വാഷിംഗ്ടണ്‍ ഡിസി: ഇറാനുമായുള്ള യുദ്ധത്തിൽ പ്രതിഷേധിച്ച് അമേരിക്കയുടെ നാഷണൽ കൗണ്ടർ ടെററിസം സെന്റർ (എൻസിടിസി) ഡയറക്ടർ ജോസഫ് കെന്റ് രാജിവച്ചു. ഇറാനുമായുള്ള യുദ്ധത്തെ പിന്തുണയ്ക്കാൻ തനിക്ക് കഴിയില്ലെന്നും ഇറാൻ അമേരിക്കയ്ക്ക് ഭീഷണിയൊന്നും ഉയർത്തിയിട്ടില്ലെന്നും അദ്ദേഹം രാജിക്കത്തിൽ വ്യക്തമാക്കി.
ഇറാനുമായുള്ള യുദ്ധം ആരംഭിച്ച ശേഷം ട്രംപ് ഭരണകൂടത്തിൽനിന്ന് രാജിവയ്ക്കുന്ന ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനാണ് ജോസഫ് കെന്റ്. ഇസ്രായേലിന്റെയും അവരുടെ ശക്തമായ ലോബിയുടെയും സമ്മർദത്തിന് വഴങ്ങിയാണ് അമേരിക്ക ഈ യുദ്ധം ആരംഭിച്ചതെന്ന് കെന്റ് ആരോപിച്ചു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് അദ്ദേഹം രാജിക്കത്ത് പരസ്യപ്പെടുത്തിയത്.
സമാനമായ രീതിയിലുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാണ് അമേരിക്കയെ മുൻപ് ഇറാഖ് യുദ്ധത്തിലേക്ക് വലിച്ചിഴച്ചതെന്നും ആയിരക്കണക്കിന് അമേരിക്കൻ സൈനികരുടെ ജീവൻ നഷ്ടപ്പെട്ട അത്തരം തെറ്റുകൾ ആവർത്തിക്കാൻ പാടില്ലെന്നും അദ്ദേഹം കത്തിൽ കുറിച്ചു. അമേരിക്കയുടെ ആഭ്യന്തര സുരക്ഷാ കാര്യങ്ങളിൽ നിർണായകമായ തീരുമാനങ്ങൾ എടുക്കുന്ന ഏജൻസിയുടെ തലവൻ തന്നെ ഇത്തരമൊരു നിലപാടുമായി രംഗത്തെത്തിയത് ട്രംപ് ഭരണകൂടത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
Tags : war Can't support Iran National Counter terrorism Center resigns