ഓഡിറ്റിനു വിധേയരായിട്ടുള്ള നികുതിദായകർക്ക് ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് ഒക്ടോബർ 31 വരെ സ
Monday, September 30, 2019 2:12 PM IST
ഒരു കോടി രൂപയിൽ കൂടുതൽ വാർഷിക വിറ്റുവരവുള്ള വ്യാപാരികളും 50 ലക്ഷം രൂപയിൽ കൂടുതൽ പ്രൊഫഷനിൽനിന്നു വരുമാനമുള്ള പ്രൊഫഷണലുകളും ആദായനികുതിനിയമം 44 എബി വകുപ്പനുസരിച്ച് കണക്കുകൾ ചാർട്ടേഡ് അക്കൗണ്ടന്റിനെക്കൊണ്ട് നിർബന്ധമായും ഓഡിറ്റ് ചെയ്യിക്കേണ്ടതാണ്. പ്രസ്തുത കണക്കുകൾ ഓഡിറ്റ് ചെയ്ത റിപ്പോർട്ടും ആദായനികുതി റിട്ടേണുകളും ഫയൽ ചെയ്യേണ്ട അവസാനതീയതി സെപ്റ്റംബർ 30ൽനിന്ന് ഒക്ടോബർ 31 വരെ സിബിഡിടി നീട്ടി നൽകിയിരിക്കുന്നു. ഓഡിറ്റ് പൂർത്തിയായതിനു ശേഷം ചാർട്ടേഡ് അക്കൗണ്ടന്റ് ഓഡിറ്റ് റിപ്പോർട്ട് ഫോം നന്പർ 3 സിബിയിലും 3 സിഡിയിലും നൽകണം.
മറ്റു നിയമങ്ങളനുസരിച്ച് കണക്കുബുക്കുകൾ ഓഡിറ്റ് ചെയ്യപ്പെടുന്ന നികുതിദായകർ ആദായനികുതി നിയമം അനുസരിച്ച് വീണ്ടും ഓഡിറ്റ് ചെയ്യണോ?
കന്പനികൾ, കോഓപ്പറേറ്റീവ് സൊസൈറ്റികൾ മുതലായവ അവരുടെ നിയമങ്ങൾ അനുസരിച്ച് കണക്കുബുക്കുകൾ ഓഡിറ്റ് ചെയ്യേണ്ടതുണ്ട്. അങ്ങനെയുള്ള നികുതിദായകർ വീണ്ടും ആദായനികുതി നിയമമനുസരിച്ച് പൂർണമായും ഓഡിറ്റ് ചെയ്യേണ്ടതില്ല. എന്നാൽ, വ്യത്യസ്ത സാന്പത്തികവർഷങ്ങളാണ് പ്രസ്തുത നികുതിദായകർ അനുവർത്തിക്കുന്നതെങ്കിൽ ബുക്കുകൾ തീർച്ചയായും ആദായനികുതിനിയമം അനുസരിച്ചും ഓഡിറ്റ് ചെയ്യേണ്ടതുണ്ട്. അല്ലാത്തപക്ഷം, ഓഡിറ്റർ ഫോം നന്പർ 3 സിഎയിൽ റിപ്പോർട്ട് നൽകിയാൽ മതി.
രണ്ടു കോടി വരെ വിറ്റുവരവുള്ളവ്യാപാരികൾക്ക് 8% / 6% വരുമാനം വെളിപ്പെടുത്തി നികുതി
അടയ്ക്കാം
ആദായനികുതി നിയമം 44 എഡി വകുപ്പനുസരിച്ച് ചുരുക്കം ചില ബിസിനസും ചില നികുതിദായകരും ഒഴികെയുള്ള എല്ലാ വ്യാപാരികൾക്കും അവരുടെ മൊത്തം വാർഷിക വിറ്റുവരവ് 201819 സാന്പത്തികവർഷത്തിൽ രണ്ടു കോടി രൂപയിൽ താഴെ ആണെങ്കിൽ വിറ്റുവരവിന്റെ 8% / 6% തുക വരുമാനമായി കണക്കാക്കി അതിന്റെ നികുതി അനുമാനനികുതി എന്ന പേരിൽ ആദായനികുതി ആയി അടയ്ക്കുകയാണെങ്കിൽ കണക്കുബുക്കുകൾ സൂക്ഷിക്കുന്ന ചുമതലയിൽനിന്ന് അവർക്ക് ഒഴിവ് നേടാം. ആദായനികുതി നിയമം 44 എബി അനുസരിച്ച് ഒരു കോടി രൂപയിൽ കൂടുതൽ വാർഷിക വിറ്റുവരവുള്ള വ്യാപാരികൾ നിയമാനുസൃതം ഓഡിറ്റിന് വിധേയമാക്കേണ്ടതാണ്. എന്നാൽ, 44 എഡി അനുസരിച്ച് അനുമാന നികുതി അടയ്ക്കുന്ന നികുതിദായകർക്ക് രണ്ടു കോടി രൂപ വരെയുള്ള വിറ്റുവരവിനെ ഓഡിറ്റിൽനിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്.
ഇത് അനുവദനീയമല്ലാത്ത ബിസിനസുകാർ?
ഏജൻസി ബിസിനസുകാർക്കും വരുമാനം ബ്രോക്കറേജ് അഥവാ കമ്മീഷൻ ആയിട്ടുള്ളവർക്കും ഈ രീതിയിൽ അനുമാനനികുതി അടയ്ക്കാൻ സാധിക്കില്ല. ഈ സ്കീമിൽപ്പെടുത്തി അനുമാനനികുതി അടയ്ക്കണമെങ്കിൽ നികുതിദായകൻ വ്യക്തിയോ ഹിന്ദു അവിഭക്ത കുടുംബമോ പാർട്ണർഷിപ്പ് ഫേമുകളോ ആയിരിക്കണം. ലിമിറ്റഡ് ലയബലിറ്റി പാർട്ണർഷിപ്പുകൾ അനുവദനീയമല്ല. കൂടാതെ, ഈ മൂന്നു തരം നികുതിദായകരും റെസിഡന്റ് ആയിരിക്കുകയും വേണം.
50 ലക്ഷം രൂപവരെ ആകെ വരവുള്ള പ്രൊഫഷണൽ സ്ഥാപനങ്ങൾ ആകെ വരവിന്റെ 50 ശതമാനം വരുമാനമായി കണക്കാക്കി നികുതി അടയ്ക്കുകയാണെങ്കിൽ കണക്കുബുക്കുകൾ സൂക്ഷിക്കുന്നതിൽനിന്നും ഓഡിറ്റിംഗിന് വിധേയമാകുന്നിൽനിന്നും ഒഴിവ് നേടാവുന്നതാണ്. ആദായനികുതി നിയമം 44 എഡിഎ വകുപ്പനുസരിച്ചാണിത്. (ഓഡിറ്റിംഗിന്റെ പരിധിയും 50 ലക്ഷമായി ഉയർത്തി) ഇതും വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും പാർട്ണർഷിപ്പ് സ്ഥാപനങ്ങൾക്കും മാത്രമാണ് ബാധകം. എല്ലാവരും റെസിഡന്റ് ആയിരിക്കണം.
ബിസിനസിനുണ്ടാകുന്ന ഒരുവിധ ചെലവുകളും ഇതിൽനിന്ന് കിഴിവായി അനുവദിക്കില്ല. സ്ഥാവരവസ്തുക്കളുടെ തേയ്മാനച്ചെലവും കിഴിവായി അംഗീകരിക്കില്ല. തേയ്മാനച്ചെലവ് ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും അംഗീകരിച്ചതായി കണക്കാക്കി ബാക്കി വരുന്ന വരുമാനമാണ് വിറ്റുവരവിന്റെ 8%/ 6% ആയി അംഗീകരിക്കേണ്ടത്. വരുമാനം 8% / 6% ൽ കൂടുതലുണ്ടെങ്കിൽ കൂടിയ തുക വെളിപ്പെടുത്തുന്നതിൽ തടസമില്ല. ചുരുങ്ങിയ തുകയാണ് 8% / 6% ആയി നിജപ്പെടുത്തിയിരിക്കുന്നത്.