Services & Questions
ഫാമിലി പെൻഷൻ സഹോദരിക്കു കിട്ടാൻ അർഹതയുണ്ട്
Monday, November 30, 2020 4:37 PM IST
എന്റെ പിതാവ് വനംവകുപ്പി ൽ ഗാർഡ് ആയിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം അമ്മയ്ക്ക് ഫാമിലി പെൻഷൻ ലഭിച്ചിരുന്നു. എന്റെ അമ്മ കഴിഞ്ഞമാസം മരിച്ചു. അച്ഛനെയും അമ്മയെയും ആശ്രയിച്ചു കഴിഞ്ഞിരുന്ന മാനസികപ്രശ്നമുള്ള അവിവാഹിതയായ ഒരു സഹോദരിയുണ്ട്. അവൾക്ക് 37 വയസുണ്ട്. അമ്മയ്ക്കു ലഭിച്ചുകൊണ്ടിരുന്ന ഫാമിലി പെൻഷൻ സഹോദരിക്കു കിട്ടാൻ അർഹതയുണ്ടോ ?
രാമചന്ദ്രൻ, റാന്നി
സർവീസ് പെൻഷണറായിരുന്ന ആളുടെ അവിവാഹിതയും മാനസിക ന്യൂനതയുള്ളയാളുമായ 25 വയസിനു മുകളിൽ പ്രായമുള്ള മകൾക്ക് അവരുടെ അമ്മയുടെ മരണശേഷം ഫാമിലി പെൻഷൻ ലഭിക്കാനുള്ള അർഹതയുണ്ട്. അതിന് അച്ഛനമ്മമാരുടെ മരണ സർട്ടിഫിക്കറ്റ്, മാനസികന്യൂനത ഉണ്ടെന്നു തെളിയിക്കുന്ന മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ് എന്നിവയോടൊപ്പം നിലവിലുള്ള ഗാർഡിയൻ ആരാണെന്നു കാണിക്കുന്ന റവന്യു അധികാരിയുടെ സർട്ടിഫിക്കറ്റുകൾ സഹിതം പെൻഷണർ അവസാനം ജോലി ചെയ്തിരുന്ന ഓഫീസ് മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.