അഹമ്മദാബാദ്: ഐപിഎൽ 2026-ൽ ഗുജറാത്ത് ടൈറ്റൻസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിലുള്ള മത്സരത്തിനിടെ ശുഭ്മാൻ ഗില്ലിനെ പുറത്താക്കിയ ശേഷമുള്ള വിരാട് കോഹ്ലിയുടെ ആഘോഷം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് പഴയ വീര്യത്തോടെയുള്ള കോഹ്ലിയുടെ 'അഗ്രസീവ്' സെൻഡ് ഓഫ് ആരാധകർ ഏറ്റെടുത്തത്.
155 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിനായി ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ തകർപ്പൻ തുടക്കമാണ് നൽകിയത്. ഭുവനേശ്വർ കുമാറിനെയും ജോഷ് ഹേസൽവുഡിനെയും ഗിൽ നിലംതൊടാതെ പറത്തി. എന്നാൽ ഭുവനേശ്വർ എറിഞ്ഞ പന്ത് കവറിലൂടെ അടിച്ചുയർത്താനുള്ള ഗില്ലിന്റെ ശ്രമം കോഹ്ലിയുടെ കൈകളിൽ അവസാനിച്ചു. ക്യാച്ചെടുത്ത ഉടൻ ഗില്ലിനെ രൂക്ഷമായി നോക്കിയ കോഹ്ലി, പന്ത് നിലത്തടിച്ച് ആക്രോശിച്ചുകൊണ്ടാണ് ഗില്ലിനെ യാത്രയാക്കിയത്.
ബൗളർമാരെ ഗിൽ തല്ലിച്ചതച്ചുകൊണ്ടിരുന്ന സമയത്ത് ആർസിബിക്ക് ലഭിച്ച നിർണായക വിക്കറ്റായിരുന്നു അത്. കോഹ്ലിയുടെ ഈ വിന്റേജ് ആഘോഷം മത്സരത്തിന്റെ ആവേശം വർധിപ്പിച്ചു. മത്സരത്തിൽ ഗുജറാത്ത് വിജയിച്ചെങ്കിലും കോഹ്ലിയുടെ പോരാട്ടവീര്യമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചാവിഷയം.
Tags : Kohli Shubman Gill Latest News IPL2026