ഓഡിറ്റ് ചെയ്യേണ്ട വിഭാഗങ്ങൾ
Monday, October 8, 2018 2:42 PM IST
ഒരു കോടി രൂപയിൽ കൂടുതൽ വാർഷിക വിറ്റുവരവുള്ള വ്യാപാരികളും 50 ലക്ഷം രൂപയിൽ കൂടുതൽ പ്രൊഫഷനിൽനിന്നും വരുമാനമുള്ള പ്രൊഫഷണലുകളും ആദായനികുതിനിയമം 44 എ.ബി. വകുപ്പനുസരിച്ച് കണക്കുകൾ ചാർട്ടേഡ് അക്കൗണ്ടിനെക്കൊണ്ട് ഓഡിറ്റ് ചെയ്യിക്കേണ്ടതാണ്. പ്രസ്തുത കണക്കുകൾ ഓഡിറ്റ് ചെയ്ത റിപ്പോർട്ടും ആദായനികുതി റിട്ടേണുകളും ഫയൽ ചെയ്യേണ്ട അവസാനതീയതി സെപ്റ്റംബർ 30ൽനിന്ന് ഒക്ടോബർ 15 വരെ സിബിഡിടി ദീർഘിപ്പിച്ച് നൽകിയിട്ടുണ്ട്. ( ഒക്ടോബർ 31 വരെ ദീർഘിപ്പിച്ച് നൽകണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്). ആദായനികുതി നിയമം 44 എ.ബി. അനുസരിച്ചുള്ള ഓഡിറ്റിൽ നിയമത്തിലെ എല്ലാ വ്യവസ്ഥകളും പാലിച്ചിട്ടുണ്ടോ എന്ന വിവരം ചാർട്ടേഡ് അക്കൗണ്ടന്റ് പരിശോധിക്കേണ്ടതുണ്ട്. ഓഡിറ്റ് പൂർത്തിയായതിന് ശേഷം ചാർട്ടേഡ് അക്കൗണ്ട് ഓഡിറ്റ് റിപ്പോർട്ട് ഫോം നന്പർ 3 സി.ബി.യിലും 3 സി.ഡി.യിലും നൽകണം.
നിയമങ്ങൾ പാലിക്കപ്പെട്ടിട്ടുണ്ടോ എന്നുള്ള പരിശോധനയോടൊപ്പം സൂക്ഷിച്ചിരിക്കുന്ന കണക്കുബുക്കുകളുടെ വിശ്വാസ്യതയും വരുമാനത്തിന്റെ നിജസ്ഥിതിയും ചെലവുകളുടെ യാഥാർഥ്യങ്ങളും ചാർട്ടേഡ് അക്കൗണ്ടന്റ് പരിശോധിക്കേണ്ടതായിട്ടുണ്ട്. പ്രസ്തുത പരിശോധനകൾ ചാർട്ടേഡ് അക്കൗണ്ടന്റ് നടത്തുന്നതിനാൽ നികുതി ഉദ്യോഗസ്ഥർക്ക് അവരുടെ സമയം ഫലപ്രദമായ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും.
ടേണോവർ നിശ്ചയിക്കുന്നത്
നികുതിദായകന് വ്യത്യസ്തങ്ങളായ ബിസിനസുകൾ ഉണ്ടെങ്കിൽ അവയുടെ മൊത്തം വിറ്റുവരവാണ് ഓഡിറ്റിനുവേണ്ടിയുള്ള ടേണോവറായി എടുക്കേണ്ടത്. എന്നാൽ ഒരു വ്യക്തി ബിസിനസും പ്രൊഫഷനും ഒരേ സമയം നടത്തുകയാണെങ്കിൽ മൊത്തം വിറ്റുവരവ് ഒരു കോടി രൂപയിൽ താഴെയും പ്രൊഫഷനിൽനിന്നുള്ള വരുമാനം 50 ലക്ഷം രൂപയിൽ താഴെയുമാണെങ്കിൽ കണക്കുബുക്കുകൾ നിർബന്ധിത ഓഡിറ്റിന്റെ പരിധിയിൽ വരുന്നതല്ല. താഴെ പറയുന്ന വസ്തുക്കളുടെ വില്പന മൂലമുണ്ടാകുന്ന വിറ്റുവരവുകൾ ടേണോവറായി കണക്കാക്കേണ്ടതില്ല.
1) സ്ഥാവര സ്വത്തുക്കൾ വിൽക്കുന്പോൾ ലഭിക്കുന്ന പണം
2) ഇൻവെസ്റ്റ്മെന്റ്സ് ആയി സൂക്ഷിച്ചിരിക്കുന്ന സ്വത്തുക്കൾ വിൽക്കുന്പോൾ ലഭിക്കുന്ന പണം.
3) വാടകയിൽനിന്ന് ലഭിക്കുന്ന തുക
4) പലിശയിൽനിന്നുള്ള വരുമാനം (പണമിടപാട് സ്ഥാപനങ്ങൾ ഒഴികെ)
5) റീ ഇന്പേഴ്സ്മെന്റ് ചെലവുകൾ
44 എ.ബി. അനുസരിച്ച് കണക്കുബുക്കുകൾ ഓഡിറ്റ് ചെയ്തില്ലായെങ്കിൽ?
ഒരു കോടി രൂപയിൽ കൂടുതൽ വിറ്റുവരവുള്ള വ്യാപാരികളും 50 ലക്ഷം രൂപയിൽ കൂടുതൽ പ്രൊഫഷനിൽനിന്ന് വരുമാനമുള്ളവരും ആദായനികുതി നിയമം 44 എ.ബി. അനുസരിച്ച് കണക്കുകൾ നിർബന്ധമായും ഓഡിറ്റ് ചെയ്യേണ്ടതുണ്ട്. അങ്ങനെ ചെയ്യാത്തപക്ഷം പ്രസ്തുത ടേണോവറിന്റെ 0.5% വരുന്ന തുകയോ 1,50,000 രൂപയോ, ഇതിലേതാണോ കുറവ് പ്രസ്തുത തുക പിഴയായി ഈടാക്കുന്നതാണ്. എന്നാൽ വ്യക്തമായ കാരണങ്ങൾ മുഖാന്തിരമാണ് ഓഡിറ്റിന് താമസം നേരിട്ടതെങ്കിൽ പെനൽറ്റി ചുമത്തപ്പെടുന്നതല്ല. താഴെ പറയുന്ന കാരണങ്ങൾ ഓഡിറ്റിന് നേരിടേണ്ടിവന്ന കാലതാമസം ക്ഷമിക്കുന്നതിനുള്ള മതിയായ കാരണങ്ങളാണെന്ന് വിശ്വസിക്കപ്പെടുന്നു.

1) ടാക്സ് ഓഡിറ്റർ രാജിവയ്ക്കുന്ന അവസരങ്ങൾ
2) അക്കൗണ്ട്സ് കൈകാര്യം ചെയ്തിരുന്ന പാർട്ണറുടെ മരണം
3) തീപിടിത്തംമൂലമോ മോഷണംമൂലമോ അക്കൗണ്ട്സ് ഡേറ്റ നഷ്ടപ്പെട്ടുപോവുകയാണെങ്കിൽ
4) നികുതിദായകന്റെ കഴിവിന് വെളിയിലുള്ള കാരണങ്ങൾ കൊണ്ടാണ് താമസം ഉണ്ടായതെങ്കിൽ.
ഓഡിറ്റ് റിപ്പോർട്ടുകൾ റിവൈസ് ചെയ്യാൻ സാധിക്കുമോ?
സാധാരണ സാഹചര്യങ്ങളിൽ ഓഡിറ്റ് റിപ്പോർട്ടുകൾ റിവൈസ് ചെയ്യുന്നതിന് സാധ്യമല്ല. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ ഓഡിറ്റ് റിപ്പോർട്ടുകൾ റിവൈസ് ചെയ്ത് സമർപ്പിക്കാവുന്നതാണ്. അവ ഇതാണ്.
1) മുൻകാല പ്രാബല്യത്തോടെ നിയമങ്ങൾ മാറ്റപ്പെടുകയാണെങ്കിൽ
2) കോടതി വിധി മുഖാന്തരമോ സിബിഡിറ്റിയുടെ സർക്കുലറോ, നോട്ടിഫിക്കേഷനുകളോ അനുസരിച്ച് നിയമ വ്യാഖ്യാനങ്ങളിൽ മാറ്റങ്ങൾ വരികയാണെങ്കിൽ.
മറ്റ് നിയമങ്ങൾ അനുസരിച്ച് കണക്കുബുക്കുകൾ ഓഡിറ്റ് ചെയ്യപ്പെടുന്ന നികുതിദായകർ ആദായനികുതി നിയമം അനുസരിച്ച് വീണ്ടും ഓഡിറ്റ് ചെയ്യണമോ?
കന്പനികൾ, കോഓപ്പറേറ്റീവ് സൊസൈറ്റികൾ മുതലായവ അവരുടെ നിയമങ്ങൾ അനുസരിച്ച് കണക്കുബുക്കുകൾ ഓഡിറ്റ് ചെയ്യേണ്ടതുണ്ട്. അങ്ങനെയുള്ള നികുതിദായകർ വീണ്ടും ആദായനികുതി നിയമം അനുസരിച്ച് പൂർണമായും ഓഡിറ്റ് ചെയ്യേണ്ടതില്ല. എന്നാൽ വ്യത്യസ്തങ്ങളായ സാന്പത്തിക വർഷങ്ങളാണ് പ്രസ്തുത നികുതിദായകർ അനുവർത്തിക്കുന്നതെങ്കിൽ ബുക്കുകൾ തീർച്ചയായും ആദായനികുതിനിയമം അനുസരിച്ചും ഓഡിറ്റ് ചെയ്യേണ്ടതുണ്ട്. അല്ലാത്തപക്ഷം, ഓഡിറ്റർ ഫോം നന്പർ 3 സി.എ.യിൽ റിപ്പോർട്ട് നൽകിയാൽ മതി.