“ബുക്ക് ഓഫ് വാല്യൂസ്.”1994ൽ അമേരിക്കൻ ബെസ്റ്റ് സെല്ലറുകളുടെ മുൻപന്തിയിൽ നിന്ന ബൃഹത്തായ ഒരു സന്മാർഗ ഗ്രന്ഥമാണിത്. പ്രസിഡന്റ് ജോർജ് ബുഷിന്റെ കാബിനറ്റിൽ വിദ്യാഭ്യാസത്തിന്റെ ചുമതല വഹിച്ചിരുന്ന വില്യം ബെന്നറ്റാണ് ഈ ഗ്രന്ഥത്തിന്റെ എഡിറ്റർ.
ഗ്രീക്ക് മിത്തോളജിയിൽനിന്നും വിശ്വസാഹിത്യത്തിൽനിന്നുമൊക്കെ ഒട്ടേറെ കഥകൾ സാരോപദേശ രൂപത്തിൽ ഈ ഗ്രന്ഥത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. “മാന്ത്രിക നൂൽ” എന്ന പേരിൽ ഈ ഗ്രന്ഥത്തിൽ കൊടുത്തിരിക്കുന്ന ഒരു ഫ്രഞ്ച് കഥ ചുരുക്കത്തിൽ ഇവിടെ പകർത്തട്ടെ:
ഒരു വിധവയുടെ ഏക മകനായിരുന്നു പീറ്റർ. സ്കൂളിൽ പോകുന്നതിലും പഠിക്കുന്നതിലുമേറെ ഓരോരോ കാര്യങ്ങളെക്കുറിച്ചു ദിവാസ്വപ്നം കണ്ടുകൊണ്ടിരിക്കുന്നതിലായിരുന്നു അവനു താൽപര്യം.
ക്ലാസും പഠനവുമൊക്കെ ഒന്നു വേഗം കഴിഞ്ഞിരുന്നെങ്കിൽ തന്റെ ബാല്യകാലസഖിയായ ലീയെസിനെ വിവാഹകഴിച്ചു സുഖമായി ജീവിക്കാമല്ലോ എന്നായിരുന്നു അവന്റെ ചിന്ത. സമയവും ദിവസവുമൊക്കെ ഒന്നു വേഗം കടന്നുപോയെങ്കിൽ എന്നു പീറ്റർ ഇടയ്ക്കിടെ അക്ഷമ പ്രകടിപ്പിക്കാറുണ്ടായിരുന്നു.
ഒരിക്കൽ പീറ്റർ കാട്ടിൽ ചുറ്റിയടിക്കാൻപോയ അവസരത്തിൽ വെയിലേറ്റു വാടിത്തളർന്ന് ഒരിടത്തു കിടക്കാനിടയായി. ക്ഷീണംകൊണ്ട് അവന്റെ കണ്ണുകളടയുവാൻ തുടങ്ങിയപ്പോൾ ആരോ തന്നെ വിളിക്കുന്നതായി അവൻ കേട്ടു. കണ്ണുതുറന്നു നോക്കുന്പോൾ മുന്പിൽ ഒരു വൃദ്ധ നിൽക്കുന്നതായിട്ടാണ് അവൻ കണ്ടത്.
""ഇതാ പീറ്റർ, നിനക്കൊരു സമ്മാനം,’’ ഒരു വെള്ളിപ്പന്തു കാണിച്ചുകൊണ്ട് ആ വൃദ്ധ പറഞ്ഞു: ""നിന്റെ ജീവിതത്തിന്റെ ചരടാണിത്. ഈ ചരടിൽ പിടിച്ചു വലിക്കാതിരുന്നാൽ കാര്യങ്ങൾ അവയുടെ രീതിയിൽ മുറപോലെ നീങ്ങിക്കൊള്ളും.
എന്നാൽ, സമയവും കാലവുമൊക്കെ വേഗം കടന്നുപോകണമെങ്കിൽ ഈ ചരടിൽ പിടിച്ചുവലിച്ചാൽ മതി. അപ്പോൾ ദിവസവും ആഴ്ചകളും മാസങ്ങളുമൊക്കെ നിമിഷംകൊണ്ടു കടന്നുപോകും.”
പീറ്റർ ശ്രദ്ധാപൂർവം കേട്ടുകൊണ്ടിരിക്കുന്പോൾ വൃദ്ധ തുടർന്നു: ""പക്ഷേ, ഒരു കാര്യം. ഈ ചരടിൽ പിടിച്ചുവലിച്ചാൽ പിന്നെ അതിനെ പുറകോട്ടു കൊണ്ടുപോകാനാവില്ല. അതുകൊണ്ടു സൂക്ഷിച്ചുവേണം നിന്റെ ജീവിതത്തിന്റെ ഈ ചരട് വലിക്കുവാൻ.”’’
താൻ നല്കുന്ന സമ്മാനത്തെക്കുറിച്ച് ആരോടും പറയുരുതെന്ന വ്യവസ്ഥയിൽ വെള്ളിപ്പന്തും ജീവിതത്തിന്റെ സ്വർണച്ചരടും പീറ്ററിനു നൽകിയിട്ടു വൃദ്ധ അപ്രത്യക്ഷയായി.
പീറ്ററിനെ ഏറെ സന്തോഷവാനാക്കിയ ഒരു സമ്മാനമായിരുന്നു അത്. പിറ്റേദിവസം ക്ലാസിലിരിക്കുന്പോൾ ക്ലാസ് പെട്ടെന്നു കഴിഞ്ഞിരുന്നെങ്കിൽ എന്ന ആഗ്രഹം പീറ്ററിനുണ്ടായി. അപ്പോൾ, പോക്കറ്റിൽ കിടന്നിരുന്ന ബോളിന്റെ കാര്യം അവൻ ഓർമിച്ചു.
ആരും കാണാതെ അവൻ അതെടുത്തു അതിന്റെ ചരടിൽ സാവധാനം വലിച്ചു. അദ്ഭുതം! നേരം പെട്ടെന്ന് ഇരുളുവാൻ തുടങ്ങി. അപ്പോൾ എല്ലാവരോടും വീട്ടിൽ പൊയ്ക്കൊള്ളുവാൻ ടീച്ചർ പറഞ്ഞു. പീറ്റർ സന്തോഷംകൊണ്ടു തുള്ളിച്ചാടിയാണ് അന്നു വീട്ടിൽ പോയത്.
പിറ്റേദിവസം മുതൽ പീറ്റർ ബുദ്ധിമുട്ടുള്ള ഓരോ കാര്യം വരുന്പോഴും “ജീവിതത്തിന്റെ ചരടിൽ” പിടിച്ചു സാവധാനം വലിക്കുവാൻ തുടങ്ങി. അപ്പോഴൊക്കെ സമയം പെട്ടെന്നു പൊയ്ക്കൊണ്ടിരുന്നു.
ഒരു ദിവസം പീറ്ററിന് ഒരു ബുദ്ധിതോന്നി. വെറുതെ എന്തിന് സ്കൂളിൽ പഠിച്ചു സമയം കളയണം? ജീവിതത്തിന്റെ ചരടിൽ പിടിച്ചു കുറേ ഏറെ വലിച്ചാൽ തന്റെ പഠനം പെട്ടെന്നു പൂർത്തിയാകുമല്ലോ. ഒട്ടും മടിക്കാതെ പീറ്റർ പന്തിന്റെ സ്വർണച്ചരടിൽ പിടിച്ച് ആഞ്ഞുവലിച്ചു.
അപ്പോൾ ഞൊടിയിടകൊണ്ട് വളർന്നുവലുതായി ഒരിടത്ത് സ്ഥിരം ജോലിചെയ്യുന്നവനായിട്ടാണ് പീറ്റർ സ്വയം കണ്ടത്. ലീയെസിനെ കല്യാണം കഴിക്കുവാൻ ഇനി താമസിക്കേണ്ട കാര്യമില്ല.
അവൻ വിവാഹാഭ്യർഥനയുമായി അവളുടെ പക്കലേക്ക് ഓടി. പക്ഷേ, വിവാഹജീവിതത്തിനൊരുങ്ങുവാൻവേണ്ടി തനിക്ക് ഒരുവർഷം കൂടി വേണമെന്ന് അവൾ പീറ്ററിനോടു പറഞ്ഞു.
അന്നു രാത്രി പീറ്ററിന് ഉറങ്ങുവാൻ സാധിച്ചില്ല. “ജീവിതത്തിന്റെ ചരട്”സൂക്ഷിച്ചേ വലിക്കാവൂ എന്നു വൃദ്ധ നേരത്തേ പറഞ്ഞിരുന്നെങ്കിലും തീർത്തും അക്ഷമനായി മാറിയ പീറ്റർ അന്നുരാത്രി ചരടിൽ ആഞ്ഞുവലിച്ചു. വീണ്ടും അദ്ഭുതം. അവന്റെ വിവാഹദിവസം പെട്ടെന്നു വന്നെത്തി.
വിവാഹിതനായ പീറ്റർ ഓരോ കൊച്ചുപ്രശ്നം വരുന്പോഴും “ജീവിതത്തിന്റെ ചരടി”ൽ പിടിച്ചുവലിച്ച് അവയെ പെട്ടെന്നു മറികടന്നുകൊണ്ടിരുന്നു.
ഒരുദിവസം തന്റെ കൊച്ചു കുട്ടികളുടെകാര്യം അന്വേഷിച്ചു മടുത്തിരിക്കുന്പോൾ അവരെല്ലാം പെട്ടെന്നു വളർന്നു വലുതായാൽ തന്റെ ഭാരം മാറുമല്ലോ എന്നു കരുതി “ജീവിതത്തിന്റെ ചരടിൽ’’ പിടിച്ച് വീണ്ടും ആഞ്ഞുവലിച്ചു. മക്കളെല്ലാം വളർന്നു വലുതായി ജോലിയും മറ്റും തേടി വീടുവിട്ടു.
പീറ്റർ അന്നു കണ്ണാടിയിൽ നോക്കുന്പോൾ തന്റെ മുടികൾ നരയ്ക്കുവാൻ തുടങ്ങിതായി കണ്ടു. എങ്കിലും അതൊന്നും വകവയ്ക്കാതെ, ഓരോ ബുദ്ധിമുട്ടുവരുന്പോഴും ചരടിൽ ആഞ്ഞുവലിച്ചുകൊണ്ടിരുന്നു. അങ്ങനെ ബുദ്ധിമുട്ടുകളെല്ലാം അയാൾ പെട്ടെന്നു തരണംചെയ്തു.
പക്ഷേ, അപ്പോഴേക്കും തന്റെ ജീവിതം അവസാനിക്കാറായി എന്ന സത്യം പീറ്ററിനു മനസിലായി. തന്റെ ജീവിതം പെട്ടെന്നു കടന്നുപോയല്ലോ എന്ന വിഷാദവുമായി അയാൾ പഴയ കാട്ടിലേക്കു വീണ്ടും നടന്നു. അവിടെവച്ചു പഴയ വൃദ്ധയെ അയാൾ വീണ്ടും കണ്ടുമുട്ടി.
ന്ധന്ധപീറ്റർ, സന്തോഷപ്രദമായിരുന്നോ നിന്റെ ജീവിതം?’’ വൃദ്ധ ചോദിച്ചു. “എനിക്കറിയില്ല,’’’’ പീറ്റർ പ്രതിവചിച്ചു. ""എല്ലാം പെട്ടെന്നു കടന്നുപോയതുകൊണ്ട് ഒരുകാര്യംപോലും എനിക്ക് ഉൾക്കൊള്ളുവാൻ സാധിച്ചില്ല. സാധാരണ രീതിയിലുള്ള ഒരായുസുകൂടി എനിക്കു ലഭിച്ചിരുന്നെങ്കിൽ എന്നു ഞാനാശിക്കുന്നു.’’
പീറ്ററിനോടു കരുണ തോന്നിയ വൃദ്ധ അവന് ഒരായുസുകൂടി നൽകിയശേഷം അവന്റെ കൈയിൽനിന്നു വെള്ളിപ്പന്തും വാങ്ങി അപ്രത്യക്ഷയായി. അപ്പോഴാണു പീറ്ററിന്റെ അമ്മ അവനെ തട്ടിയുണർത്തിക്കൊണ്ടു പറഞ്ഞത്: ""മോനേ, നേരം വൈകി. എണീറ്റ് സ്കൂളിൽ പോകൂ...”
സ്വപ്നത്തിൽ കിടന്നായിരുന്നു പീറ്റർ “ജീവിതത്തിന്റെ ചരടിൽ'' വലിച്ചുകൊണ്ടിരുന്നത്. എങ്കിലും അത് അവന് ഒരു സത്യം മനസിലാക്കിക്കൊടുത്തു. അതായത്, എല്ലാ കാര്യങ്ങൾക്കും അവ അർഹിക്കുന്ന രീതിയിൽ നമ്മുടെ ജീവിതത്തിൽ ഒരു സ്ഥാനമുണ്ട് എന്ന കാര്യം.
ഒന്നിനെക്കുറിച്ചും അകാരണമായി അക്ഷമ പ്രകടിപ്പിക്കുന്നതിൽ കാര്യമില്ല എന്ന് പീറ്ററിന് അവസാനം മനസിലായി. കാത്തിരിക്കേണ്ടവയ്ക്കുവേണ്ടി ക്ഷമയോടെ കാത്തിരിക്കാനും ജീവിതത്തെ സുഖദുഃഖ സമ്മിശ്രമായ അതിന്റെ പൂർണതയിൽ കാണാനും പീറ്ററിന് അവസാനം സാധിച്ചു. പീറ്ററിന്റെ ഈ അനുഭവം നമുക്കൊരു പാഠമായിരിക്കട്ടെ.