വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ സ്ഥിരതാമസ രേഖയായ ഗ്രീൻ കാർഡുമായി ബന്ധപ്പെട്ട നയം മാറ്റം എച്ച്-1ബി വിസ ഉടമകൾക്ക് ബാധകമായേക്കില്ലെന്ന് സൂചന. ഗ്രീൻ കാർഡിന് അപേക്ഷിക്കുന്ന എച്ച്-1ബി വിസ ഉടമകൾക്ക് അമേരിക്ക വിടേണ്ട സാഹചര്യമുണ്ടാകില്ലെന്ന് സൂചിപ്പിച്ച് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് വക്താവ് സാക്ക് കഹ്ലർ.
കഴിഞ്ഞ ദിവസമാണ് അമേരിക്കൻ കുടിയേറ്റ നയത്തിൽ വലിയ മാറ്റം വരുത്തി യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് പ്രഖ്യാപനം നടത്തിയത്. പുതിയ നയം അനുസരിച്ച് ഗ്രീൻ കാർഡിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന കുടിയേറ്റക്കാർ ആദ്യം അമേരിക്ക വിടണം, തുടർന്ന് മാതൃരാജ്യത്തെ എംബസിയോ കോൺസുലേറ്റോ മുഖേന അപേക്ഷ സമർപ്പിക്കണം. സ്റ്റാറ്റസ് മാറ്റാൻ ആഗ്രഹിക്കുന്നവർ അസാധാരണമായ സാഹചര്യങ്ങളിൽ ഒഴികെ രാജ്യത്തിന് പുറത്തുള്ള കോൺസുലാർ പ്രോസസിംഗിലൂടെ മാത്രമേ അത് ചെയ്യാവൂ എന്നാണ് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് അറിയിച്ചത്.
അനധികൃത കുടിയേറ്റം അവസാനിപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങളുടെ ഒടുവിലത്തെ നടപടിയാണിത്. ഇതുവഴി വിസ കൈവശമുള്ളവർക്കും സന്ദർശകർക്കും യുഎസിൽ ആയിരിക്കുമ്പോൾ തന്നെ ഗ്രീൻ കാർഡിനായി അപേക്ഷിക്കാൻ അനുവദിച്ചിരുന്ന പഴുതുകൾ അടയ്ക്കാനാണ് ഭരണകൂടത്തിന്റെ ശ്രമം. അതേസമയം യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് വക്താവ് സാക്ക് കഹ്ലറുടെ ഏറ്റവും ഒടുവിലത്തെ പ്രതികരണം അമേരിക്കയുടെ താൽക്കാലിക വർക്ക് വിസയായ എച്ച്-1ബി വിസയിൽ രാജ്യത്ത് എത്തി ഗ്രീൻ കാർഡിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസകരമാണ്.
Tags : green card New policy H-1B visa