ഋഷികേശ് എന്ന കർഷകൻ
Monday, August 4, 2025 3:57 PM IST
ഋഷികേശിന്റെ ഇഷ്ടങ്ങൾ എന്നും മാറിക്കൊണ്ടേയിരുന്നു. 17 വയസുള്ളപ്പോൾ അയാൾക്ക് നിരത്തിലൂടെ ചീറിപ്പായുന്ന വാഹനങ്ങളോടായിരുന്നു പ്രിയം. അങ്ങിനെ മെക്കാനിക്കൽ എൻജിനിയറിംഗിൽ ബിരുദം നേടി, വെറും ബിരുദമല്ല.. ഒന്നാം റാങ്ക്.
പക്ഷേ ബിരുദം കെെയിലെത്തിയപ്പോഴേക്കും അയാളുടെ കാഴ്ചപ്പാടുകൾ മാറിത്തുടങ്ങിയിരുന്നു. ഒരു സന്യാസിയുടെ മട്ടും ഭാവവുമുൾക്കൊണ്ട് താടിയൊക്കെ നീട്ടി വളർത്തി, എപ്പോഴും ചിന്തകളിൽ മുഴുകി, ഹിമാലയത്തിനെക്കുറിച്ചും കുടജാദ്രിയെക്കുറിച്ചുമെല്ലാം പഠിക്കാൻ തുടങ്ങി.
അപ്പോഴേക്കും വാഹനങ്ങളോടുള്ള ഭ്രമം അയാളിൽ നിന്നും അകന്നുതുടങ്ങിയിരുന്നു. പിന്നീട് ഒരു കുടജാദ്രി യാത്രയിലാണ് ഋഷി അന്ന്, സീമന്തിനിയെ കണ്ടുമുട്ടിയത്. സാമാന്യം ഉയരമുള്ള, വെളുത്തുമെലിഞ്ഞു, വിടർന്ന കണ്ണുകളുള്ള ഒരു സുന്ദരിപ്പെണ്ണ്.
മൂകാംബിക ദേവിയെ തൊഴാനുള്ള തിരക്കിനിടയിലൂടെ അവൾ കടന്നുവന്നത് ഋഷിയുടെ ഹൃദയത്തിലേക്കായിരുന്നു. ചിരിക്കുമ്പോൾ കവിളിൽ വിരിയുന്ന അവളുടെ നുണക്കുഴികൾ, ഭക്തിമാർഗത്തിൽ നിന്നും അയാളെ വഴിമാറ്റി നടത്തി.
25 വയസ്സുള്ള സന്യാസമനസ് എത്ര പെട്ടെന്നാണ് ലൗകികതയിലേക്ക് തിരിച്ചെത്തിയത്? അതും സീമന്തിനിയുടെ ഒരു ചിരിയിലൂടെ. പരിചയപ്പെടലുകൾക്ക് ശേഷം ഋഷികേശുറപ്പിച്ചു.
സീമന്തിനി തനിക്ക് സ്വന്തമാകേണ്ടവളാണെന്ന്. അവളുടെ വീടാകട്ടെ അയാളുടെ വീട്ടിൽനിന്നും രണ്ട് കിലോമീറ്റർ അപ്പുറത്ത് മാത്രമായിരുന്നു എന്നുള്ളത് അവരുടെ പ്രണയത്തിനു മാറ്റും കൂട്ടി.
പ്രത്യേകിച്ച് വലിയ ചലനങ്ങളൊന്നും സൃഷ്ടിക്കാതെ അവരുടെ പ്രണയം അങ്ങനെ പ്രയാണം തുടർന്നുകൊണ്ടിരുന്നപ്പോഴാണ് കാഴ്ചപ്പാടുകളിലുള്ള അവരുടെ വൈവിധ്യം വലിയ ഒരു ചോദ്യചിഹ്നമായി അവർക്കു മുന്നിൽ ഉയർന്നുവന്നത്.
ഋഷിയുടെ അച്ഛമ്മ ഭക്ഷ്യവിഷബാധയേറ്റു മരിച്ച അന്നുമുതൽ അയാൾ തികഞ്ഞ ഒരു ജൈവ കർഷകനായി മാറിയെന്നത് എടുത്തു പറയേണ്ട ഒന്നാണ്. സീമന്തിനി ഷാരൂഖാന്റെ സിനിമകളെപ്പറ്റിയും പങ്കജ്ഉദാസിന്റെ പാട്ടുകളെപ്പറ്റിയും വാചാലയാകുമ്പോൾ ആട്ടുംകാട്ടവും കോഴിക്കാഷ്ഠവും കൊടുത്തു ഊട്ടി വളർത്തിയ മുന്തിരിക്കുലകളുടെയും പച്ചക്കറികളുടെയും മഹത്വം പറഞ്ഞ് സീമന്തിനിയുടെ പ്രണയത്തെ അയാൾ മുരടിപ്പിച്ചിരുന്നു എന്ന് വേണം കരുതാൻ.
ഒരു ദിവസം ഋഷികേശിന്റെ മുഖത്ത് നോക്കിയവൾ തുറന്നടിച്ചു. "ഋഷിയേട്ടന് ആട്ടിൻകാട്ടത്തിന്റെ മണമാണ്. എനിക്ക് ഓക്കാനമാണ് വരുന്നത് ആ മണം കേൾക്കുമ്പോൾ. എൻജിനിയറായിട്ടും ചേട്ടൻ എന്താ ഈ കൃഷിപ്പണി ചെയ്ത് ജീവിക്കുന്നേ..?? ചോദ്യം ഓർക്കാപ്പുറത്ത് കിട്ടിയ ഒരു അടിയായിരുന്നെങ്കിലും അയാൾ താടി തടവി, ചിരിച്ചുകൊണ്ട് അവളോട് പറഞ്ഞു.
"സീമന്തിനീ.. ഇനിയും സമയമുണ്ട് തിരിച്ചറിവുകൾക്ക്.. നിന്റെ പാത തെരഞ്ഞെടുക്കാൻ. എന്തായാലും ഞാനീവഴിയിൽത്തന്നെയാണ്. ഈ ജൈവകർഷകനിൽ നിന്നും ഒരു മടക്കം എനിക്കില്ല'.
അത്തർ മണക്കുന്ന ദുബായിയിലെ സമ്പന്നമായ തെരുവുകളിലൊന്നിലേക്ക് ഉദ്യോഗസ്ഥനായ ഭർത്താവിനൊപ്പം സീമന്തിനി യാത്രയാകുമെന്ന് ഉറപ്പായപ്പോൾ ഋഷികേശിന്റെ മനസൊന്നു നീറി.. വെറും നീറ്റൽ അല്ല.. ഒരു അഗ്നിപർവ്വതം പുകയുന്ന പോലെയുള്ള ഒരു നീറ്റൽ..
എങ്കിലും വിവാഹ ക്ഷണക്കത്ത് കെെയിൽ കൊടുത്തു മടങ്ങിയ അവൾക്ക് വേണ്ടി അയാളുടെ മനസ് പറഞ്ഞു, ഒരു പ്രാർഥന പോലെ.. "എന്റെ ഇഷ്ടങ്ങളെക്കാൾ നിന്നെ ഞാൻ സ്നേഹിക്കുന്നു..നിന്റെ ഇഷ്ടങ്ങളെയും. മനസ് പറയുന്നതനുസരിച്ച് ജീവിക്കൂ.. എല്ലാ നന്മകളും'.
അവൾ നടന്നു മറയുംവരെ അയാൾ അവളെത്തന്നെ നോക്കി നിന്നു.. സൂക്ഷിക്കാനൊരു സ്വപ്നമായി മാത്രം അയാളിൽ അവൾ അവശേഷിച്ചു. വർഷങ്ങൾക്ക് ശേഷം കർഷകശ്രീയായി ഋഷികേശ് തെരഞ്ഞെടുക്കപ്പെട്ട വാർത്ത എല്ലാ പത്രങ്ങളിലും പ്രസിദ്ധീകരിച്ചു വന്നു.
ദുബായിയിലെ ഫ്ലാറ്റിൽ നാല് ചുവരുകൾക്കുള്ളിൽ വിധവയായ സീമന്തിനി ഒരു കമ്പനി മാനേജരുടെ പേഴ്സണൽ അസിസ്റ്റന്റായി നരകതുല്യമായി ജോലി ചെയ്തിരുന്ന സമയത്താണ് ആ വാർത്ത അവളുടെ കണ്ണിൽപെട്ടത്.
"വിഷരഹിതമായ പച്ചക്കറികളുടെ ഉത്പാദനത്തിനെക്കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചും സാധാരണ ജനങ്ങളിലേക്ക് അറിവുകൾ എത്തിക്കുന്നതിന്, സ്വന്തം ജീവിതമേ ഉഴിഞ്ഞു വച്ചയാൾ. ജൈവ കാർഷികവിഭവങ്ങളുടെ ഉത്പാദനത്തിന്റെ മാഹാത്മ്യം പ്രചരിപ്പിക്കുന്നതിലേക്ക്, അതിലൂടെ ആരോഗ്യമുള്ള ഒരു ജനതയെ വാർത്തെടുക്കുന്നതിലേക്ക് വഴികാട്ടിയായ ആൾ'."കർഷക ശ്രീ' ഋഷികേശ്. അവിവാഹിതനായ ഇദ്ദേഹം പത്തനംതിട്ട സ്വദേശിയാണ്.
ഋഷിയെക്കുറിച്ച് വായിച്ചപ്പോൾ നിറഞ്ഞൊഴുകിയ സീമന്തിനിയുടെ കണ്ണുകൾക്ക് ഒരായിരം കഥ പറയാനുണ്ടായിരുന്നു അപ്പോൾ അയാളോട്. ജീവിതത്തിന്റെ കറുത്ത മുഖങ്ങൾ കണ്ടുമടുത്തതിന്റെ കഥകൾ..
"ഋഷിയേട്ടാ എന്തേ വിവാഹം കഴിച്ചില്ല..?? മനസിൽ ഞാൻ തന്ന മുറിവ് ഇനിയും ഉണങ്ങിയിട്ടില്ലെങ്കിൽ ഞാൻ വരുന്നു അവിടേക്ക്...ഒരു സാന്ത്വനമാവാൻ. മണ്ണിന്റെയും ആട്ടിൻകാട്ടത്തിന്റെയും മണമുള്ള ഋഷിയേട്ടന്റെ അരികിലേക്ക്.. സ്വതന്ത്രമായി ഒന്ന് ശ്വസിക്കാൻ.. വീർപ്പുമുട്ടലിന്റെ ഭൂതകാലം ഒന്നിറക്കി വയ്ക്കാൻ'.
ഈ ചോദ്യങ്ങൾക്കുത്തരമായി സീമന്തിനിക്ക് ഋഷികേശിന്റെ സന്ദേശമെത്തിയത് ഇങ്ങിനെയായിരുന്നു. "ഋഷികേശ് എന്ന കർഷകന്റെ വീടിന്റെ വാതിലും ആൾപ്പാർപ്പില്ലാത്ത മനസിന്റെ വാതിലും തുറന്നു തന്നെ കിടക്കുന്നു. സീമന്തിനിക്ക് സ്വാഗതം'.
ആ സന്ദേശവും നെഞ്ചോട് ചേർത്ത്, എയർപോർട്ടിൽ നിന്നും നേരെ സീമന്തിനി എത്തിച്ചേർന്നത് ഋഷിയുടെ ഏകാന്തതയിലേയ്ക്കായിരുന്നു. കൂടെയുള്ള മണ്ണും വന്നുചേർന്ന പെണ്ണും അയാളുടെ മനസിന്റെ മുറിവുണക്കി.അവിടെ സീമന്തിനിയിലെ സ്ത്രീ ഋഷികേശ് എന്ന പുരുഷനെയും അയാളിലെ കർഷകനേയും മനസ് കൊണ്ട് സ്വീകരിക്കുകയായിരുന്നു.
ലാലിമ