വാഷിംഗ്ടൺ ഡിസി: സമാധാന നൊബേൽ ജേതാവായ വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിനോ മച്ചാഡോയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും വരുംദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തിയേക്കും. മരിയ അമേരിക്കയിലെത്തുമെന്നാണ് സൂചന. കൂടിക്കാഴ്ചയെ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നതായി ട്രംപ് വ്യാഴാഴ്ച പറഞ്ഞിരുന്നു.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും പത്നിയെയും അമേരിക്കൻ സേന തട്ടിക്കൊണ്ടുവന്ന് ആഴ്ചകൾക്കുള്ളിലാണ് മരിയയും ട്രംപും നേരിട്ടു കാണുന്നത്. ഇരുവരും തമ്മിലുള്ള ആദ്യ മുഖാമുഖ കൂടിക്കാഴ്ചയാകുമിത്. സമയം, സ്ഥലം, ചർച്ചാവിഷയം എന്നിവ സംബന്ധിച്ച് ഒരു വ്യക്തതയുമില്ല.
മഡുറോ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടതിനു പിന്നാലെ വെനസ്വേലയുടെ ഭരണം മരിയയെ ഏൽപ്പിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. മരിയയ്ക്ക് അതിനുള്ള ശേഷിയും പിന്തുണയും ഇല്ലെന്നാണ് ട്രംപ് പറഞ്ഞത്. മഡുറോയുടെ വൈസ് പ്രസിഡന്റായിരുന്ന ഡെൽസി റൊഡ്രിഗസ് വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റായി ചുമതലയേറ്റത് ട്രംപിന്റെ അനുഗ്രഹാശിസുകളോടെയാണെന്നും സൂചനയുണ്ട്.
അതേസമയം, വെനസ്വേലൻ ഭരണം പ്രതിപക്ഷത്തെ ഏൽപ്പിക്കണമെന്ന് മരിയ ആവശ്യപ്പെട്ടിരുന്നു. മഡുറോയെ സ്ഥാനഭ്രഷ്ടനാക്കിയ ട്രംപിന് മരിയ നന്ദി പറഞ്ഞു. തനിക്കു കിട്ടിയ സമാധാന നൊബേൽ പുരസ്കാരം ട്രംപുമായി പങ്കുവയ്ക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ഇതിനിടെ ട്രംപിന്റെ വെനസ്വേലൻ നീക്കങ്ങൾ ജനാധിപത്യത്തെ ഉദ്ധരിക്കാനല്ല, എണ്ണസന്പത്ത് ലക്ഷ്യമിട്ടാണെന്നു വ്യക്തമായതോടെ വെനസ്വേലൻ പ്രതിപക്ഷം നിരാശയിലാണെന്നും റിപ്പോർട്ടുണ്ട്.