Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
May 18, 2021
 
 
    
 
Print this page
 

ഒരു നഗരത്തിലാകെ സ്‌നേഹം

മുപ്പതിലേറെ ഹാസ്യലേഖന സമാഹാരങ്ങളുടെ കര്‍ത്താവാണ് അമേരിക്കന്‍ കോളംനിസ്റ്റായ ആര്‍ട് ബുക്ക് വാള്‍ഡ്. 'ന്യൂയോര്‍ക്ക് ഹെറള്‍ഡ് ട്രിബ്യൂണ്‍' എന്ന പത്രത്തിനുവേണ്ടി 1949 മുതല്‍ ഹാസ്യലേഖനങ്ങള്‍ എഴുതിത്തുടങ്ങി. ആനുകാലിക സംഭവങ്ങളുമായി കൂട്ടിയിണക്കി അദ്ദേഹമെഴുതുന്ന കോളങ്ങള്‍ ഇന്നും വായനക്കാരെ ഹരംപിടിപ്പിക്കുന്നവയാണ്.

ഒരിക്കല്‍ ഒരു സുഹൃത്തുമൊരുമിച്ച് ബുക്ക് വാള്‍ഡ് ന്യൂയോര്‍ക്ക് നഗരത്തിലൂടെ ടാക്‌സിയില്‍ യാത്ര ചെയ്യുകയായിരുന്നു. യാത്ര ലക്ഷ്യസ്ഥാനത്തെത്തിയപ്പോള്‍ അവര്‍ ടാക്‌സി ഡ്രൈവര്‍ക്ക് മീറ്റര്‍ അനുസരിച്ചുള്ള തുകയും അവിടുത്തെ പതിവനുസരിച്ചുള്ള ടിപ്പും നല്കി. ടാക്‌സി ഡ്രൈവര്‍ പണംവാങ്ങി പോക്കറ്റിലിട്ടപ്പോള്‍ ബുക്ക് വാള്‍ഡിന്റെ സുഹൃത്ത് ഒരു പുഞ്ചിരിയോടെ പറഞ്ഞു: ''പ്രത്യേകം നന്ദി. നിങ്ങളുടെ ഡ്രൈവിങ് നന്നായിരുന്നു, കേട്ടോ.'' തന്നെ കൊച്ചാക്കാന്‍ ശ്രമിക്കുകയാണോ എന്നു സംശയം തോന്നിയതുകൊണ്ട് ഡ്രൈവര്‍ ചോദിച്ചു: ''എന്താ നിങ്ങള്‍ അത്ര കേമനാണോ?''

''അല്ല സുഹൃത്തേ,'' ബുക്ക് വാള്‍ഡിന്റെ സ്‌നേഹിതന്‍ പറഞ്ഞു. ''ട്രാഫിക്കിന് നല്ല തിരക്കായിരുന്നിട്ടും എത്ര അനായാസമാണ് നിങ്ങള്‍ കാറോടിച്ചത്. അതുകൊണ്ടു പറഞ്ഞുവെന്നു മാത്രം.'' അയാള്‍ പറഞ്ഞതു ബോധ്യപ്പെട്ടു എന്ന മുഖഭാവത്തോടെ ഡ്രൈവര്‍ അവരോടു യാത്രപറഞ്ഞ് പിരിഞ്ഞു. അപ്പോള്‍ ബുക്ക് വാള്‍ഡ് സുഹൃത്തിനോടു ചോദിച്ചു: ''എന്തായിരുന്നു കാര്യം?'' ''ന്യൂയോര്‍ക്കിലേക്കു സ്‌നേഹം കൊണ്ടുവരാന്‍ ഞാന്‍ ശ്രമിക്കുകയാണ്.'' അയാള്‍ ബുക്ക് വാള്‍ഡിനോടു പറഞ്ഞു. ''ന്യൂയോര്‍ക്കിനെ രക്ഷിക്കാന്‍ അതുമാത്രമാണു വഴി.''

''എങ്ങനെയാണു ഒരാള്‍ക്കു തനിയെ ന്യൂയോര്‍ക്കിനെ രക്ഷിക്കാന്‍ സാധിക്കുക?'' ബുക്ക് വാള്‍ഡ് ചോദിച്ചു. ''ഇത് ഒരാള്‍ മാത്രമല്ല.'' സുഹൃത്ത് പറഞ്ഞു. ''ഞാന്‍ അയാളെക്കുറിച്ചു നല്ല വാക്കു പറഞ്ഞതുകൊണ്ട് തീര്‍ച്ചയായും അയാളുടെ ഉള്ളില്‍ സന്തോഷം തോന്നിയിരിക്കണം. ഇന്ന് അയാള്‍ ഇരുപതുപേര്‍ക്കെങ്കിലും ടാക്‌സിയുടെ സേവനം നല്കും എന്നു വിചാരിക്കുക. ഇന്നു നമ്മള്‍ അയാളോട് സ്‌നേഹപൂര്‍വം നല്ല വാക്കു പറഞ്ഞതുകൊണ്ട് അയാള്‍ തന്റെ ടാക്‌സിയില്‍ കയറുന്ന ഇരുപതു പേരോടും നന്നായി പെരുമാറാനാണു സാധ്യത. അതുപോലെ, ഈ ടാക്‌സി ഡ്രൈവറില്‍നിന്നും നല്ല പെരുമാറ്റം വാക്കിലൂടെയും പ്രവൃത്തിയിലൂടെയും ലഭിച്ച ഇരുപതുപേരും അവര്‍ കണ്ടുമുട്ടുന്നവരോടും സ്‌നേഹപൂര്‍വവും സൗഹാര്‍ദ്ദപൂര്‍വവും പെരുമാറാന്‍ സാധ്യതയുണ്ട്. ഇന്നു ഞാന്‍ ഒരു ടാക്‌സി ഡ്രൈവറോടു സ്‌നേഹപൂര്‍വം പെരുമാറിയതിന്റെ ഫലമായി ആയിരം പേരുടെ ജീവിതത്തിലെങ്കിലും അതിന്റെ പ്രതിഫലനമുണ്ടാകുമെന്നാണ് എന്റെ കണക്കുകൂട്ടല്‍. അത് അത്ര മോശമല്ല, അല്ലേ?''

''പക്ഷേ, നിങ്ങള്‍ ഒരു ടാക്‌സി ഡ്രൈവറോടു നന്നായി പെരുമാറിയിട്ട് അതിന്റെ പ്രതിഫലനം അയാളുടെ ജീവിതത്തില്‍ ഉണ്ടായില്ലെങ്കിലോ?'' ബുക്ക് വാള്‍ഡ് ചോദിച്ചു. ''എന്റെ ഈ പരിപാടി എപ്പോഴും വിജയിക്കുകയില്ലെന്ന് എനിക്കറിയാം. അതുകൊണ്ട് ഇന്നു ഞാന്‍ കണ്ടുമുട്ടുന്ന പത്തുപേരോടെങ്കിലും ഏറ്റവും ഹൃദ്യമായി പെരുമാറും. അതിന്റെ സന്തോഷംകൊണ്ട് അവരില്‍ മൂന്നുപേരെങ്കിലും വേറെ പത്തുപേരോടു വീതം ഏറ്റവും സ്‌നേഹമായും ഹൃദ്യമായും പെരുമാറാനാണ് സാധ്യത. അങ്ങനെ ഹൃദ്യമായ പെരുമാറ്റം സ്വീകരിക്കുന്നവര്‍ വേറെ ഒട്ടേറെപ്പേരോടും അതുപോലെ പെരുമാറുമെന്നാണ് എന്റെ കണക്കുകൂട്ടല്‍. അങ്ങനെ എന്റെ ഒറ്റദിവസത്തെ നല്ല പെരുമാറ്റംകൊണ്ടുമാത്രം എത്രയോ പേരുടെ ജീവിതത്തിലാണ് സന്തോഷം ഉണ്ടാകുന്നത്!''

''കേള്‍ക്കുമ്പോള്‍ ഇതു ശരിയാണെന്നു തോന്നും. പക്ഷേ, സാധാരണക്കാരുടെ ജീവിതത്തില്‍ നടപ്പുള്ള കാര്യമാണോ ഇത്?'' ബുക്ക് വാള്‍ഡ് ചോദിച്ചു. ''ഇക്കാര്യത്തില്‍ നാം പ്രതീക്ഷിക്കുന്നതുപോലെ നടക്കുന്നില്ലെങ്കിലും നമുക്കു നഷ്ടമൊന്നുമില്ലല്ലോ. ഒരു ടാക്‌സി ഡ്രൈവറോട് ഒരു നല്ലവാക്കു പറയാന്‍ അല്പസമയം മാത്രമല്ലേ എനിക്കു വേണ്ടിവന്നുള്ളു. ഇനി, ഞാന്‍ അങ്ങനെ പറഞ്ഞതുകൊണ്ട് വലിയ ഗുണമുണ്ടായില്ലെങ്കിലും എനിക്ക് വേറെ ആളുകളുടെ കാര്യത്തിലും ഇതുപോലെതന്നെ ചെയ്യാനാവും. അപ്പോള്‍ അതിന് ഫലമുണ്ടാവില്ലെന്ന് ആരുകണ്ടു?''

''ഇതു കേട്ടാല്‍ നിങ്ങളുടെ തലയ്‌ക്കെന്തോ സംഭവിച്ചെന്നേ ആളുകള്‍ പറയൂ.'' ബുക്ക് വാള്‍ഡ് സൗഹൃദം സ്ഫുരിക്കുന്ന സ്വരത്തില്‍ പറഞ്ഞു. ''നിങ്ങള്‍ എത്രമാത്രം ദോഷൈകദൃക്കായി മാറിയെന്നാണ് നിങ്ങളുടെ ഈ ചിന്താഗതി സൂചിപ്പിക്കുന്നത്.'' സുഹൃത്ത് വിനീതനായി പറഞ്ഞു. ''നിങ്ങള്‍ പോസ്റ്റല്‍ ജീവനക്കാരെ നോക്കൂ. ശരിയാണ്, അവരുടെ ജോലിക്ക് അവര്‍ക്കു ശമ്പളം ലഭിക്കുന്നുണ്ട്. എന്നാല്‍ അവര്‍ എഴുത്തുകള്‍ കൊണ്ടുവരുമ്പോള്‍ അവരോട് ഒരു നന്ദി വാക്കു പറഞ്ഞാല്‍ അവരുടെ മനസിന് എത്ര കുളിര്‍മ തോന്നുമായിരുന്നു! പക്ഷേ, അങ്ങനെ നാം ചെയ്യുന്നുണ്ടോ?''

നഗരവീഥിക്കരികിലുള്ള ഫുട്പാത്തിലൂടെ നടന്നുകൊണ്ടായിരുന്നു അവരുടെ സംഭാഷണം. ആ യാത്രയ്ക്കിടയില്‍ വഴിവക്കില്‍കണ്ട തൊഴിലാളികളോട് ബുക്ക് വാള്‍ഡിന്റെ സുഹൃത്ത് കുശലാന്വേഷണം ചെയ്തു. അവരുടെ ജോലി നന്നായി നടക്കുന്നതിനെക്കുറിച്ച് അയാള്‍ അവരെ അഭിനന്ദിച്ചു. ''നിങ്ങളെപ്പോലൊരു സ്വപ്നജീവിയെ ഞാന്‍ കണ്ടിട്ടില്ല.'' ബുക്ക് വാള്‍ഡ് ആശ്ചര്യപൂര്‍വം പറഞ്ഞു.

''ഞാന്‍ പറഞ്ഞ നല്ലവാക്കുകള്‍ അവര്‍ കേട്ടപ്പോള്‍ അത് തീര്‍ച്ചയായും അവരുടെ മനസില്‍ തങ്ങിനിന്നിട്ടുണ്ടാവില്ലേ?'' തന്റെ ആശയം വിശദീകരിച്ചുകൊണ്ട് സുഹൃത്ത് പറഞ്ഞു. ''ഇന്നു തീര്‍ച്ചയായും അവര്‍ മറ്റുള്ളവരോടും സന്തോഷപൂര്‍വം പെരുമാറും.'' ''പക്ഷേ, നിങ്ങള്‍ക്കു മാത്രമായി ഇതു ചെയ്യാനാവില്ല. നിങ്ങള്‍ ഒരാള്‍ മാത്രമല്ലേയുള്ളൂ.'' ബുക്ക് വാള്‍ഡ് വീണ്ടും പറഞ്ഞു. ''ശരിയാണ്. ഈ നഗരത്തിലെ ആളുകളെ മുഴുവന്‍ നല്ല വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും നല്ലവരാക്കി മാറ്റുകയെന്നത് അത്ര എളുപ്പമല്ല. പക്ഷേ, അതിനായി ഞാന്‍ മറ്റുള്ളവരുടെ സഹായം തേടാന്‍ പോവുകയാണ്.'' ഇത്രയും പറഞ്ഞിട്ട് അയാള്‍ അതുവഴി നടന്നുവന്ന വഴിപോക്കനെ കണ്ടു മന്ദഹസിച്ചു.

ഈ കഥ വായിക്കുമ്പോള്‍ ഇതു നടന്ന സംഭവമാണെന്നു നമുക്കു തോന്നാം. എന്നാല്‍, ഈ കഥ ബുക്ക് വാള്‍ഡിന്റെ ഭാവനാസൃഷ്ടി മാത്രമാണ്. അദ്ദേഹത്തിനു പറയാനുള്ള കാര്യങ്ങള്‍ സംഭവരൂപത്തില്‍ അദ്ദേഹം അവതരിപ്പിക്കുന്നു എന്നുമാത്രം. ബുക്ക് വാള്‍ഡ് തന്നെയാണ് അദ്ദേഹത്തിന്റെ സുഹൃത്തിന്റെ ശബ്ദത്തില്‍ സംസാരിക്കുന്നത്. ബുക്ക് വാള്‍ഡ് പറയുന്നതുപോലെ, നാം ഒരുദിവസം പത്തു പേരോടെങ്കിലും സ്‌നേഹമായും ഹൃദ്യമായും പെരുമാറിയാല്‍ അതിന്റെ ഫലം എത്ര വിശേഷമായിരിക്കും. നമ്മുടെ നല്ല പെരുമാറ്റം ലഭിക്കുന്ന പത്തുപേരില്‍ മൂന്നുപേരെങ്കിലും അവര്‍ കണ്ടുമുട്ടുന്നവരോടു മധുരതരമായി പെരുമാറുന്നു എന്നു കരുതുക. അപ്പോള്‍ എത്രയോ പേരുടെ ജീവിതത്തിലായിരിക്കും സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രതിധ്വനിയുണ്ടാകുക.

ലോകത്തിലെ സകല ജീവിതഭാരങ്ങളും നമ്മുടെ തലയിലുണ്ടെന്ന ഭാവത്തോടെയല്ലേ നമ്മുടെ നടപ്പും പെരുമാറ്റവും. അതുകൊണ്ടല്ലേ നമ്മുടെ സഹജീവികളോടൊന്നു പുഞ്ചിരിക്കാനോ നല്ല വാക്കുകള്‍ പറയാനോ അവരാഗ്രഹിക്കുന്ന സേവനം സ്‌നേഹപൂര്‍വം ചെയ്തുകൊടുക്കാനോ നാം തയാറാകാത്തത്?

എന്നാല്‍, ബുക്ക് വാള്‍ഡ് ചൂണ്ടിക്കാട്ടുന്നതുപോലെ, മറ്റുള്ളവരോടു നാം ഹൃദ്യമായി പെരുമാറുകയാണെങ്കില്‍ അവരില്‍ സന്തോഷവും ഉണര്‍വും ഉണ്ടാവുകയും അതിന്റെ ഫലമായി മറ്റുള്ളവരുടെ ജീവിതത്തിലും ആ സന്തോഷവും ഉണര്‍വും പ്രദാനം ചെയ്യുകയും ചെയ്യില്ലേ?

മറ്റുള്ളവര്‍ നമുക്കു ചെയ്തുതരുന്ന നന്മകള്‍ക്കുപോലും ഒരു നന്ദിവാക്കു പറയാന്‍ വിസമ്മതിക്കുന്നവരാണ് മലയാളികളായ നമ്മള്‍. അപ്പോള്‍പ്പിന്നെ, മറ്റുള്ളവര്‍ നമുക്കുവേണ്ടി ഒരു നന്മയും ചെയ്യാത്തപ്പോള്‍ നാം അവരോടു ഹൃദ്യമായി പെരുമാറുമോ?

അങ്ങനെയുള്ള അവസരങ്ങളില്‍ സ്വാഭാവികമായി അപ്രകാരം നമ്മള്‍ പെരുമാറില്ല. എന്നാല്‍, അങ്ങനെയുള്ള അവസരങ്ങളിലും മറ്റുള്ളവരോടു ഹൃദ്യമായി പെരുമാറാന്‍ നാം പഠിക്കണം. എങ്കില്‍ മാത്രമേ, നമ്മുടെ സമൂഹത്തില്‍ സ്‌നേഹം നമുക്കു കൊണ്ടുവരാനാകൂ. ഉണര്‍വും സ്‌നേഹവുമുള്ള ഒരു സമൂഹമായി നമുക്കു മാറാനാകൂ.

 


 
    
 
To send your comments, please click here
 
 


Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.