ലാറ്റക്സിലെ 'റോയൽ’ ടച്ച്...!
Sunday, January 30, 2022 5:42 PM IST
റോയൽ ലാറ്റക്സ്... റബർ മേഖലയിൽ രണ്ടു പതിറ്റാണ്ടു പിന്നിട്ട വിശ്വസ്തതയുടെ പേരാണ് ഇന്നിത്. മധ്യകേരളത്തിലാകെ നിരവധി റബർ സംരംഭങ്ങൾ പെരുമയോടെ തല ഉയർത്തി നിന്ന ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് കാഞ്ഞിരപ്പള്ളിയിലെ കൂവപ്പള്ളിയുടെ മണ്ണിൽ കമ്പനി പിച്ചവച്ചു തുടങ്ങുന്നത്.
1999ൽ പ്രൊപ്രൈറ്റർഷിപ്പിലായിരുന്നു റോയൽ ലാറ്റക്സിന്റെ ആദ്യചുവടുവയ്പ്. വിവിധ കാലഘട്ടങ്ങളിൽ റബർ മേഖല വലിയ പ്രതിസന്ധികൾ നേരിട്ടെങ്കിലും പ്രവർത്തന മികവുകൊണ്ട് 2006ൽ പ്രൈവറ്റ്ലിമിറ്റഡ് കമ്പനിയായി റോയൽ ലാറ്റക്സ് ഉയർന്നു.
കാഞ്ഞിരപ്പള്ളിഎന്ന റബറിന്റെ വിളനിലം കേന്ദ്രീകരിച്ചുതന്നെയായിരുന്നു റോയലിന്റെ ആദ്യകാല പ്രവർത്തനങ്ങൾ. 'റോയൽ സെൻട്രിഫ്യൂജ്ഡ് ലാറ്റക്സ്’ എന്ന ഉത്പന്നമാണ് റബർ വ്യവസായ ലോകത്ത് കമ്പനിക്ക് മികവിന്റെ മുഖമുദ്ര ചാർത്തി നൽകിയത്.
സ്ഹോൾഡ് ഗ്ലൗസ്, എക്സാമിനേഷൻ ഗ്ലൗസ്, ഇൻഡസ്ട്രിയൽ ഗ്ലൗസ്, സർജിക്കൽ ഗ്ലൗസ്, കത്തീറ്റേഴ്സേ, ബ്രീത്തർ ബാഗ്സ്, ബലൂൺ തുടങ്ങിയ ഉത്പന്നങ്ങൾ നിർമിക്കാൻ ഗുണനിലവാരമുള്ള അസംസ്കൃത റബറാണ് റോയൽ ഉത്പാദിപ്പിക്കുന്നത്.
മികവിന്റെ രഹസ്യം
മലയോര മേഖലയിലെ ചെറുതും വലുതുമായ റബർ കർഷകരിൽ നിന്നുമാണ് ഫീൽഡ് ലാറ്റക്സ് കമ്പനി സംഭരിച്ചുപോരുന്നത്. കർഷകരുമായി മികച്ച ബന്ധം നിലനിർത്തുന്ന കമ്പനി ലാറ്റക്സ് ശേഖരണം മുതൽ പാക്കിംഗ് വരെ ഗുണനിലവാരത്തിൽ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയ്ക്കും തയാറാകില്ല. ഇതിനാവശ്യമായ ആധുനിക സംവിധാനങ്ങളെല്ലാം ഇന്നു റോയലിന് സ്വന്തമായുണ്ട്. വിവിധ മേഖലകളിലായി നൂറോളം തൊഴിലാളികൾ റോയൽ ലാറ്റക്സിൽ ജോലി ചെയ്യുന്നുണ്ട്.
പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ പുരസ്കാരങ്ങളും കമ്പനിയെ തേടിയെത്തിയിട്ടുണ്ട്. 2015, 2017 വർഷങ്ങളിൽ ഏറ്റവുംഅധികം നാച്ചുറൽ റബർ കയറ്റുമതി ചെയ്ത റോയലിന് ഇന്ത്യൻ റബർ ഡീലേഴ്സ് ഫെഡറേഷന്റെ പുരസ്കാരം ലഭിച്ചു.

പ്രവർത്തന മികവുകൊണ്ട് ഉയരങ്ങൾ കീഴടക്കുന്നതിനിടെ റബർ മേഖലയിൽ പേരും പെരുമയും നേടിയ സീസൺ റബേഴ്സ് എന്ന സ്ഥാപനം സ്വന്തമാക്കിയത് റോയൽ ലാറ്റക്സിന് മറ്റൊരു പൊൻതൂവലായി. അരനൂറ്റാണ്ട് കാലമായി റബർ വ്യവസായ രംഗത്ത് പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് സീസൺ റബേഴ്സ്.
വളർച്ചയുടെപടവുകൾ
2016ൽ റോയൽ ലാറ്റക്സ് കേരളത്തിന് പുറത്തേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. ത്രിപുരയിലെ അഗർത്തലയിൽ നിലവിൽ കമ്പനിക്ക് ബ്രാഞ്ച് പ്രവർത്തിക്കുന്നുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ റബർ വ്യവസായത്തിന്റെ സാധ്യതകൾ ഉൾക്കൊണ്ട് മേഖലയിലെ മറ്റ് സംസ്ഥാനങ്ങളിലും വ്യവസായം തുടങ്ങാനാണ് കമ്പനിയുടെ പദ്ധതി.
1980 മുതൽ റബർ മേഖലയിൽ പ്രവർത്തനം തുടങ്ങിയ ടി.എം. മാത്യു തെക്കേവയലിലിന്റെ ദീർഘവീക്ഷണമാണ് കമ്പനിയെ ഉയരങ്ങളുടെ പടികൾ കയറാൻ സഹായിച്ചത്. റബർ വ്യാപാര രംഗത്ത് തുടക്കംകുറിച്ച അദ്ദേഹം ഓരോ ചുവടും ശ്രദ്ധയോടെ നടന്നാണ് ഇന്നത്തെ വ്യവസായ സംരംഭത്തിൽ എത്തിച്ചത്. പിന്നീട് കമ്പനിയുടെ ചുമതല മകൻ റിജോ മാത്യു തെക്കേവയലിലേക്ക് എത്തിയപ്പോഴും മികവ് തുടർന്നു. ഇരുവർക്കും പിൻബലമായി ലീലാമ്മ മാത്യു, സോണിയ തോമസ് എന്നീ ഡയറക്ടർമാരും ഒപ്പമുണ്ട്.
അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന തൊഴിലാളി സമൂഹവും അവർക്കൊപ്പം നിലകൊള്ളുന്ന മാനേജ്മെന്റുമാണ് റബർ മേഖലയിൽ റോയലായി നിലനിൽക്കാൻ കമ്പനിക്ക് തുണയാകുന്നത്.