അങ്കാറ: ഇറാന്റെ ഭാഗത്തുനിന്നുള്ള മിസൈലുകൾ തുടർച്ചയായി തുർക്കി വ്യോമാതിർത്തി ലംഘിക്കുന്നതിൽ ശക്തമായ പ്രതിഷേധവുമായി തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗന്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഇറാന്റെ ബാലസ്റ്റിക് മിസൈൽ തുർക്കി അതിർത്തി കടക്കുന്നത്. വിഷയം ഗൗരവകരമാണെന്നും യാതൊരു കാരണവശാലും ഇത് അനുവദിക്കാനാവില്ലെന്നും ഇറാന് തുർക്കി തഔദ്യോഗികമായി മുന്നറിയിപ്പ് നൽകി.
തിങ്കളാഴ്ച ഇറാൻ വിക്ഷേപിച്ച ബാലസ്റ്റിക് മിസൈൽ തുർക്കി വ്യോമാതിർത്തിയിൽ പ്രവേശിച്ചതായും അതിനെ നാറ്റോയുടെ വ്യോമപ്രതിരോധ സംവിധാനം തകർത്തതായും തുർക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിന്റെ അവശിഷ്ടങ്ങൾ തെക്കൻ തുർക്കിയിലെ ഗാസിയാൻടെപ് പ്രവിശ്യയിലെ വിജനമായ സ്ഥലത്താണ് വീണത്. ആർക്കും പരിക്കേറ്റിട്ടില്ല.
കഴിഞ്ഞ ബുധനാഴ്ചയും ഇത്തരത്തിൽ ഇറാന്റെ ഒരു മിസൈൽ തുർക്കി വ്യോമാതിർത്തിയിൽ നാറ്റോ സേന വെടിവെച്ചിട്ടിരുന്നു. ഇറാഖ്, സിറിയൻ വ്യോമാതിർത്തികൾ കടന്നാണ് ഈ മിസൈലുകൾ തുർക്കിയിലേക്ക് എത്തിയത്.
ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ എർദോഗൻ തന്റെ കടുത്ത അതൃപ്തി രേഖപ്പെടുത്തി. എന്നാൽ ഈ മിസൈലുകൾ തങ്ങളുടേതല്ലെന്നാണ് ഇറാൻ പ്രസിഡന്റ് പ്രതികരിച്ചത്. വിഷയത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഇറാൻ ഉറപ്പുനൽകിയിട്ടുണ്ട്.