കർത്താവിന്റെ ഉത്ഥാനദിനമായ ഞായറാഴ്ചയുടെ പ്രാധാന്യത്തെക്കുറിച്ച് സഭാപിതാവായ മാർ ആഗസ്തീനോസ് മനോഹരമായി വ്യാഖ്യാനിക്കുന്നുണ്ട്: “കർത്താവിന്റെ ദിവസമാണ് ശാബതത്തിന്റെ ഒന്നാം ദിവസമെന്ന് വിളിക്കപ്പെടുന്നത്.
എട്ടാം ദിനവും ഒന്നാം ദിനവുമായ ആ ദിവസം നിത്യതയെ സൂചിപ്പിക്കുന്നു. ആദിമാതാപിതാക്കൾ പാപം ചെയ്ത് മരണവിധേയരായിത്തീർന്നതിലൂടെ നമുക്ക് ആദിയിൽ കൈമോശം വന്ന ആ ദിനമാണിത്. നമ്മുടെ അവസാന ശത്രുവായ മരണത്തെ മിശിഹാ പരാജയപ്പെടുത്തിയതിനാൽ ഉത്ഥാനശേഷം അവസാനദിനമായ എട്ടാം ദിനത്തിലേക്ക് നമ്മൾ വീണ്ടും ഉറ്റുനോക്കുന്നു. അപ്പോൾ മാത്രമേ നശ്വരമായത് അനശ്വരതയെയും മർത്യമായത് അമർത്യതയെയും ധരിക്കുകയുള്ളൂ’’.
കർത്താവിന്റെ ഉത്ഥാനത്തോടെ ആഴ്ചയുടെ ഒന്നാം ദിവസമായ ഞായറാഴ്ച സഭയുടെ ഹൃദയത്തിൽ സൂക്ഷിക്കപ്പെടുന്ന ദിവസമായി മാറി. അന്ന് പുതുയുഗം പിറന്നു. സമസ്ത സൃഷ്ടികളും നവജീവൻ പ്രാപിച്ചു. എല്ലാ ഞായറാഴ്ചകളിലും സഭ കർത്താവിന്റെ ഉത്ഥാനം ആഘോഷിക്കുന്നു.
കർത്താവിന്റെ ഈ ദിനത്തിനായി ആഴ്ചയിലെ മറ്റുദിനങ്ങളിൽ കാത്തിരിപ്പ് തുടരുന്നു. ഒറ്റവാക്കിൽ സഭയുടെ ദൗത്യം തന്നെ ഈ “ഞായറാഴ്ചയാചരണമാണ്’’എന്ന് പറയത്തക്കവിധം ഞായറാഴ്ച സഭയ്ക്ക് പ്രധാനപ്പെട്ടതായി.
എല്ലാ ഞായറാഴ്ചയും കർത്താവിന്റെ കല്ലറയുടെ പ്രതീകമായ ബലിപീഠത്തിനുചുറ്റും സഭ മുഴുവനും ഇന്നും സമ്മേളിക്കുന്നു. “മിശിഹാ സത്യമായും മരിച്ചവരിൽനിന്ന് ഉത്ഥാനം ചെയ്തു”, ഹലേല്ലുയ്യാ! എന്ന് ഉദ്ഘോഷിക്കാൻ.