Jeevithavijayam
8/19/2019
    
കാണുന്നതുപോലെയാവണമെന്നില്ല കാര്യം
മനുഷ്യരൂപം ധരിച്ച രണ്ടു മാലാഖമാരായിരുന്നു അവര്‍. മനുഷ്യരുടെ ക്ഷേമം അന്വേഷിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. യാത്രയ്ക്കിടയില്‍ നേരം സന്ധ്യയായി. അപ്പോള്‍ വഴിവക്കില്‍ കണ്ട കൊട്ടാരസമാനമായ ഒരു വീട്ടില്‍ അന്തിയുറങ്ങുന്നതിന് അവര്‍ അവിടെ കയറിച്ചെന്നു.

അവരെ സ്വീകരിക്കുവാന്‍ വീട്ടുടമയ്ക്ക് അത്ര താത്പര്യം ഉണ്ടായിരുന്നില്ല. എങ്കിലും ആഗതര്‍ സാമാന്യക്കാരല്ലെന്നു തോന്നിയതുകൊണ്ട് അവിടെ അന്തിയുറങ്ങുവാന്‍ അയാള്‍ അവരെ അനുവദിച്ചു.

ഉറങ്ങുവാനായി നല്ല ബെഡ്‌റൂമായിരുന്നില്ല അയാള്‍ അവര്‍ക്കു നല്‍കിയത്. അതിനുപകരം പൊടി പിടിച്ചുകിടന്ന ഒരു മുറിയാണു നല്‍കിയത്. ആ മുറിയുടെ ഭിത്തിയിലാകട്ടെ വലിയ ഒരു ദ്വാരം ഉണ്ടായിരുന്നു.

മാലാഖാമാരില്‍ പ്രായം ചെന്നയാള്‍ അല്പസമയത്തിനുള്ളില്‍ ഭിത്തിയിലെ ആ ദ്വാരം അടച്ചു. എന്തിനാണ് അങ്ങനെ ചെയ്തതെന്നു പ്രായം കുറഞ്ഞ മാലാഖ ചോദിച്ചു. അപ്പോള്‍ പ്രായം ചെന്നയാള്‍ പറഞ്ഞു: ''കാര്യങ്ങള്‍ നാം സാധാരണ കാണുന്നതുപോലെയല്ല.'' പ്രായം കുറഞ്ഞയാളിന് ഈ മറുപടി തൃപ്തികരമായി തോന്നിയില്ലെങ്കിലും കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ആ മാലാഖ മുതിര്‍ന്നില്ല.

പിറ്റേ ദിവസം വീട്ടുടമസ്ഥനു നന്ദിപറഞ്ഞ് അവര്‍ യാത്ര തുടര്‍ന്നു. അന്നു വൈകിട്ട് അന്തിയുറങ്ങുവാന്‍ അവര്‍ കയറിച്ചെന്നതു പാവപ്പെട്ട ഒരു വീട്ടിലാണ്. അവിടത്തെ ഗൃഹനാഥനും ഭാര്യയും സസന്തോഷം അവരെ സ്വീകരിച്ച് നല്ല അത്താഴം തയാറാക്കി സല്‍ക്കരിച്ചു. ഉറങ്ങുവാന്‍ അവര്‍ സ്വന്തം കിടക്കയും അതിഥികള്‍ക്കു നല്‍കി.

പിറ്റേ ദിവസം നേരം വെളുത്തപ്പോള്‍ ദുഃഖിതരായിരിക്കുന്ന ഗൃഹനാഥനെയും ഭാര്യയെയുമാണ് മാലാഖമാര്‍ കണ്ടത്. തലേ രാത്രി ആ കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗമായിരുന്ന പശു ചത്തുപോയിരുന്നു.

അവരെ സമാശ്വസിപ്പിച്ചിട്ടു മാലാഖമാര്‍ യാത്ര തുടര്‍ന്നപ്പോള്‍ പ്രായം കുറഞ്ഞ മാലാഖ ചോദിച്ചു: ''ഇങ്ങനെ സംഭവിക്കുവാന്‍ എന്തുകൊണ്ടാണ് അങ്ങ് അനുവദിച്ചത്? നമ്മള്‍ കഴിഞ്ഞ ദിവസം കണ്ടയാള്‍ ധനികനായിരുന്നു. അയാള്‍ സ്വാര്‍ഥനുമായിരുന്നു. എങ്കിലും അയാളുടെ വീടിന്റെ ഭിത്തിയിലെ ദ്വാരം അങ്ങ് അടച്ചുകൊടുത്തു. എന്നാല്‍ ഇന്നലെ രാത്രി നമ്മെ സ്വീകരിച്ചവര്‍ എത്രയോ നല്ലവരായിരുന്നു. അവര്‍ പാവപ്പെട്ടവരുമായിരുന്നു. എങ്കിലും അവരുടെ പശു ചത്തു പോകുവാന്‍ അങ്ങ് അനുവദിച്ചു. എന്തുകൊണ്ട് അങ്ങ് അവരെ സഹായിച്ചില്ല?''

''നമ്മള്‍ കാണുന്നതുപോലെയല്ല പലപ്പോഴും കാര്യങ്ങള്‍,'' പ്രായം ചെന്ന മാലാഖ പറഞ്ഞു. ''നമ്മള്‍ ധനികന്റെ വീട്ടിലായിരുന്നപ്പോള്‍ ഞാന്‍ ഒരു പൊത്ത് അടച്ചല്ലോ. ആ പൊത്തിനുള്ളില്‍ നിറയെ സ്വര്‍ണമായിരുന്നു. ഇക്കാര്യം ധനികനായ ആ വീട്ടുടമയ്ക്ക് അറിയില്ലായിരുന്നു. സ്വാര്‍ഥനായ അയാള്‍ക്ക് ആ സ്വര്‍ണം ലഭിക്കാതിരിക്കാന്‍ വേണ്ടിയാണു ഞാന്‍ ആ ദ്വാരം അടച്ചത്.''

''അപ്പോള്‍ പാവപ്പെട്ടവന്റെ പശു ചത്തു പോയതോ?'' ചെറുപ്പക്കാരനായ മാലാഖ ചോദിച്ചു.

മറ്റേ മാലാഖ പറഞ്ഞു: ''കഴിഞ്ഞ രാത്രിയില്‍ നമ്മള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഗൃഹനാഥന്റെ ഭാര്യയെത്തേടി മരണത്തിന്റെ മാലാഖ എത്തിയിരുന്നു. എന്നാല്‍ ആ സ്ത്രീയെ കൊണ്ടുപോകുവാന്‍ ഞാന്‍ അനുവദിച്ചില്ല. അതിനുപകരം അവരുടെ പശുവിനെ കൊണ്ടുപൊയ്‌ക്കൊള്ളുവാന്‍ ഞാന്‍ പറഞ്ഞു. ഇപ്പോള്‍ മനസിലായില്ലേ, കാര്യങ്ങള്‍ പലപ്പോഴും നാം കാണുന്നതുപോലെ അല്ല എന്ന്?''


ഈ മാലാഖാക്കഥ ആരാണ് എഴുതിയതെന്ന് അറിയില്ല. എന്നാല്‍ ഇക്കഥയുടെ സന്ദേശത്തില്‍ ഏറെ കഴമ്പുണ്ട്. പ്രായം ചെന്ന മാലാഖ പറഞ്ഞതുപോലെ, നമ്മുടെ ജീവിതത്തിലെ പല കാര്യങ്ങളും നാം പുറമേ കാണുന്നതുപോലെയല്ല. നാം കാണുന്നതില്‍ നിന്ന് പലപ്പോഴും ഏറെ വ്യത്യസ്തമായിരിക്കും കാര്യങ്ങള്‍ എന്നതാണു വാസ്തവം. മിക്കപ്പോഴും തെറ്റായ രീതിയിലായിരിക്കും നാം അവയെ കാണുന്നതും അവയെക്കുറിച്ചു വിലയിരുത്തുന്നതും.

ഒരു ദിവസം ഒരാള്‍ നാലും അഞ്ചും വയസു പ്രായം തോന്നിക്കുന്ന രണ്ടു കുട്ടികളുമായി ട്രെയിനില്‍ യാത്രചെയ്യുകയായിരുന്നു. കുറെ കഴിഞ്ഞപ്പോള്‍ കുട്ടികള്‍ കമ്പാര്‍ട്ട്‌മെന്റിനുള്ളില്‍ ഓടി നടക്കാനും ചെറിയ തോതില്‍ ബഹളം വയ്ക്കാനും തുടങ്ങി. അടുത്തിരുന്നിരുന്ന പലര്‍ക്കും ഇത് ബുദ്ധിമുട്ടു സൃഷ്ടിച്ചു. പക്ഷേ, ആ കുട്ടികളുടെ പിതാവ് അകലങ്ങളിലേക്കു കണ്ണുംനട്ട് എന്തോ ചിന്തയിലാണ്ടിരിക്കുകയായിരുന്നു. അയാള്‍ കുട്ടികളെ നിയന്ത്രിക്കുന്ന കാര്യത്തില്‍ ശ്രദ്ധിച്ചില്ല.

കുട്ടികളുടെ ബഹളം തുടര്‍ന്നപ്പോള്‍ അടുത്തിരുന്ന ഒരാള്‍ സഹികെട്ടു ചോദിച്ചു: ''നിങ്ങളെന്താണ് ഈ കുട്ടികളെ വരുതിക്കു നിര്‍ത്താത്തത്?''

''എന്നോടു ക്ഷമിക്കണം,'' അയാള്‍ സഹയാത്രക്കാരെ നോക്കിക്കൊണ്ടു പറഞ്ഞു. ''എന്റെ ഭാര്യ ഈ കുട്ടികളുടെ അമ്മ ഇന്നു രാവിലെ ആശുപത്രിയില്‍ വച്ചു മരിച്ചു. അക്കാര്യമോര്‍ത്തു ദുഃഖിച്ചിരുന്നതുകൊണ്ടാണ് കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധിക്കാതെ പോയത്.''

കുട്ടികളുടെ ബഹളം മൂലം ക്ഷുഭിതനായ യാത്രക്കാരന്‍ കണ്ടതുപോലെയായിരുന്നോ കാര്യങ്ങള്‍? അയാള്‍ വിചാരിച്ചതു കുട്ടികളുടെ പിതാവ് അവരെ അലക്ഷ്യമായി വിളയാടുവാന്‍ അനുവദിക്കുകയായിരുന്നുവെന്നാണ്. എന്നാല്‍, യാഥാര്‍ഥ്യം വേറെയായിരുന്നല്ലോ. ആ യാഥാര്‍ഥ്യം മനസിലാക്കുവാന്‍ സഹയാത്രക്കാരനു കഴിയാതെ പോയി.

ഇതുപോലെയാണു നമ്മുടെയും മറ്റുള്ളവരുടെയും ജീവിതത്തില്‍ സംഭവിക്കുന്ന പല കാര്യങ്ങളും. നമ്മുടെയും മറ്റുള്ളവരുടെയും ജീവിതത്തില്‍ സംഭവിക്കുന്ന പല കാര്യങ്ങളുടെയും സാക്ഷികളായിരിക്കും നമ്മള്‍. എന്നാല്‍, അങ്ങനെ സംഭവിക്കുന്ന കാര്യങ്ങളൊക്കെ അവ യഥാര്‍ഥത്തില്‍ ആയിരിക്കുന്ന രീതിയില്‍ നമുക്കു മനസിലാക്കുവാന്‍ സാധിക്കുന്നുണേ്ടാ?

നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാക്കാര്യങ്ങള്‍ക്കും ദൈവത്തിന്റെ പരിപാലനയില്‍ ഒരു അര്‍ഥമുണ്ട്. പക്ഷേ, ദൈവത്തിന്റെ പരിപാലനയ്ക്കനുസരിച്ചുള്ള അര്‍ഥം കാണുവാന്‍ നമ്മിലെത്ര പേര്‍ക്കു സാധിക്കുന്നുണ്ട്?

ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക് എല്ലാം നന്മയ്ക്കായി സംഭവിക്കുന്നു എന്നു ദൈവവചനം പറയുമ്പോഴും സ്വന്തം ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളെയൊക്കെ അങ്ങനെ നോക്കിക്കാണുവാന്‍ നമുക്കു സാധിക്കുന്നുണേ്ടാ?

നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളെയെല്ലാം ദൈവം കാണുന്നതുപോലെ കാണുവാനുള്ള അനുഗ്രഹത്തിനായി നമുക്കു പ്രാര്‍ഥിക്കാം.
    
To send your comments, please clickhere