Jeevithavijayam
6/2/2020
    
ഉള്ളിലെ ദൈവം
2015 ജൂണ്‍ 30.

അന്നാണു ഹെവന്‍ലി ജോയി എന്നൊരു അഞ്ചുവയസുകാരി അമേരിക്കയിലെ സംഗീതാസ്വാദകരുടെ എന്നപോലെ ദൈവവിശ്വാസികളുടെയും സ്‌നേഹവും ആദരവും പിടിച്ചുപറ്റിയത്. അമേരിക്ക ഹാസ് ഗോട്ട് ടാലന്റ് എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുക്കുകയായിരുന്നു ഓമനത്വം തുളുമ്പുന്ന മുഖമുള്ള ഈ കൊച്ചുസുന്ദരി.

ഹെവന്‍ലി ജോയി സ്‌റ്റേജിലെത്തിയപ്പോള്‍ അവളോട് ആദ്യം സംസാരിച്ചതു ജഡ്ജിമാരുടെ പാനലിലെ അംഗമായ ഹോവര്‍ഡ് സ്‌റ്റേണ്‍ ആയിരുന്നു. അവളുടെ വയസും മറ്റു വിവരങ്ങളും തിരക്കിയതിന്റെ കൂടെ സ്‌റ്റേണ്‍ ചോദിച്ചു: ഈ മത്സരത്തിലെ സമ്മാനത്തുകയായ പത്തു ലക്ഷം ഡോളര്‍ ലഭിച്ചാല്‍ ആ തുകകൊണ്ട് എന്തുചെയ്യും? ഉടനെ ഹെവന്‍ലി ജോയി പറഞ്ഞു: എനിക്കു പത്തുലക്ഷം ഡോളര്‍ ലഭിച്ചാല്‍ ലോകത്തിലുള്ള പാവങ്ങള്‍ക്കു ഞാന്‍ അതു കൊടുക്കും. എത്രയോ ആളുകളാണു ലോകമെമ്പാടും നല്ല വസ്ത്രം ധരിക്കാനില്ലാതെ കഴിയുന്നത്.

അഞ്ചുവയസുകാരി ഹെവന്‍ലി ജോയിയുടെ ഈ മറുപടി അദ്ഭുതാദരവുകളോടുകൂടിയാണു പാനല്‍ ജഡ്ജിമാരും സദസിലെ കലാപ്രേമികളും സ്വീകരിച്ചത്. ഇതിനുശേഷം ഇന്‍ സമ്മര്‍ എന്ന ഗാനം ടാപ് ഡാന്‍സിന്റെ അകമ്പടിയോടെ അവള്‍ ആലപിച്ചു. സിഡ്‌നിയുടെ മെഗാഹിറ്റായ ഫ്രോസന്‍ എന്ന കംപ്യൂട്ടര്‍ അനിമേറ്റഡ് മ്യൂസിക്കല്‍ ഫിലിമില്‍നിന്നുള്ള ഈ ഗാനം ഹെവന്‍ലി ജോയിയെ ഒരു സൂപ്പര്‍സ്റ്റാറാക്കി മാറ്റി.

ഹെവന്‍ലി ജോയി ഗാനമാലപിച്ചു കഴിഞ്ഞപ്പോള്‍ അവളെ അഭിനന്ദനങ്ങള്‍കൊണ്ടു പൊതിഞ്ഞതിനുശേഷം സ്റ്റേണ്‍ പറഞ്ഞു: ഞാന്‍ ചെറുപ്പമായിരുന്നപ്പോള്‍ ഷെര്‍ളി ടെമ്പിള്‍ എന്ന കൊച്ചുകലാകാരിയുടെ ഗാനവും നൃത്തവും ടെലിവിഷനില്‍ കണ്ടിട്ടുണ്ട്. സ്റ്റേണ്‍ പറഞ്ഞുപൂര്‍ത്തിയാക്കുന്നതിനു മുന്‍പ് ഹെവന്‍ലി ജോയി ഇടയ്ക്കുകയറി പറഞ്ഞു: ഞാനും ഷേര്‍ളി ടെമ്പിളിന്റെ പരിപാടി കണ്ടിട്ടുണ്ട്.

അപ്പോള്‍ സ്‌റ്റേണ്‍ പറഞ്ഞു: എനിക്കു തോന്നുന്നു ഷെര്‍ളി ടെമ്പിള്‍ മോളുടെ ഉള്ളില്‍ എവിടെയോ ഉണ്ട്. ഉടനെ ഹെവന്‍ലി ജോയി പറഞ്ഞു: ഷെര്‍ളി ടെമ്പിള്‍ അല്ല, ഈശോ ആണ് എന്റെ ഉള്ളിലുള്ളത്. (ചീ േടവശൃഹ്യ ഠലാുഹല, ഖലൗെ)െ.

ജഡ്ജിമാരുടെ പാനലിലുണ്ടായിരുന്ന സ്റ്റേണ്‍, ഹെയ്ഡി ക്ലം, മെല്‍ബി, ഹോവി മാന്‍ഡല്‍ എന്നിവരെയെന്നപോലെ ഈ കുരുന്നു പെണ്‍കുട്ടിയുടെ പ്രകടനം നേരിട്ടും ടിവിയിലും കാണാനിടയായ എല്ലാവരെയും അമ്പരപ്പിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്ത മറുപടിയായിരുന്നു അത്. നിമിഷങ്ങള്‍ക്കകം ഈ പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറി. ലക്ഷോപലക്ഷം ആളുകളാണു അവളുടെ ഈ വീഡിയോ പിന്നീട് കാണാനിടയായത്.

ബാലതാരമായിരുന്ന ഷെര്‍ളി ടെമ്പിളിനെപ്പോലെ ആടുകയും പാടുകയും ചെയ്തതുകൊണ്ടാണു ഹെവന്‍ലി ജോയിയുടെ ഉള്ളില്‍ ഷെര്‍ളി ടെമ്പിള്‍ ഉണ്ടാവും എന്നു സ്റ്റേണ്‍ സൂചിപ്പിച്ചത്. എന്നാല്‍, അവളുടെ ഉള്ളില്‍ അവള്‍ കണ്ടതു ഷെര്‍ളി ടെമ്പിളിനെ ആയിരുന്നില്ല. പ്രത്യുത ദൈവപുത്രനും മനുഷ്യരക്ഷകനുമായ ഈശോയെയായിരുന്നു. തന്റെ ഉള്ളില്‍ ദൈവം വസിക്കുന്നു എന്ന ചിന്ത അവളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ദൈവം അവള്‍ക്കു സജീവനായ വ്യക്തിയായിരുന്നു. തന്മൂലമാണ് ആരെയും വ്യാമോഹിപ്പിക്കുന്ന അംഗീകാരത്തിന്റെയും അഭിനന്ദനങ്ങളുടെയും നിറവില്‍ നില്‍ക്കുമ്പോഴും അവള്‍ ദൈവത്തെ മറക്കാതെ പോയത്.


നമ്മുടെ ഉള്ളില്‍ ദൈവം വസിക്കുന്നു എന്നു നമുക്കറിയാം. എന്നാല്‍, നമ്മിലെ ദൈവസാന്നിധ്യത്തെക്കുറിച്ചു നമ്മിലെത്രപേര്‍ക്കു ശരിയായ അവബോധമുണ്ട്? ലോകജീവിതത്തിലെ ആനന്ദങ്ങളുടെയും വ്യഗ്രതകളുടെയുമൊക്കെ ഇടയില്‍ നാം പലപ്പോഴും അവിടത്തെ മറന്നുപോകുകയല്ലേ പതിവ്. ദൈവം തന്റെ ഉള്ളിലുണ്ട് എന്ന ഹെവന്‍ലി ജോയിയുടെ വിശ്വാസവും ബോധ്യവും എപ്പോഴും നമുക്കുണ്ടായിരുന്നെങ്കില്‍. അങ്ങനെയെങ്കില്‍ നമ്മുടെ ജീവിതത്തില്‍ എന്തെല്ലാം വ്യത്യാസങ്ങള്‍ വരുമായിരുന്നു.

തന്റെ ഉള്ളില്‍ ദൈവം വസിക്കുന്നു എന്ന ബോധ്യം അവള്‍ക്ക് എവിടെനിന്നാവും ലഭിച്ചത്? തീര്‍ച്ചയായും അവളുടെ മാതാപിതാക്കളില്‍നിന്നു ലഭിച്ച വിശ്വാസമായിരിക്കണം അത്. തന്റെ മകളെ ഒരു സൂപ്പര്‍താരമായി വളര്‍ത്തിയെടുക്കുമ്പോഴും ജീവിതത്തിലെ പ്രധാനകാര്യം അവര്‍ മറന്നുപോയില്ലയെന്നതു നമ്മുടെയിടയിലെ മാതാപിതാക്കളും ശ്രദ്ധിക്കേണ്ടതാണ്.

മക്കളെ പഠിപ്പിച്ചു വലുതാക്കുന്നതില്‍ മാതാപിതാക്കള്‍ എപ്പോഴും ശ്രദ്ധാലുക്കളാണ്. അതു നല്ല കാര്യവുമാണ്. എന്നാല്‍, മക്കളെ പഠിപ്പിച്ചു വലുതാക്കാനുള്ള വ്യഗ്രതയ്ക്കിടയില്‍ അവര്‍ക്കു ദൈവവിശ്വാസവും മൂല്യബോധവുമൊക്കെ ശരിയായി പകര്‍ന്നുകൊടുക്കാന്‍ മറന്നുപോകരുത്. കാരണം അവരുടെ ജീവിതത്തില്‍ ഏറ്റവും ആവശ്യമുള്ള കാര്യങ്ങളാണിവ എന്നതുതന്നെ.

ഹെവന്‍ലി ജോയിയുടെ മാതാപിതാക്കളായ റോയി ജെര്‍ക്കിന്‍സും ജോയി ജെര്‍ക്കിന്‍സും നല്ല ദൈവവിശ്വാസമുള്ള വ്യക്തികളാണ്. മൈക്കിള്‍ ജാക്‌സണ്‍, വിറ്റ്‌നി ഹൂസ്റ്റണ്‍ സാംസ്മിത്ത് എന്നിവര്‍ക്കുവേണ്ടി സംഗീതസംവിധാനം ചെയ്തിട്ടുള്ള റോയി ജെര്‍ക്കിന്‍സ് ദൈവവിശ്വാസത്തിലധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന കലാകാരനാണ്. അദ്ദേഹത്തിന്റെ ഭാര്യയായ ജോയി ക്രൈസ്തവഗാനങ്ങള്‍ രചിക്കുകയും ആലപിക്കുകയും ചെയ്യുന്ന പ്രസിദ്ധയായ ഒരു ഗായികയാണ്.

ദൈവവിശ്വാസം നിറഞ്ഞുനില്‍ക്കുന്ന ഇവരുടെ കുടുംബത്തില്‍നിന്നാണ് ഹെവന്‍ലി ജോയി എന്ന അദ്ഭുതബാലികയില്‍ ദൈവവിശ്വാസം രൂപപ്പെട്ടത്. അങ്ങനെ രൂപമെടുത്ത വിശ്വാസത്തിന്റെ പ്രതിഫലനമായിരുന്നു ഹെവന്‍ലി ജോയിയുടെ വാക്കുകളില്‍ ലോകം ദര്‍ശിച്ചത്.

ലോകത്തില്‍ നേട്ടങ്ങള്‍ നേടിയെടുക്കാനുള്ള വ്യഗ്രതകള്‍ക്കിടയില്‍ ദൈവത്തെ മറക്കാന്‍ നാം അനുവദിക്കരുത്. എന്നു മാത്രമല്ല, നമ്മുടെ ചിന്തയിലും പ്രവൃത്തിയിലും അവിടുത്തെ സാന്നിധ്യം ഉണെ്ടന്നു നാം ഉറപ്പുവരുത്തുകയും വേണം.

നമ്മുടെ ജീവിതത്തില്‍ നാം ദൈവത്തെ മറന്നാല്‍ അതു നമ്മെത്തന്നെ മറക്കാന്‍ ഇടയാക്കുമെന്നതു നാം മറന്നുപോകരുത്. നാം നമ്മെ മറക്കുമ്പോഴാണല്ലോ തിന്മയുടെ വഴിയിലേക്കു നാം അധഃപതിക്കുന്നത്.
    
To send your comments, please clickhere