ഉപഗ്രഹ- റിമോട്ട് സെൻസിംഗ്കായൽ മലിനീകരണം തടയാൻ ഉപഗ്രഹ- റിമോട്ട് സെൻസിംഗ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് ജലവിഭവ ഗവേഷണത്തിനുള്ള ഇന്തോ- യു.കെ സംയുക്ത പദ്ധതിയുടെ ഭാഗമായി ഈയിടെ കൊച്ചിയിൽ നടന്ന ഗവേഷക സംഗമം നിർദേശിക്കുകയുണ്ടായി. കായലിൽ മാലിന്യം കലരുന്പോൾ തത്സമയം അറിയിപ്പ് നൽകുന്ന നിരീക്ഷണ സംവിധാനമാണിത്. കൈയേറ്റങ്ങൾ കണ്ടുപിടിക്കാൻ ഉപഗ്രഹ സഹായത്തോടെ സർവേ നടത്തുമെന്നും കായലിന് അതിരിടുമെന്നുമുള്ള സർക്കാരിന്റെ പ്രഖ്യാപനം നടപ്പാക്കാനായാൽ നന്ന്. തണ്ണീർമുക്കം ബണ്ട് തുറക്കുന്നതിലും അടയ്ക്കുന്നതിലും നിഷ്ഠ പാലിക്കാത്തതു ദുരന്തത്തെ വ്യാപകമാക്കുന്നു. 2019-20ൽ ബണ്ട് ഒരു വർഷത്തേക്കു തുറന്നിടുമെന്ന സർക്കാർ പ്രഖ്യാപനം സ്വാഗതാർഹമാണ്. കായൽ സംരക്ഷണത്തിന് പ്രത്യേക ബില്ല് കൊണ്ടുവരണമെന്ന അഭിപ്രായവും പല കേന്ദ്രങ്ങളിൽ നിന്നും ഉയരുന്നുണ്ട്. ഹൗസ് ബോട്ടുകളിൽ സൗരോർജം ഉപയോഗിക്കുന്നതിനെക്കുറിച്ചും ഗൗരവമായി ആലോചിക്കണം.
ആർ- ബ്ലോക്ക് അപകടംമാലിന്യസ്രോതസായി 1400 ഏക്കർ വരുന്ന ആർ ബ്ലോക്ക് മുങ്ങിക്കിടക്കുന്നത് കൂടുതൽ അപകടം വരുത്തിവയ്ക്കും. കൃഷിയുണ്ടായിരുന്ന കാലത്ത് ഉപയോഗിച്ച വളവും വിഷവും ഇപ്പോഴും ആ മണ്ണിൽ അടിഞ്ഞു കിടപ്പുണ്ട്. ചെടികളും മരങ്ങളും ചീഞ്ഞളിഞ്ഞുണ്ടാകുന്ന മാലിന്യങ്ങൾ വേറെയും. കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത പന്പ അഥോറിറ്റിയുടെ പ്രവർത്തനം തുടങ്ങാത്തതു കായൽ മലിനീകരണത്തിന് ആക്കം കൂട്ടുന്നു. പന്പയുടെയും കൈവഴികളുടെയും രക്ഷയ്ക്കാണ് പന്പ നദീതട അഥോറിറ്റി പ്രഖ്യാപിച്ചത്. മനുഷ്യവിസർജ്യം കായലിലെത്തുന്ന പ്രധാന വഴികളിലൊന്നാണു പന്പാനദി. മാലിന്യം സൗജന്യമായി ശേഖരിച്ചു ശുദ്ധീകരണ പ്ലാന്റിലെത്തിക്കുന്നതിനുള്ള സംവിധാനം വിപുലപ്പെടുത്തേണ്ടതുണ്ട്. ആവശ്യത്തിന് സ്വീവേജ് പ്ലാന്റുകളും സ്ഥാപിക്കണം. ശുചിമുറി മാലിന്യ നിർമാർജന ലോറികളെ ആധുനിക ജിപിഎസ് സംവിധാനത്തോടു കൂടി നിരീക്ഷിക്കാനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തണം.
എംജി സർവകലാശാലയുടെ ഇടപെടൽവേന്പനാട് കായലിനെ സ്ഥിരമായി നിരീക്ഷിക്കാൻ എം.ജി സർവകലാശാലയുടെ സ്കൂൾ ഓഫ് എൻവയോണ്മെന്റൽ സയൻസസിനു പ്രത്യേക പദ്ധതിയുണ്ട്. അതിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെടുന്ന പഠനസംഘങ്ങൾ വിവിധ പരീക്ഷണ, നിരീക്ഷണങ്ങൾക്കായി കായൽ സന്ദർശിക്കുന്നതു പതിവാണ്. അവരുടെ കണ്ടെത്തലുകളും നിഗമനങ്ങളും രേഖകളായി സൂക്ഷിക്കുന്നുമുണ്ട്. ഭാവിയിൽ കായൽ നിരീക്ഷണത്തിന് നോഡൽ ഏജൻസിയായി പ്രവർത്തിക്കാൻ ഡിപ്പാർട്ടുമെന്റിനു കഴിയുമെന്നു ഡോ. കെ. ശ്രീധരൻ ചൂണ്ടിക്കാട്ടി.
പോള നിർമാർജനത്തിനുള്ള ശ്രമവും സർവകലാശാലയുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. പോള ഉപയോഗിച്ചു മൂല്യവർധിത കരകൗശല വസ്തുക്കൾ ഉണ്ടാക്കാനുള്ള പരിശീലനം സ്കൂൾ ഓഫ് എൻവയോണ്മെന്റൽ സയൻസസിന്റെ ആഭിമുഖ്യത്തിൽ കുമരകം സെന്ററിൽ തുടങ്ങിയിട്ടുണ്ട്്. ടേബിൾ മാറ്റ്, ബാസ്കറ്റ്, ട്രേ തുടങ്ങിയവ ഉണ്ടാക്കാനുള്ള പരിശീലനമാണു നൽകുന്നത്. അച്ചടിക്കാൻ കൊള്ളാത്ത പേപ്പർ നിർമിക്കാൻ പോള അസംസ്കൃത വസ്തുവായി പലരാജ്യങ്ങളും ഉപയോഗിക്കുന്നുണ്ട്.
കായലോര ഗ്രാമങ്ങളിൽ ശുദ്ധ ജലം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതു വേന്പനാട് കായലിന്റെ നിലനില്പിന് അത്യാവശ്യമാണ്. മഴവെള്ള സംഭരണികൾ ഏർപ്പെടത്തുകയാണ് അതിനുള്ള ഏറ്റവും നല്ല മാർഗം.