മനുഷ്യസ്നേഹിയായ വികസന നായകൻ, അഡ്വ. തോമസ് ഉണ്ണിയാടൻ
Monday, February 7, 2022 12:41 PM IST
പ്രവൃത്തികൾകൊണ്ട് പേര് അന്വർഥമാക്കിയ വ്യക്തിത്വം. കേരളത്തിന്റെ തനത് കലാരൂപമായ തിരുവാതിരകളിക്ക് ഗിന്നസ് ലോകറിക്കാർഡ് ലഭിക്കുവാൻ കാരണക്കാരനാണ് അഡ്വ. തോമസ് ഉണ്ണിയാടൻ.
2014 ഫെബ്രുവരി രണ്ടിനാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മൈതാനിയിൽ അഞ്ചു വയസുമുതൽ 72 വയസുവരെയുള്ള 5231 സ്ത്രീകളെ പങ്കെടുപ്പിച്ചുകൊണ്ട് മെഗാ തിരുവാതിരകളി നടന്നത്. കേരളത്തിന്റെ കലാ പൈതൃകത്തിന് തന്നെ തിലകക്കുറി നൽകുന്നതായിരുന്നു അത്. കേരളത്തിൽ ഏറ്റവും വലിയ ഗാന്ധിപ്രതിമ സ്ഥാപിച്ചതും ഇന്ത്യയിൽ ആദ്യമായി ഒരു നിയോജകമണ്ഡലത്തിൽ സമ്പൂർണ വൈദ്യുതീകരണം നടപ്പിലാക്കിയതും ഉണ്ണിയാടന്റെ മികവാണ്.
മികവുറ്റ യുവജന നേതാവെന്ന നിലയിൽ സംസ്ഥാനത്തുടനീളം ശോഭിച്ച ഉണ്ണിയാടന് തോൽക്കുമെന്ന് ഉറപ്പുള്ള സീറ്റ് യുഡിഎഫ് കേരള കോൺഗ്രസിനു വച്ചുനീട്ടിയപ്പോൾ അത് ചിരിച്ച മുഖവുമായി അദ്ദേഹം സ്വീകരിച്ചു.
’സിംഹത്തിന്റെ മടയിൽ കയറി അതിനെ ആക്രമിക്കുക എന്ന സാഹസിക രീതിയിലാണ് 1996 ൽ ഇടതു കോട്ടയായ ഇരിങ്ങാലക്കുടയിൽ യുഡിഎഫ് സ്ഥാനാർഥിയായി ഉണ്ണിയാടൻ ആദ്യ അങ്കംകുറിച്ചത്. അന്നു തോൽവി ഏറ്റുവാങ്ങിയെങ്കിലും നിശ്ചയദാർഢ്യത്തിന്റെ ആൾരൂപമായ ഈ വൈക്കംകാരൻ ഇരിങ്ങാലക്കുടയെ വിട്ടില്ല.
2001 ൽ വീണ്ടുമെത്തി ഉശിരൻ പോരാട്ടം കാഴ്ചവച്ചു. 416 വോട്ടുകൾക്കു ഇടതു സ്ഥാനാർഥിയെ അടിയറവുപറയിച്ചു. ഇരിങ്ങാലക്കുടയിൽ ജയിക്കുന്ന ആദ്യ യുഡിഎഫുകാരനായി മാറി ഉണ്ണിയാടൻ. എംഎൽഎ ആയതോടെ മണ്ഡലത്തിന്റെ സമഗ്ര വികസനം മുഖമുദ്രയാക്കിയ പ്രവർത്തനങ്ങളിലൂടെ ഉണ്ണിയാടൻ ജനമനസുകളിൽ ചേക്കേറി.
’വികസനത്തിന്റെ ജനനായകൻ’ എന്ന വിശേഷണമാണ് ജനങ്ങൾ അദ്ദേഹത്തിനു ചാർത്തിക്കൊടുത്തത്.’വരദാനങ്ങളുടെനാട്’ എന്ന് ഇരിങ്ങാലക്കുടയെ വിശേഷിപ്പിച്ച അദ്ദേഹം കുടുംബസമേതം ഇരിങ്ങാലക്കുടയിൽ താമസമാക്കി. തനിമയാർന്ന ശൈലിയിലൂടെ നിയോജകമണ്ഡലത്തിൽ നിറസാന്നിധ്യമായി. മൂന്നുതവണ എംഎൽഎയും ഒന്നര വർഷക്കാലം സർക്കാർ ചീഫ് വിപ്പുമായിരുന്നു.

വികസനം മുഖമുദ്രയാക്കിയ ജനനായകൻ
ഊണിലും ഉറക്കത്തിലും മണ്ഡലത്തിന്റെ വികസനം മാത്രം ചിന്തിക്കുന്ന വ്യക്തിയാണ് അഡ്വ. തോമസ് ഉണ്ണിയാടൻ. ഇൻഫർമേഷൻ ടെക്നോളജിയുടെ അനന്തസാധ്യതകൾ മനസിലാക്കിയ അദ്ദേഹം ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ മുഴുവൻ വിദ്യാർഥികളെയും കംപ്യൂട്ടർ സാക്ഷരരാക്കുവാൻ സ്കൂളുകൾക്ക് കംപ്യൂട്ടറുകൾ നൽകി. എല്ലാ വിദ്യാർഥികളും കംപ്യൂട്ടർ സാക്ഷരത കൈവരിച്ച കേരളത്തിലെ ആദ്യത്തെ നിയോജകമണ്ഡലമായി ഇരിങ്ങാലക്കുടയെ വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചിരുന്നു.
ഇരിങ്ങാലക്കുടയുടെ അനുപമമായ സാംസ്കാരിക ഔന്നത്യം വിളിച്ചോതിക്കൊണ്ടും മൺമറഞ്ഞുപോയ മഹാരഥന്മാരെ സ്മരിച്ചുകൊണ്ടും ദേശത്തിനു മഹത്തായ സംഭാവനകൾ നൽകിയവരെ ആദരിച്ചുകൊണ്ടും ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനിയിലെ ഉണ്ണായിവാര്യർ നഗറിൽ നടത്തിയ തനിമ സാംസ്കാരികോത്സവം ഇരിങ്ങാലക്കുട വരദാനങ്ങളുടെ നാടാണെന്നു ലോകത്തെ മുഴുവൻ അറിയിക്കത്തക്കതായിരുന്നു.
തനിമയെന്ന ജനകീയ മഹോൽസവത്തിലൂടെ കൂടിയാട്ടത്തിന്റെ മണ്ണിനെ അദ്ദേഹം നെഞ്ചോട് ചേർത്തു. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി മണ്ഡലത്തിലുടനീളം കുടിവെള്ള പദ്ധതികൾ സ്ഥാപിച്ചു. താലൂക്ക് ആശുപത്രിയെ ജനറൽ ആശുപത്രിയാക്കി ഉയർത്തി. കേരളത്തിലെ ഏറ്റവും വലിയ സിവിൽ സ്റ്റേഷൻ മന്ദിരം ഇരിങ്ങാലക്കുടയിൽ പണികഴിപ്പിച്ച് ഉദ്ഘാടനം നിർവഹിച്ചു.
ആധുനിക സബ് ജയിൽ, ആയുർവേദ ആശുപത്രി, ജില്ലാ ട്രഷറി, ആളൂർ പോലീസ് സ്റ്റേഷൻ, അന്താരാഷ്ട്ര പൈതൃക നിലയം, കുടുംബ കോടതി, വനിതാ പോലീസ് മന്ദിരം, കല്ലേറ്റുംകര മോഡൽ പോൽടെക്നിക്കിൽ ഓഡിറ്റോറിയം, ആളൂർ പ്രൈമറി ഹെൽത്ത് സെന്ററിൽ നവീകരിച്ച മന്ദിരം, ഷൺമുഖം കനാൽ നവീകരണം, വൈകല്യമുള്ള കുട്ടികളുടെ ഉന്നമനത്തിന് കല്ലേറ്റുംകരയിൽ എൻഐപിഎംആർ എന്ന സ്ഥാപനം, ആളൂർ റെയിൽവേ മേൽപ്പാലം എന്നിവയുടെ പൂർത്തീകരണത്തിന് ഇദ്ദേഹത്തിന്റെ പരിശ്രമങ്ങൾ ഏറെയാണ്.
മികച്ച വിദ്യാലയം മികവുറ്റ വിദ്യാർഥികൾ എന്ന ആശയം മുൻനിർത്തി പൊതുവിദ്യാഭ്യാസമേഖലയിൽ കോടികൾ ചെലവഴിച്ച് ഇരിങ്ങാലക്കുട ഗവ. ബോയ്സ് സ്കൂൾ, ഗവ. ഗേൾസ് സ്കൂൾ, തൊമ്മാന ഗവ. സ്കൂൾ, നടവരമ്പ് ഗവ. സ്കൂൾ, കാട്ടൂർ ഗവ. സ്കൂൾ എന്നിവയ്ക്ക് പുതിയ കെട്ടിടങ്ങൾ പണിതു. സ്കൂളുകൾക്ക് ബസ് നൽകി. പാഠ്യപാഠ്യേതര രംഗത്ത് മികവു തെളിയിക്കുന്ന വിദ്യാർഥികൾക്ക് പുരസ്കാരം നൽകി ആദരിക്കൽ, എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിലും ഫുൾ മാർക്ക് നേടുന്നവർക്ക് ഒരുലക്ഷം രൂപയുടെ പുരസ്കാരം എന്നിവ നൽകി.
ഐഎഎസ്, ഐപിഎസ് രംഗത്ത് ഉന്നത വിദ്യാഭ്യാസം നൽകുന്നതിനായി സിവിൽ സർവീസ് അക്കാദമി ആരംഭിച്ചു. കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്റർ സബ് ഡിപ്പോ ആക്കി ഉയർത്തുകയും ബിഎംബിസി നിലവാരത്തിലുള്ള റോഡുകൾ പണികഴിപ്പിക്കുകയും ചെയ്തു. നാലമ്പല ടൂറിസം പദ്ധതിക്കു തുടക്കമിട്ടുകൊണ്ടു ക്ഷേത്രങ്ങളിൽ കോടികളുടെ വികസനം നടത്തി. കിൻഫ്ര പാർക്ക് സ്ഥാപിക്കുന്നതിനായി സ്ഥലം കണ്ടെത്തിയതും പ്രാരംഭ നടപടികൾ ആരംഭിച്ചതും ഇദ്ദേഹത്തിന്റെ പരിശ്രമത്തിന്റെ ഫലമാണ്.
മുങ്ങിമരണങ്ങൾ ഇല്ലാതാക്കുന്നതിനായി കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുന്നതിനായി ജലസാക്ഷരതാ പദ്ധതിക്കു തുടക്കംകുറിച്ചു. കഷ്ടപ്പെടുന്ന രോഗികളെ സഹായിക്കുന്നതിനായി ഇദ്ദേഹം ചെയർമാനായി നീഡ്സ് എന്ന സംഘടനക്ക് രൂപം നൽകി.
നിയമസഭയിലെ നിറസാന്നിധ്യം
നിയമസഭകളിൽ തിളങ്ങുന്ന സാന്നിധ്യമായി മാറിയ ഉണ്ണിയാടൻ ഭ്രൂണഹത്യക്കെതിരെ നിയമം കൊണ്ടുവരുന്നതിനും പാൻമസാല നിരോധിത നിയമം കൊണ്ടുവരുന്നതിനും എയ്ഡ്സ് രോഗികൾക്കു വേണ്ടിയും സബ്മിഷൻ അവതരിപ്പിച്ചു. കർഷകർക്കു പെൻഷൻ ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് സ്വകാര്യബിൽ അവതരിപ്പിച്ച ഇദ്ദേഹം പഴങ്ങളിലും പച്ചക്കറികളിലും വിഷം തളിക്കുന്നതു നിരോധിക്കാൻ നിയമനിർമാണം നടത്തണമെന്ന ആവശ്യം സബ്മിഷനിലൂടെ ഉന്നയിച്ചു.
മുല്ലപ്പെരിയാർ ഡാമിനെക്കുറിച്ച് വിശദമായ റിപ്പോർട്ട്, തെരുവുനായ്ക്കളുടെ ഉപദ്രവത്തിൽ മനുഷ്യന്റെ പ്രതിരോധവും അതിജീവനവും, ഭൂമി തരംതിരിക്കുന്നതുമായി ബന്ധപ്പെട്ട് ഡാറ്റബാങ്ക് തയാറാക്കുന്നത് എന്നീ വിഷയങ്ങളിൽ നിയമസഭാ പെറ്റിഷൻ ചെയർമാനായിരുന്നപ്പോൾ റിപ്പോർട്ട് അവതരിപ്പിച്ചു.
ജീവിത രേഖ
വൈക്കം ഉണ്ണിയാടത്ത് മാത്യു ജോസഫിന്റെയും മേരിയുടെയും മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം അയ്യർകുളങ്ങര ഗവ. യുപി സ്കൂളിൽ. തുടർന്ന് വാഴക്കുളം ഇൻഫന്റ് ജീസസ് ഹൈസ്കൂളിലും വൈക്കം ഗവ. ബോയ്സ് ഹൈസ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളജിൽ നിന്നു പ്രീഡിഗ്രിയും ബിഎയും പാസായി.
1980-81 കാലഘട്ടത്തിൽ കോളജ് യൂണിയൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെടുകയും ആ വർഷത്തെ മികച്ച കോളജ് യൂണിയൻ ചെയർമാനുള്ള അവാർഡ് നേടുകയും ചെയ്തു. തിരുവനന്തപുരം ലോ കോളജ് ലോ അക്കാദമിയിൽ നിന്നും നിയമപഠനം പൂർത്തിയാക്കി. രാജഗിരി കോളജിൽ സോഷ്യൽ സർവീസിൽ ഡിപ്ലോമ പഠനം നിർവഹിച്ചു. വിവിധ കോടതികളിൽ വിജയകരമായി പ്രാക്ടീസ് ചെയ്തു. വൈക്കം ബാർ അസോസിയേഷന്റെ പ്രസിഡന്റായിരുന്നു.
നിയമവിദ്യാർഥി ആയിരിക്കുമ്പോൾ ലീഗൽ എയ്ഡ് അഡ്വൈസറി ബോർഡ് അംഗമായിരുന്നു. പിന്നീട് അഡ്വക്കറ്റ്സ് വെൽഫെയർ ട്രസ്റ്റ് കമ്മിറ്റിയംഗമായിരുന്നു. ബെസ്റ്റ് സ്റ്റുഡന്റ്സ് ലീഡർ അവാർഡ് തലയോലപ്പറമ്പ് ദേവസ്വംബോർഡ് കോളജ് പ്രിൻസിപ്പൽ എംഎആർടി മേനോനിൽ നിന്നും ഏറ്റുവാങ്ങിയിരുന്നു.
വിദ്യാർഥിരാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തന രംഗത്തേക്കു പ്രവേശിച്ചത്. കെഎസ്സി വൈക്കം നിയോജകമണ്ഡലം സെക്രട്ടറി, ജില്ലാ ജനറൽ സെക്രട്ടറി, യൂത്ത്ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
യുവസേന, യൂത്ത്ബ്രിഗേഡ് എന്നിവയ്ക്ക് രൂപം കൊടുത്തുകൊണ്ട് യുവജനവിഭാഗത്തെ ഊർജ്വസലമാക്കി വളർത്തി. പാർട്ടിയുടെ പ്രമുഖരായ മുൻനിര നേതാക്കളിൽ അനിഷേധ്യമായ സ്ഥാനമാണ് ഇപ്പോൾ അലങ്കരിക്കുന്നത്.
1996 മുതൽ തുടർച്ചയായി ആറാം തവണയാണ് ഇരിങ്ങാലക്കുടയിൽ നിന്നും നിയമസഭയിലേക്കു മത്സരിക്കുന്നത്. 2001ൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ടി. ശശിധരനെതിരെ വിജയിച്ച് നിയമസഭയിലെത്തി. തുടർന്ന് 2006ൽ സി.കെ. ചന്ദ്രനെയും 2011ൽ കെ.ആർ. വിജയെയും തോൽപ്പിച്ച് നിയമസഭയിലെത്തി. ഇരിങ്ങാലക്കുട മണ്ഡലത്തിൽ നിന്നും ഏറ്റവും വലിയ ഭൂരിപക്ഷം നേടിയ വ്യക്തിയാണദ്ദേഹം.
കേരളാ കോൺഗ്രസിന്റെ രണ്ടാംനിരയിൽ നിന്നും കാബിനറ്റ് പദവിയിലേക്കുവന്ന ആദ്യനേതാവാണ് സർക്കാർ ചീഫ് വിപ്പായിരുന്ന അഡ്വ. തോമസ് ഉണ്ണിയാടൻ. 2011ലെ സർക്കാരിന്റെ തുടക്കത്തിൽ നിയമസഭാ പെറ്റീഷൻസ് കമ്മിറ്റിയുടെ ചെയർമാനായിരുന്നു.
വിവിധ കാലയളവിലായി ജലവിഭവം, റവന്യു, വനം, മത്സ്യം എന്നിവ സംബന്ധിച്ച നിയമസഭാ സബ്ജക്ട് കമ്മിറ്റിയിൽ അംഗമായിരുന്നു. കുസാറ്റ് സെനറ്റ് അംഗം, ന്യൂവാൽസ്, കാർഷിക സർവകലാശാല എന്നിവയിൽ എക്സിക്യുട്ടീവ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
റബർ ബോർഡ് ഉദ്യോഗസ്ഥ ഷേർളിയാണ് ഭാര്യ. മക്കൾ: ഡോ. നികിത, നിതീഷ (ഐടി പ്രഫഷണൽ, അമേരിക്ക). മരുമകൻ: എബിൻ സന്തോഷ് ആലേങ്ങാടൻ.
അംഗീകാരങ്ങൾ, ബഹുമതികൾ
• ഫൊക്കാന അവാർഡ്- അമേരിക്കൻ മലയാളി അസോസിയേഷൻ
• പ്രോലൈഫ് അവാർഡ്- ഓൾ കേരള ജനത അവകാശസംരക്ഷണ സമിതി- ജീവൻ മൂല്യസംരക്ഷണ അവാർഡ് 2012
• ജില്ലയിലെ ബെസ്റ്റ് എംഎൽഎ അവാർഡ്- പ്ലാറ്റൂൺ അവാർഡ്
• ജനപ്രിയ അവാർഡ്- ഷിക്കാഗോ മലയാളി അസോസിയേഷൻ
• മുൻ എംഎൽഎ അഡ്വ. പി.കെ. ഇട്ടൂപ്പ് സ്മാരക പുരസ് കാരം- കർമശ്രേഷ്ഠ അവാർഡ്
• ഇന്ത്യൻ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക- ജനപ്രിയ അവാർഡ്
• സാർ കെ. തോമസ് പുരസ്കാരം- ജില്ലയിലെ മികച്ച എംഎൽഎ പുരസ് കാരം
• ഹാട്രിക് വിന്നർ പുരസ്കാരം- സെന്റ് ജോസഫ് കോളജ് ഇരിങ്ങാലക്കുട
• സമ്പൂർണ കമ്പൂട്ടർ സാക്ഷരതവൽകരണം പുരസ്കാരം- ഇ.ടി. മുഹമ്മദ് ബഷീർ.