സൗഹൃദ ഇടനാഴി കർതാർപുർ
Thursday, November 29, 2018 12:57 AM IST
സജി സിറിയക്
ഏഴു പതിറ്റാണ്ടു മുന്പ് സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള വിഭജനത്തെത്തുടർന്ന് അതിർത്തിയുടെ ഇരുപുറങ്ങളിലായിപ്പോയ സഹോദരങ്ങളാണ് ഇന്ത്യക്കാരും പാക്കിസ്ഥാനികളും. ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞ ആ സാഹോദര്യബന്ധം മെച്ചപ്പെടുത്താൻ ശ്രമങ്ങൾ പിന്നീടു നിരന്തരം നടക്കുന്നുണ്ടെങ്കിലും അതൊന്നും പൂർണഫലം കണ്ടില്ല. ഇണക്കത്തേക്കാൾ പിണക്കങ്ങളുടെ കഥയാണ് ഇന്ത്യ-പാക്കിസ്ഥാൻ ബന്ധത്തിൽ കൂടുതലായുള്ളത്.
നിർദിഷ്ട കർതാർപുർ ഇടനാഴി ഇന്ത്യ-പാക് ജനതകൾ തമ്മിലുള്ള സൗഹൃദത്തിന്റെ പുതിയ പാലമായി മാറുമോ എന്നാണ് സമാധാനകാംക്ഷികൾ ചിന്തിക്കുന്നത്. ഇന്ത്യയിൽ പഞ്ചാബിലെ ഗുർദാസ്പുർ ജില്ലയിലുള്ള ദേരബാബ നാനാക്കിൽനിന്ന് പാക്കിസ്ഥാനിലെ നരോവാൾ ജില്ലയിലുള്ള കർതാർപുർ സാഹിബ് ഗുരുദ്വാരയിലേക്കുള്ള പാതയാണ് കർതാർപുർ ഇടനാഴി.നാലു കിലോമീറ്റർ ദൈർഘ്യമുണ്ട്. സിക്ക് മതസ്ഥാപകനായ ഗുരുനാനാക്ക് കർതാർപുർ ഗുരുദ്വാരയിൽ 18 വർഷം താമസിച്ചിട്ടുണ്ടെന്നാണു വിശ്വാസം. ഇന്ത്യയിൽനിന്നുള്ള സിക്ക് തീർഥാടകർക്ക് ഈ ഇടനാഴിയിലൂടെ വീസയില്ലാതെ അവിടെ എത്താൻ അനുമതി ലഭിക്കും.
സഹകരണത്തിന്റെ പാതയൊരുക്കുന്ന കർതാർപുർ ഇടനാഴിയുടെ നിർമാണം കഴിയുന്നതും വേഗം പൂർത്തിയാക്കാനാണ് ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും തീരുമാനം. ഇടനാഴിയുടെ ഇന്ത്യൻ പക്ഷത്തെ ശിലാസ്ഥാപനം തിങ്കളാഴ്ച ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗും ചേർന്നു നിർവഹിച്ചിരുന്നു. പാക്കിസ്ഥാൻ പക്ഷത്തെ ശിലാസ്ഥാപനം ഇന്നലെയാണു നടന്നത്. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അവിടെ ശിലാസ്ഥാപനം നടത്തി.
പഞ്ചാബ് മന്ത്രിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ നവ്ജ്യോത്സിംഗ് സിദ്ദു പാക്കിസ്ഥാനിലെ ശിലാസ്ഥാപനച്ചടങ്ങിൽ പങ്കെടുത്തിരുന്നു. സിദ്ദു പാക്കിസ്ഥാനിൽ പോകുന്നതിനെതിരേ ഇന്ത്യയിൽ ചില വിമർശനങ്ങൾ ഉയർന്നിരുന്നെങ്കിലും അതെല്ലാം അവഗണിച്ചാണ് ഇമ്രാൻഖാന്റെ സുഹൃത്തുകൂടിയായ സിദ്ദു പാക്കിസ്ഥാനിലേക്കുപോയത്.
സമാധാന ചർച്ചയില്ല
ഒരുവശത്ത് ഇങ്ങനെ സൗഹൃദത്തിന്റെ ഹസ്തം ഇരുരാജ്യങ്ങളും നീട്ടുന്പോൾ മറുവശത്തു ബന്ധം വഷളാകുന്ന സംഭവവികാസങ്ങളും ഉണ്ടാകുന്നു. പാക്കിസ്ഥാനുമായി ഇപ്പോൾ സമാധാന ചർച്ചയില്ലെന്ന് ഇന്ത്യ വ്യക്തമാക്കിക്കഴിഞ്ഞു. ഉഭയകക്ഷി ബന്ധം നേരേയാക്കാനുള്ള ശ്രമങ്ങൾക്ക് ഇതു തിരിച്ചടിയാകും. ക്രിക്കറ്റിലൂടെ ഇന്ത്യക്കാരുമായി വിശാല സൗഹൃദബന്ധമുള്ള ഇമ്രാൻഖാൻ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായപ്പോൾ സമാധാന ചർച്ചയ്ക്കുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, നരേന്ദ്ര മോദി സർക്കാർ അതിനോടത്ര താത്പര്യം പ്രകടിപ്പിച്ചില്ല. പൊതുതെരഞ്ഞെടുപ്പ് അടുത്തുവരവെ പാക്കിസ്ഥാനുമായി സൗഹൃദത്തേക്കാൾ ശത്രുത നിലനിൽക്കുന്നതാണു രാഷ്ട്രീയമായി ഗുണം ചെയ്യുകയെന്നു ബിജെപി കണക്കുകൂട്ടുന്നുണ്ടാവാം. അതിർത്തിയിലും നിയന്ത്രണരേഖയിലും കുറേക്കാലമായി കടുത്ത സംഘർഷത്തിൻെ അന്തരീക്ഷം നിലനിൽക്കുകയാണ്.
ഇന്ത്യയുടെ പ്രതികരണം ആശാവഹമല്ലെന്നു കണ്ടിട്ടാവണം ചൈനയുമായി കൂടുതൽ അടുക്കാൻ ശ്രമിക്കുകയാണ് ഇമ്രാൻഖാൻ. ഇന്ത്യ സാർക്ക് സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചതും കാര്യങ്ങളുടെ കിടപ്പ് എങ്ങനെയാണെന്നു വ്യക്തമാക്കിത്തരുന്നു.
ഈ പശ്ചാത്തലത്തിലാണ് പ്രതീക്ഷയുടെ രജതരേഖപോലെ കർതാർപുർ ഇടനാഴി വാർത്തയിൽ വരുന്നത്. കേന്ദ്രത്തിലെ സിക്ക് മന്ത്രിമാരായ ഹർസിമ്രത് കൗർ ബാദലും ഹർദീപ്സിംഗ് പുരിയും ഇന്നലെ പാക്കിസ്ഥാനിൽ നടന്ന ശിലാസ്ഥാപനച്ചടങ്ങിൽ പങ്കെടുത്തതു സമാധാന നീക്കങ്ങളോടു മോദി സർക്കാരിനുള്ള അനുകൂല സമീപനത്തിന്റെ സൂചനയായിട്ടാണ് സർക്കാർവൃത്തങ്ങളുടെ വ്യാഖ്യാനം. കർതാർപുർ ഇടനാഴി പദ്ധതി സിക്ക് സമുദായത്തിന്റെ അനുഭാവം നേടാൻ സഹായിക്കുമെന്നു സർക്കാർ കണക്കുകൂട്ടുന്നുണ്ട്.
പാളിയ ലാഹോർ യാത്ര
ഇരുപതുവർഷം മുന്പ് അന്നത്തെ പ്രധാനമന്ത്രി അടൽബിഹാരി വാജ്പേയി നടത്തിയ ലാഹോർ ബസ് യാത്ര ഈയവസരത്തിൽ സ്മരിക്കപ്പെടുന്നുണ്ട്. വാജ്പേയിയും അന്നത്തെ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫും തുടങ്ങിവച്ച സമാധാന നീക്കങ്ങളുടെ ഭാഗമായിട്ടായിരുന്നു ആ ബസ് യാത്ര. ഡൽഹിയെയും ലാഹോറിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ബസ് സർവീസ് ഉഭയകക്ഷി ബന്ധത്തിൽ പുതിയ അധ്യായം രചിക്കുമെന്നു വ്യാപകമായ പ്രതീക്ഷയുണ്ടായി. പക്ഷേ അതിർത്തിസംഘർഷത്തിന്റെ പഴയ നാളുകളിലേക്ക് മടങ്ങിപ്പോകാൻ അധികം കാലമെടുത്തില്ല.
കാർഗിൽ യുദ്ധം ലാഹോർയാത്രയുടെ ചൈതന്യവും പരസ്പരവിശ്വാസവും പാടേ തകർത്തു. വാജ്പേയിയും നവാസ് ഷെരീഫും സൗഹൃദത്തിന്റെ കൈപിടിച്ചിരിക്കുന്പോഴാണ് പാക്കിസ്ഥാൻ സൈന്യം അതിർത്തി കടന്നെത്തി കാർഗിൽ മലകളിലേക്കു നുഴഞ്ഞുകയറിയത്. അതു തിരിച്ചുപിടിക്കാനുള്ള ഇന്ത്യയുടെ ശ്രമം വിജയിച്ചത് നൂറുകണക്കിനു ധീരസൈനികരുടെ ജീവൻ ബലികൊടുത്തുകൊണ്ടായിരുന്നു. ഇന്ത്യ-പാക് ബന്ധം പിന്നെയൊരിക്കലും യഥാർഥ സൗഹൃദത്തിന്റെ തലത്തിലേക്ക് ഉയർന്നിട്ടില്ല.
സഞ്ചാരപ്രിയനായ നരേന്ദ്രമോദിക്കു കർതാർപുർ സാഹിബിലേക്ക് സിക്ക് തീർഥാടകരെ നയിച്ചുകൊണ്ടു യാത്ര നടത്തി വാർത്തകളിൽ ഇടംനേടാൻ ആഗ്രഹമുണ്ടാവാം. പക്ഷേ യാഥാർഥ്യങ്ങൾ അവഗണിക്കാൻ അദ്ദേഹത്തിനാവില്ലല്ലോ. അധിനിവേശ കാഷ്മീരിലെ തങ്ങളുടെ അവകാശവാദങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ ഇന്ത്യയുമായുള്ള വാണിജ്യബന്ധങ്ങൾ മെച്ചപ്പെടുത്തുക എന്നതായിരുന്നു വാജ്പേയിയുടെ കാലത്ത് നവാസ് ഷെരീഫിന്റെ ലക്ഷ്യം. ഇപ്പോൾ പാക്കിസ്ഥാൻ സാന്പത്തികഞെരുക്കത്തിൽ വിഷമിച്ചുകഴിയുന്പോൾ ഇമ്രാൻഖാൻ ആഗ്രഹിക്കുന്നതും അതുതന്നെ.
കടിഞ്ഞാൺ സൈന്യത്തിന്
ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനു പാക്കിസ്ഥാനിലെ ജനാധിപത്യ സർക്കാരുകൾ എത്രമാത്രം ആഗ്രഹിച്ചാലും അന്തിമമായി കാര്യങ്ങൾ തീരുമാനിക്കുന്നത് പാക് സൈന്യമാണ്. പ്രധാനമന്ത്രി നവാസ് ഷെരീഫിനെപ്പോലും അറിയിക്കാതെ കാർഗിൽ നുഴഞ്ഞുകയറ്റം ആസൂത്രണം ചെയ്തത് അന്നത്തെ പാക് സൈനികമേധാവി ജനറൽ പർവേസ് മുഷാറഫായിരുന്നു. അതിനു വലിയ വില കൊടുക്കേണ്ടിവന്നതാകട്ടെ നവാസ് ഷെരീഫിനും. പട്ടാളത്തിന്റെ നോമിനി എന്ന് ആക്ഷേപം പേറുന്ന ഇമ്രാൻഖാൻ പാക് സൈനികമേധാവി ജനറൽ ഖാമർ ബജ്വയുമായി ആലോചിച്ചാണ് ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത്. അതുകൊണ്ട് നവാസ് ഷെരീഫിനു പറ്റിയതുപോലുള്ള അമളികൾ ഇമ്രാനു പിണയാൻ സാധ്യത കുറവാണ്. ഇന്ത്യ-പാക് ബന്ധങ്ങളിൽ വലിയ അദ്ഭുതങ്ങൾ പ്രതീക്ഷിക്കേണ്ട എന്നർഥം.
ഇന്ത്യയിൽ ഭീകരപ്രവർത്തനം നടത്താനും അതിർത്തിയിൽ നുഴഞ്ഞുകയറാനും ഭീകരർക്ക് പരിശീലനവും സഹായവും നൽകുന്നതു പാക് സൈന്യവും പാക് ചാരസംഘടനയായ ഐഎസ്ഐയുമാണെന്നതു രഹസ്യമല്ല. ഇന്ത്യയുടെ അഭ്യർഥനകളും അമേരിക്കയുടെ താക്കീതുകളും ഉണ്ടായിട്ടും അതു നിർത്താൻ പാക്കിസ്ഥാൻ തയാറായിട്ടില്ല. അതിനിടയിലുള്ള സൗഹൃദപ്രകടനങ്ങൾക്കു കച്ചവടലക്ഷ്യങ്ങൾക്കപ്പുറമുള്ള അർഥങ്ങൾ കാണാതിരിക്കുന്നതാണു വിവേകം.