39 വർഷം; നിഴല് പോലെ വർഗീസ്
ജോജി പേഴത്തുവയലിൽ
Monday, March 20, 2023 11:16 AM IST
39 വർഷം ജോസഫ് പവ്വത്തിൽ പിതാവിന്റെ സാരഥിയായി സേവനമനുഷ്ഠിച്ചതിന്റെ ധന്യമായ ഓർമകളാണ് പൊൻകുന്നം കൂരാലി, ഇലവുംമൂട്ടിൽ വർഗീസ് മാത്യുവിനുള്ളത്. 1972 മുതൽ 2011 വരെ കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി രൂപതകളിലായി പിതാവിന്റെ ഡ്രൈവറായിരുന്നു ഇദ്ദേഹം. വിശുദ്ധിയും വിജ്ഞാനവും നിറഞ്ഞ ആദരണീയനായ പിതാവിനൊപ്പം നാലു പതിറ്റാണ്ടോളം നിഴലായി നടക്കാൻ സാധിച്ചതിന്റെ സംതൃപ്തിയാണ് ഇദ്ദേഹത്തിന്റെ മനസിലുള്ളത്.
യാത്രകളേറെയും പ്രാർഥനയുടെയും വായനയുടേതുമായിരുന്നു. അപൂർവമായി ഭക്തിഗാനങ്ങളും കേൾക്കും. അംബാസിഡർ കാറുകളായിരുന്നു അദ്ദേഹത്തിന് ഏറെ ഇഷ്ടം. 2,000 ൽ ഉണ്ടായ പരിക്കിനുശേഷം ഡോക്ടറുടെ നിർദേശത്തിലാണ് മറ്റൊരു വാഹനത്തിലേക്കു യാത്രകൾ മാറ്റിയത്.
കൃത്യനിഷ്ഠയുടെ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഏതു ചടങ്ങിനും അഞ്ചു മിനിറ്റ് മുന്പേ എത്തുക, ചടങ്ങു പൂർത്തിയായ ശേഷം മടങ്ങുക എന്നതായിരുന്നു ശൈലി. ഒരേ ദിവസം ഒന്നിലേറെ പരിപാടികൾ ഉണ്ടെങ്കിൽ അതിനെല്ലാം അനുയോജ്യമായി സംസാരിക്കാനുള്ള കുറിപ്പുകൾ അദ്ദേഹം കരുതിയിട്ടുണ്ടാവും.
വ്യക്തിപരമായി എന്നെ ഏറെ സ്നേഹിക്കുകയും എനിക്കും കുടുംബത്തിനുംവേണ്ടി പ്രാർഥിക്കുകയും അദ്ദേഹം ചെയ്തിട്ടുണ്ട്. എന്റെ അഞ്ചു മക്കളുടെയും വിവാഹത്തിനു പിതാവ് കാർമികനായി. ഒരിക്കൽ പോലും വാഹനം അപകടത്തിൽപ്പെടുകയോ മറ്റൊരാൾക്കും അപകടമുണ്ടാക്കുകയോ ചെയ്തില്ല എന്നതു പിതാവിന്റെ പ്രാർഥനയുടെ ബലമായിരുന്നെന്നും വര്ഗീസ് മാത്യു പറയുന്നു.