ജിംനേഷ്യത്തിലെ രണ്ടു സ്ഥിരം സന്ദര്‍ശകരായിരുന്നു നിക്കോളാസും ജോസഫും. നിക്കോളാസിനു വയസ് എഴുപത്തിയൊന്‍പത്. ജോസഫിനു വയസ് മുപ്പതും. ജിംനേഷ്യത്തില്‍ വച്ചു തമ്മില്‍ കാണുമ്പോള്‍ അവര്‍ കുശലം പറയും. അതില്‍ക്കൂടുതല്‍ അവര്‍ക്കു പരസ്പരം അറിയില്ലായിരുന്നു.
സന്തോഷപ്രകൃതിയായിരുന്നു നിക്കോളാസിന്റേത്. ഒരു ദിവസം രാവിലെ ജോസഫിനെ കണ്ടപ്പോള്‍ അയാളുടെ മുഖം മ്ലാനമായിരിക്കുന്നതു നിക്കോളാസ് ശ്രദ്ധിച്ചു.
""എന്താണു കാര്യം?'' നിക്കോളാസ് താത്പര്യപൂര്‍വം ചോദിച്ചു. ജോസഫിനു മുപ്പതു വയസ് തികഞ്ഞ അവസരമായിരുന്നു അത്. തന്റെ ജീവിതത്തിലെ നല്ലകാലം കഴിഞ്ഞോ എന്ന ആശങ്കയായിരുന്നു ജോസഫിന്. അതുപോലെ, നിക്കോളാസിന്റെ പ്രായമാകുമ്പോഴേക്കും തന്റെ സ്ഥിതി എന്തായിരിക്കുമെന്നതിനെക്കുറിച്ചുള്ള അവ്യക്തതയും ജോസഫിനുണ്ടായിരുന്നു.
ജോസഫ് നിക്കോളാസിനോട് ഒരു മറുചോദ്യം ചോദിച്ചു: ""താങ്കളുടെ ജീവിതത്തിലെ ഏറ്റവും നല്ല കാലം ഏതായിരുന്നു?''നിക്കോളാസ് ഒരു പുഞ്ചിരിയോടെ പറഞ്ഞു: ''ജോസഫിന്റെ ചോദ്യം വളരെ ആഴത്തിലുള്ള ചോദ്യമാണല്ലോ. എന്റെ മറുപടിയും അങ്ങനെയുള്ളതാക്കാം.''
നിക്കോളാസ് എന്താണു പറയുവാന്‍ പോകുന്നതെന്നു ജോസഫ് ആകാംക്ഷയോടെ കാത്തിരിക്കുമ്പോള്‍ അദ്ദേഹം തുടര്‍ന്നു: ""ഞാന്‍ ഓസ്ട്രിയയിലാണു ജനിച്ചത്. അന്ന് എന്റെ മാതാപിതാക്കള്‍ എന്നെ നന്നായി നോക്കി വളര്‍ത്തി. അത് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല സമയമായിരുന്നു.
""പിന്നീട് ഞാന്‍ സ്കൂളില്‍ പോകുവാന്‍ തുടങ്ങി. അവിടെവച്ച് ഒട്ടേറെ കാര്യങ്ങള്‍ ഞാന്‍ പഠിച്ചു. അതുപോലെ, പല സഹപാഠികളും എന്റെ ഇഷ്ടമുള്ള കൂട്ടുകാരായി. അതും എന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലമായിരുന്നു.
""പഠനം കഴിഞ്ഞ് ഞാന്‍ ജോലി തുടങ്ങി. ജോലിക്കു നല്ല വേതനവും എനിക്കു ലഭിച്ചുതുടങ്ങി. അതും എന്റെ ഏറ്റവും നല്ല സമയമായിരുന്നു.
""ജോലിക്കിടയില്‍ ഞാനൊരാളെ സ്നേഹിച്ചു. അധികം താമസിയാതെ ഞങ്ങളുടെ വിവാഹവും നടന്നു. അതും എന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലമായിരുന്നു.''അതിനിടയില്‍ രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചു. ജീവന് രക്ഷിക്കുവാന്‍ വേണ്ടി ഞങ്ങള്‍ രണ്ടുപേര്‍ക്കും ഓസ്ട്രിയയില്‍നിന്നു പുറത്തുകടക്കേണ്ടിവന്നു. വളരെ കഷ്ടപ്പാടുകള്‍ സഹിച്ച് വടക്കേ അമേരിക്കയിലേക്കുള്ള കപ്പല്‍ കയറുവാന്‍ സാധിച്ചപ്പോള്‍ അതും എന്റെ ജീവിതത്തിലെ ഏറ്റവും നല്ല സമയമായിരുന്നു.''
നിക്കോളാസ് പറയുന്നതുകേട്ട് ജോസഫ് അന്തംവിട്ടിരുന്നപ്പോള്‍ അദ്ദേഹം പുഞ്ചിരി വിടാതെ തുടര്‍ന്നു: ""കപ്പല്‍ കയറി ഞങ്ങള്‍ എത്തിയത് കാനഡയിലായിരുന്നു. അവിടെ എത്തി പുതിയ ജീവിതം തുടങ്ങിയപ്പോള്‍ അതും എന്റെ ജീവിതത്തിലെ ഏറ്റവും നല്ല സമയമായിരുന്നു.
""പിന്നീട് അധികം താമസിയാതെ എന്റെ ആദ്യത്തെ കുട്ടി പിറന്നു. അത് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല സമയമായിരുന്നു. ""എനിക്കുണ്ടായ മക്കളൊക്കെ വളര്‍ന്നു വലുതാകുന്നതു കാണാനിടയായത് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലമായിരുന്നു.
""എന്റെ മക്കളൊക്കെ വിവാഹിതരായിത്തീര്ന്നപ്പോള് അതും എന്റെ ജീവിതത്തിലെ ഏറ്റവും നല്ല സമയമായിരുന്നു.''എനിക്കു കൊച്ചുമക്കള്‍ പിറന്നപ്പോള്‍ അതും എന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലമായിരുന്നു.''
ഇത്രയും പറഞ്ഞതിനുശേഷം നിക്കോളാസ് അല്പസമയം നിശ്ശബ്ദത പാലിച്ചു. എന്നിട്ടു വീണ്ടും പറഞ്ഞു: ""സുഹൃത്തേ, എനിക്കിപ്പോള്‍ വയസ് എഴുപത്തിയൊന്പതായി. എന്റെ ആരോഗ്യസ്ഥിതി പൊതുവേ മെച്ചമാണ്. എന്റെ ഭാര്യയും ആരോഗ്യവതിയായിരിക്കുന്നു. ഞങ്ങള്‍ തമ്മില്‍ പണ്ടെന്നതുപോലെ ഇപ്പോഴും നല്ല സ്നേഹത്തിലാണ്. ഇതും എന്റെ ജീവിതത്തിലെ ഏറ്റവും നല്ല സമയമാണ്.''
"എന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലം' (ദ ബെസ്റ്റ് ടൈം ഓഫ് മൈ ലൈഫ്) എന്ന പേരില്‍ ആരോ എഴുതിയ ലേഖനത്തിലെ പ്രധാന ഭാഗമാണു മുകളില്‍ കൊടുത്തിരിക്കുന്നത്. നമ്മുടെ ജീവിതത്തിലെ ഏതു കാലഘട്ടത്തെയും സന്തോഷപൂര്‍ണമാക്കി മാറ്റുവാന്‍ നമുക്കു സാധിച്ചാല്‍ അതു വലിയൊരു കാര്യം തന്നെയാണ്. നിക്കോളാസിന്റെ കാര്യത്തില്‍ സംഭവിച്ചത് അതാണ്.
മറ്റു മനുഷ്യരുടെ ജീവിതത്തിലെന്നപോലെ നിക്കോളാസിന്റെ ജീവിതത്തിലും പ്രശ്നങ്ങളും പ്രതിസന്ധികളും തീര്‍ച്ചയായും ഉണ്ടായിട്ടുണ്ട്. എന്നാല്‍, ആ പ്രശ്നങ്ങളിലും പ്രതിസന്ധികളിലും മാത്രം ശ്രദ്ധവയ്ക്കുന്നതിനു പകരം തന്റെ ജീവിതത്തില്‍ സംഭവിച്ച നല്ല കാര്യങ്ങളെ നന്നായിത്തന്നെ കാണുവാന്‍ സാധിച്ചു എന്നതാണു നിക്കോളാസിന്റെ വിജയം.
സുഖദുഃഖങ്ങളും ഉയര്ച്ചതാഴ്ചകളുമുള്ളതാണു നമ്മുടെ എല്ലാവരുടെയും ജീവിതം. എന്നാല്‍, സുഖത്തില്‍ മാത്രമല്ല ദുഃഖത്തിലും തലയുയര്‍ത്തി നില്ക്കുവാന് സാധിച്ചാല്‍ അതു നമ്മുടെ ജീവിതത്തിന്റെ മേന്മയാണു വ്യക്തമാക്കുക.
നമ്മുടെ ജീവിതത്തിലുള്ളതു കൊച്ചുകൊച്ചു സന്തോഷങ്ങള്‍ മാത്രമാണെങ്കിലും അവയെല്ലാം നന്മയായി കാണുവാനും നന്ദിയുള്ള ഹൃദയത്തോടെ ആസ്വദിക്കുവാനും നമുക്കു സാധിക്കണം. അതുപോലെ തന്നെ, നമ്മുടെ ജീവിതത്തില്‍ ദുഃഖങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയെ സമചിത്തതയോടെ സ്വീകരിക്കാനും ക്രിയാത്മകമായി പ്രതികരിക്കാനും നമുക്കു കഴിയണം. എങ്കില്‍ ജീവിതത്തിലെ ഏതു സമയവും ഏറ്റവും നല്ല സമയമായി നമുക്കനുഭവപ്പെടും.
ജീവിതത്തിലെ ഏതു ദശയെയും ഏറ്റവും നല്ല കാലമായി നമുക്കു കാണുവാന്‍ സാധിച്ചാല്‍ അത് യഥാര്‍ഥത്തില്‍ അങ്ങനെതന്നെ ആയിത്തീരുകയും ചെയ്യും. കാരണം, ആ വീക്ഷണമുള്ളവര്‍ക്ക് ഏതു പ്രതിസന്ധിയിലും ക്രിയാത്മകമായി പ്രവര്‍ത്തിച്ചു വിജയം നേടുവാന്‍ സാധിക്കുമെന്നതാണു വസ്തുത.
മറിച്ച്, ജീവിതത്തില്‍ ഓരോ ദിവസവും നമുക്കുണ്ടാകുന്ന നേട്ടങ്ങളില്‍ എന്നതിനെക്കാള്‍ കോട്ടങ്ങളില്‍ നാം ശ്രദ്ധിച്ചാല്‍, ജീവിതത്തില്‍ സ്വാഭാവികമായി ഉണ്ടായിരിക്കേണ്ട സന്തോഷം നമുക്കു നഷ്ടമായിപ്പോകുന്നു. നമ്മുടെ ജീവിതത്തിലെ ശ്രദ്ധ സ്വന്തം ഭാഗ്യദോഷങ്ങളിലും കുറവുകളിലുമായിരുന്നാല് ഒരു സമയവും നല്ല സമയമായിരിക്കുകയില്ല.
നമ്മുടെ ജീവിതത്തിലുള്ളതു കൊച്ചുകൊച്ചു നേട്ടങ്ങളാണെങ്കില്പ്പോലും നാം ശ്രദ്ധ വയ്ക്കുന്നത് അവയിലാണെങ്കില് നാം അറിയാതെ തന്നെ സന്തുഷ്ടരായി മാറും. എങ്കില്‍ നമ്മുടെ ഏതു സമയവും ഏറ്റവും നല്ല സമയമായി നമുക്കനുഭവപ്പെടും. എന്നു മാത്രമല്ല, കഴിഞ്ഞ കാലങ്ങളിലേക്കു തിരിഞ്ഞുനോക്കുമ്പോള്‍ അവയും നമ്മുടെ നല്ല സമയമായി മാത്രമേ നാം കാണുകയുള്ളൂ.