Jeevithavijayam
8/26/2019
    
കഥയില്ലായ്മ തിരിച്ചറിയും വരെ
അത്താഴം കഴിഞ്ഞു നടക്കാനിറങ്ങിയതായിരുന്നു ഗോപാല്‍ ശാസ്ത്രി എന്ന എഴുപത്തിമൂന്നുകാരന്‍. ബാംഗളൂര്‍ രാജാജിനഗറിലെ താമസക്കാരനായിരുന്ന അദ്ദേഹത്തെ പാഞ്ഞുവന്ന ഒരു കാര്‍ ഇടിച്ചുവീഴ്ത്തി ബോധരഹിതനാക്കി. അപകടം കാണാനിടയായവര്‍ ഓടിക്കൂടി വേഗം അദ്ദേഹത്തെ ആശുപത്രിയിലാക്കി.

അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കണമെങ്കില്‍ ഒരു ഓപ്പറേഷന്‍ അത്യാവശ്യമായിരുന്നു. പക്ഷേ, അപ്പോള്‍ ഒരു പ്രശ്‌നം: ഗോപാല്‍ ശാസ്ത്രിയുടെ രക്തം എ ബി നെഗറ്റീവ് ഗ്രൂപ്പാണ്. വളരെ അപൂര്‍വമായ ഈ വിഭാഗം ആശുപത്രിയില്‍ സൂക്ഷിച്ചുവയ്ക്കാറില്ലായിരുന്നു. രക്തം ആവശ്യമായി വരുന്ന അവസരത്തില്‍ ഈ വിഭാഗം രക്തമുള്ളവരെ കൊണ്ടുവന്നു രക്തമെടുക്കുകയാണു പതിവ്.

രക്തത്തിനുവേണ്ടി ആശുപത്രി അധികൃതര്‍ റെഡ്‌ക്രോസ് ഭാരവാഹികളെ വിളിച്ചു. അവര്‍ ഉടനേ തങ്ങളുടെ ബ്ലഡ് ബാങ്കില്‍ പേരു രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരെ അന്വേഷിച്ചു ഫോണ്‍ വിളികള്‍ നടത്തി. അവസാനം രാത്രി പന്ത്രണ്ടു മണിയോടെ കെ.എം.ഖാന്‍ എന്നൊരാള്‍ രക്തം നല്‍കാന്‍ തയാറായി വന്നു.

ബണ്ണര്‍ഘട്ട റോഡില്‍ ഹാര്‍ഡ്‌വെയര്‍ സ്റ്റോഴ്‌സ് നടത്തിയിരുന്ന അദ്ദേഹം സ്വന്തം മോട്ടോര്‍ സൈക്കിള്‍ ഓടിച്ച് ആശുപത്രിയിലെത്തി ഗോപാല്‍ ശാസ്ത്രിക്കു രക്തം നല്‍കി. അതിനുശേഷം ആരുടെയും നന്ദിവാക്കുകള്‍ കേള്‍ക്കുവാന്‍ കാത്തുനില്‍ക്കാതെ സ്ഥലം വിട്ടു.

ശാസ്ത്രിയുടെ ഓപ്പറേഷന്‍ വിജയകരമായിരുന്നു. അപകടം കഴിഞ്ഞ് രണ്ടു മാസത്തിനുള്ളില്‍ അദ്ദേഹത്തിന് എഴുന്നേറ്റു നടക്കാമെന്ന നിലവന്നു. അപ്പോള്‍ അദ്ദേഹത്തിന് ഒരു ആഗ്രഹം: തനിക്കു രക്തം തന്നു സഹായിച്ചയാളെ നേരില്‍ കണ്ടു നന്ദിപറയണം.

ശാസ്ത്രിയുടെ ആഗ്രഹമറിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ഞെട്ടി. കടുത്ത യാഥാസ്ഥിതികനായ ഒരു ബ്രാഹ്മണനാണു ശാസ്ത്രി. തന്റെ ചുറ്റുമുള്ള ലോകം ഏറെ പുരോഗമിച്ചപ്പോഴും മതത്തിന്റെയും ജാതിയുടെയുമൊക്കെ പേരില്‍ പലരെയും തന്നില്‍നിന്ന് അകറ്റി നിര്‍ത്തുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിന്റേത്. തന്മൂലം, അദ്ദേഹത്തിനു രക്തം കൊടുത്തത് ആരാണെന്നു പറയുവാന്‍ അവര്‍ വിസമ്മതിച്ചു.

പക്ഷേ, തനിക്കുരക്തം നല്‍കിയ ആളെ നേരില്‍ കണ്ടു നന്ദിപറയണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യുവാന്‍ ശാസ്ത്രി തയാറായില്ല. തന്മൂലം ഭയപ്പാടോടെയാണെങ്കിലും, രക്തം നല്‍കിയ ആളിന്റെ പേരും മേല്‍വിലാസവും അവര്‍ അദ്ദേഹത്തിനു നല്‍കി.


രക്തം നല്‍കിയ ആളിന്റെ പേരു കേട്ടപ്പോള്‍ അദ്ദേഹം ഞെട്ടി എന്നതു വാസ്തവം. എന്നാല്‍ തനിക്കു രക്തം നല്‍കിയ മുസ്‌ലിം സഹോദരനെ കണ്ടുപിടിച്ച് അദ്ദേഹത്തിനു നന്ദിപറയുവാന്‍ ശാസ്ത്രി ഒട്ടും മടിച്ചുനിന്നില്ല.

കെ.എം.ഖാനെ നേരില്‍ക്കണ്ടപ്പോള്‍ അദ്ദേഹത്തെ ആശ്ലേഷിച്ചാലിംഗനം ചെയ്താണു ശാസ്ത്രി നന്ദിപറഞ്ഞത്. ഈ സംഭവത്തിനു ശേഷം ശാസ്ത്രി പുതിയൊരു മനുഷ്യനായി മാറിയെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണെ്ടന്നു ഫാ. ലൂവീസ് ഹെഡ്‌വിഗ് എഴുതിയ ഒരു ഗ്രന്ഥത്തില്‍ പറയുന്നു.

നമ്മുടെ ചുറ്റുമുള്ള ലോകവും മനുഷ്യരുമൊക്കെ ഏറെ പുരോഗമിച്ചു കഴിഞ്ഞു. ജാതി മത വര്‍ഗ വര്‍ണ വ്യത്യാസങ്ങളുടെ പേരില്‍ നിലവിലിരുന്ന ഉച്ചനീചത്വങ്ങളും അനാചാരങ്ങളുമൊക്കെ മണ്‍മറഞ്ഞു. എങ്കില്‍പ്പോലും മതവും ജാതിയും വര്‍ഗവര്‍ണ വ്യത്യാസങ്ങളും നമ്മുടെയിടയില്‍ ഇപ്പോഴും പല ചേരിതിരിവുകളും ഏറ്റുമുട്ടലുകളും സൃഷ്ടിക്കുന്നില്ലേ?

നാമെല്ലാവരും ദൈവത്തിന്റെ മക്കള്‍, തന്മൂലം എല്ലാവരും സഹോദരീ സഹോദരന്മാര്‍. നാമെല്ലാവരും പരസ്പരം സ്‌നേഹിക്കണമെന്ന് എല്ലാ മതങ്ങളും പഠിപ്പിക്കുന്നുണ്ട്. എന്നിട്ടുമെന്തേ നാം പരസ്പരം ബഹുമാനിക്കാതെയും സ്‌നേഹിക്കാതെയും പോകുന്നു?

അപകടനേരത്തു സഹായം ലഭിച്ചപ്പോഴാണു താന്‍ കേമമെന്നു കരുതിയിരുന്ന പല കാര്യങ്ങളും തെറ്റാണെന്നു ഗോപാല്‍ ശാസ്ത്രിക്കു ബോധ്യമായത്. അതായത്, അദ്ദേഹത്തിന്റെ കണ്ണുതുറക്കുവാന്‍ ഒരു അത്യാഹിതംതന്നെ വേണ്ടി വന്നു.

മത ജാതി വര്‍ഗ വര്‍ണ വ്യത്യാസങ്ങളുടെയും അതുപോലെയുള്ള മറ്റു കാര്യങ്ങളുടെയും പേരില്‍ നാമിപ്പോഴും സങ്കുചിത മനസ്‌കരാണെങ്കില്‍ നമ്മുടെ അകക്കണ്ണുകള്‍ വേഗം തുറക്കുവാന്‍ വേണ്ടി നമുക്കു പ്രാര്‍ഥിക്കാം.

അതിനുവേണ്ടി നാം ഒരു അത്യാഹിതം ഉണ്ടാകുന്നതുവരെ കാത്തിരിക്കേണ്ട.
    
To send your comments, please clickhere