വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ, ഹോർമുസ് കടലിടുക്ക് തടസമില്ലാതെ തുറന്നുപ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ ലോകരാഷ്ട്രങ്ങൾ ഒന്നിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് .
ലോകത്തെ എണ്ണക്കപ്പലുകളുടെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചുപൂട്ടാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ട്രംപിന്റെ പ്രസ്താവന. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങൾ അവരുടെ എണ്ണക്കപ്പലുകളുടെ സുരക്ഷയ്ക്കായി സ്വന്തം യുദ്ധക്കപ്പലുകൾ അയക്കണമെന്ന് ട്രംപ് ആവർത്തിച്ചു.
അതേസമയം ഇറാന്റെ സൈനിക താവളങ്ങൾക്കും ആണവ നിലയങ്ങൾക്കും നേരെ ഇസ്രായേൽ വ്യോമാക്രമണം തുടരുകയാണ്. ഇന്ന് പുലർച്ചെ ടെഹ്റാന് സമീപമുള്ള പ്രധാന മിസൈൽ നിർമാണ കേന്ദ്രത്തിന് നേരെ ആക്രമണമുണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അമേരിക്കൻ-ഇസ്രയേൽ സഖ്യത്തിന് നേരെ തങ്ങൾ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് പ്രഖ്യാപിച്ചു. ഇതിനോടകം തന്നെ ചില അയൽരാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ മിസൈൽ ആക്രമണം നടന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.