നേരിയ വ്യത്യാസം മാത്രം വ്ളാഡിസ്ലാവ് സ്പില്മന് (1911-2000) അന്നു മുപ്പതു വയസു തികഞ്ഞിട്ടില്ല. എങ്കിലും ഒരു പിയാനിസ്റ്റും സംഗീതജ്ഞനുമെന്ന നിലയില്‍ സ്പില്മന് അന്നു പോളണ്ടില്‍ ഏറെ പ്രസിദ്ധനായിരുന്നു. ക്ലാസിക്കല്‍ മ്യൂസിക്കും പോപ്പുലര്‍ മ്യൂസിക്കും കമ്പോസ് ചെയ്യുന്നതില്‍ ഒരുപോലെ വിദഗ്ധനായിരുന്നു അദ്ദേഹം. 1939 സെപ്റ്റംബറില്‍ ഹിറ്റ്ലറുടെ നാസിപ്പടയാളികള്‍ ജര്‍മനിയില്‍നിന്നു പോളണ്ടിലേക്ക് ഇരച്ചുകയറുമ്പോള്‍ വാഴ്സോ റേഡിയോയില്‍ സ്പില്മന് പിയാനോ വായിക്കുകയായിരുന്നു. പക്ഷേ, നാസികള്‍ വാഴ്സോ കീഴടക്കിയതോടുകൂടി യഹൂദനായ അദ്ദേഹം അറസ്റ്റിലായി. വാഴ്സോയുടെ പതനവും തന്റെ അറസ്റ്റും രക്ഷപ്പെടലുമൊക്കെ സ്പില്മന് തന്റെ ഓര്മക്കുറിപ്പുകളില് വിവരിക്കുന്നുണ്ട്. 'ദ ഡെത്ത് ഓഫ് എ സിറ്റി' എന്ന പേരില്‍ 1946-ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ച ഓര്‍മക്കുറിപ്പുകള്‍ പോളണ്ടില്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റുകള്‍ ഉടനേതന്നെ നിരോധിക്കുകയുണ്ടായി. സ്പില്മന് പ്രസിദ്ധീകരിച്ച ഈ ഓര്‍മക്കുറിപ്പുകളെ അടിസ്ഥാനമാക്കിയാണ് 'ദ പിയാനിസ്റ്റ്' എന്ന പേരില്‍ റോമന്‍ പൊളാന്‍സ്കി ഒരു ഹോളിവുഡ് സിനിമ പുറത്തിറക്കിയത്. സ്പില്മനെ കേന്ദ്രീകരിച്ചു തയാറാക്കിയ ഈ സിനിമയില്‍ നാസികളുടെ കൊടുംഭീകരത പൊളാന്‍സ്കി ചിത്രീകരിക്കുന്നുണ്ട്. പോളണ്ടുകാരന്തന്നെയായ പൊളാന്‍സ്കി രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികളുടെ പിടിയില്‍നിന്നു രക്ഷപ്പെട്ടയാളാണ്. സ്പില്മന്റെ കഥ അഭ്രപാളികളില്‍ അവതരിപ്പിച്ചപ്പോള്‍, താന്‍ കണ്ടിട്ടുള്ള നാസികളുടെ ബീഭത്സമുഖം തന്നെയാണു പൊളാന്‍സ്കി ചിത്രീകരിച്ചത്. യുദ്ധകാലത്ത് ക്രാക്കോയിലെ യഹൂദ ഗെറ്റോയിലായിരുന്നു പൊളാന്‍സ്കിയും കുടുംബാംഗങ്ങളും താമസിച്ചിരുന്നത്. നാസികളുടെ ക്രൂരതമൂലം സ്വന്തം അമ്മയുള്‍പ്പെടെ പല കുടുംബാംഗങ്ങളെയും പൊളാന്സ്കിക്കു നഷ്ടപ്പെട്ടിരുന്നു. യഹൂദനായിരുന്ന സ്പില്മന്റെ കഥ സാധാരണരീതിയില്‍ നാസികളുടെ ഗ്യാസ് ചേംബറുകളിലൊന്നില് അവസാനിക്കേണ്ടതായിരുന്നു. പക്ഷേ, അങ്ങനെ സംഭവിച്ചില്ല. സ്പില്മനെ അറസ്റ്റ്ചെയ്തു കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലേക്ക് അയയ്ക്കാന്‍ തുടങ്ങുമ്പോള്‍ ഒരു ഗാര്‍ഡ് സ്പില്മനെ തിരിച്ചറിഞ്ഞു. നാസികളുടെ പിടിയില്‍നിന്ന് ഓടി രക്ഷപ്പെടുവാന്‍ അയാള്‍ സ്പില്മനെ അനുവദിച്ചു. യുദ്ധത്തിന്റെ തുടര്‍ന്നുള്ള കാലം സ്പില്മന് വാഴ്സോയില്ത്തന്നെ ഒളിച്ചു താമസിച്ചു. ബോംബാക്രമണങ്ങളില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയിലാണ് അദ്ദേഹം അന്നു താമസിച്ചിരുന്നത്. ഒരുദിവസം ഒരു പഴയ കെട്ടിടത്തില്‍ പൊട്ടിപ്പൊളിഞ്ഞ ഒരു പിയാനോ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു സ്പില്മന്. അപ്പോള്‍, ഹോസന്ഫെല്ഡ് എന്ന പേരുള്ള ഒരു ജര്‍മന്‍ ഓഫീസര്‍ ആ വഴി എത്തി. ഭക്ഷണം കഴിക്കാതെ ക്ഷീണിച്ചവശനായിരുന്ന സ്ഥിതിയിലാണ് അദ്ദേഹത്തെ ഓഫീസര്‍ കണ്ടെത്തിയത്. സ്പില്മന് എന്ന പ്രസിദ്ധ സംഗീതജ്ഞനാണ് തന്റെ മുന്നിലിരിക്കുന്നതെന്നു ബോധ്യമായപ്പോള്‍ ഓഫീസര്‍ അദ്ദേഹത്തെ സഹായിക്കാന്‍ തീരുമാനിച്ചു. അന്നു മുതല്‍ മുടങ്ങാതെ സ്പില്മന് ഓഫീസര്‍ ഭക്ഷണമെത്തിച്ചുകൊണ്ടിരുന്നു. യുദ്ധമവസാനിക്കാറായപ്പോള് റഷ്യക്കാര്‍ വാഴ്സോ ലക്ഷ്യമാക്കി മാര്‍ച്ച് ചെയ്യുവാന്‍ തുടങ്ങി. ഉടനേ ഹോസന്ഫെല്ഡ് സ്പില്മനെ സമീപിച്ച് അദ്ദേഹത്തിനു ഭക്ഷണവും വസ്ത്രവും നല്കി രക്ഷപ്പെടുവാന്‍ ഉപദേശിച്ചു. വിലപ്പിടിപ്പുള്ള സ്വന്തം ഓവര്‍കോട്ട് നല്‍കിയാണ് ആ നാസി ഓഫീസര്‍ അന്നു സ്പില്മനെ യാത്രയാക്കിയത്! രണ്ടാം ലോകമഹായുദ്ധകാലത്ത് ദശലക്ഷക്കണക്കിന് യഹൂദരെ കാലപുരിക്കയച്ച കശ്മലരായിരുന്നു ഹിറ്റ്ലറുടെ നാസിപ്പടയാളികള്‍. എന്നാല്‍, ആ ഗണത്തില്‍പ്പെട്ട രണ്ടു പടയാളികള്‍ തന്നെയാണു സ്പില്മനെ രക്ഷപ്പെടാന്‍ അനുവദിച്ചതും. അവരിലെ മനുഷ്യത്വം തീര്‍ത്തും അപ്രത്യക്ഷമായിരുന്നില്ലെന്നു വ്യക്തം. മാത്രമല്ല, അധികാരികളുടെ തെറ്റായ തീരുമാനങ്ങളെ മറികടന്ന് ശരിയായതു ചെയ്യുവാനുള്ള തന്റേടവും അവര്ക്കുണ്ടായിരുന്നുവെന്നതില് സംശയമില്ല. മനുഷ്യര്‍ തിന്മയുടെ വഴിയിലൂടെ സഞ്ചരിക്കുന്നതു കാണുമ്പോള്‍ മനുഷ്യനന്മയിലുള്ള നമ്മുടെ വിശ്വാസം നഷ്ടമായേക്കാം. എന്നാല്‍, എത്ര കൊടിയ തിന്മ ചെയ്യുന്ന മനുഷ്യനിലും നന്മയുടെ അംശം ഉണ്ടെന്നതു നാം മറക്കരുത്. തിന്മ ചെയ്യുന്ന മനുഷ്യനിലെ നന്മകണ്ട് അവനെ നന്മയുടെ വഴിയിലേക്കു മടക്കിക്കൊണ്ടുവരാനായിരിക്കണം നമ്മുടെ ശ്രമം. സമൂഹത്തില്‍ അഴിമതിയും അക്രമവും മറ്റു തിന്മകളുമൊക്കെ തഴച്ചുവളരുന്നതു കാണുമ്പോള്‍ നമ്മുടെ മനസു വേദനിക്കണം. നമ്മുടെ മനസില്‍ അങ്ങനെ ഒരു വേദന അനുഭവപ്പെടുന്നില്ലെങ്കില്‍ ആ മനസു മരവിച്ചുപോയി എന്നതില്‍ സംശയം വേണ്ട. അപ്പോള്‍ സമൂഹത്തില്‍ തിന്മ പ്രവര്ത്തിക്കുന്നവരില്നിന്നുള്ള നമ്മുടെ വ്യത്യാസം വളരെ നേരിയതു മാത്രമായിരിക്കും. സമൂഹത്തിലെ തിന്മകള് കാണുമ്പോള്‍ നമ്മുടെ മനസു വേദനിച്ചാല്‍ പോരാ, അവയ്ക്കെതിരായി നാം നിരന്തരം ശബ്ദമുയര്‍ത്തുകയും വേണം. നാംതന്നെ അങ്ങനെയുള്ള തിന്മകള് ചെയ്യുകയില്ലെന്നു സ്വയം ഉറപ്പുവരുത്തണം. അതോടൊപ്പം, തിന്മചെയ്യുന്നവരെ നന്മയുടെ വഴിയിലേക്ക് ആകര്‍ഷിക്കുവാനും നാം ശ്രമിക്കേണ്ടതാണ്. |