ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷ സാഹചര്യങ്ങൾക്കിടെ സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് പിന്തുണയുമായി പാക്കിസ്ഥാൻ രംഗത്ത്. പാക് പ്രധാനമന്ത്രി സൗദി അറേബ്യയ്ക്കും ഗൾഫ് രാജ്യങ്ങൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
സാമൂഹ്യ മാധ്യമമായ എക്സിലൂടെയാണ് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഇക്കാര്യം വ്യക്തമാക്കിയത്. ദുഷ്കരമായ സമയത്ത് സൗദി അറേബ്യയോടും സഹോദര രാജ്യങ്ങളായ ഗൾഫ് രാജ്യങ്ങളോടും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന് പാക് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി സംസാരിച്ചതായും പാക്കിസ്ഥാന്റെ നിലപാട് വ്യക്തമാക്കിയെന്നും ഷഹബാസ് ഷെരീഫ് വ്യക്തമാക്കി. സമാധാനത്തിനായി ക്രിയാത്മകമായ പങ്കുവഹിക്കാൻ പാക്കിസ്ഥാൻ തയാറാണെന്നും അറിയിച്ചു.
വിശുദ്ധ മാസമായ റംസാൻ ഈ മേഖലയിൽ ശാന്തതയും സ്ഥിരതയും കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും പാക് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. സൗദി അറേബ്യയും പാക്കിസ്ഥാനും തമ്മിൽ ഒപ്പുവച്ചിട്ടുള്ള ഉടമ്പടി അനുസരിച്ച്, ഒരു രാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണം മറ്റേതിനും നേരെയുള്ള ആക്രമണമായി കണക്കാക്കും.
ഇതനുസരിച്ച് ആവശ്യമെങ്കിൽ സൗദി അറേബ്യയ്ക്ക് പാക്കിസ്ഥാൻ ആണവ ശേഖരം ഇറാനെതിരെയുള്ള പ്രതിരോധത്തിനായി ആവശ്യപ്പെടാം. സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉടമ്പടി ശ്രദ്ധേയമാണ്.
Tags : Saudi Arabia Gulf nations iran pakistan