ആദായനികുതി റിട്ടേണുകൾ ഓഗസ്റ്റ് 31 വരെ ഫയൽ ചെയ്യാം
Monday, July 29, 2019 3:27 PM IST
നിർബന്ധിത ഓഡിറ്റ് ആവശ്യമുള്ള നികുതിദായകരും പങ്ക് വ്യാപാരസ്ഥാപനങ്ങളാണെങ്കിൽ അവയും അവയുടെ പങ്കുകാരും കന്പനികളും ആദായനികുതി നിയമം 92 ഇ അനുസരിച്ച് റിപ്പോർട്ട് സമർപ്പിക്കേണ്ടവരും ഒഴികെയുള്ള എല്ലാ നികുതിദായകരും 201819 സാന്പത്തികവർഷത്തിലെ ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള സമയം 2019 ഓഗസ്റ്റ് 31 വരെ സിബിഡിറ്റി ദീർഘിപ്പിച്ചു നല്‍കിയിട്ടുണ്ട്. ആ തീയതിക്കു മുന്‍പ് ഫയൽ ചെയ്യാൻ സാധിച്ചില്ലെങ്കിൽ ആദായനികുതി നിയമം 234 എഫ് അനുസരിച്ചുള്ള പിഴ നല്‍കേണ്ടി വരും. വരുമാനം മറച്ചുപിടിച്ച് നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നത് അപകടത്തിലേക്കുള്ള മാർഗമാണ്.
ഐടിആർ ഫോമുകൾ
2018 19 സാന്പത്തികവർഷത്തിലേക്ക് ഏഴു തരം ആദായനികുതി റിട്ടേണ്‍ ഫോമുകൾ ഉണ്ട്. ചില റിട്ടേണുകളിൽ നികുതി ദായകനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ നല്കേണ്ടിവരുന്നുണ്ട്. വിവിധ തരം റിട്ടേണുകളെപറ്റിയും അവയുടെ ഉപയോഗത്തെപ്പറ്റിയും ചുരുക്കത്തിൽ;
1) ഐടിആർ 1 (സഹജ്)
ശന്പളം, പെൻഷൻ, ഒരു ഹൗസ് പ്രോപ്പർട്ടിയിൽനിന്നുള്ള വരുമാനം, പലിശയിൽനിന്നുള്ള വരുമാനം മുതലായ വരുമാനങ്ങളുള്ള റെസിഡന്റ് ആയിട്ടുള്ള വ്യക്തികൾക്ക് ഉപയോഗിക്കാവുന്ന ഫോമാണിത്. എന്നാൽ, വരുമാനം അന്‍പതു ലക്ഷം രൂപയിൽ കൂടുതലാണെങ്കിലും കന്പനികളിലെ ഡയറക്ടർമാരാണെങ്കിലും ഏതെങ്കിലും ലിസ്റ്റ് ചെയ്യപ്പെടാത്ത കന്പനികളിലെ ഓഹരികളിൽ നിക്ഷേപങ്ങൾ ഉള്ളവരും ഈ ഫോം ഉപയോഗിക്കരുത്.
2) ഐടിആർ 2
ഐടിആർ 1 ഉപയോഗിക്കാൻ പാടില്ലാത്ത എല്ലാ നോണ്‍ റെസിഡൻസിനും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും വ്യക്തികൾക്കും ബിസിനസിൽനിന്നോ പ്രൊഫഷണിൽനിന്നോ വരുമാനമില്ലെങ്കിൽ ഐടിആർ 2 ഉപയോഗിക്കാം. കന്പനി ഡയറക്ടർമാർക്കും, ലിസ്റ്റ് ചെയ്യപ്പെടാത്ത കന്പനികളിൽ ഓഹരി നിക്ഷേപങ്ങളുള്ളവർക്കും ഈ ഫോമാണ് ഉപയോഗിക്കാവുന്നത്.
3) ഐടിആർ 3
വ്യക്തികൾക്കും ഹിന്ദു അവിഭക്തകുടുംബങ്ങൾക്കും ബിസിനസിൽനിന്നോ പ്രൊഫഷനിൽനിന്നോ വരുമാനമുണ്ടെങ്കിൽ ആദായനികുതി റിട്ടേണുകൾ സമർപ്പിക്കാൻ ഐടിആർ 3 ഉപയോഗിക്കാം.
4) ഐടിആർ 4
ബിസിനസിൽനിന്നോ പ്രൊഫഷനിൽനിന്നോ ഉള്ള വരുമാനം അനുമാനനികുതി അടച്ച് റിട്ടേണുകൾ ഫയൽ ചെയ്യുന്നവർക്കാണ് ഈ ഫോം ഉപയോഗിക്കാവുന്നത്.
5) ഐടിആർ 5
വ്യക്തികളും ഹിന്ദു അവിഭക്ത കുടുംബങ്ങളും കന്പനികളും ഐടിആർ 7 ഉപയോഗിക്കേണ്ടവരും ഒഴികെയുള്ള എല്ലാ നികുതി ദായകർക്കും ഈ ഫോം ഉപയോഗിക്കാം.
6) ഐടിആർ 6
ചാരിറ്റബിൾ സ്ഥാപനങ്ങളായി ആദായനികുതി നിയമത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കന്പനികൾ ഒഴികെയുള്ള എല്ലാ കന്പനികളും ഐടിആർ 6 ആണ് റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് ഉപയോഗിക്കേണ്ടത്.
7) ഐടിആർ 7
ചാരിറ്റബിൾ സ്ഥാപനങ്ങൾ, രാഷ്ട്രീയ പാർട്ടികൾ, ആശുപത്രികൾ, യൂണിവേഴ്സിറ്റികൾ, കോളജുകൾ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതലായവരാണ് ഈ ഫോം ഉപയോഗിച്ച് റിട്ടേണുകൾ ഫയൽ ചെയ്യേണ്ടത്.
ജൂലൈ 31നു മുന്‍പ്
2019 ജൂണ്‍ 30ന് അവസാനിച്ച 2019 20 ലെ ആദ്യ ത്രൈമാസത്തിലെ ടിഡിഎസ് റിട്ടേണുകൾ പിഴകൂടാതെ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി ഈ മാസം 31 ആണ്. ടിസിഎസ് റിട്ടേണുകൾ ഈ മാസം 15നു മുന്‍പ് ഫയൽ ചെയ്യണമായിരുന്നു.