വിദ്യാഭ്യാസരംഗത്തെ താരോദയം
Saturday, February 5, 2022 3:10 PM IST
ഉന്നത വിദ്യാഭ്യാസരംഗത്ത് തൃശൂർ ജില്ലയിലെന്നല്ല, മധ്യകേരളത്തിലെ തന്നെ താരോദയമാണു ഡോ. ഷാജു ആന്റണി ഐനിക്കൽ. താൻ പഠിച്ചതും അഭ്യസിക്കുന്നതുമായ വൈദ്യശാസ്ത്രരംഗവും പിതാവു വളർത്തി വലുതാക്കിയ വ്യാപാരശൃംഖലകളും കൂടാതെ സാങ്കേതിക വിദ്യാഭ്യാസരംഗത്തേക്കുകൂടി കാലെടുത്തു വയ്ക്കാൻ ഇദ്ദേഹത്തെ പ്രേരിപ്പിച്ചതും പ്രചോദിപ്പിച്ചതും മറ്റാരുമല്ല വ്യാപാരരംഗത്തെ അതികായനായ പിതാവ് ഐനിക്കൽ ആന്റണി എന്ന എ.പി. ആന്റണി തന്നെ.
അങ്ങനെയാണു രണ്ടു പതിറ്റാണ്ടുമുമ്പ് മാളയിൽ മാള എഡ്യുക്കേഷണൽ ട്രസ്റ്റ് രൂപം കൊള്ളുന്നതും മെറ്റ്സ് എൻജിനീയറിംഗ് കോളജ് പിറവിയെടുക്കുന്നതും. അന്നുമുതൽ ഇന്നുവരെ ഇതിന്റെ അമരക്കാരൻ ഇദ്ദേഹം തന്നെ.
'അപ്പൻ’ വഴിവിളക്ക്
തൃശൂർ ജില്ലയുടെ അതിർത്തിഗ്രാമമായ കുണ്ടൂരിലെ ഐനിക്കൽ പാവു എന്ന പിതാമഹൻ തന്റെ സ്വത്ത് ഭാഗംവച്ചപ്പോൾ അഞ്ചാമത്തെ മകനായ ആന്റണിക്ക് മറ്റു മക്കളെപ്പോലെ ലഭിച്ചതു വെറും അഞ്ചേക്കർ മാത്രമായിരുന്നു. പക്ഷേ, നിശ്ചയദാർഢ്യവും അർപ്പണബോധവും കഠിനപരിശ്രമവും ആന്റണിയെന്ന ചെറുപ്പക്കാരനെ ദക്ഷിണേന്ത്യയിലെ പ്രമുഖ വ്യാപാരിയായി വളർത്തി.
’പറവകൾക്കു പറക്കാതിരിക്കാനും മീനുകൾക്കു നീന്താതിരിക്കാനും ആവില്ല’എന്നതുപോലെയായിരുന്നു ഐനിക്കൽ ആന്റണിയെന്ന കർമയോഗി. കർണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലായി അദ്ദേഹത്തിന്റെ വ്യാപാരശൃംഖല പടർന്നു പന്തലിച്ചു.
നമ്മോടൊപ്പം നാടും വളരണം
’നമ്മളോടൊപ്പം നമ്മുടെ നാടും വളരണം’ എന്നായിരുന്നു അദ്ദേഹത്തിന്റെ ആദർശവാക്യം. ഇത് സ്വന്തം മക്കളോടും എപ്പോഴും പറഞ്ഞിരുന്ന ഇദ്ദേഹം ഈ ഗ്രാമത്തിലെ’ഒരു വീട്ടിൽ നിന്ന് ഒരാൾക്കു ജോലി’ എന്ന രീതിയിൽ തന്റെ സ്ഥാപനങ്ങളിൽ തൊഴിൽ നൽകി. ബിസിനസിനൊപ്പം സാമൂഹ്യസേവനരംഗത്തും ജീവകാരുണ്യപ്രവർത്തനങ്ങളിലും കൈയൊപ്പു ചാർത്തി.
മാള കാർമൽ കോളജ്, ചാലക്കുടി കാർമൽ സ്കൂൾ എന്നിവയുടെ ഉത്ഭവത്തിൽ സജീവ പങ്കാളിയായി. ഫാ. പോൾ കൊടിയൻ സിഎംഐയുമായി സഹകരിച്ച് സ്നേഹഗിരി, സേവനഗിരി തുടങ്ങിയവയുടെ ഭാഗധേയമായി. അങ്ങനെ മാളയുടെ വികസന ചരിത്രത്തിൽ തെളിഞ്ഞുനിൽക്കുന്ന സഫല വ്യക്തിത്വമായി നാട്ടുകാരുടെ’അന്തോണിച്ചേട്ടൻ’.
എഡ്യൂക്കേഷണൽ ട്രസ്റ്റ്
രാഷ്ട്രീയക്കാരെല്ലാം ആന്റണിച്ചേട്ടന്റെ വലിയ സുഹൃത്തുക്കളായിരുന്നു. ബേബിജോണും പി.ജെ. ജോസഫുമെല്ലാം വീട്ടിലെ സന്ദർശകർ. ഒരിക്കൽ പി.ജെ. വീട്ടിൽ വന്നപ്പോൾ (അന്ന് അദ്ദേഹം ഇടതു സർക്കാരിൽ വിദ്യാഭ്യാസമന്ത്രിയായിരുന്നു) ആന്റണിച്ചേട്ടൻ മറ്റൊരാൾക്കു വേണ്ടി ഒരു ശിപാർശ ചെയ്തു.
ഉടനെ പി.ജെ പറഞ്ഞു: ’ചേട്ടൻ, അവർക്കും ഇവർക്കും വേണ്ടി എപ്പോഴും പറയുന്നതിനേക്കാൾ ചേട്ടന് മാളയിലൊരു നല്ല വിദ്യാഭ്യാസ സ്ഥാപനം തുടങ്ങിക്കൂടെ. കേരളത്തിൽ ആദ്യമായി സെൽഫ് ഫിനാൻസ് എൻജിനിയറിംഗ് കോളജ് കൊടുക്കാൻ ചിന്തിക്കുന്നുണ്ട്. ചേട്ടൻ അപേക്ഷിക്ക്’.
’കുണ്ടൂരിലോ മാളയിലോ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ ഇല്ലാത്തതിനാൽ ഞാനും സഹോദരങ്ങളുമെല്ലാം ഇരിങ്ങാലക്കുട ഡോൺ ബോസ്, തൃശൂർ സെന്റ് ജോസഫ്സ്, സെന്റ് പോൾസ് എന്നിവിടങ്ങളിലെ ബോർഡിംഗിൽ നിന്നാണു പഠിച്ചത്. പ്രീഡിഗ്രി ക്രൈസ്റ്റ് കോളജിൽ. മെഡിസിനും എൻജിനിയറിംഗുമെല്ലാം ഞങ്ങൾ പഠിച്ചതു കേരളത്തിനു പുറത്തായിരുന്നു. ഇതെല്ലാമായിരിക്കണം അപ്പനെ ചിന്തിപ്പിച്ചതും ഞങ്ങളോടു കൂടിയാലോചിച്ചതും.
അങ്ങനെയാണ് ട്രസ്റ്റ് രൂപീകരിക്കുന്നതും അപേക്ഷിക്കുന്നതും. 2001ൽ മന്ത്രിസഭ മാറി. എ.കെ. ആന്റണി മന്ത്രിസഭ വന്നു. 50:50 നിബന്ധനയോടെ എൻജിനിയറിംഗ് കോളജ് 2002ൽ അനുവദിച്ചു.’: ഡോ. ഷാജു ആന്റണി പറഞ്ഞു.

’മെറ്റ്സ്’ എഡ്യൂക്കേഷണൽ കോംപ്ലക്സ്
ആദ്യം മെറ്റ്സ് എൻജിനിയറിംഗ് കോളജ് തുടങ്ങി; അതു വളർന്നു പന്തലിച്ചു. എൻജിനിയറിംഗിന് അല്പം ഡിമാൻഡു കുറയുന്നതു കണ്ടപാടെ മെറ്റ്സ് കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എന്ന ആർട്സ് കോളജ് തുടങ്ങി. ബിഎസ്സി മാത്സ്, ബിഎ, ബികോം (3 സ്ട്രീം), ബിബിഎ, ബിസിഎ, ട്രാവൽ ആൻഡ് ടൂറിസം തുടങ്ങിയ കോഴ് സുകൾ.
പിന്നീട് മെറ്റ്സ് പോളിടെക്നിക് ആരംഭിച്ചു. ഇവിടെ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ആർക്കിടെക്ചർ, കൊമേഴ്സ്യൽ പ്രാക്ടീസ് തുടങ്ങിയ കോഴ്സുകൾ. കാലത്തിന്റെ സ്പന്ദനങ്ങൾ അനുസരിച്ച് വിദ്യാഭ്യാസരംഗത്തും പുത്തൻ വാതായനങ്ങൾ തുറക്കുകയാണ് ഊർജസ്വലനായ ഈ കർമയോഗി.
വിജയരഹസ്യം
വ്യാപാര പ്രമുഖനായ അപ്പന്റെ പാദമുദ്രകൾ പിൻതുടരുന്ന സീമന്തപുത്രൻ തന്നെ പറയട്ടെ തന്റെ ബിസിനസ് വിജയരഹസ്യത്തെക്കുറിച്ച്: ’അപ്പനെപ്പോഴും പറയാറുണ്ട്. എന്നെ പരിചയപ്പെട്ടത് ഒരു അബദ്ധമായി എന്ന് ആരും പറയില്ല. നിങ്ങളും അങ്ങനെ പറയിക്കരുത്.
നമ്മൾ ചെയ്യുന്ന ബിസിനസിൽ ആത്മാർഥതയും അച്ചടക്കവും കാണിച്ചാൽ മാന്യമായ ലാഭം കിട്ടും. അമിതലാഭത്തിനായി ആക്രാന്തം കാട്ടി അതിരുവിട്ടൊന്നും ചെയ്യരുത്. ഇത്രയും വിപുലമായ അബ്കാരി ബിസിനസു നടത്തിയിട്ട് ഒരു ക്രിമിനൽ കേസുപോലും എന്റെ പേരിലില്ല.
തീർത്തും ശരിയല്ലെന്ന തോന്നലുള്ള കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്. ഞാൻ ചെയ്ത കർമത്തിന്റെ ഫലം അനുഭവിക്കുന്നത് എന്റെ മക്കളാണ്. എന്നെപ്പറ്റി ലോകം വിലയിരുത്തുന്നത് എന്റെ മക്കളിലൂടെയാണ്. അപ്പന്റെ ഈ വാക്കുകളാണു ഞങ്ങളുടെ ശക്തിയും വിജയരഹസ്യവും.
വലിയ പഠിപ്പിസ്റ്റുകളൊന്നുമായിരുന്നില്ല ഞങ്ങൾ. എന്നിട്ടും ഞാനും ഏറ്റവും താഴെയുള്ള അനുജൻ സുനിലും ഡോക്ടർമാരായി. സ്റ്റാൻലി എംബിഎക്കാരനും സജീവ് എൻജിനിയറുമായി. പെങ്ങൾ സുമോളാകട്ടെ ബിരുദശേഷം ഡോ. പീറ്ററിനെ വിവാഹം ചെയ്തു. അപ്പൻ പഠിപ്പിച്ചതുപോലെ അച്ചടക്കം, ലക്ഷ്യബോധം, ടീം സ്പിരിറ്റ് അതുതന്നെയാണ് വിജയരഹസ്യം. കൂടാതെ കൃത്യമായ ടൈമിംഗും ഏറെ പ്രധാനമാണ്’ കോളജ് പഠനകാലത്തെ ഗുസ്തിക്കാരൻ കൂടിയായ ഡോ. ഷാജു ആന്റണി പറഞ്ഞു.
നമ്മുടെ കോളജിൽനിന്ന് പഠിച്ചിറങ്ങുന്നവർ ഉന്നതസ്ഥാനങ്ങളിലെത്തുമ്പോഴും ഓൾ ഇന്ത്യ ബെസ്റ്റ്പെർഫോമർ ആകുമ്പോഴും മനസിൽ വല്ലാത്തൊരു ആനന്ദമാണ്. നമ്മുടെ പൂർവവിദ്യാർഥി സഫീർ കരീം ഐപിഎസ് നേടിയപ്പോൾ അതൊരു വലിയ അഭിമാന നിമിഷമായി. പല ബാങ്കുകളിലും ചെല്ലുമ്പോൾ സാറേ, എന്നു വിളിച്ച് ശിഷ്യർ ഓടിവരുന്ന അനുഭവം ഉണ്ടായിട്ടുണ്ട്. അപ്പോൾ മനസിന് വല്ലാത്തൊരു കുളിര്. നേരിട്ട് ഞാനവരെ പഠിപ്പിച്ചിട്ടില്ലെങ്കിലും.
സഹോദരങ്ങളോടൊപ്പം ഭാര്യ ബിന്ദു, മക്കളായ ഡോ. അന്ന ഷാജു, ആന്റണി (പ്ലസ്ടു വിദ്യാർഥി) എന്നിവരും, പ്രായത്തിന്റേതായ ശാരീരിക അവശതകളുണ്ടെങ്കിലും ഒരു സ്നേഹനിലാവായി അമ്മ ചിന്നമ്മയും ഡോ. ഷാജുവിന്റെ വിജയക്കുതിപ്പിനു ശക്തമായ പിന്തുണയേകുന്നു.