നികുതിദായകന്റെ വരുമാനവും സ്രോതസും അടിസ്ഥാനപ്പെടുത്തി ഫോം ഉപയ
Monday, August 16, 2021 2:13 PM IST
ഓരോ നികുതിദായകന്റെയും വരുമാനത്തെയും വരുമാന സ്രോതസിനെയും സ്റ്റാറ്റസിനെയും അടിസ്ഥാനപ്പെടുത്തിയാണ് ഉപയോഗിക്കേണ്ട ഫോം തീരുമാനിക്കുന്നത്. പ്രായത്തിനനുസരിച്ച് ഓരോ വ്യക്തിക്കും നല്‍കിയിരിക്കുന്ന അടിസ്ഥാനകിഴിവിനു മുകളിലാണ് ആകെ വരുമാനം (കിഴിവിന് മുന്‍പുള്ള വരുമാനം) എങ്കിൽ ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യണം എന്നതാണു ചട്ടം. നിക്ഷേപങ്ങൾക്കും മറ്റും അനുവദിച്ചിരിക്കുന്ന കിഴിവുകൾ എടുത്തുകഴിയുന്പോൾ നികുതിക്കു വിധേയമായ വരുമാനം ഇല്ല എങ്കിലും മൊത്ത വരുമാനം അടിസ്ഥാനകിഴിവിനു മുകളിൽ ആണെങ്കിൽ റിട്ടേണുകൾ ഫയൽ ചെയ്യണം.
ഉപയോഗിക്കേണ്ട ഫോമുകൾ:
ഐടിആർ 4 സുഗം: (വ്യക്തികൾക്കും ഹിന്ദു അവിഭക്തകുടുംബങ്ങൾക്കും പാർട്ണർഷിപ് ഫേമിനും)
റസിഡന്റ് ആയിട്ടുള്ള വ്യക്തികൾക്കും ഹിന്ദു അവിഭക്തകുടുംങ്ങൾക്കും പാർട്ണർഷിപ് ഫേമുകൾക്കും (ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ് ഒഴികെ) അനുമാനനികുതിനിയമം അനുസരിച്ച് ലാഭം എസ്റ്റിമേറ്റ് ചെയ്യുക ആണ് ചെയ്യുന്നതെങ്കിൽ ഫോംനന്പർ ഐടിആർ 4 ആണ് ഉപയോഗിക്കേണ്ടത്. കൂടാതെ 50 ലക്ഷം രൂപയിൽ താഴെ ശന്പളമോ പെൻഷനോ ലഭിക്കുന്ന വ്യക്തികൾക്കും ഈ ഫോം ഉപയോഗിക്കാവുന്നതാണ്.
ഹൗസ് പ്രോപ്പർട്ടി വരുമാനം 50 ലക്ഷം രൂപയിൽ താഴെ ആണെങ്കിലും ലോട്ടറിയിൽനിന്നും കുതിരപ്പന്തയത്തിൽനിന്നും മറ്റു വരുമാനം ഉള്ളവർ ഒഴികെ മറ്റുവരുമാനങ്ങൾ 50 ലക്ഷം രൂപയിൽ താഴെ ആണെങ്കിലും ഈ ഫോം ഉപയോഗിക്കാവുന്നതാണ്.
വരുമാനം എസ്റ്റിമേറ്റ് ചെയ്ത് അനുമാന നികുതി അടയ്ക്കുന്നവർ ബിസിനസ് നടത്തുകയാണെങ്കിൽ ആകെ വിറ്റുവരവ് രണ്ടു കോടി രൂപയിൽ കൂടുതൽ ആകരുത്. രണ്ടു കോടി രൂപയിൽ കൂടുതൽ വിറ്റുവരവുള്ള വ്യക്തികൾ റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് ഐടിആർ 3 എന്ന ഫോമാണ് ഉപയോഗിക്കേണ്ടത്.
ഐടിആർ4 ഉപയോഗിക്കുവാൻ പാടില്ലാത്തവർ
1) ഒന്നിൽ കൂടുതൽ ഹൗസ് പ്രോപ്പർട്ടികളിൽനിന്നും വരുമാനം ഉള്ളവർ 2) മുൻകാലങ്ങളിൽ ഉണ്ടായ നഷ്ടം ഈ വർഷത്തെ റിട്ടേണിലേക്കു കൊണ്ടുവന്നിട്ടുള്ളവരും നടപ്പുവർഷത്തെ നഷ്ടം അടുത്തവർഷത്തേക്ക് ക്യാരി ഫോർവേഡ് ചെയ്തുകൊണ്ടുപോകുന്നവരും ഈ റിട്ടേണ്‍ ഫോം ഉപയോഗിക്കുവാൻ പാടില്ല. 3) കൂടാതെ വിദേശത്ത് സ്വത്തുക്കൾ സന്പാദിച്ചിട്ടുള്ളവരും വിദേശത്തുള്ള ഏതെങ്കിലും ബാങ്കിൽ അക്കൗണ്ട് ഓപ്പറേറ്റ് ചെയ്യുന്നതിന് അധികാരം ഉള്ളവരും വിദേശത്തു നിന്നും വരുമാനം ഉള്ളവരും ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് ഈ ഫോം ഉപയോഗിക്കരുത്. 4) നിങ്ങൾ ഒരു കന്പനിയിലെ ഡയറക്ടർ ആണെങ്കിലും നിങ്ങൾക്ക് ലിസ്റ്റ് ചെയ്യപ്പെടാത്ത ഏതെങ്കിലും കന്പനിയിൽ വർഷത്തിൽ ഏതെങ്കിലും സമയത്ത് ഓഹരി നിക്ഷേപം ഉണ്ടെങ്കിലും ഈ ഫോം ഉപയോഗിച്ച് റിട്ടേണ്‍ ഫയൽ ചെയ്യരുത്.
ഐടിആർ5: പാർട്ണർഷിപ് ഫേം, എൽഎൽപി മുതലായവയ്ക്ക്
പാർട്ണർഷിപ് ഫേമുകൾ, ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ് ഫേമുകൾ അസോസിയേഷൻ ഓഫ് പേഴ്സണ്‍സ്, ബോഡി ഓഫ് ഇൻഡിവിഡ്വൽസ്, ചരമം പ്രാപിച്ചവരുടെ എസ്റ്റേറ്റുകൾ, ഇൻസോൾവെന്റ് ആയിട്ടുള്ളവരുടെ എസ്റ്റേറ്റുകൾ, ബിസിനസ് ട്രസ്റ്റുകൾ മുതലായവരാണ് ഈ ഫോം ഉപയോഗിക്കേണ്ടത്.
ഐടിആർ6: കന്പനികൾക്ക്
ആദായനികുതിയിൽനിന്നും ഒഴിവ് അവകാശപ്പെടുന്ന റിട്ടേണുകൾ ഒഴികെയുള്ള എല്ലാ കന്പനികളും ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് ഫോം നന്പർ ഐടിആർ 6 ആണ് ഉപയോഗിക്കേണ്ടത്.
ഐടിആർ 7: ചാരിറ്റബിൾ സ്ഥാപനങ്ങൾ, രാഷ്ട്രീയപാർട്ടികൾ മുതലായവ
ആദായനികുതി നിയമം 139 (4എ), 139 (4ബി), 139 (4സി), 139 (4ഡി), 139 (4ഇ) 139 (4എഫ്) എന്നീ വകുപ്പുകളനുസരിച്ച് റിട്ടേണുകൾ ഫയൽ ചെയ്യേണ്ട എല്ലാ സ്ഥാപനങ്ങളും ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് ഐടിആർ 7 ആണ് ഉപയോഗിക്കേണ്ടത്. അതനുസരിച്ച് എല്ലാ ചാരിറ്റബിൾ സ്ഥാപനങ്ങളും രാഷ്ട്രീയ പാർട്ടികളും സയന്റിഫിക് റിസർച്ച് അസോസിയേഷനുകളും യൂണിവേഴ്സിറ്റികളും ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് ഐടിആർ 7 ഉപയോഗിക്കണം.
റിട്ടേണുകൾ ഫയൽ ചെയ്യേണ്ട അവസാന തീയതി
202021 സാന്പത്തികവർഷത്തിലെ ആദായനികുതി റിട്ടേണുകൾ താഴെപ്പറയുന്ന തീയതികൾക്കുള്ളിൽ ഫയൽ ചെയ്യേണ്ടതുണ്ട്. പ്രസ്തുത തീയതികൾക്കുള്ളിൽ ഫയൽ ചെയ്യുവവാൻ സാധിച്ചില്ലെങ്കിൽ 2022 ജനുവരി 31 വരെ പിഴ കൂട്ടി വേണം ഫയൽ ചെയ്യുവാൻ.
ഓഡിറ്റ് ആവശ്യമുള്ള വ്യക്തികളും സ്ഥാപനങ്ങളും പങ്കുവ്യാപാരസ്ഥാപനങ്ങൾ ആണെങ്കിൽ അവയുടെ പങ്കുകാരും ട്രാൻസ്ഫർ പ്രൈസിംഗ് കേസുകൾ ഉണ്ടെങ്കിൽ അവരും ഒഴികെയുള്ള എല്ലാവരും 2021 സെപ്റ്റംബർ 30 ന് മുന്‍പ് റിട്ടേണുകൾ ഫയൽ ചെയ്യണം. ഓഡിറ്റ് ആവശ്യമുള്ളവർക്ക് നവംബർ 30 വരെയും ട്രാൻസ്ഫർ പ്രൈസിംഗ് കേസുകളിൽ ഡിസംബർ 31 വരെയും റിട്ടേണുകൾ ഫയൽ ചെയ്യാവുന്നതാണ്.
കുറിപ്പ്: ഐടിആർ 1, ഐടിആർ 2, ഐടിആർ 3 എന്നീ റിട്ടേണ്‍ ഫോമുകൾ ഉപയോഗിക്കേണ്ടവരെപ്പറ്റി കഴിഞ്ഞ തിങ്കളാഴ്ചത്തെ ദീപികയിൽ വിശദീകരിച്ചിട്ടുണ്ട്.