വാഷിംഗ്ടൺ ഡിസി: യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങളെക്കുറിച്ച് അമേരിക്കയും ഇറാനും പരസ്പരവിരുദ്ധ പ്രസ്താവനങ്ങൾ തുടരുന്നു. ഏതുവിധത്തിലും അമേരിക്കയുമായി കരാറുണ്ടാക്കി യുദ്ധം അവസാനിപ്പിച്ചാൽ മതി എന്ന നിലയിലാണ് ഇറാനെന്ന് പ്രസിഡന്റ് ട്രംപ് അവകാശപ്പെട്ടു.
അതേസമയം, ട്രംപിന്റെ 15 ഇന നിർദേശങ്ങൾ പരിഗണിച്ചുവരികയാണെന്നും എന്നാൽ ചർച്ച നടത്താനുള്ള ഉദ്ദേശ്യമില്ലെന്നും ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. സുഹൃദ് രാജ്യങ്ങൾ മുഖാന്തിരം ഇറാനും അമേരിക്കയും സന്ദേശങ്ങൾ കൈമാറുന്നുണ്ടെങ്കിലും ഇതു ചർച്ചയല്ലെന്ന് അരാഗ്ചി വ്യക്തമാക്കി.
അതേസമയം, ഇറേനിയൻ നേതൃത്വം ചർച്ച നടത്തുന്നതായി ട്രംപ് അവകാശപ്പെട്ടു. സ്വന്തം ആൾക്കാരാലോ അല്ലെങ്കിൽ അമേരിക്കക്കാരാലോ കൊല്ലപ്പെടും എന്ന പേടിയിലാണ് അവർ ഇക്കാര്യം പരസ്യമായി അംഗീകരിക്കാത്തതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ അവസാനിപ്പിക്കുക, ഹോർമുസ് കടലിടുക്ക് തുറക്കുക തുടങ്ങിയവ ഉൾപ്പെടുന്ന ട്രംപിന്റെ 15 ഇന നിർദേശങ്ങൾ പാക്കിസ്ഥാനാണ് ഇറാനു കൈമാറിയത്. ഇതു തള്ളിയ ഇറാൻ, ഭാവിയിൽ ആക്രമിക്കില്ലെന്ന ഉറപ്പ്, ഹോർമുസിന്റെ നിയന്ത്രണാധികാരം അംഗീകരിക്കൽ എന്നിവയടക്കം അഞ്ചിന ബദൽനിർദേശങ്ങൾ സമർപ്പിക്കുകയാണു ചെയ്തത്.
അതേസമയം, ആക്രമണം മുറപോലെ തുടരുന്നുണ്ട്. ഇസ്രയേലിലെ ടെൽ അവീവ് അടക്കമുള്ള സ്ഥലങ്ങളിലേക്ക് ഇറാൻ ഇന്നലെയും മിസൈലുകൾ തൊടുത്തു.
ഇറാനിലെ തെക്കൻ നഗരമായ ബന്ദർ അബ്ബാസിലും ഷിറാസ് നഗരപ്രാന്തത്തിലെ ഒരു ഗ്രാമത്തിലും ഇസ്രേലി ആക്രമണമുണ്ടായി. ഇസ്ഫഹാൻ നഗരത്തിലെ യൂണിവേഴ്സിറ്റിയും ആക്രമിക്കപ്പെട്ടു.
Tags : Iran messages exchanging not negotiation Trump US