പാൻ ആധാറുമായി ലിങ്ക് ചെയ്തില്ലേ? പിഴയടച്ച് ലിങ്ക് ചെയ്യാൻ ഇനിയും സമയമുണ്ട്
Tuesday, April 5, 2022 11:49 AM IST
ഒരു വ്യക്തിക്കുതന്നെ പല പാൻ കാർഡുകളും പല വ്യക്തികൾക്ക് ഒരു പാനും ഉണ്ടായിട്ടുള്ള കേസുകൾ ആദായനികുതി വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ള സാഹചര്യങ്ങൾ പൂർണമായും അവസാനിപ്പിക്കുന്നതിനുവേണ്ടിയാണ് പാൻ ആധാറുമായി ലിങ്ക് ചെയ്യുന്നത്.
ഇതു 2017ൽ തുടങ്ങിയ നടപടിയാണെങ്കിലും 2022 മാർച്ച് ആയിട്ടും പൂർണമായിട്ടില്ല. പാനും ആധാറും ആയി ലിങ്ക് ചെയ്യുന്നതിന് ഗവണ്മെന്റ് ഫീസ് ഒന്നും 2022 മാർച്ച് 31 വരെ വാങ്ങിയിരുന്നില്ല. എന്നാൽ 2022 മാർച്ച് 31 ഓടുകൂടി ഈ സൗജന്യം അവസാനിച്ചു.
ആദായനികുതി നിയമം 139 എഎ(2) അനുസരിച്ച് 01072017നുമുന്പ് പാൻ കാർഡ് കരസ്ഥമാക്കിയിരിക്കുന്നവർ അവരുടെ ആധാർ നന്പർ ഡിപ്പാർട്ട്മെന്റിനെ നിശ്ചിത തീയതിക്കകം അറിയിക്കണമെന്ന് നിഷ്കർഷിക്കുന്നു. അല്ലാത്തപക്ഷം പാൻ അസാധു ആകുമെന്നും സൂചിപ്പിച്ചിട്ടുണ്ട്.
പ്രസ്തുത നിശ്ചിത തീയതി പല കാരണങ്ങളാൽ പലപ്രാവശ്യം ദീർഘിപ്പിച്ചു നല്‍കിയിട്ടുണ്ട്. അവസാനമായി ദീർഘിപ്പിച്ചു നല്കിയ സമയം 2022 മാർച്ച് 31 ന് അവസാനിച്ചു. നാളിതുവരെ ലിങ്ക് ചെയ്യാൻ സാധിക്കാത്തവർക്ക് 500 രൂപ ഫീസായി അടച്ച് 30062022 നു മുന്‍പ് ലിങ്ക് ചെയ്യാവുന്നതാണ്. ആ കാലാവധിയും ഉപയോഗിക്കാത്തവർക്ക് 1000 രൂപ ഫീസടച്ച് 31032023 വരെ ലിങ്ക് ചെയ്യുവാൻ സാധിക്കും. 31032023നകം പാൻ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ അസാധുവാകും.
പാൻ അസാധു ആയാൽ
1) വ്യക്തിക്ക് ആദായനികുതി റിട്ടേണ്‍ ഫയൽ ചെയ്യാൻ സാധിക്കില്ല.
2) ഫയൽ ചെയ്ത റിട്ടേണുകൾ പോലും പ്രോസസ് ചെയ്യില്ല.
3) ലഭിക്കുവാനുള്ള റീഫണ്ട് ലഭിക്കില്ല.
4) ഫയൽ ചെയ്ത റിട്ടേണ്‍ ഡിഫക്ടീവ് ആണെങ്കിൽ പ്രൊസീഡിംഗ്സ് പൂർത്തിയാക്കാൻ സാധിക്കില്ല.
5) പാൻ അസാധുവായാൽ സ്രോതസിൽ നികുതി ഉയർന്ന നിരക്കിൽ പിടിക്കേണ്ടതായി വരും.
6) ബാങ്കിലും സാന്പത്തിക സ്ഥാപനങ്ങളിലും ഉള്ള ഇടപാടുകൾക്ക് ബുദ്ധിമുട്ടുണ്ടാവും. കൂടാതെ, ഒട്ടനവധി മേഖലകളിൽ പാൻ ആവശ്യപ്പെടാറുണ്ട്. അവിടെയെല്ലാം ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കേണ്ടിവന്നേക്കാം.
ഒഴിവുള്ളവർ
11052017ൽ ഇറങ്ങിയ വിജ്ഞാപനം 1513 പ്രകാരം കേന്ദ്രഗവണ്മെന്റ് താഴെപ്പറയുന്ന വിഭാഗത്തെ ആദായനികുതിയിലെ 139 എഎയുടെ പരിധിയിൽനിന്നും ഒഴിവാക്കിയിരുന്നു. 1. ആസാം, മേഘാലയ, ജമ്മുകാശ്മീർ എന്നിവിടങ്ങളിൽ ഉള്ളവർ 2. ആദായനികുതി നിയമപ്രകാരം നോണ്‍ റെസിഡന്റ് ആയിട്ടുള്ളവർ, 3. 80 വയസിൽ കൂടുതൽ പ്രായമുള്ള മുതിർന്ന പൗരന്മാർ, വിദേശ പൗരന്മാർ ആദായ നികുതി നിയമം അനുസരിച്ച് ഇന്ത്യയിൽ വർഷത്തിൽ 182 ദിവസങ്ങളിൽ താഴെയാണ് താമസിച്ചതെങ്കിൽ ആ വ്യക്തിയെ നോണ്‍ റെസിഡന്റ് ആയി കണക്കാക്കും.
പക്ഷേ ആധാർ ആക്ടിൽ 182 ദിവസങ്ങൾ എന്നുള്ളത് പിന്നീട് ഒഴിവാക്കി. അതിനാൽ നോണ്‍ റെസിഡന്റ്സിന് ഇന്ത്യയിൽ വരുന്പോൾ എപ്പോൾ വേണമെങ്കിലും ആധാർ സ്വന്തമാക്കാം. ആധാർ ലഭിച്ചുകഴിഞ്ഞാൽ ലിങ്ക് ചെയ്യുന്നതാണു നല്ലത്.
ഇൻകം ടാക്സ് റൂൾസിലെ 114 എഎഎ അനുസരിച്ച് 142023 മുതൽ ആധാർ ഹാജരാക്കത്തതിനാൽ പാൻ അസാധു ആകുന്നവർ പാൻ സമർപ്പിക്കേണ്ടിവരുന്ന സാഹചര്യങ്ങളിൽ അങ്ങനെ ചെയ്യാൻ സാധിക്കാതെ വരുമെന്നും അതിനുള്ള നടപടികൾ അഭിമുഖീകരിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ആധാർ ആക്ട് അനുസരിച്ച് പാൻ ലിങ്ക് ചെയ്യുന്നതിൽനിന്ന് ഒഴിവ് ചിലർക്ക് ലഭിച്ചിട്ടുണ്ടെങ്കിലും പ്രായോഗികതലത്തിൽ ആധാർ ഇല്ലെങ്കിൽ പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വരും.
സിം കാർഡിന് അപേക്ഷിക്കുന്പോഴും പ്രവേശന പരീക്ഷകൾക്ക് അപേക്ഷിക്കുന്പോഴും എല്ലാം ആധാർ ആവശ്യപ്പെടാറുണ്ട്. അതിനാൽ സാധിക്കുന്നവർ ആധാർ എടുക്കുകയും അവ പാനുമായി ലിങ്ക് ചെയ്യുകയും ആണ് ഉചിതം എന്ന് തോന്നുന്നു.