ഡമാസ്കസ്: സിറിയയിലെ ആലപ്പോ നഗരത്തിൽ സിറിയൻ സേനയും കുർദുകൾ നേതൃത്വം നല്കുന്ന സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസും (എസ്ഡിഎഫ്) തമ്മിൽ ഒരാഴ്ച നീണ്ട ഏറ്റുമുട്ടൽ അവസാനിച്ചു. അമേരിക്കയുടെ നേതൃത്വത്തിൽ നടന്ന മധ്യസ്ഥശ്രമങ്ങളാണ് ഇന്നലെ രാവിലെ വെടിനിർത്തൽ യാഥാർഥ്യമാകുന്നതിനു വഴിവച്ചത്.
ആലപ്പോ നഗരത്തിലെ കുർദ് ഭൂരിപക്ഷ മേഖലകളായ ഷെയ്ഖ് മഖ്സൂദ്, അഷ്റഫിയ പ്രദേശങ്ങൾ സിറിയൻ സേനയുടെ പൂർണ നിയന്ത്രണത്തിലായി. ഇവിടെയുണ്ടായിരുന്ന എസ്ഡിഎഫ് പോരാളികൾ ഇന്നലെ രാവിലെ സ്ഥലംവിട്ടു. കുർദുകൾക്കു നിയന്ത്രണമുള്ള വടക്കുകിഴക്കൻ സിറിയയിലേക്കാണു പോരാളികൾ പോയത്.
എസ്ഡിഎഫിനെ സിറിയൻ സേനയിൽ ലയിപ്പിക്കാനുണ്ടാക്കിയ കരാറിനെച്ചൊല്ലിയാണ് ഒരാഴ്ച നീണ്ട യുദ്ധമുണ്ടായത്. പ്രസിഡന്റ് അഹമ്മദ് അൽ ഷാരയുടെ നേതൃത്വത്തിൽ ഏകീകൃത സിറിയ സ്ഥാപിക്കുന്നിതിന്റെ ഭാഗമായിട്ടാണു കഴിഞ്ഞ വർഷം മാർച്ചിൽ കരാറുണ്ടാക്കിയത്.
ആലപ്പോ നഗരത്തിൽ സിറിയൻ സേനയ്ക്കു നിയന്ത്രണമില്ലാത്ത കുർദ് ഭൂരിപക്ഷ മേഖലകളിൽ കഴിഞ്ഞയാഴ്ച സൈനികനടപടി ആരംഭിച്ചു. ഏറ്റുമുട്ടലിൽ 12 പേരേ കൊല്ലപ്പെട്ടുള്ളൂവെങ്കിലും ആയിരക്കണക്കിനു പ്രദേശവാസികൾക്കു പലായനം ചെയ്യേണ്ടിവന്നു. ഷാര ഭരണകൂടത്തെ പിന്തുണയ്ക്കുന്ന തുർക്കിയുടെ ഇടപെടൽ ഒഴിവാക്കാനാണ് അമേരിക്ക മധ്യസ്ഥശ്രമങ്ങൾക്കു നേതൃത്വം നല്കിയത്
Tags : Kurdish fighters Aleppo