Services & Questions
ജനനത്തീയതിയിൽ മാറ്റം വരുത്തിയാലും സർവീസിനു ഗുണം ചെയ്യില്ല
Monday, November 19, 2018 2:39 PM IST
എനിക്ക് ഇപ്പോൾ 18 വർഷത്തെ സർവീസുണ്ട്. ഏഴു വർഷത്തെ സർവീസ് ബാക്കിയുണ്ട്. രേഖകളിലുള്ള എന്റെ ജനനത്തീയതിയും യഥാർഥ ജനനത്തീയതിയും തമ്മിൽ ഒന്പതു മാസത്തെ വ്യത്യാസം ഉണ്ട്. എസ് എസ്എൽസി സർട്ടിഫിക്കറ്റ് പ്രകാരമാണല്ലോ നിലവിലെ ജനനത്തീയതി കണക്കാക്കിയിരിക്കുന്നത്. ജനനത്തീയതി ജനന സർട്ടിഫിക്ക് പ്രകാരം മാറ്റിയെടുക്കാൻ സാധിക്കുമോ? അങ്ങനെ മാറ്റിയെടുത്താൽ എനിക്ക് ഒരു വർഷത്തെ സർവീസ് കൂടി ലഭിക്കാൻ സാധ്യതയുണ്ടോ? നടപടിക്രമം എന്താണ്?
വി.കെ. രാജശേഖരൻ, കൊല്ലം
നിലവിലുള്ള നടപടിപ്രകാരം ജനനത്തീയതിയിൽ മാറ്റം ഉണ്ടായാൽതന്നെ യാതൊരുവിധ പ്രയോജനവും ഇല്ല. സർക്കാർ സർവീസിൽ പ്രവേശിച്ച് അഞ്ചു വർഷത്തിനുള്ളിൽ ജനനത്തീയതിയിൽ വ്യത്യാസം ഉണ്ടെങ്കിൽ അത് തിരുത്തണമെന്നാണ് വ്യവസ്ഥ. അഞ്ചു വർഷത്തിനുള്ളിൽ ആണെങ്കിൽ ജനന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ സർവീസിലെ ജനനത്തീയതി തിരുത്താവുന്നതാണ്. അഞ്ചു വർഷത്തിനുശേഷം ജനനത്തീയതിയിൽ തിരുത്തൽ വരുത്തിയാലും അത് സർവീസിനെ ബാധിക്കുകയില്ല.