൊശമറ്റം ഫിനാൻസിനെ ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന സ്ഥാപനമായി ഇന്നു കാണുന്ന നിലയിൽ വളർത്തിയത് മാത്യു കെ. ചെറിയാന്റെ (CMD) കഠിനാധ്വാനവും നിശ്ചയദാർഢ്യവുമാണ്. അടുക്കോടും ചിട്ടയോടും പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് അതാതു ദിവസങ്ങളിലെ പ്രവർത്തന റിപ്പോർട്ടുകൾ പരിശോധിച്ച്, കൃത്യമായ വീക്ഷണത്തോടെ കൊശമറ്റം ഫിനാൻസിനെ നയിക്കുന്ന മാത്യു കെ. ചെറിയാൻ സംസാരിക്കുന്നു.
സ്വർണപ്പണയത്തിലേക്ക്
സ്വർണം ശ്രേഷ്ഠവും സത്യവുമാണ്. അതാണ് സ്വർണവുമായി ബന്ധപ്പെട്ട ബിസിനസിൽ കൊശമറ്റം കൂടുതൽ ശ്രദ്ധപതിപ്പിച്ചത്. സാധാരണക്കാർക്കു പണം സുരക്ഷിതമായ നിക്ഷേപമായും ആവശ്യഘട്ടങ്ങളിൽ വായ്പയായും മാറുന്ന രീതിയിലായിരുന്നു കൊശമറ്റം ചിട്ടിമേഖലയിൽ പ്രവർത്തിച്ചത്.
ബാങ്കുകളോ മറ്റു പണമിടപാടു സ്ഥാപനങ്ങളോ വ്യാപകമല്ലാത്ത ആ കാലഘട്ടത്തിൽ ഇന്നത്തെപ്പോലുള്ള നിയമ നിയന്ത്രണങ്ങൾ നിലവിൽ ഇല്ലായിരുന്നിട്ടും ഇടപാടുകാരുമായുള്ള ധാരണയ്ക്കും വിശ്വാസത്തിനും കടുകിട വ്യത്യാസം വരാത്ത തരത്തിൽ സാമ്പത്തിക ഇടപാടുകൾ കൈകാര്യംചെയ്യാൻ കൊശമറ്റത്തിനായി. ആ വിശ്വാസവും ഉത്തരവാദിത്തവും ഇന്നും കൊശമറ്റം നിലനിർത്തുന്നു. സേവനരംഗത്തു 171 വർഷം പിന്നിടുന്ന സമയത്തും ആരംഭകാലം മുതൽ പിന്തുടരുന്ന ആത്മാർഥതയും വിശ്വാസ്യതയും കൃത്യതയും കൊശമറ്റം മുറുകെപ്പിടിക്കുന്നു.
ആധുനികസേവനരംഗത്ത്
ന്യായമായ പലിശനിരക്കിൽ സ്വർണപ്പണയ വായ്പ ലഭ്യമാക്കുകയും കടപ്പത്രങ്ങൾ മുഖേന പണം സ്വരൂപിക്കുകയും ചെയ്യുന്ന കൊശമറ്റം ഫിനാൻസ് വിദേശനാണയ വിനിമയ രംഗത്തും സാന്നിധ്യമുറപ്പിച്ചു. വിവിധ മണി ട്രാൻസ്ഫർ കമ്പനികളുടെ സേവനം കൊശമറ്റത്തിന്റെ എല്ലാ ശാഖകളിലും ലഭിക്കുന്നു. വിദേശരാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് നിയമാനുസൃതമായി നിമിഷങ്ങൾക്കകം പണം എത്തിക്കുവാൻ ഏഴ് വിദേശകമ്പനികളുമായി ചേർന്നു പ്രവർത്തിച്ചു വരുന്നു.
ഇതര മേഖലകളിലേക്ക്
കാറ്റിൽനിന്നു വൈദ്യുതി ഉത്പാദനത്തിലും ഫാം ടൂറിസത്തിലും റിയൽ എസ്റ്റേറ്റ് ഡവലപ്മെന്റ് രംഗത്തും ആരോഗ്യരംഗത്തും പഞ്ചനക്ഷത്ര ഹോട്ടൽ രംഗത്തും കൊശമറ്റം ഇന്നു സജീവമാണ്. ചാരിറ്റബിൾ ട്രസ്റ്റ് മുഖേന സേവനപ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കാനുള്ള ശ്രമത്തിലാണ് കൊശമറ്റം.
സഹായങ്ങൾ ആവശ്യമുള്ളവരെ പിന്തുണച്ചും സാമ്പത്തിക പരാധീനതയുള്ള സ്കൂളുകളുടെ പുനരുദ്ധാരണം, മെഡിക്കൽ ക്യാമ്പ്, ചികിത്സാ സഹായങ്ങൾ എന്നിവ സാമൂഹിക സംഘടനകൾ വഴി നടത്തിയും കമ്പനിയുടെ ജീവകാരുണ്യപ്രവർത്തനങ്ങളിൽ മുന്നേറുന്നു. സാമൂഹിക സാംസ്കാരിക, കായികരംഗത്തും സജീവമാകുകയാണ്.
ജീവനക്കാരുടെ പ്രഫഷണലിസം
വനിതാ ശാക്തീകരണത്തിന് പ്രാമുഖ്യം നൽകുന്ന സ്ഥാപനമാണ് കൊശമറ്റം ഫിനാൻസ്. ജീവനക്കാരിൽ 75 ശതമാനവും വനിതകളാണ്. സാമ്പത്തികരംഗത്തെ മാറ്റങ്ങളും ഇടപാടുകാരോടുള്ള പെരുമാറ്റവും സംബന്ധിച്ച ഹ്യൂമൻ റിസോഴ്സസ് പരിശീലനത്തിനു മുപ്പത്തിഅഞ്ചോളം വിദഗ്ധരുണ്ട്. ബാങ്കിംഗ് രംഗത്ത് ദീർഘകാലം പ്രവർത്തിച്ചു വിരമിച്ചവരും അതാത് മേഖലയിലെ പ്രഫഷണലുകളും കൊശമറ്റം ഗ്രൂപ്പിന്റെ പ്രധാന ചുമതലകൾ വഹിക്കുന്നു.
ദേശസാത്കൃത ബാങ്കുകളുടെ പ്രവർത്തന രീതിയിൽത്തന്നെ സുസജ്ജമായ ഡിവിഷനൽ, സോണൽ, റീജണൽ ഓഫിസുകളും അവ നിയന്ത്രിക്കാൻ മാനേജർമാരും, ഇന്റേണൽ ഓഡിറ്റിംഗ്, പണയ സ്വർണത്തിന്റെ ശുദ്ധിപരിശോധിച്ച് ഉറപ്പിക്കാനുള്ള വിദഗ്ധർ, വിവിധ സംസ്ഥാന പോലീസ് സേനകളിൽനിന്നു വിരമിച്ചെത്തിയവരെ ഉൾപ്പെടുത്തിയിട്ടുള്ള വിജിലൻസ് സംവിധാനം എന്നിവയും പ്രത്യേകതകളാണ്.
ബിഎസ്ഇ മുഖേന കൊശമറ്റം ഫിനാൻസ് 19 തവണ കടപ്പത്രസമാഹരണം നടത്തി. ഇരുപതാമത്തേത് നടന്നുകൊണ്ടിരിക്കുന്നു. കുടുംബപ്പേരാണ് ബിസിനസ്ഗ്രൂപ്പിനും നൽകിയിരിക്കുന്നത്. കുടുംബപ്പേരിന് കളങ്കംവരുന്നതൊന്നുമുണ്ടാവരുതെന്ന ഉറച്ച തീരുമാനമാണു വിജയരഹസ്യം. അടുത്ത അഞ്ചു വർഷത്തിൽ ഇന്ത്യയിൽ അടിത്തട്ടിലേക്ക് ഇറങ്ങിയുള്ള സാന്നിധ്യം ഉറപ്പാക്കാനാണ് കൊശമറ്റത്തിന്റെ ലക്ഷ്യം.
വിജയമുദ്ര
പാരമ്പര്യവും വിശ്വാസ്യതയുമാണ് കൊശമറ്റം ഗ്രൂപ്പിനെ വിജയത്തിലേക്കു നയിക്കുന്നത്. ഓരോ ബ്രാഞ്ചിലും എംഡി അടക്കമുള്ളവരുടെ ഫോൺ നമ്പരുകളും ഇ-മെയിൽ ഐഡിയും പ്രദർശിപ്പിച്ചിട്ടുണ്ട്. സ്ഥാപനത്തിലെ പരാതി പരിഹാര സെല്ലിന്റെ പ്രവർത്തനങ്ങളും മികച്ചതാണ്. ജീവനക്കാരുടെ പെരുമാറ്റം ഉൾപ്പെടെ ഏതുതരം പരാതിയും ബ്രാഞ്ച്മാനേജർ മുതൽ എംഡി വരെയുള്ളവർക്കു നൽകാം.
പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പുവരുത്തി, ഇടപാടുകാർക്ക് ആവശ്യമായ സേവനങ്ങൾ നൽകി, സ്ഥാപനത്തിന്റെ വളർച്ച ഇടപാടുകാരുടെയും ജീവനക്കാരുടെയും ഉന്നതി കൂടിയാകണമെന്ന തിരിച്ചറിവോടെ കൊശമറ്റം ഗ്രൂപ്പ് മുന്നോട്ടുപോകുകയാണ്.