എല്ലാ മത/ധർമ സ്ഥാപനങ്ങളും റീ രജിസ്റ്റർ ചെയ്യ
Monday, March 29, 2021 1:55 PM IST
നിലവിൽ ആദായനികുതി നിയമം അനുസരിച്ച് രജിസ്ട്രേഷൻ ലഭിച്ചിട്ടുള്ള എല്ലാ മത/ധർമസ്ഥാപനങ്ങളും 01 04 2021 മുതൽ പുതിയ നിയമം അനുസരിച്ച് വീണ്ടും രജിസ്റ്റർ ചെയ്യണം. ഇതിന് 01 04 2021 മുതൽ 30062021 വരെയുള്ള മൂന്നു മാസം സമയം ആണ് അനുവദിച്ചിരിക്കുന്നത്. 2020 ലെ ബജറ്റ് അനുസരിച്ച് മത/ധർമ സ്ഥാപനങ്ങൾക്ക് നികുതി ഒഴിവുനല്കുന്ന നിയമത്തിൽ കാര്യമായ ചില മാറ്റങ്ങൾ വരുത്തിയിരുന്നു.
ആദായനികുതി നിയമത്തിൽ ചാരിറ്റബിൾ പ്രസ്ഥാനങ്ങൾക്ക് നികുതിയിളവ് നല്‍കിയിരുന്ന വകുപ്പുകളായ 10 (23സി) 11,12 എ, 12 എഎ എന്നിവയിൽ മാറ്റങ്ങൾ വരുത്തി 12 എബി എന്ന പുതിയ വകുപ്പ് ഉൾപ്പെടുത്തി. ഇവയെല്ലാം 2020 ജൂണ്‍ ഒന്നിന് പ്രാബല്യത്തിൽ വന്നു. 2020 ലെ ബജറ്റ് അനുസരിച്ച് മത/ധർമ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ ഡിജിറ്റലൈസ് ചെയ്യുക എന്നതാണ് സർക്കാരിന്റെ പദ്ധതി. അതനുസരിച്ച് നിലവിലുള്ള എല്ലാ മത/ധർമ സ്ഥാപനങ്ങളും 01042021നുശേഷം പുതിയ രജിസ്ട്രേഷനുവേണ്ടി ഇലക്ട്രോണിക് മാർഗത്തിൽ അപേക്ഷ നല്‍കണം. കോവിഡിന്റെ അതിപ്രസരം മൂലം പല പ്രാവശ്യം സമയപരിധി ദീർഘിപ്പിച്ച് ഏപ്രിൽ ഒന്നു മുതൽ മൂന്നു മാസത്തേക്കാക്കിയിരിക്കുകയാണ്.
നിലവിൽ രജിസ്ട്രേഷൻ ഉള്ളവരും വീണ്ടും രജിസ്ട്രേഷൻ എടുക്കണം
നിലവിൽ 12 എഎ പ്രകാരം രജിസ്ട്രേഷനോ 10 (23 സി) പ്രകാരം ഉള്ള അംഗീകാരമോ ഉള്ള സ്ഥാപനങ്ങൾ അടുത്ത സാന്പത്തികവർഷത്തിലേക്ക് പുതിയതായി രജിസ്ട്രേഷൻ എടുക്കേണ്ടതുണ്ട്. പുതിയ രജിസ്ട്രേഷൻ നല്‍കുന്നത് അഞ്ചുവർഷത്തെ പീരിയഡിലേക്കാണ്. അപേക്ഷകൾ ഇൻകം ടാക്സ് പ്രിൻസിപ്പൽ കമ്മീഷണർ മുന്‍പാകെയോ കമ്മീഷണർ മുന്‍പാകെയോ ആണ് സമർപ്പിക്കേണ്ടത്. അപേക്ഷ ലഭിച്ചുകഴിഞ്ഞാൽ മൂന്നു മാസത്തിനകം അടുത്ത അഞ്ചു വർഷത്തെ കാലഘട്ടത്തിലേക്കുള്ള രജിസ്ട്രേഷൻ നൽകുന്നതാണ്.
കാലാവധി അഞ്ചു വർഷത്തേക്കു മാത്രം
നിലവിലുള്ള രജിസ്ട്രേഷൻ ഉപേക്ഷിച്ചു പുതിയ രജിസ്ട്രേഷൻ എടുത്തിട്ടുള്ള എല്ലാ മത/ധർമ സ്ഥാപനങ്ങളും അഞ്ചു വർഷത്തിനുശേഷം വീണ്ടും രജിസ്ട്രേഷൻ എടുക്കണം. അതായത് എടുക്കുന്ന രജിസ്ട്രേഷന്റെ കാലാവധി വെറും അഞ്ചുവർഷത്തേക്കു മാത്രം ആയിരിക്കും. രജിസ്ട്രേഷൻ തടസമില്ലാതെ തുടർന്നുകൊണ്ടുപോകുന്നതിന്, കാലാവധി അവസാനിക്കുന്നതിന് ആറുമാസം മുന്‍പുതന്നെ വീണ്ടും പുതിയ രജിസ്ട്രേഷനുവേണ്ടി അപേക്ഷ സമർപ്പിക്കണം. ഇത് 10 (23സി)യിലുള്ള ഒഴിവിനും ബാധകമാണ്. അപേക്ഷ കമ്മീഷണർ മുന്‍പാകെ ലഭിച്ചുകഴിഞ്ഞാൽ ആറുമാസത്തിനകം പുതിയ രജിസ്ട്രേഷൻ ലഭിക്കുന്നതും അടുത്ത അഞ്ചുവർഷംവരെ തുടർന്നുകൊണ്ടുപോകാവുന്നതും ആണ്. ഉത്തരവ് നൽകുന്നതിനുമുന്പ് പ്രിൻസിപ്പൽ കമ്മീഷണർ / കമ്മീഷണർ ആവശ്യമായ അന്വേഷണങ്ങൾ നടത്തിയതിനുശേഷം പ്രവർത്തനങ്ങൾ തൃപ്തികരം എന്ന് ബോധ്യപ്പെട്ടാൽ മാത്രമേ രജിസ്ട്രേഷൻ തുടർന്നു നൽകുകയുള്ളൂ.
താത്കാലിക രജിസ്ട്രേഷൻ
നിലവിലുള്ള നിയമം അനുസരിച്ച് പ്രൊവിഷണൽ അല്ലെങ്കിൽ താത്കാലിക രജിസ്ട്രേഷൻ എന്ന സംവിധാനം ഇല്ലായിരുന്നു. ആദ്യമായി രജിസ്റ്റർ ചെയ്യുന്ന മത/ധർമ സ്ഥാപനങ്ങൾക്ക് ഇനി ഒരിക്കലും പൂർണമായ രജിസ്ട്രേഷൻ ആദ്യം തന്നെ ലഭിക്കുകയില്ല. ആദ്യം പ്രൊവിഷൻ രജിസ്ട്രേഷൻ എടുത്തതിനുശേഷം പിന്നീട് പൂർണ്ണമായ രജിസ്ട്രേഷനുവേണ്ടി ആവശ്യമായ രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കണം.
പ്രവർത്തനവർഷം തുടങ്ങുന്നതിന് ഒരുമാസം മുന്‍പെങ്കിലും താത്കാലിക രജിസസ്ട്രേഷൻ എടുക്കുന്നതിന് അപേക്ഷ സമർപ്പിക്കണം. അതായത് 202122 സാന്പത്തിക വർഷത്തിൽ തുടങ്ങാൻ ഉദ്ദേശിക്കുന്ന മത/ധർമ സ്ഥാപനങ്ങൾക്ക് ആദായനികുതിയിൽ രജിസ്ട്രേഷൻ എടുക്കണമെങ്കിൽ 2021 മാർച്ച് ഒന്നിനു മുന്‍പെങ്കിലും അപേക്ഷ സമർപ്പിച്ചിരിക്കണം.
പ്രവർത്തനം തുടങ്ങിയാലുടൻ അപേക്ഷ സമർപ്പിച്ചിരിക്കണം
താത്കാലിക രജിസ്ട്രേഷൻ എടുത്തിട്ടുള്ള മത/ധർമ സ്ഥാപനങ്ങൾ അതിന്റെ കാലാവധി അവസാനിക്കുന്നതിന് 6 മാസം മുന്‍പോ അല്ലെങ്കിൽ പ്രവർത്തനം തുടങ്ങി 6 മാസത്തിനകമോ, ഏതാണോ ആദ്യം വരുന്നത്, പൂർണ്ണമായ രജിസ്ട്രേഷന് വേണ്ടി വേണ്ടപ്പെട്ട രേഖകൾ സഹിതം ഇൻകം ടാക്സ് പ്രിൻസിപ്പൽ കമ്മീഷണർ / കമ്മീഷണർ മുന്‍പാകെ അപേക്ഷ സമർപ്പിച്ചിരിക്കണം. രേഖകൾ എല്ലാം തൃപ്തികരമാണെങ്കിൽ ഫൈനൽ രജിസ്ട്രേഷൻ 6 മാസത്തിനകം ഓഫീസിൽ നിന്നും ലഭിക്കും.
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ
താഴെപ്പറയുന്ന ഡോക്കുമെന്റുകൾ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം
1) ട്രസ്റ്റ് ഡീഡിന്റെ പകർപ്പ്.
2) രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ്.
3) രജിസ്ട്രാറുടെ പക്കൽ നിന്നും ലഭിച്ച സർട്ടിഫിക്കറ്റിന്റെ പകർപ്പ്.
4) സൊസൈറ്റിയുടെ പ്രധാന ലക്ഷ്യങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ടെങ്കിൽ അതിന്റെ ബന്ധപ്പെട്ട ഡോക്കുമെന്റ്.
5) അപേക്ഷയുടെ തൊട്ടുമുന്‍പുള്ള മൂന്നു വർഷത്തെ വാർഷിക റിപ്പോർട്ട്.
6) സൊസൈറ്റിയുടെ പ്രവർത്തനങ്ങളെപ്പറ്റി ചുരുക്കത്തിൽ ഒരു വിവരണം.
7) 12 എ/12എഎ അനുസരിച്ച് നിലവിൽ ലഭിച്ചിരിക്കുന്ന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ്.
8) 12 എ/12 എഎ പ്രകാരം മുന്‍പ് സമർപ്പിച്ചിട്ടുള്ള അപേക്ഷകൾ തിരസ്കരിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഓർഡറിന്റെ പകർപ്പ്.
9) എഫ്സിആർഎ രജിസ്ട്രേഷൻ ഉണ്ടെങ്കിൽ അതിന്റെ പകർപ്പ്.
10) കൂടുതലായി എന്തെങ്കിലും സമർപ്പിക്കുവാനുണ്ടെങ്കിൽ അവയും.
മുകളിൽ സൂചിപ്പിച്ചിരിക്കുന്ന എല്ലാ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയി രിക്കണം.