മാര്‍ തോമസ് തറയിലിന്റെ സ്ഥാനാരോഹണം വ്യാഴാഴ്ച
Wednesday, October 30, 2024 3:05 PM IST
ചങ്ങനാശേരി: പാരമ്പര്യപ്രൗഢമായ ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പായി മാര്‍ തോമസ് തറയില്‍ നാളെ സ്ഥാനമേല്‍ക്കും. 75വയസ് പൂര്‍ത്തിയായ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സ്ഥാനമൊഴിയുന്നതിനെ തുടര്‍ന്നാണ് അതിരൂപതയുടെ അഞ്ചാമത്തെ ആര്‍ച്ച്ബിഷപ്പായി മാര്‍ തോമസ് തറയില്‍ സ്ഥാനമേല്‍ക്കുന്നത്.
മെത്രാപ്പോലീത്തന്‍ പള്ളിയങ്കണത്തില്‍ പ്രത്യേകം തയാറാക്കിയ പന്തലില്‍ രാവിലെ ഒമ്പതിന് ശുശ്രൂഷകള്‍ ആരംഭിക്കും. സ്ഥാനാരോഹണകര്മങ്ങള്ക്ക് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികനായിരിക്കും.
ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ സഹകാര്‍മികരാകും. തുടര്‍ന്ന് മാര്‍ തോമസ് തറയിലിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പണം നടക്കും. തിരുവനന്തപുരം ലത്തീന്‍ ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ വചനസന്ദേശം നല്‍കും. ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച്ബിഷപ് ഡോ. ലെയോപോള്‍ദോ ജിറേല്ലി വിശുദ്ധ കുര്‍ബാനയ്ക്കുശേഷം സന്ദേശംനല്കും.
ആര്‍ച്ച്ബിഷപ്പായി സ്ഥാനമേറ്റ മാര്‍ തോമസ് തറയിലിനെ അനുമോദിക്കുന്നതിനും മേലധ്യക്ഷ സ്ഥാനത്തുനിന്നു വിരമിക്കുന്ന ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന് നന്ദിപ്രകാശനത്തിനുമായി 11.45ന് പൊതുസമ്മേളനം ചേരും.
ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരിയും നിയുക്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടും ചേര്‍ന്ന് ദീപം തെളിക്കും. സിബിസിഐ പ്രസിഡന്റ് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കും. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് സമ്മേളനം ഉദ്ഘാടനം ചെയ്യും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണം നടത്തും.