കോട്ടയത്തിന്റെ അഭിമാനഭാജനങ്ങളായ രണ്ടു പിതാക്കന്മാർ
Saturday, July 26, 2025 2:00 AM IST
ആർച്ച്ബിഷപ് മാത്യു മൂലക്കാട്ട്
(കോട്ടയം അതിരൂപത മെത്രാപ്പോലീത്താ)
കോട്ടയം അതിരൂപതയ്ക്കും ക്നാനായ ജനതയ്ക്കും അവിസ്മരണീയ സംഭാവനകൾ ചെയ്ത രണ്ടു മഹാരഥന്മാരുടെ സ്മരണ ഒന്നിച്ചാചരിക്കുന്ന സവിശേഷ മുഹൂർത്തമാണിത്. കോട്ടയം വികാരിയാത്തിന്റെ പ്രഥമ മെത്രാനെന്ന നിലയിൽ രൂപതയ്ക്ക് ഒരു വിദഗ്ധ ശില്പിയെപ്പോലെ അസ്തിവാരമിട്ട പുണ്യചരിതനാണ് മാർ മത്തായി മാക്കീൽ. അദ്ദേഹത്തിന്റെ വീരോചിത സുകൃതങ്ങൾ അംഗീകരിച്ച് ധന്യൻ എന്ന നാമധേയത്തിന് അദ്ദേഹം അർഹനാണെന്ന് തിരുസഭ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നു നാം അനുസ്മരിക്കുന്ന രണ്ടാമത്തെ വ്യക്തി ക്രാന്തദർശിയായ മാർ തോമസ് തറയിലാണ്. രൂപതയുടെ തൃതീയ മേലധ്യക്ഷനായിരുന്ന അദ്ദേഹം കാലംചെയ്തിട്ട് അര നൂറ്റാണ്ടു പൂർത്തിയാകുന്നു. മാക്കീൽ പിതാവും തുടർന്ന് ചൂളപ്പറന്പിൽ പിതാവും കണ്ട മഹാസ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും അവർ ആരംഭമിട്ട രൂപതാസൗധം പടുത്തുയർത്താനും തറയിൽ പിതാവ് ചെയ്ത കഠിനാധ്വാനം ചരിത്രത്തിന്റെ ഭാഗമാണ്.
ഈ രണ്ടു പിതാക്കന്മാരും നേതൃത്വം കൊടുത്തതും തുടങ്ങിവച്ചതുമായ പ്രസ്ഥാനങ്ങൾ അവരുടെ ആദർശലക്ഷ്യങ്ങൾക്കനുസൃതം വളർത്തി വലുതാക്കുകയെന്നതാണ് നാമേവരുടെയും ദൗത്യം. അവയുടെ ഗുണഫലങ്ങൾ അനുഭവിക്കുന്ന നമുക്ക് അവരോടു കൃതജ്ഞരായിരിക്കേണ്ടതു വെറും കടമ മാത്രമാണ്. രൂപതാ മെത്രാന്മാർ എന്ന നിലയിൽ അവർ ഇരുവരുടെയും പ്രഥമശ്രദ്ധ സ്വന്തം ജനതയുടെ ഉന്നമനമായിരുന്നു എന്നതിൽ തർക്കമില്ല. എന്നാൽ അതൊരിക്കലും സങ്കുചിതമായ ജാതിമത ചിന്തകൾകൊണ്ടു പരിമിതപ്പെടുത്തിയിരുന്നുമില്ല. കേരളവും ഭാരതവും പോലെയുള്ള ഒരു ബഹുസ്വരസമൂഹത്തിൽ അത്തരം വിഭാഗീയ പ്രവണതകൾകൊണ്ടു പൊതുസമൂഹത്തിന്റെ പിന്തുണ ആർജിക്കാൻ സാധ്യമല്ലല്ലോ. ഓരോ ജനവിഭാഗത്തിന്റെയും ഉന്നമനവും പുരോഗതിയും സമൂഹത്തിന്റെ ആകമാനമുള്ള വികസനത്തിന് ആക്കം കൂട്ടുകതന്നെ ചെയ്യും, കാട്ടരുവികളും ചെറുനദികളും വ്യത്യസ്ത നീരൊഴുക്കുകളായി ഉത്ഭവിച്ച് ഒരു വൻനദിയായി ഒന്നിച്ചൊഴുകുംപോലെയാണത്.
മാക്കീൽ പിതാവ് കോട്ടയം രൂപതാധ്യക്ഷനാകുന്നതിനു മുന്പ് ഏതാണ്ട് 15 കൊല്ലം അവിഭക്ത ചങ്ങനാശേരി വികാരിയാത്തിന്റെ തലവനായിരുന്നു. അതിനു മുന്പുതന്നെ വിവിധ തലങ്ങളിൽ വികാരിയാത്തിനെ അടുത്തറിയാൻ അദ്ദേഹത്തിന് അവസരം കിട്ടി. അജഗണങ്ങളുടെ ആത്മീയജീവിതം പരിപോഷിപ്പിക്കുക, സഭാത്മക ജീവിതം കെട്ടിപ്പടുക്കുക എന്നിവയായിരുന്നു അദ്ദേഹത്തിന്റെ മുഖ്യപ്രവർത്തനപദ്ധതി. പിന്നീട് സീറോ മലബാർ സഭയിലാകമാനം രൂപതാ ഭരണത്തിന് ഉപാദാനമായി വർത്തിച്ച ദെക്രെത്തു പുസ്തകം അദ്ദേഹത്തിന്റെ അതുല്യ സംഭാവനയാണ്.
വിസിറ്റേഷൻ സന്യാസിനീസമൂഹത്തിന്റെ സ്ഥാപനവും തുല്യപ്രാധാന്യമുള്ളതാണ്. സമർപ്പിത ചേതസുകളായ സന്യാസിനിമാരുടെ സഭാശുശ്രൂഷ അജപാലനരംഗത്തു മാത്രമല്ല, സാമൂഹ്യസേവന-ആരോഗ്യശുശ്രൂഷാ-വിദ്യാഭ്യാസ-തൊഴിൽ മേഖലകളിലെല്ലാം വരുത്തിയ വിപ്ലവകരമായ മാറ്റങ്ങൾക്ക് കേരളീയസമൂഹം സാക്ഷിയാണ്. സമൂഹനിർമിതിയിൽ സ്ത്രീജനങ്ങളുടെ പങ്കിനെപ്പറ്റി പറയുന്പോൾ അത് സ്ത്രീ-പുരുഷ സമത്വത്തിന് എതിരാണെന്ന് വ്യാഖ്യാനിക്കുക ശരിയല്ല. സ്ത്രീക്കും പുരുഷനൊപ്പം തുല്യതയും മഹത്വവുമുണ്ട്.
അതുകൊണ്ടുതന്നെ സ്ത്രീകളെ അവഗണിച്ചുകൊണ്ടുള്ള സാമൂഹ്യ പുരോഗതി അചിന്ത്യമാണ്. സ്ത്രീകളെ പൊതുജീവിതത്തിന്റെ വിവിധ ധാരകളുമായി സംയോജിപ്പിക്കുന്നതിനും അവരുടെ ആത്മാഭിമാനം ഉണർത്തി ഉത്തമപൗരരാക്കി പരിവർത്തിപ്പിക്കുന്നതിനും നമ്മുടെ സന്യാസിനീ സമൂഹങ്ങൾ നിസ്തുലമായ സംഭാവനകളാണു നല്കിയിട്ടുള്ളത്. സീറോമലബാർ സഭയിലെ മൂന്നാമത്തെ സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകൻ എന്ന നിലയിൽ മാക്കീൽ പിതാവിന്റെ ദീർഘവീക്ഷണത്തിനും നേതൃവൈഭവത്തിനും നാം ഏറെ കടപ്പെട്ടിരിക്കുന്നു.
മാക്കീൽ പിതാവിനെ ധന്യപദവിയിലേക്കുയർത്തിയതിന് കൃതജ്ഞതയർപ്പിക്കുന്ന ഈ സന്ദർഭത്തിൽ അദ്ദേഹത്തിന്റെ ആത്മീയ നേതൃത്വത്തിന്റെ സവിശേഷതകളും ചർച്ച ചെയ്യപ്പെടേണ്ടതാണ്. രൂപതാംഗങ്ങളുടെ ആത്മീയവളർച്ചയ്ക്കായി അദ്ദേഹം തയാറാക്കിയ ഇടയലേഖനങ്ങൾ ഇന്നും പ്രസക്തമാണ്. മദ്യവിപത്ത് പോലെയുള്ള സാമൂഹ്യതിന്മകൾക്കെതിരേ അക്കാലത്തുതന്നെ അദ്ദേഹം മുന്നറിയിപ്പു നൽകിയിരുന്നു. വിശ്വാസപരിശീലനത്തിന് വേദോപദേശഗ്രന്ഥം പ്രസിദ്ധീകരിച്ചു. അതോടൊപ്പം സ്വയം ആത്മീയസപര്യ ഒരു യഥാർഥ ദൈവോപാസകനെപ്പോലെ ആചരിക്കുകയും ചെയ്തു. ഉപദേശിക്കുന്ന സുകൃതങ്ങൾ സ്വയം അനുഷ്ഠിച്ചു പരിശീലിച്ച അദ്ദേഹം അങ്ങനെയാണ് രൂപതാധ്യക്ഷൻ എന്ന ആത്മീയഗുരുവുമായി പരിണമിച്ചത്. ഭരണാധികാരിയായിരിക്കുന്പോൾതന്നെ തികഞ്ഞ ആത്മീയ മനുഷ്യനുമായിരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. പ്രാർഥനയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ ഊർജം. ആ ഊർജമാണ് അദ്ദേഹത്തിൽ വിളങ്ങിയിരുന്ന സുകൃതങ്ങളുടെയെല്ലാം പ്രഭവസ്ഥാനം. നേരിടേണ്ട സഹനങ്ങളെ അതിജീവിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയതും പ്രാർഥനയിൽനിന്നു കൈവന്ന ആത്മീയശക്തിയായിരുന്നു.
കോട്ടയം രൂപതയുടെയും ക്നാനായ ജനതയുടെയും ഭാഗധേയം നിർണയിക്കുന്നതിൽ നിസ്തുലമായ പങ്കുവഹിച്ച പ്രതിഭാധനനാണ് മാർ തോമസ് തറയിൽ പിതാവ്. വ്യക്തിപ്രഭാവവും ബുദ്ധിവൈഭവവും ഒത്തിണങ്ങിയ അപൂർവ വ്യക്തിത്വം. ദൈവശാസ്ത്ര-സെക്കുലർ വിഷയങ്ങളിൽ മികച്ച വിദ്യാഭ്യാസം നേടാൻ വന്ദ്യ ചൂളപ്പറന്പിൽ പിതാവ് അദ്ദേഹത്തിന് അവസരം നല്കിയത്, അദ്ദേഹത്തിൽ തന്റെ പിൻഗാമിയെ ദർശിച്ചുകൊണ്ടായിരിക്കണം.
ആ ദീർഘദർശിത്വം ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു. തന്റെ നേതൃപാടവവും ഇച്ഛാശക്തിയും വ്യക്തിജീവിതത്തിൽ പുലർത്തിയ അച്ചടക്കവും നിസ്വാർഥതയുമൊക്കെ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിനു പരഭാഗശോഭപകർന്നു. ക്നാനായ സമുദായം ഉൾപ്പെട്ടിരിക്കുന്ന സീറോമലബാർ സഭയുടെ അനന്യതയും വ്യക്തിത്വവും സാഭിമാനം അദ്ദേഹം ഉയർത്തിപ്പിടിക്കുകയുണ്ടായി. സഭയിലെ ഇതര മെത്രാന്മാരോട് അദ്ദേഹം പുലർത്തിയിരുന്ന സഹോദരനിർവിശേഷമായ ആദരവും സ്നേഹവും എടുത്തുപറയേണ്ടതാണ്.
മെത്രാന്റെ പ്രഥമ കർത്തവ്യം രൂപതയിലെ ദൈവജനത്തിന്റെ ആത്മീയാഭിവൃദ്ധിയാണെന്നുള്ള ഉറച്ച ബോധ്യം തറയിൽ പിതാവിന്റെ എല്ലാ പ്രവർത്തനങ്ങളിലും നിഴലിച്ചിരുന്നു. അവരെ പഠിപ്പിക്കാൻവേണ്ടി അദ്ദേഹം പഠിച്ചു. വായനയും ധ്യാനവും അദ്ദേഹം മുടക്കിയിരുന്നില്ല. പഠനവും പ്രാർഥനയും വഴി കൈവന്ന ജ്ഞാനം, തികഞ്ഞ ഹൃദയപരമാർഥത, ദൈവജനത്തോടും സഭാ പ്രബോധനങ്ങളോടുമുള്ള വിശ്വസ്തത മുതലായവയൊക്കെ അദ്ദേഹത്തിന്റെ വാക്കിലും എഴുത്തിലും വിളങ്ങിനിന്നു. ഭക്തകൃത്യങ്ങളും കൂദാശകളും അനുഷ്ഠിക്കുന്നതിൽ ഒരു വീഴ്ചയും വരുത്താൻ അദ്ദേഹം തന്നെത്തന്നെ അനുവദിച്ചിരുന്നില്ല.
വിദ്യാഭ്യാസപ്രവർത്തനങ്ങളുടെയും ആതുരസേവനത്തിന്റെയും സാമൂഹ്യശുശ്രൂഷയുടെയും പേരിലാണ് തറയിൽ പിതാവ് കൂടുതലായി ആദരിക്കപ്പെടുന്നത്. പതിനേഴു വർഷം ഹൈസ്കൂളിൽ പ്രധാനാധ്യാപകനായിരുന്ന പിതാവ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം നന്നായി മനസിലാക്കിയിരുന്നു. ഉത്തമവിദ്യാഭ്യാസമാണ് ഉത്തമതലമുറയെ സൃഷ്ടിക്കുന്നതെന്നുള്ള ബോധ്യമാണ് അദ്ദേഹത്തെ പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാനും ഉള്ളവ പരിപാലിക്കാനും പ്രചോദിപ്പിച്ചത്. ആതുര ശുശ്രൂഷയുടെയും സാമൂഹ്യസേവനത്തിന്റെയും ആത്മീയ ചൈതന്യവും കാലഘട്ടത്തിന്റെ ആവശ്യങ്ങളും തിരിച്ചറിഞ്ഞ പിതാവ് തെള്ളകത്ത് ആശുപത്രിക്ക് തുടക്കംകുറിച്ചു. ഇന്ന് സംസ്ഥാനത്തുതന്നെ അറിയപ്പെടുന്ന ആതുരശുശ്രൂഷാ കേന്ദ്രമായി കാരിത്താസ് ആശുപത്രിയുംഅനുബന്ധ സ്ഥാപനങ്ങളും മാറിയിട്ടുള്ളതിൽ നമുക്ക് അഭിമാനിക്കാം.
കോട്ടയത്തെ ബിഷപ് ചൂളപ്പറന്പിൽ മെമ്മോറിയൽ കോളജും ഉഴവൂരെ സെന്റ് സ്റ്റീഫൻസ് കോളജും പിതാവിന്റെ അനശ്വര സ്മാരകങ്ങളാണ്. ഈ സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങിയ ആയിരങ്ങളിൽ എല്ലാ മതവിഭാഗങ്ങളിൽപ്പെട്ടവരുമുണ്ട്; അതുപോലെ ജോലിക്കാരിലും. ബിസിഎം കോളജിന്റെ സ്ഥാപനത്തെപ്പറ്റി ആലോചിക്കാൻ ചേർന്ന യോഗത്തിൽ കോട്ടയത്തെ ഇതര മതസ്ഥരായ പൗരപ്രമുഖരെയും അദ്ദേഹം ക്ഷണിച്ചുവരുത്തിയത് ആ ചിന്താചക്രവാളത്തിന്റെ വിശാലതയാണ് കാണിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസാവകാശങ്ങൾക്കുവേണ്ടി സധൈര്യം പോരാടാനും പിതാവിനു മടിയുണ്ടായില്ല. 1946ലും 1957ലും 1968ലും 1972ലുമുണ്ടായ വിദ്യാഭ്യാസപ്രശ്നങ്ങളിൽ പിതാവ് കാര്യക്ഷമമായി ഇടപെടുകയുണ്ടായി.
രണ്ടാം വത്തിക്കാൻ കൗൺസിലിൽ പങ്കെടുക്കാൻ ഭാഗ്യം ലഭിച്ച തറയിൽ പിതാവ് പ്രസ്തുത കൗൺസിലിന്റെ ചൈതന്യം ഉൾക്കൊണ്ടാണ് കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് എന്ന സമർപ്പിത സമൂഹത്തിന്റെ സ്ഥാപനം സാധ്യമാക്കിയത്. യുവജനസംഘടനയായ കെസിവൈഎല്ലിന്റെയും സാമൂഹ്യപ്രവർത്തന വിഭാഗമായ കെഎസ്എസ്എസിന്റെയും സമാരംഭം, മലബാർ കുടിയേറ്റത്തിനും വളർച്ചയ്ക്കും നല്കിയ പ്രോത്സാഹനം, വിവിധ പദ്ധതികളിലൂടെ നടത്തിയ സാധുജനോദ്ധാരണ പ്രവർത്തനങ്ങൾ എന്നിവയൊക്കെ അനുസ്മരണാർഹങ്ങളാണ്. ഭാരത കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ അനന്യമായ സ്ഥാനം നേടിയ ചെറുപുഷ്പ മിഷൻലീഗ് ഉദ്ഘാടനം ചെയ്തത് പിതാവാണ്.
രണ്ടു മഹാപുരുഷന്മാരുടെ അനുഗ്രഹപ്രദമായ ഓർമകൾക്കു മുന്പിൽ ഇന്നു നാം തലകുനിക്കുകയാണ്. ഇന്നത്തെ കോട്ടയം അതിരൂപതയ്ക്ക് അടിസ്ഥാനമിടുകയും അതിനെ കെട്ടിപ്പടുക്കുകയും ചെയ്തവരാണ് അവർ. അവരുടെ നിസ്തന്ദ്രവും നിസ്വാർഥവുമായ സേവനചരിത്രവും ആത്മീയജീവിതവും നമ്മെ പ്രചോദിപ്പിക്കണം. ഈ മഹാത്മാക്കളെപ്പോലെയുള്ള ഉത്തമ മാർഗദർശികളെ പ്രദാനം ചെയ്യാൻ തിരുമനസായ ദൈവത്തിനു നാം കൃതജ്ഞത പറയുകയാണിന്ന്. അവരുടെ ജീവിതം തലമുറകൾക്ക് പ്രചോദനമാകട്ടെ. അതോടൊപ്പം ആ പുണ്യപുരുഷന്മാരുടെ മാധ്യസ്ഥ്യവും നമുക്കു നേടാം.