‘വിവാദ് സെ വിശ്വാസ്’
Tuesday, March 3, 2020 2:34 PM IST
കുറച്ചുകാലമായി ആദായനികുതി ഡിപ്പാർട്ട്മെന്റിൽ അപ്പീൽ കേസുകളുടെ എണ്ണം വൻതോതിൽ വർധിച്ചു വരികയാണ്. ഇൻകം ടാക്സ് അപ്പലേറ്റ് കമ്മീഷണർ മുന്പാകെയും ട്രൈബ്യൂണൽ മുന്പാകെയും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ആദായനികുതി തർക്കങ്ങൾ കെട്ടിക്കിടക്കുന്നുണ്ട്. ഓരോ വർഷവും തീർപ്പാക്കുന്ന കേസുകളേക്കാൾ കൂടുതൽ തർക്കങ്ങൾ പുതുതായി ഉണ്ടാകുന്നതിനാൽ കേസുകളുടെ എണ്ണം വർഷംതോറും കൂടുകയാണ്. ഗവണ്മെന്റ് കണക്കനുസരിച്ച് 30112019 വച്ച് ഉദ്ദേശം 9,32,000 കോടി രൂപ തർക്കങ്ങളിൽ കുരുങ്ങി വിവിധ അപ്പലേറ്റ് ഫോറങ്ങളിൽ നിലവിലുണ്ട്. 201819 സാന്പത്തികവർഷത്തിൽ മൊത്തം നികുതി പിരിവ് 11.37 ലക്ഷം കോടി രൂപ ആയിരുന്നപ്പോഴാണ് 9,32,000 കോടി രൂപ തർക്കങ്ങളിൽപ്പെട്ട് കിടക്കുന്നത്. അതായത് ഒരു വർഷത്തെ വാർഷിക നികുതി വരുമാനത്തിന്റെ അടുത്തുതന്നെ വരും തർക്കങ്ങളിലെ തുക. കേസുമായി മുന്പോട്ടു പോയാൽ ഗവണ്മെന്റിനും നികുതിദായകർക്കും സമയവും പണവും നഷ്ടപ്പെട്ടുകൊണ്ടിരിക്കും.
ഇങ്ങനെയുള്ള ഒരു സാഹചര്യത്തിലാണ് പലിശയിലും പിഴയിലും കുറവ് വരുത്തി ഒരു സെറ്റിൽമെന്റ് സ്കീമിന് 2020 ബജറ്റിൽ ധനകാര്യമന്ത്രി ‘വിവാദ് സെ വിശ്വാസ്’ എന്ന പേരിൽ ഒരു ബില്ല് അവതരിപ്പിച്ചത്.
സ്കീം ബാധകമാകുന്നത്
ബജറ്റിൽ അവതരിപ്പിച്ച ബില്ലിൽനിന്നും കുറച്ചേറെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇപ്പോൾ കൂടുതൽ നികുതിദായകർക്കു പങ്കുചേരാവുന്ന വിധത്തിലാണു മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. ഇവകൊണ്ടു പ്രയോജനം ലഭിക്കുന്ന നികുതിദായകരെപ്പറ്റി ഇവിടെ പ്രതിപാദിക്കുന്നു. ആദായനികുതി വകുപ്പിൽനിന്നുള്ള ഡിമാന്ഡിനെതിരേ 31012020 ൽ അപ്പീൽ പെൻഡിംഗിൽ ഉള്ളവരെയാണ് ഇതുകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. നികുതിദായകർ ഫയൽ ചെയ്ത അപ്പീൽ ആണെങ്കിലും ഡിപ്പാർട്ട്മെന്റ് ഫയൽ ചെയ്ത അപ്പീൽ ആണെങ്കിലും പുതിയ നിയമം ബാധകമാണ്.
1) നികുതിയെ സംബന്ധിച്ച് ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്തിരിക്കുകയോ സുപ്രീംകോടതിയിൽ സ്പെഷൽ ലീവ് പെറ്റീഷൻ (എസ്എൽപി) ഫയൽ ചെയ്തിരിക്കുകയോ ചെയ്തവർക്ക്.
2) അസസിംഗ് ഓഫീസറുടെയോ അപ്പലേറ്റ് അഥോറിറ്റിയുടെയോ ഉത്തരവിനെതിരേ ഫയൽ ചെയ്ത അപ്പീൽ 31012020 ൽ നിലനിൽക്കുന്നുണ്ടെങ്കിലും അപ്പീൽ ഫയൽ ചെയ്യുന്നതിനുള്ള കാലാവധി 31012020 ൽ അവസാനിക്കാതിരിക്കുകയും ചെയ്യുന്ന നികുതിദായകർ.
3) ആദായനികുതിനിയമം 144 സി അനുസരിച്ച് തർക്കപരിഹാരപാനലിന് (ഡിആർപി) മുന്പാകെ ഒബ്ജെക്ഷൻ ഫയൽ ചെയ്യുകയും 31012020 ന് മുന്പായി ഡിആർപിയിൽനിന്ന് ഉത്തരവുകൾ ഒന്നും ലഭിച്ചിട്ടില്ലാത്ത അവസ്ഥയിലുള്ള നികുതിദായകർ.
4) ഡിആർപിയിൽനിന്നും നികുതിദായകനെതിരായി 31012020 ന് മുന്പായി ഉത്തരവ് ലഭിച്ചെങ്കിലും പ്രസ്തുത ഉത്തരവിനെ അടിസ്ഥാനമാക്കി അസസിംഗ് അഥോറിറ്റി പുതിയ അസസ്മെന്റ് ഓർഡർ നൽകിയിട്ടില്ലാത്ത നികുതിദായകർ.
5) ആദായനികുതി നിയമം 264ാം വകുപ്പനുസരിച്ച് റിവിഷൻ പെറ്റീഷൻ നൽകിയിട്ടുള്ള നികുതിദായകർ.
നികുതി തുക
31 03 2020നുമുന്പ് അടയ്ക്കുക യാണെങ്കിൽ നികുതിത്തുകയുടെ 100% എന്നാൽ സേർച്ച് കേസുകളിൽ മാർച്ച് 31 നുമുന്പ് അടച്ചാൽ നികുതിത്തുകയുടെ 125% ആണ് അടയ്ക്കേണ്ടത്. 31032020 നുശേഷമാണെങ്കിൽ സാധാരണ കേസുകളിൽ നികുതിത്തുകയുടെ 110% അടയ്ക്കേണ്ട സ്ഥാനത്ത് സേർച്ച് കേസുകളിൽ നികുതിത്തുകയുടെ 135% ആണ് അടയ്ക്കേണ്ടത്.
പിഴയും പലിശയും
31 03 2020നു മുന്പ് അടയ്ക്കുകയാണെങ്കിൽ ആകെ ചാർജ് ചെയ്തിരിക്കുന്ന പിഴയുടെയും പലിശയുടെയും 25% മാത്രം അടച്ചാൽ മതി. എന്നാൽ മാർച്ച് 31 നു ശേഷമാണ് അടയ്ക്കുന്നതെങ്കിൽ പിഴയുടെയും പലിശയുടെയും 30% ആണ് അടയ്ക്കേണ്ടിവരുന്നത്. സേർച്ച് കേസുകളിൽ ഇവ ബാധകമല്ല.
ഡിപ്പാർട്ട്മെന്റ് അപ്പീൽ ഫയൽ ചെയ്തിട്ടുണ്ടെങ്കിൽ
എന്നാൽ, നികുതിദായകനെതിരായി ഡിപ്പാർട്ട്മെന്റ് അപ്പീൽ നൽകുകയും പ്രസ്തുത അപ്പീലുകൾ 31012020 ൽ നിലനിൽക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഈ സ്കീം അനുസരിച്ച് കേസ് അവസാനിപ്പിക്കാം. അങ്ങനെയുള്ള സാഹചര്യങ്ങളിൽ 31032020 ന് മുന്പ് തുക അടയ്ക്കുകയാണെങ്കിൽ, സാധാരണ കേസുകളിൽ നികുതി തുകയുടെ 50%ഉം സേർച്ച് കേസുകളിൽ നികുതി തുകയുടെ 62.5% ഉം അടച്ച് കേസ് അവസാനിപ്പിക്കാം. എന്നാൽ മാർച്ച് 31 ന് ശേഷമാണ് അടയ്ക്കുന്നതെങ്കിൽ സാധാരണ കേസുകളിൽ നികുതിത്തുകയുടെ 55% ഉം സേർച്ച് കേസുകളിൽ നികുതി തുകയുടെ 67.5% ഉം അടച്ച് കേസ് അവസാനിപ്പിക്കാം. പിഴയും പലിശയും മാർച്ച് 31 ന് മുന്പ് അടയ്ക്കുകയാണെങ്കിൽ 12.5% ഉം മാർച്ച് 31 ന് ശേഷം അടയ്ക്കുകയാണെങ്കിൽ 15% ഉം ആണ് അടയ്ക്കേണ്ടത്. സേർച്ച് കേസുകളിൽ പിഴയും പലിശയും ഇല്ല.
ഡിക്ലറേഷൻ സമർപ്പിച്ച് 15 ദിവസത്തിനകം കമ്മീഷണറുടെ പക്കൽനിന്ന് അടയ്ക്കേണ്ട തുക സൂചിപ്പിച്ചുകൊണ്ടുള്ള ഓർഡർ ലഭിക്കും. ഇതു ലഭിച്ച് 15 ദിവസത്തിനകം സ്കീം അനുസരിച്ചു പറഞ്ഞിരിക്കുന്ന തുക അടച്ചതിനുശേഷം അതിന്റെ തെളിവ് സഹിതം നിർദിഷ്ട ഫോമിൽ കമ്മീഷണർ മുന്പാകെ ഫയൽ ചെയ്യണം. ഇതു ലഭിച്ചാലുടൻ കമ്മീഷണർ സെറ്റിൽമെന്റ് തുക ലഭിച്ചതായിട്ടുള്ള ഉത്തരവ് പാസാക്കും. മേൽ ഉത്തരവ് അപ്പലേറ്റ് കമ്മീഷണർ മുന്പാകെയും ട്രൈബ്യൂണൽ മുന്പാകെയും സമർപ്പിച്ചുകഴിഞ്ഞാൽ കേസ് പിൻവലിക്കപ്പെട്ടതായി കണക്കാക്കപ്പെടും. എന്നാൽ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പ്രത്യേകം അപേക്ഷ നൽകി കേസ് പിൻവലിക്കണം. എന്നാൽ ഡിക്ലറേഷൻ നൽകിയിരിക്കുന്നതു തെറ്റായ വിവരങ്ങൾ നൽകിയാണെങ്കിലും സ്കീമിൽ പറഞ്ഞിരിക്കുന്നതുപോലെ പ്രവർത്തിക്കാതിരിക്കുകയും ചെയ്താൽ ഉത്തരവ് അസാധുവാകുന്നതും കേസുകൾ പഴയതുപോലെ നിലനിൽക്കുകയും ചെയ്യും.
നിയമം ബാധകമാവില്ലാത്ത അവസരങ്ങൾ
നികുതി കുടിശികയും പിഴയും പലിശയും നിലനിൽക്കുന്ന അപ്പീൽ കേസുകൾ ഉണ്ടായത് 1) ആദായനികുതി നിയമത്തിലെ 153 എ/153 സി വകുപ്പനുസരിച്ച് നടത്തിയ അസസ്മെന്റുകളിൽ ആണെങ്കിൽ (എന്നാൽ നികുതി ബാധ്യത അഞ്ചു കോടി രൂപയിൽ താഴെ ആണെങ്കിൽ ഈ സ്കീം പ്രയോജനപ്പെടുത്താം.) 2) പ്രോസിക്യൂഷൻ നടപടികൾ സ്വീകരിച്ചിരിക്കുന്ന കേസാണെങ്കിൽ 3) വിദേശത്തുനിന്നുള്ള വെളിപ്പെടുത്താത്ത സ്വത്തിന്റെയോ വരുമാനത്തിന്റെയോ ബന്ധപ്പെട്ട അപ്പീൽ ആണെങ്കിൽ 4) ആദായനികുതി നിയമത്തിലെ വകുപ്പുകൾ 90 ഉം 90എ യും പ്രകാരം വിദേശത്തുനിന്നും പരസ്പരം കൈമാറ്റപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിശ്ചയിക്കപ്പെട്ട നികുതിയുടെയും പലിശയുടെയും മേൽ ഉള്ള അപ്പീൽ ആണെങ്കിൽ 5) ആദായനികുതിനിയമം 251 വകുപ്പനുസരിച്ച് ഡിക്ലെയർ ചെയ്യപ്പെട്ട വരുമാനം കൂട്ടേണ്ടതായി നോട്ടീസ് അയച്ചിട്ടുള്ള സാഹചര്യങ്ങൾ ഉണ്ടെങ്കിൽ 6) കള്ളക്കടത്ത്, മണി ലാണ്ടറിംഗ്,അഴിമതിപ്പണം, ബിനാമി പ്രോപ്പർട്ടി ഇടപാടുകൾ, മയക്കുമരുന്ന്, മുതലായവയുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷൻ നടപടികൾ സ്വീകരിച്ചിരിക്കുന്ന കേസാണെങ്കിൽ പ്രസ്തുത നിയമം ബാധകമാകില്ല.