മത-ധർമ സ്ഥാപനങ്ങളുടെ നികുതി നിയമങ്ങളിലും മാറ്റങ്ങൾ
Monday, February 17, 2020 4:50 PM IST
മത ധർമ സ്ഥാപനങ്ങൾക്ക് ആദായനികുതിയിൽനിന്നും ഒഴിവു ലഭിക്കുന്നതിന് അവ നികുതിനിയമത്തിലെ 12 എഎ വകുപ്പനുസരിച്ച് കമ്മീഷണർ മുന്പാകെ രജിസ്റ്റർ ചെയ്യണമായിരുന്നു. ആദായനികുതി നിയമത്തിലെ 11ാം വകുപ്പിലാണ് മതധർമ സ്ഥാപനങ്ങളുടെ നികുതി ഒഴിവിനെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നത്. കൂടാതെ ആശുപത്രികൾ, യൂണിവേഴ്സിറ്റികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതലായവയ്ക്ക് നികുതി നിയമത്തിലെ 10 (23 സി) എന്ന വകുപ്പനുസരിച്ചും നികുതിയിൽനിന്ന് ഒഴിവ് അനുവദിച്ചിരുന്നു. ഒരിക്കൽ നികുതി ഒഴിവിനുള്ള രജിസ്ട്രേഷൻ എടുത്തു കഴിഞ്ഞാൽ, സ്ഥാപനങ്ങളുടെ നടത്തിപ്പിൽ മാറ്റങ്ങൾ വരുത്തിയില്ലായെങ്കിൽ, അതു തുടരുന്ന കാലത്തോളം രജിസ്ട്രേഷന് പ്രാബല്യമുണ്ടായിരുന്നു. എന്നാൽ 2020 ഫെബ്രുവരി ഒന്നിന് പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റിൽ മതധർമസ്ഥാപനങ്ങൾക്ക് നികുതി ഒഴിവിനുവേണ്ടിയുള്ള രജിസ്ട്രേഷൻ നടപടികൾക്കും കാലാവധിക്കും മാറ്റങ്ങൾ പുതുതായി 12 എബി എന്നൊരു വകുപ്പ് കൂട്ടിച്ചേർത്ത് രജിസ്ട്രേഷൻ നടപടികൾ അതിന്റെ കീഴിലാക്കി. ഇത് 01062020 മുതൽ പ്രാബല്യത്തിൽ വരുത്താനാണ് ബില്ലിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്.
നിലവിൽ രജിസ്ട്രേഷൻ ഉള്ളവരും വീണ്ടും രജിസ്ട്രേഷൻ എടുക്കണം
നിലവിൽ 12 എഎ പ്രകാരം രജിസ്ട്രേഷനോ 10 (23 സി) പ്രകാരം ഉള്ള അംഗീകാരമോ ഉള്ള സ്ഥാപനങ്ങൾ അടുത്ത സാന്പത്തിക വർഷത്തിലേക്ക് പുതുതായി രജിസ്ട്രേഷൻ എടുക്കേണ്ടതുണ്ട്. പുതിയ രജിസ്ട്രേഷൻ നൽകുന്നത് അഞ്ചു വർഷത്തേക്കാണ്. നികുതി ഒഴിവ് പിന്നീടും ആവശ്യമുണ്ടെങ്കിൽ വീണ്ടും രജിസ്ട്രേഷൻ എടുക്കണം. നിലവിൽ നികുതി ഒഴിവിന് വേണ്ടിയുള്ള രജിസ്ട്രേഷൻ ഉള്ള സ്ഥാപനങ്ങൾ പുതിയ നിയമം നിലവിൽ വന്ന് മൂന്നു മാസത്തിനകം പുതിയ രജിസ്ട്രേഷനുവേണ്ടിയുള്ള അപേക്ഷകൾ സമർപ്പിച്ചിരിക്കണം. അപേക്ഷകൾ ഇൻകം ടാക്സ് പ്രിൻസിപ്പൽ കമ്മീഷണർ മുന്പാകെയോ കമ്മീഷണർ മുന്പാകെയോ ആണ് സമർപ്പിക്കേണ്ടത്. അപേക്ഷ ലഭിച്ചു കഴിഞ്ഞാൽ മൂന്ന് മാസത്തിനകം അടുത്ത അഞ്ചു വർഷത്തെ കാലഘട്ടത്തിലേക്കുള്ള രജിസ്ട്രേഷൻ നൽകുന്നതാണ്.
രജിസ്ട്രേഷൻ കാലാവധി 5 വർഷത്തേക്ക് മാത്രം
നിലവിലുള്ള രജിസ്ട്രേഷൻ ഉപേക്ഷിച്ച് പുതിയ രജിസ്ട്രേഷൻ എടുത്തിട്ടുള്ള എല്ലാ മതധർമ സ്ഥാപനങ്ങളുംഅഞ്ചു വർഷത്തിനുശേഷം വീണ്ടും രജിസ്ട്രേഷൻ എടുക്കണം. അതായത് എടുക്കുന്ന രജിസ്ട്രേഷന്റെ കാലാവധി അഞ്ചുവർഷത്തേക്ക് മാത്രം ആയിരിക്കും. രജിസ്ട്രേഷൻ തടസമില്ലാതെ തുടർന്നുകൊണ്ടുപോകുന്നതിന്, കാലാവധി അവസാനിക്കുന്നതിന് ആറു മാസം മുന്പുതന്നെ വീണ്ടും പുതിയ രജിസ്ട്രേഷന് അപേക്ഷ സമർപ്പിക്കണം. ഇത് 10 (23സി)യിലുള്ള ഒഴിവിനും ബാധകമാണ്. അപേക്ഷ കമ്മീഷണർ മുന്പാകെ ലഭിച്ചുകഴിഞ്ഞാൽ ആറു മാസത്തിനകം പുതിയ രജിസ്ട്രേഷൻ ലഭിക്കുന്നതും അടുത്ത അഞ്ചു വർഷംവരെ തുടർന്നുകൊണ്ടുപോകാവുന്നതും ആണ്. ഉത്തരവു നൽകുന്നതിന് മുന്പ് പ്രിൻസിപ്പൽ കമ്മീഷണർ അല്ലെങ്കിൽ കമ്മീഷണർ ആവശ്യമായ അന്വേഷണങ്ങൾ നടത്തിയതിനുശേഷം പ്രവർത്തനങ്ങൾ തൃപ്തികരം എന്ന് ബോധ്യപ്പെട്ടാൽ മാത്രമേ രജിസ്ട്രേഷൻ തുടർന്നു നൽകുകയുള്ളൂ.
താത്കാലിക രജിസ്ട്രേഷൻ
നിലവിലുള്ള നിയമം അനുസരിച്ച് പ്രൊവിഷണൽ അല്ലെങ്കിൽ താത്കാലിക രജിസ്ട്രേഷൻ എന്ന സംവിധാനം ഇല്ലായിരുന്നു. എന്നാൽ 2020 ലെ പുതിയ ബജറ്റിൽ മതധർമ സ്ഥാപനങ്ങൾക്ക് 12 എബി വകുപ്പ് അനുസരിച്ച് ആദ്യമായി നല്കുന്ന രജിസ്ട്രേഷൻ മൂന്നു വർഷത്തെ കാലാവധിയിലേക്കാണ്. 10 (23സി) വകുപ്പിലുള്ള ഒഴിവിനും ഇതുതന്നെയാണ് ബാധകം. ആദ്യമായി രജിസ്റ്റർ ചെയ്യുന്ന മതധർമ സ്ഥാപനങ്ങൾക്ക് ഇനിയൊരിക്കലും പൂർണമായ രജിസ്ട്രേഷൻ ആദ്യം തന്നെ ലഭിക്കുകയില്ല. ആദ്യം പ്രൊവിഷൻ രജിസ്ട്രേഷൻ എടുത്തശേഷം പിന്നീട് പൂർണ രജിസ്ട്രേഷനുവേണ്ടി ആവശ്യമായ രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കണം.
പ്രവർത്തനവർഷം തുടങ്ങുന്നതിന് ഒരു മാസം മുന്പെങ്കിലും താത്കാലിക രജിസ്ട്രേഷൻ എടുക്കുന്നതിന് അപേക്ഷ സമർപ്പിക്കണം. അതായത് 2021 22 സാന്പത്തികവർഷത്തിൽ തുടങ്ങാൻ ഉദ്ദേശിക്കുന്ന മതധർമ സ്ഥാപനങ്ങൾക്ക് ആദായനികുതിയിൽ രജിസ്ട്രേഷൻ എടുക്കണമെങ്കിൽ 2021 മാർച്ച് ഒന്നിന് മുന്പെങ്കിലും അപേക്ഷ സമർപ്പിച്ചിരിക്കണം. പ്രായോഗികമായി ഇതു വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന നിർദേശമാണ്. ഉദാഹരണത്തിന് 2021 ഡിസംബറിൽ പ്രവർത്തനം തുടങ്ങാൻ ഉദ്ദേശിക്കുന്ന ഒരു ധർമ സ്ഥാപനത്തിന് ആദായനികുതി നിയമം അനുസരിച്ച് രജിസ്ട്രേഷൻ എടുക്കണമെങ്കിൽ തലേ വർഷം 2021 മാർച്ച് ഒന്നിന് മുന്പ് അപേക്ഷ നൽകിയിരിക്കണം.
താത്കാലിക രജിസ്ട്രേഷൻ പ്രവർത്തനം തുടങ്ങിയാലുടൻ മാറ്റണം
താത്കാലിക രജിസ്ട്രേഷൻ എടുത്തിട്ടുള്ള മതധർമ സ്ഥാപനങ്ങൾ അതിന്റെ കാലാവധി അവസാനിക്കുന്നതിന് ആറു മാസം മുന്പോ അല്ലെങ്കിൽ പ്രവർത്തനം തുടങ്ങി ആറു മാസത്തിനകമോ ഏതാണോ ആദ്യം വരുന്നത്, പൂർണമായ രജിസ്ട്രേഷനു വേണ്ടപ്പെട്ട രേഖകൾ സഹിതം ഇൻകംടാക്സ് പ്രിൻസിപ്പൽ കമ്മീഷണർ അല്ലെങ്കിൽ കമ്മീഷണർ മുന്പാകെ അപേക്ഷ സമർപ്പിച്ചിരിക്കണം. രേഖകൾ എല്ലാം തൃപ്തികരമാണെങ്കിൽ ഫൈനൽ രജിസ്ട്രേഷൻ ആറു മാസത്തിനകം പ്രസ്തുത ഓഫീസിൽനിന്നും ലഭിക്കുന്നതാണ്.