അംഗീകാരത്തിന്റെ കൈയൊപ്പ് ചാർത്തി ലൂണാർ ഐസക്ക്
Saturday, January 29, 2022 1:07 PM IST
നാടോടുമ്പോൾ നടുവേ ഓടണമെന്ന ചൊല്ല് അന്വർത്ഥമാക്കിയ ക്രാന്തദർശിയായ സംരംഭകൻ. ഏതു പ്രതിസന്ധിഘട്ടത്തിലും ഒഴുക്കിനെതിരെ നീന്തി വിജയം കൈവരിക്കാമെന്നു തെളിയിച്ച കർമയോഗി. നിശ്ചയദാർഢ്യത്തിന്റെയും അർപ്പണബോധത്തിന്റെയും പ്രതീകം.
ആരെയും ആകർഷിക്കുന്ന ഹൃദ്യമായ സംസാരവും നയ ചാതുരിയും. ജീവിതാനുഭവങ്ങളുടെ ഉലയിലൂതി പതം വന്ന മനസിന്റെ ഉടമ. വിപണിയിലെ ഓരോ ചലനങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ച് വിപണി കീഴടക്കി വ്യവസായ ലോകത്ത് ഉയരങ്ങൾ സ്വന്തമാക്കിയ സംരംഭക പ്രതിഭ... അതാണ് തൊടുപുഴ ലൂണാർ റബേഴ്സ് ചെയർമാൻ ഐസക്ക് തോമസ് കൊട്ടുകാപ്പള്ളിൽ.
കൃഷിയിടത്തിൽനിന്ന് വ്യവസായത്തിലേക്ക്
കൃഷിയിടത്തിൽ നിന്നാണു തുടക്കം. അതിനിടയിൽ പഠനം തുടർന്നു. 1970ൽ എൻജിനിയറിംഗ് ബിരുദം നേടിയ ശേഷം മുംബൈയിൽ പ്രീമിയർ ഓട്ടോമൊബൈൽസിൽ അസിസ്റ്റന്റ് എൻജിനിയറായി ഒരുവർഷം ജോലി ചെയ്തശേഷം ഓട്ടോമൊബൈൽ വർക്ഷോപ്പ് തുടങ്ങാനായിരുന്നു ആഗ്രഹം. എന്നാൽ മുൻ കേന്ദ്രമന്ത്രിയും അന്നത്തെ വ്യവസായ കമ്മീഷണറുമായിരുന്ന എസ്. കൃഷ്ണകുമാറുമായി നടത്തിയ കൂടിക്കാഴ്ച ജീവിതത്തിന്റെ അലകും പിടിയും മാറ്റി.
സംസ്ഥാനത്തെ ആയിരം പഞ്ചായത്തുകളിൽ മിനി ഇൻഡസ്ട്രിയൽ പ്രോഗ്രാം എന്ന പേരിൽ വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള പദ്ധതി അദ്ദേഹം മുന്നോട്ടുവച്ചതോടെ ഐസക്ക് ജോസഫിൽ ഒളിഞ്ഞുകിടന്ന സംരംഭകൻ ഉണരുകയായിരുന്നു. അതോടെ ഒളമറ്റം മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വ്യവസായ യൂണിറ്റ് ആരംഭിക്കുന്നതിന് അപേക്ഷ നൽകി. കൃഷ്ണകുമാറിന്റെ നിർദേശപ്രകാരം സിഡ്കോയിൽ നിന്നു വായ്പ അനുവദിക്കുകയും ചെയ്തു.

പേരിലും പുതുമ
1975ൽ ആദ്യമായി ആരംഭിച്ച വ്യവസായത്തിന് അമേരിക്കൻ ഉപഗ്രഹമായ വൈക്കിംഗിന്റെ പേരാണ് നൽകിയത്. ഏഴുവർഷങ്ങൾക്കുശേഷം 1982ൽ തുടങ്ങിയ സംരംഭത്തിനു നൽകിയ പേരിനും പ്രത്യേകതയുണ്ടായിരുന്നു. റഷ്യൻ ഉപഗ്രഹമായ ലൂണാറിന്റെ പേരാണ് അതിനു നൽകിയത്. ലൂണാർ റബേഴ്സ് ആദ്യം തുടങ്ങിയത് ഹവായ് ചപ്പൽസിലാണ്. ആദ്യത്തെ മൂന്നുവർഷങ്ങൾ ദുർഘട ഘട്ടങ്ങളിലൂടെയാണ് കടന്നുപോയത്. പ്രതീക്ഷിച്ച ലാഭമൊന്നും നേടാനായില്ല. എന്നാൽ അഞ്ചുവർഷം പിന്നിട്ടതോടെ ഉത്പന്നത്തിന് ആവശ്യക്കാർ ഏറിവന്നു. ലൂണാർ എന്ന പേര് അറിയപ്പെട്ടുതുടങ്ങി. വിതരണക്കാർ അന്വേഷിച്ചു വരാനും തുടങ്ങി.
വളർച്ചയുടെ പാതയിൽ
ഒരു ഉത്പന്നത്തിന്റെ വിജയം കുടികൊള്ളുന്നത് സമർഥമായ വിപണനത്തിലാണ്. ലൂണാർ ഉത്പന്നങ്ങൾക്ക് കേരളത്തിനു പുറത്ത് വിപണനത്തിനുള്ള കിളിവാതിൽ തുറന്നു കിട്ടിയത് കർണാടകത്തിലാണ്. പിന്നീട് തമിഴ്നാട്, ആന്ധ്ര, ഗോവ, ഗുജറാത്ത്, മധ്യപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലേക്ക് വിപണനം വ്യാപിപ്പിച്ചു. അതു വിജയിച്ചതോടെ കോയമ്പത്തൂരിലും മൈസൂരുവിലും മുണ്ടക്കയത്തും പുതിയ ഫാക്ടറികൾ ആരംഭിച്ചു.
മൈസൂരുവിൽ ഇളയസഹോദരൻമാരായ ജോൺസൺ ജോസഫും ബാസ്റ്റിൻ ജോസഫും കോയമ്പത്തൂരിൽ ഇളയമകൻ ജെസ് ഐസക്കും മുണ്ടക്കയത്ത് ഭാര്യാസഹോദരൻമാരായ വിൻസെന്റ് കെ. നടയ്ക്കലും എൻ.കെ. കുര്യാക്കോസ് നടയ്ക്കലുമാണ് ഫാക്ടറിയുടെ പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്നത്. ലൂണാർ റബേഴ്സിന്റെ വൈസ് ചെയർമാനായി പ്രവർത്തിക്കുന്നത് മൂത്തമകൻ ജൂബി ഐസക്കാണ്.
അടുത്തപടിയായി ദുബായ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങൾ കയറ്റി അയയ്ക്കാൻ തുടങ്ങി. ആറു രാജ്യങ്ങളിൽ ഇന്നു വില്പനയുണ്ട്. 500 കോടിയാണ് കമ്പനിയുടെ ഈ വർഷത്തെ ടാർജറ്റ്. ഇതു 1,000 കോടിയായി ഉയർത്തുകയെന്നതാണ് സ്വപ്നസമാനമായ ലക്ഷ്യം. അതിനായി ഉൽപന്നങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവരുകയും ഗുണമേന്മ ഉറപ്പാക്കുകയും ചെയ്യും.
പാദങ്ങൾക്കുമുണ്ട് മോഹങ്ങൾ
പ്രശസ്തവ്യക്തികളെയും വൻജനപ്രീതിയുള്ള ചലച്ചിത്രതാരങ്ങളെയും ബ്രാൻഡ് അംബാസിഡറാക്കി ഉത്പ്പന്നത്തിന് ജനപ്രീതിയും വില്പനയും വിശ്വാസ്യതയും വർധിപ്പിക്കുന്ന രീതിയാണ് ഇന്നുള്ളത്. എന്നാൽ ഇക്കാര്യത്തിൽ ഒരു ബദൽ സമീപനമാണ് ലൂണാർ സ്വീകരിക്കുന്നത്. ലൂണാറിന്റെ പരസ്യങ്ങളിൽ കാണുന്നത് ഭംഗിയുള്ള രണ്ട്കാലുകൾ മാത്രമാണ്.
പാദങ്ങൾക്കുമുണ്ട് മോഹങ്ങൾ എന്ന അടിക്കുറിപ്പ് മികച്ച പ്രതികരണമാണ് സൃഷ്ടിക്കുന്നത്. ഉത്പന്നത്തെ മറന്ന് പ്രശസ്ത വ്യക്തിയിലേക്ക് ജനശ്രദ്ധ തിരിയുന്ന പ്രവണത മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് ലൂണാർ.
ഏറ്റവും മികച്ച ഉത്പ്പന്നം ഏറ്റവും കുറഞ്ഞ ചെലവിൽ നിർമിച്ച് ഉപഭോക്താക്കൾക്ക് താങ്ങാവുന്ന വിലയ്ക്ക് നൽകുകയും അതിനുള്ളിൽ നിന്നു സംരംഭകൻ ലാഭം നേടുകയും ചെയ്യുന്ന പ്രക്രിയ, അതാണ് ലൂണാർ ലക്ഷ്യമിടുന്നത്.
ടീം ബിൽഡിംഗ്
ലൂണാർ വളർച്ചയുടെ ഓരോ നാഴികക്കല്ലും പിന്നിടുമ്പോൾ അതിനുപിന്നിൽ ടീം ബിൽഡിംഗിന് നിർണായകമായ സ്ഥാനമുണ്ട്. വള്ളംകളി പോലെ ഒരേ ലക്ഷ്യത്തിലേക്ക്, ഒരേ വേഗതത്തിലും ആവേശത്തോടെയും തുഴയാൻ കഴിഞ്ഞാലേ ലക്ഷ്യംകൈവരിക്കാനാകൂ. അതിനാൽ കമ്പനിയിൽ നിയമനങ്ങൾ നടത്തുമ്പോൾ ഉന്നതവിദ്യാഭ്യാസ യോഗ്യതയ് പ്പം പ്രായോഗികമായി കാര്യങ്ങൾ നിർവഹിക്കാൻ കഴിവുള്ളവർക്ക് മുൻഗണന നൽകുന്ന രീതിയാണ് സ്വീകരിക്കുന്നത്.
സംരംഭകരാകാൻ ക്ലാസുകൾ
സംരംഭകത്വത്തിന്റെ നല്ലപാഠങ്ങൾ പുതുതലമുറയ്ക്ക് പകർന്നു നൽകാനും ലൂണാറിന്റെ സാരഥി ഐസക്ക് ജോസഫ് സമയം കണ്ടെത്തുന്നു. കുട്ടിക്കാനം മരിയൻ, തൊടുപുഴ ന്യൂമാൻ, മൂലമറ്റം സെന്റ് ജോസഫ്സ്, മാന്നാനം കെഇ, രാജഗിരി, ചങ്ങനാശേരി എസ്ബി, വാഴക്കുളം വിശ്വജ്യോതി എൻജിനിയറിംഗ് കോളജ്, മുട്ടം എൻജിനിയറിംഗ് കോളജ് തുടങ്ങി നിരവധി കോളജുകളിൽ നടത്തിയ പ്രഭാഷണങ്ങൾ ഫലദായകമായെന്നാണ് ഇദ്ദേഹത്തിന്റെ വിലയിരുത്തൽ.
ഒരു പെട്രോൾ പമ്പിൽ പെട്രോൾ അടിക്കാൻ നിന്ന അംബാനിക്ക് ലോകനിലവാരമുള്ള വ്യവസായി ആയി മാറാൻ കഴിഞ്ഞെങ്കിൽ ഇച്ഛാശക്തിയും ലക്ഷ്യബോധവുമുളള ആർക്കും അസാധാരണമായ ഉയരങ്ങൾ താണ്ടാൻ കഴിയുമെന്ന സന്ദേശമാണ് ഐസക്ക് ജോസഫ് പുതുതലമുറയ്ക്ക് നൽകുന്നത്.
അവാർഡുകൾ, അംഗീകാരങ്ങൾ
കേരളത്തിലെ നലംതികഞ്ഞ വ്യവസായ സംരംഭകൻ എന്ന ഖ്യാതി നേടിയെടുത്ത ഐസക്ക് ജോസഫിനെതേടി നിരവധി അവാർഡുകളും അംഗീകാരങ്ങളും എത്തിയിട്ടുണ്ട്.
കേരള ഇൻഡസ്ട്രിയൽ അവാർഡ്, ദീപിക ബെസ്റ്റ് ബിസിനസ്മെൻ അവാർഡ്, വ്യാപാരി വ്യവസായി ഏകോപന സമിതി അവാർഡ്, ലയൺസ് ക്ലബ് അവാർഡ്, മംഗളം ബെസ്റ്റ് ബിസിനസ്മെൻ അവാർഡ് ഉൾപ്പെടെ എൺപതോളം അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ലൂണാർ ഉത്പ്പന്നങ്ങൾക്ക് ജനങ്ങൾ നൽകുന്ന വിശ്വാസ്യതയും അംഗീകാരവുമാണ് ഏറ്റവും വലിയ അവാർഡെന്ന് കുളമാവ് ഗ്രീൻബർഗ് റിസോർട്ട് എംഡി കൂടിയായ ഐസക്ക് ജോസഫ് പറയുന്നു.
പ്രതിസന്ധികൾ കൂടപ്പിറപ്പ്
പ്രതികൂല സാഹചര്യങ്ങൾ ബിസിനസിന്റെ കൂടപ്പിറപ്പാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി നോട്ട്നിരോധനം, ജിഎസ്ടി, നിപ്പ, പ്രളയം, കോവിഡ് എന്നിങ്ങനെ വിവിധ പ്രതിസന്ധികളെ തരണം ചെയ്താണ് വ്യവസായമേഖല മുന്നോട്ടുപോകുന്നത്. കോവിഡ് വന്നതോടെ വ്യവസായശാലകൾ അടച്ചിടേണ്ട സ്ഥിതിയാണുണ്ടായത്.
സാഹസിക മനോഭാവത്തോടെ വ്യവസായ രംഗത്തേക്ക് ഇറങ്ങുന്നവർക്ക് വായ്പകൊടുക്കാൻ പോലും ബാങ്കുകൾ വിമുഖത കാണിക്കുകയാണ്. വലിയ വ്യവസായങ്ങൾ യാഥാർഥ്യമാകണമെങ്കിൽ ബാങ്കുകളുടെ ഉറച്ച പിന്തുണ കൂടിയേ തീരൂ. ഇതര സംസ്ഥാനങ്ങളിൽ വായ്പയെടുക്കുന്ന കുറഞ്ഞ തുക പത്തുകോടിയാണ്. ഇവിടെ പത്തുകോടി ചോദിച്ചാൽ ബാങ്ക് മാനേജർമാർ ബോധംകെട്ട് വീണേക്കാം.
കേരളത്തിലെ മറ്റൊരു പ്രശ്നം കാര്യങ്ങൾ നടപ്പാക്കുന്നതിലെ മന്ദഗതിയാണ്. പഞ്ചായത്ത്, വില്ലേജ് ഓഫീസുകളിൽ നിന്നും ഒരു കടലാസ് പാസായി കിട്ടണമെങ്കിൽ മാസങ്ങളെടുക്കും. എല്ലാ തലങ്ങളിലും ഇങ്ങനെയുള്ള കാലതാമസമുണ്ട്. ഡൽഹിയിൽ വൈദ്യുതി കണക്ഷൻ ലഭിക്കാൻ ഒന്നോ രണ്ടോ ദിവസം മതി. കർണാടകത്തിൽ അപേക്ഷ സമർപ്പിച്ച് 15-ാം ദിവസം കണക്ഷൻ ലഭിക്കും. ഇവിടെയാണെങ്കിൽ കുറഞ്ഞത് മൂന്നുമാസമെടുക്കും. ഈ സ്ഥിതിവിശേഷം കേരളത്തിന്റെ മണ്ണിൽ നിന്നും മാറണം.
ആഗോളതലത്തിലെ മാറ്റങ്ങളും നമ്മുടെ നിയമവ്യവസ്ഥയിലെ മാറ്റങ്ങളും അനുദിനം വ്യവസായങ്ങളെ ബാധിക്കുന്ന പരിതസ്ഥിതിയിൽ സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും സമൂഹത്തിന്റെയും പിന്തുണയില്ലാതെ ചെറുകിട വ്യവസായങ്ങൾക്ക് വളരാനോ നിലനിൽക്കാനോ സാധിക്കുകയില്ല.
ഇനി ചില വീട്ടുകാര്യങ്ങൾ
പാലാ കൊട്ടുകാപ്പള്ളി പരേതരായ ഡോ. ജോസഫ്- റോസമ്മ ദമ്പതികളുടെ മകനായി 1946 ജൂൺ രണ്ടിനാണ് ഐസക്ക് ജോസഫ് ജനിച്ചത്. ഭാര്യ മേരിയമ്മ കാഞ്ഞിരപ്പള്ളി നടയ്ക്കൽ കുടുംബാംഗമാണ്.
മക്കൾ
1. ജൂബി ഐസക്ക്. ഭാര്യ ടീന പള്ളിവാതുക്കൽ കാഞ്ഞിരപ്പള്ളി. നീഘ അന്ന ജൂബി, മിഖ മറിയം ജൂബി, റെയ്റോസ് ജൂബി, താര ടെസ ജൂബി, ടിയ അൽഫോൻസ ജൂബി എന്നിവരാണ് മക്കൾ.
2. ജൂലി. ഭർത്താവ് സിബിൽ ജോസ് തരകൻ, തൃശൂർ. എയ്ഞ്ചല മറിയം സിബിൽ, ഏബൽ സിബിൽ, അബിഗേൽ ആൻ സിബിൽ, ആഗ്നൽ തെരേസ സിബിൽ, ജോൺ പോൾ സിബിൽ, എസാക്ക് സിബിൽ എന്നിവരാണ് മക്കൾ.
3. ജെസ് ഐസക്ക്. ഭാര്യ മരിയ ഒല്ലൂർ ചിന്നൻ ആൻഡ് സൺസ് ജ്വല്ലറി ഉടമ ആലപ്പാട്ട് മേച്ചേരിൽ റോയി- റാണി ദമ്പതികളുടെ മകളാണ്. മക്കൾ: സന ട്രീസ ജെസ്, ഐസക്ക് ജെസ്.